Tuesday, December 14, 2010

വര്‍ഗീയവിഷം ചീറ്റുന്ന മാധ്യമസംസ്‌കാരം

അധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, സാംസ്‌കാരിക രാഷ്‌ട്രീയ നായകന്മാര്‍ തുടങ്ങിയവരെയും അവരുള്‍ക്കൊള്ളുന്ന സവിശേഷ ഇടങ്ങളായ സ്‌കൂള്‍, ഭരണ സിരാകേന്ദ്രങ്ങള്‍, മാധ്യമങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളെയും സമൂഹം ഭക്ത്യാദരങ്ങളോടെയാണ്‌ വീക്ഷിച്ചിരുന്നത്‌. പ്രത്യേകിച്ചും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ. എന്നാല്‍ അപ്രമാദിത്വം കല്‌പിക്കപ്പെട്ടിരുന്ന മാധ്യമ ലോകം ഇന്ന്‌ സ്വയം ജീര്‍ണതയുടെ വിത്തുപാകുന്നതില്‍ മത്സരിക്കുകയാണ്‌. അശ്ലീലതയും താന്‍പോരിമയും കോര്‍പ്പറേറ്റ്‌ മുതലാളിമാരുടെ കിടപ്പറരഹസ്യങ്ങളും പെയ്‌ഡ്‌ന്യൂസുകളും ചേരുവകളാക്കി ഒരുക്കുന്ന മാധ്യമസദ്യയിലേക്ക്‌ ഒരുകൂട്ടം വര്‍ഗീയപായസം കൂടി വിളമ്പുന്നതോടെ പുതിയ കാലത്തെ മാധ്യമധര്‍മം പൂര്‍ത്തിയാകുന്നു.



ഒരു ഭാഗത്ത്‌ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും കുത്തക കമ്പനികളുടെ പിമ്പുകളായി പ്രവര്‍ത്തിക്കുകയും രാഷ്‌ട്രീയ ഭീമന്മാരുടെ ദാസ്യരാവുകയും ചെയ്യുമ്പോള്‍ അഴിമതി രഹസ്യങ്ങളും അന്യായ പരമ്പരകളും പൂഴ്‌ത്തിവെക്കപ്പെടുകയോ മനോഹരമായി വെള്ള പൂശപ്പെടുകയോ ചെയ്യുന്നു. മറു ഭാഗത്ത്‌ ദളിതനും മുസ്‌ലിമുമുള്‍പ്പെടെ ന്യൂനപക്ഷങ്ങളെ പ്രതിചേര്‍ത്തുകൊണ്ട്‌ വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നു. ഇതേ മാധ്യമങ്ങള്‍ തന്നെ സദാചാര പോലീസ്‌ ജനാധിപത്യത്തിന്റെ കാവല്‍മാലാഖകളായി വേഷം കെട്ടി ചിരിയുണര്‍ത്തുന്നു.

ചരിത്രത്തിന്റെ ദശാസന്ധികളിലൊക്കെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അവമതിക്കാന്‍ മാധ്യമലോകത്ത്‌ ബോധപൂര്‍വമുള്ള നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. മുസ്‌ലിം നാമമുള്ള വ്യക്തികളെയോ സ്ഥാപനങ്ങളെയോ രാജ്യങ്ങളെയോ അവരുടെ തിന്മകളുടെ പേരില്‍ സാമാന്യവല്‌കരിക്കുന്ന പ്രവണത ലോകത്ത്‌ പ്രബലമാണ്‌.



എണ്ണ സമൃദ്ധിയുടെ കാലത്ത്‌ (1970 കളില്‍) പ്രത്യക്ഷപ്പെട്ട ഒരു കാര്‍ട്ടൂണ്‍ ഇത്തരത്തില്‍ വാര്‍പ്പ്‌ രൂപങ്ങള്‍ ഉണ്ടാക്കുന്നതിന്‌ പാശ്ചാത്യ മാധ്യമങ്ങള്‍ ശ്രമിച്ചതിനുദാഹരണമാണ്‌. തടിച്ചുകൊഴുത്ത, കറുത്ത താടിക്കാരായ ആറ്‌ അറബ്‌ ശൈഖുമാര്‍ അവരുടെ നീളന്‍ കുപ്പായവും തലപ്പാവുമണിഞ്ഞ്‌ വട്ടത്തിലിരിക്കുന്നു. ഹുക്ക വലിക്കുന്നു. പശ്ചാത്തലത്തില്‍ ഒരു മസ്‌ജിദിന്റെ മിനാരവും. ``അപ്പോള്‍ നാം കാനഡ വാങ്ങാന്‍ ഐകകണ്‌ഠേന തീരുമാനിക്കുന്നു'' എന്ന്‌ അടിക്കുറിപ്പും നല്‌കിയിരുന്നു. തിന്നും കുടിച്ചും പണം തുലയ്‌ക്കുകയും പ്രാകൃതരും പരിഹാസ്യരും മന്ദബുദ്ധികളും ഗൂഢാലോചന നടത്തുന്നവരുമായി മൊത്തം അറബികളെയും മുസ്‌ലിംകളെത്തന്നെയും ചിത്രീകരിക്കുകയുമാണീ കാര്‍ട്ടൂണ്‍. എണ്ണസമൃദ്ധിയുടെ കാലത്ത്‌ ഈ പ്രതിബിംബം സ്ഥിരപ്രതിഷ്‌ഠ നേടിയിരുന്നു. ഇത്തരം വാര്‍പ്പുമാതൃകകള്‍ സമയാനുസൃതം വ്യത്യാസപ്പെടുകയും വികസിക്കുകയും ചെയ്യുന്നു. പിന്നീടിങ്ങോട്ട്‌ ഭീകരവാദിയുടെ രൂപമാണ്‌ മുസ്‌ലിംകളെ ചിത്രീകരിക്കാന്‍ മാധ്യമ ലോകം ഉപയോഗിച്ചത്‌. മുസ്‌ലിംകളുടെ ചിഹ്നങ്ങളും വേഷവും തീവ്രവാദത്തിന്റെ മൂര്‍ത്ത രൂപങ്ങളായി മുദ്രകുത്തപ്പെട്ടു. വര്‍ഗീയതയും ഭീകരവാദവും മുസ്‌ലിംകളുടെ കുലത്തൊഴിലായും `തീവ്രവാദി' എന്നത്‌ മുസ്‌ലിംകളുടെ പര്യായവുമായി ചിത്രീകരിക്കാനാണിന്ന്‌ ആഗോള തലത്തില്‍ തന്നെ മാധ്യമങ്ങള്‍ക്ക്‌ താല്‌പര്യം.



മുസ്‌ലിം വിരുദ്ധതയുടെ കേരള മോഡല്‍

കേരള ചരിത്രത്തില്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ ഭാവങ്ങളും മുഖ്യധാരാ മാധ്യമങ്ങളുടെ പക്ഷപാത വൈദഗ്‌ധ്യങ്ങളും എക്കാലത്തും മുസ്‌ലിംസമൂഹത്തെ വേട്ടയാടിയിട്ടുണ്ട്‌. മുസ്‌ലിം സമൂഹത്തിന്റെ വളര്‍ച്ചയെയും നേട്ടങ്ങളെയും സംശയത്തോടു കൂടി നോക്കിക്കാണുകയും ഒളിഞ്ഞും തെളിഞ്ഞും ഒറ്റപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. മലപ്പുറത്തെ കുട്ടികളുടെ അക്കാദമിക വളര്‍ച്ച കോപ്പിയടിച്ചുണ്ടാക്കിയതാണെന്ന വിടുവായത്തം പറയാന്‍ കേരള മുഖ്യന്‌ പോലും യാതൊരു മടിയുമുണ്ടായില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്തെ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട കലാപങ്ങളില്‍ ഒന്നാണ്‌ 1921 ലെ മലബാര്‍ ലഹള. മലബാര്‍ ലഹള അതിന്റെ സമഗ്രാര്‍ഥത്തില്‍ ബ്രിട്ടീഷ്‌ വിരുദ്ധവും ദേശാഭിമാന പ്രേരിതവുമായിരുന്നു. എന്നാല്‍ അന്നു കേരളത്തിലുണ്ടായിരുന്ന മുഖ്യധാരാ മാധ്യമങ്ങളൊന്നടങ്കം മലബാര്‍ ലഹളയെ ഹാലിളകിയ മാപ്പിളമാര്‍ കാട്ടിക്കൂട്ടിയ കോപ്രായമായാണ്‌ എഴുതിപ്പിടിപ്പിച്ചത്‌. പൊടിപ്പും തൊങ്ങലും വെച്ച്‌ മലബാര്‍ ലഹളയില്‍ പങ്കെടുത്ത മുസ്‌ലിം നേതാക്കള്‍ക്കെതിരെ കഥകള്‍ മെനയുമ്പോള്‍ ബ്രിട്ടീഷുകാരുടെ താല്‌പര്യങ്ങള്‍ സംരക്ഷിക്കപ്പെടുക മാത്രമല്ല ചെയ്‌തത്‌, കേരളത്തില്‍ വിശിഷ്യാ മലബാര്‍ പ്രദേശത്ത്‌ നിലനിന്നിരുന്ന ഹിന്ദു-മുസ്‌ലിം ഒരുമയുടെ കടയ്‌ക്കല്‍ സാരമായ വെട്ടേല്‌ക്കുക കൂടിയായിരുന്നു. മലയാള മനോരമ, യോഗക്ഷേമം, നസ്രാണി ദീപിക, മാതൃഭൂമി, കേരള പത്രിക തുടങ്ങിയ പത്രങ്ങള്‍ അങ്ങേയറ്റം ക്ഷോഭകരവും തീര്‍ത്തും ഏകപക്ഷീയവുമായ രീതിയിലാണ്‌ മലബാര്‍ കലാപത്തെ സമീപിച്ചത്‌. യോഗക്ഷേമം `മലബാറിലെ ചേലാ കലാപം' എന്നാണ്‌ സമരത്തെ വിശേഷിപ്പിച്ചത്‌. ഖിലാഫത്ത്‌ നേതാക്കള്‍ മതം മാറ്റാന്‍ നടക്കുന്ന മതഭ്രാന്തന്മാരാണെന്നവര്‍ ശക്തമായി പ്രചരിപ്പിച്ചു. മലബാര്‍ പ്രദേശത്തെ ഹൈന്ദവ സമൂഹത്തെ വര്‍ഗീയമായി കുത്തിയിളക്കാനും മാപ്പിളമാര്‍ക്കെതിരെ ചെറുത്തുനില്‌പ്‌ സംഘടിപ്പിക്കാനും യോഗക്ഷേമം എഡിറ്റോറിയലുകള്‍ ആഹ്വാനം ചെയ്‌തു. ബ്രിട്ടീഷ്‌ അനുകൂല ക്രിസ്‌ത്യന്‍ പത്രമായ നസ്‌റാണി ദീപിക മലബാര്‍ ലഹളയെ മതപരിവര്‍ത്തന യുദ്ധമായാണ്‌ കണ്ടത്‌.



കലാപത്തിന്റെ മറവില്‍ ഹിന്ദുക്കളെ കൊള്ളയടിക്കുകയാണ്‌ ചെയ്‌തതെന്ന്‌ നസ്രാണി ദീപിക തട്ടിവിട്ടു. ഖിലാഫത്ത്‌ നേതാക്കളെ തീര്‍ത്തും പരിഹാസ്യരാക്കി ചിത്രീകരിക്കുന്ന പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ്‌ മലയാള മനോരമ കലാപം റിപ്പോര്‍ട്ടു ചെയ്‌തത്‌. ഹിന്ദു-മുസ്‌ലിം ധ്രുവീകരണത്തിന്‌ ബോധപൂര്‍വം ശക്തിപകരാന്‍ മനോരമ ശ്രമിക്കുകയായിരുന്നു. ജോനകപ്പട എന്ന തലക്കെട്ടോടെ മൂര്‍ക്കോത്ത്‌ കുമാരന്‍ മലയാള മനോരമയില്‍ എഴുതിയ ഡുമണ്ടന്‍ ലേഖനത്തില്‍ കലാപം അവസാനിക്കണമെങ്കില്‍ മുസ്‌ലിംകള്‍ മതഭ്രാന്തില്‍ നിന്ന്‌ പിന്തിരിയുകയോ ഹിന്ദുക്കള്‍ അതേയളവില്‍ തിരിച്ചടിക്കുകയോ വേണമെന്നാണ്‌ അഭിപ്രായപ്പെട്ടത്‌. മലബാറില്‍ ദേശീയ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ചിരുന്നത്‌ മാതൃഭൂമിയാണ്‌. ബ്രിട്ടീഷ്‌ അനുകൂല പത്രങ്ങള്‍ എത്രകണ്ട്‌ വിഷലിപ്‌തമായാണോ കലാപം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌, പ്രത്യക്ഷമായല്ലെങ്കിലും പരോക്ഷമായി അതേയളവില്‍ സാമുദായിക ഭിന്നത സൃഷ്‌ടിക്കുന്ന തരത്തിലായിരുന്നു മാതൃഭൂമിയുടെ റിപ്പോര്‍ട്ടുകള്‍. മാതൃഭൂമിയില്‍ ഇത്തരത്തില്‍ സാമുദായിക ഭിന്നത രൂക്ഷമാക്കുന്ന ലേഖനങ്ങള്‍ പെരുകിയപ്പോഴാണ്‌ മുഹമ്മദ്‌ അബ്‌ദുറര്‍ഹ്‌മാന്‍ സാഹിബും ഇ മൊയ്‌തു മൗലവിയുമടങ്ങിയവര്‍ അല്‍അമീന്‍ പത്രത്തിലൂടെ മുസ്‌ലിം വിരുദ്ധ നിലപാടുകളെ കടന്നാക്രമിച്ചത്‌.



സത്താപരമായി വര്‍ഗീയ പ്രേരിതമല്ലായിരുന്നിട്ടുകൂടി മാധ്യമങ്ങള്‍ മലബാര്‍ കലാപത്തെ പ്രതിനിധാനം ചെയ്യാന്‍ ശ്രമിച്ചത്‌ അങ്ങനെയായിരുന്നുവെന്നത്‌ കേവലം സാഹചര്യവശാലായിരുന്നുവെന്ന്‌ വിശ്വസിക്കുക പ്രയാസമാണ്‌. കൃത്യമായ ഒളിയജണ്ടകളുടെ മറവില്‍ തന്നെയായിരുന്നു എന്നു വിശ്വസിക്കാനാണ്‌ ന്യായമുള്ളത്‌. വര്‍ഷങ്ങള്‍ വേണ്ടിവന്നു മലബാര്‍ കലാപം ദേശീയ പ്രേരിതവും ദേശാഭിമാന പ്രേരിതവുമായിരുന്നു എന്ന ആഖ്യാനങ്ങള്‍ക്ക്‌ മാധ്യമങ്ങളില്‍ ഇടം ലഭിക്കാന്‍.

വര്‍ഷങ്ങളുടെയും സാഹചര്യങ്ങളുടെയും മാറ്റം മാധ്യമ ഭരണകൂട കൂട്ടുകെട്ടിന്റെ ഭീകരതകള്‍ക്ക്‌ ഒടുക്കമുണ്ടാക്കിയിട്ടില്ല. സമകാലിക കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ നമ്മോട്‌ പറയുന്നതതാണ്‌. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാധ്യമഭീകരതയുടെ കഴുകന്‍ കണ്ണുകള്‍ ഇരയെ തേടക്കൊണ്ടിരിക്കുന്നു. മലബാര്‍ കലാപകാലത്ത്‌ ഒരു പ്രത്യേക ഘട്ടത്തില്‍ ഇരയെ സൃഷ്‌ടിച്ചിരുന്നുവെങ്കില്‍ ഇന്ന്‌ മാധ്യമങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെ തീവ്രവാദി പരിവേഷം ചാര്‍ത്താന്‍ അവസരം പാര്‍ത്തിരിക്കുന്നു.



കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ഏറെ കോലാഹലങ്ങളുണ്ടാക്കിയ ലെറ്റര്‍ ബോംബ്‌ കേസില്‍ മുഹ്‌സിന്‍ എന്ന എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥിയെ അറസ്റ്റു ചെയ്യുകയുണ്ടായി. കേരളത്തിലെ സകല മ, മുത്തശ്ശി പത്രങ്ങളും ഒന്നിച്ചര്‍മാദിച്ചെഴുതി; മുസ്‌ലിം തീവ്രവാദത്തിന്റെ പുതിയ വഴികളെക്കുറിച്ച്‌. അന്വേഷണങ്ങള്‍ക്കൊടുവില്‍ മുഹ്‌സിന്‍ നിരപരാധിയായണെന്ന്‌ തെളിഞ്ഞു. രാജേഷ്‌ എന്ന പ്രതിയെ പിടികൂടി. മുഹ്‌സിനെ തീവ്രവാദിയാക്കാനും പാക്‌ ചാരനാക്കി ചിത്രീകരിക്കാനും മത്സരിച്ച മാധ്യമങ്ങളൊന്നും തന്നെ അയാളുടെ നിരപരാധിത്വത്തെ കുറിച്ച്‌ വാര്‍ത്തകൊടുക്കാന്‍ താല്‌പര്യം കാണിച്ചില്ല. പിടിയിലായ രാജേഷിനെ മാനസിക രോഗിയെന്ന ഔദാര്യം നല്‌കി വിട്ടയയ്‌ക്കാനും മറന്നില്ല. മുഹ്‌സിന്‍ എന്ന എന്‍ജിനയീറിംഗ്‌ വിദ്യാര്‍ഥിയുടെ പഠനമെന്തായി? കേസും കൂട്ടവും തീവ്രവാദി എന്ന വാലും മുഹ്‌സിനെയും കുടുംബത്തെയും എങ്ങനെ ബാധിച്ചു? ഒരു പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്കും അതൊന്നും അന്വേഷിക്കണമെന്ന്‌ തോന്നിയില്ല.



ലെറ്ററ്‌ ബോംബ്‌ വിവാദം കെട്ടടങ്ങുന്നതോടെ മറ്റൊരു വാര്‍ത്ത മെനയുന്ന തിരക്കിലായിരുന്നു കേരളത്തിലെ മുഖ്യധാരാ മാധ്യമ കോക്കസ്സുകള്‍. ഒരു സുപ്രഭാതത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്തൊരു പദപ്രയോഗവുമായി കേരള മാധ്യമങ്ങള്‍ പുറത്തുവന്നു. ലൗജിഹാദ്‌. മുസ്‌ലിംകളുടെ പുതിയ മതപരിവര്‍ത്തന, തീവ്രവാദ സംവിധാനം! ഒരു സംഘര്‍ഷത്തില്‍ ആദ്യം പരിക്കുപറ്റുന്നത്‌ വാക്കുകള്‍ക്കായിരിക്കുമെന്ന്‌ മാധ്യമ നിരീക്ഷക സീനാ അഅ്‌സം നിരീക്ഷിക്കുന്നുണ്ട്‌. ജിഹാദ്‌ എന്ന പദം ഏറെ വിശുദ്ധമായ ഒന്നാണ്‌. ലോകത്തേറ്റവുമധികം തെറ്റിദ്ധാരണകള്‍ക്ക്‌ വിധേയമാക്കപ്പെട്ടിട്ടുള്ള ഒരാശയവുമാണ്‌. മുസ്‌ലിം സമൂഹത്തെ ഒന്നടങ്കം അവഹേളിക്കുന്ന തരത്തില്‍ `ലൗജിഹാദ്‌' പരമ്പരകള്‍ തന്നെ കേരളത്തിലെ മാധ്യമ പോലീസ്‌ കുട്ടുകെട്ട്‌ കെട്ടിച്ചമച്ചു. ആ വിവാദം സൃഷ്‌ടിച്ച മുറിവുകളുണങ്ങും മുമ്പ്‌ ലൗജിഹാദ്‌ എന്നത്‌ സത്യമല്ലെന്നും കേവലം കെട്ടുകഥകളാണെന്നും കോടതി വിധി പ്രഖ്യാപിച്ചു. കേരളത്തിലെന്തു സംഭവിച്ചു? ഒന്നും സംഭവിച്ചില്ല. സ്‌പെഷല്‍ പതിപ്പുകളും എഡിറ്റോറിയലുകളും അഭിമുഖ പരമ്പരകളും കുത്തിനിറച്ച്‌ ലൗജിഹാദ്‌ മാമാങ്കം ആഘോഷിച്ച മാധ്യമത്തമ്പുരാക്കന്മാര്‍ ആരും തന്നെ കോടതി വിധി ഏറ്റുപിടിച്ചില്ല. മതേതരത്വത്തിന്റെ പൊയ്‌മുഖം വെച്ചുനടക്കുന്ന ബുജികള്‍, വിദ്വേഷം പ്രചരിപ്പിച്ച മാധ്യമങ്ങള്‍ മാപ്പു പറയമണമെന്ന്‌ പ്രസ്‌താവന ഇറക്കിയില്ല! ഒരു സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ആഘോഷിച്ച മാധ്യമങ്ങള്‍ക്ക്‌ എന്തു നഷ്‌ടപരിഹാരമാണ്‌ ചെയ്യാനാവുക?

`അനാഥശാല മാഫിയ!'



നിങ്ങളില്ലാതെ എനിക്കെന്താഘോഷം എന്ന പരസ്യവാക്യം പോലെ മാധ്യമ ലോകത്തിന്‌ മുസ്‌ലിം വിരുദ്ധമായ രണ്ട്‌ ലീഡ്‌ സ്റ്റോറിയെങ്കിലും കിട്ടാതെ വയ്യെന്നായിരിക്കുന്നു. പുതിയ വിവാദം കോഴിക്കോട്ടാണരങ്ങേറിയിരിക്കുന്നത്‌. 2010 ആഗസ്റ്റ്‌ 8 ന്‌ ഗുജറാത്തില്‍ നിന്നും കോഴിക്കോട്ടെ അനാഥശാലകളില്‍ പഠനാവശ്യാര്‍ഥം കൊണ്ടുവന്ന മുപ്പത്‌ കുട്ടികളെ ചൊല്ലിയാണ്‌ വിവാദം പുകഞ്ഞത്‌. ഗുജറാത്ത്‌ കലാപാനന്തരമുള്ള പ്രത്യേക പരിതസ്ഥിതിയില്‍ കഷ്‌ടതയനുഭവിക്കുന്ന കുരുന്നുകളാണ്‌ രക്ഷിതാക്കളോടൊപ്പം കോഴിക്കോട്ടെത്തിയത്‌. എന്നാല്‍ മലയാള മനോരമക്ക്‌ യാതൊരു സംശയവുമുണ്ടായിരുന്നില്ല, ആ വാര്‍ത്തയില്‍ ഓര്‍ഫനേജ്‌ മാഫിയ പിടിമുറുക്കുകയാണെന്ന്‌ കണ്ടെത്താന്‍. കാരണം ഗുജറാത്തില്‍ നിന്നും കുട്ടികളെ കേരളത്തിലേക്കെത്തിച്ച മുസ്‌ലിം വ്യാപാരിയെക്കുറിച്ച്‌ മനോരമക്ക്‌ നന്നായി അറിയാം. കോഴിക്കോട്ടെ സന്നദ്ധ സേവന പാതയിലെ സജീവ സാന്നിധ്യം, പലപ്പോഴായി മനോരമ തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സഹായ സംരംഭങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചയാള്‍ ജാതി മത ഭേദമന്യേ പൊതു വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നയാള്‍... ഇതില്‍ പരം എന്തു തെളിവുകള്‍ വേണം ഒരാള്‍ അനാഥശാലാ മാഫിയയുടെ ഏജന്റാണെന്ന്‌ പറയാന്‍!



ഗുജറാത്തില്‍ നിന്നെത്തിയ കുട്ടികളെ സംബന്ധിച്ച്‌ ടൗണ്‍ പോലീസും റയില്‍വേ പോലീസും ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിക്ക്‌ അയച്ച റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്‌, കുട്ടികളെ വിദ്യാഭ്യാസ ആവശ്യാര്‍ഥം കൊണ്ടുവന്നതാണെന്ന്‌. കുട്ടികളുടെ രക്ഷിതാക്കള്‍ കൂടെയണ്ടായിരുന്നുവെന്നും പോലീസ്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. പക്ഷേ, മനോരമയുടെ സ്വന്തം ലേഖകനുറപ്പുണ്ടായിരുന്നു, ഇതൊരു മാഫിയയാണെന്ന്‌, ഹോട്ടല്‍ ശൃംഖലകള്‍ കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്താണെന്ന്‌്‌! ഗുജറാത്തില്‍ നിന്നും കുട്ടികളെ കൊണ്ടുവരുന്ന പശ്ചാത്തലം മനോരമ `മാഫിയ ഭീമ'നായി ചിത്രീകരിച്ച തോട്ടത്തില്‍ റഷീദ്‌ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്‌. വാണിജ്യാവശ്യാര്‍ഥം ഗുജറാത്തുമായി ബന്ധമുള്ള അദ്ദേഹം ഗുജറാത്ത്‌ കലാപാനന്തരം കേരളത്തിലെ വിവിധ യത്തീംഖാനകളെ സഹകരിച്ച്‌ ഗുജറാത്ത്‌ കുട്ടികള്‍ക്ക്‌ അഭയം നല്‍കുന്നുണ്ട്‌. എന്ന പഠനാവശ്യാര്‍ഥം കേരളത്തില്‍വന്ന ഗുജറാത്ത്‌ മക്കള്‍ക്ക്‌ ദൈവത്തിന്റെ സ്വന്തം നാട്‌ നല്‍കിയ `സ്വീകരണം' അദ്ദേഹം പത്രക്കുറിപ്പില്‍ വേദനയോടെ അനുസ്‌മരിക്കുന്നുണ്ട്‌. പത്രം കുപ്രചാരണം നടത്തിയതിനെതിനെ തുടര്‍ന്ന്‌ പോലീസ്‌ സ്റ്റഡിയിലായ കോഴിക്കോട്‌ ചില്‍ഡ്രന്‍സ്‌ ഹോമിലെ അസൗകര്യങ്ങള്‍ നിറഞ്ഞ ഒറ്റമുറിയില്‍ നരകതുല്യമായി കഴിയേണ്ടി വന്നു. ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിയുടെ 10.8.2010ലെ തീരുമാനപ്രകാരം കുട്ടികളെ വയനാട്‌ മുട്ടില്‍ ഓര്‍ഫനേജിലേക്ക്‌ അയച്ചിരുന്നു. എന്നാല്‍ 12.8.2010ന്‌ ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം കുട്ടികളെ വീണ്ടും ചില്‍ഡ്രന്‍സ്‌ ഹോമിലേക്ക്‌ മാറ്റി. കുട്ടികളെ ബോധപൂര്‍വം ഉപദ്രവിക്കുന്നതായിരുന്നു ഈ തീരുമാനം. യഥാര്‍ഥത്തില്‍ അന്തസ്സാര്‍ന്ന ജീവിതവും അടിസ്ഥാന വിദ്യാഭ്യാസവും ഏതൊരു പൗരനും ഭരണഘടന അനുവദിച്ച അവകാശമാണ്‌. ഒരു ജനതയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന എല്ലാറ്റിനെയും മുറിച്ചുമാറ്റാനുള്ള ഗൂഢശ്രമങ്ങളുടെ പ്രതിഫലനമാണ്‌ കോഴിക്കോട്‌ അരങ്ങേറിയ `അനാഥശാല മാഫിയ'യെക്കുറിച്ചുള്ള നുണപ്രചാരണം. തീര്‍ച്ചയായും പിഞ്ചുമക്കളോടും അവരുടെ രക്ഷിതാക്കളോടും കൊടിയ മനുഷ്യാവകാശ ലംഘനമാണ്‌ കോഴിക്കോട്‌ അരങ്ങേറിയത്‌. മുസ്‌ലിമേതര അനാഥശാലകളുടെ ആളും അര്‍ഥവും സംശുദ്ധമാവുകയും മുസ്‌ലിം സംരംഭങ്ങള്‍ക്ക്‌ മാഫിയ പരിവേഷം ചാര്‍ത്തി നല്‍കുകയും ചെയ്യുന്നതില്‍ കൃത്യമായ ഗൂഢലക്ഷ്യങ്ങളുണ്ട്‌. മുഖ്യധാരാ മാധ്യമങ്ങളിലൂടെയും അധികാര രാഷ്‌ട്രീയങ്ങളിലൂടെയും അഭ്രപാളിയിലെ വ്യാജ പരിവേഷങ്ങളിലൂടെയും സമൂഹത്തിന്റെ പൊതുബോധം മുസ്‌ലിം വിരുദ്ധമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്‌. അദൃശ്യമായ ഈ ആക്രമങ്ങളുടെ അപായം തിരിച്ചറിഞ്ഞില്ലെങ്കില്‍, ഭാവി തീര്‍ച്ചയായും ഇരുളടഞ്ഞതായിരിക്കും.