Tuesday, May 27, 2014

ഇന്ത്യന്‍ സമൂഹത്തെ മനസ്സിലാക്കുന്നതില്‍ 

കമ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ടു

അഭിമുഖം- കെ വേണു 


കേരളത്തില്‍ എഴുപതുകളില്‍ സജീവമായിരുന്ന തീവ്ര വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക്‌, മാവോയിസ്റ്റ്‌ സിദ്ധാന്തങ്ങള്‍ക്ക്‌, കേരളത്തില്‍ ഇന്ന്‌ ജീവിച്ചിരിക്കുന്ന ഇടത്‌ ധൈഷണികതയ്‌ക്ക്‌, വിശാല ജനാധിപത്യ സങ്കല്‍പങ്ങള്‍ക്ക്‌ ഒരൊറ്റ വാക്കുണ്ട്‌. അത്‌ കെ വേണു എന്നാണ്‌. 1945 ഡിസംബറില്‍ തൃശൂരിലെ പുല്ലൂറ്റ്‌ ഗ്രാമത്തില്‍ വേലായുധന്‍ നായരുടേയും അമ്മാളുവമ്മയുടേയും ഏഴു മക്കളില്‍ ഒരാളായിപ്പിറന്ന കോയമ്പറമ്പ്‌ വേണു.
കമ്മ്യൂണിസ്റ്റുകാരനായി രാഷ്‌ട്രീയജീവിതം തുടങ്ങിയ വേണു ഇന്ത്യയിലെ നക്‌സല്‍ പ്രസ്ഥാനത്തിലാണ്‌ സജീവമായി പ്രവര്‍ത്തിച്ചത്‌. കമ്മ്യൂണിസ്റ്റ്‌ വിമോചന സ്വപ്‌നങ്ങളും നക്‌സല്‍ പ്രസ്ഥാനത്തിന്റെ ഉശിരും പരിഹാരങ്ങളല്ല എന്ന തിരിച്ചറിവില്‍ പിന്നീട്‌ കമ്മ്യൂണിസത്തോടും തീവ്ര വിപ്ലവപ്രസ്ഥാനത്തോടും സലാം പറഞ്ഞു. ജനാധിപത്യത്തിന്റെ സാധ്യതകളിലേക്കും അനിവാര്യതയിലേക്കുമാണ്‌ പിന്നീട്‌ വേണു സഞ്ചരിച്ചത്‌. അടുത്തിടെ ലാലൂരിലെ മാലിന്യ നിക്ഷേപത്തിനെതിരെ ഗാന്ധിയന്‍ സമരമുറയായ നിരാഹാരമനുഷ്‌ഠിച്ച്‌ ജനശ്രദ്ധ നേടിയ വേണു സംസാരിക്കുന്നു.


ചെറുപ്പത്തിലേ സയന്‍സും ഫിലോസഫിയുമായിരുന്നല്ലോ ഇഷ്‌ടവിഷയം. പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റ്‌ സിദ്ധാന്തങ്ങള്‍.
സ്വാഭാവികമായി അങ്ങനെയായിത്തീര്‍ന്നു എന്നേ പറയാന്‍ പറ്റൂ. പ്രത്യേകിച്ചൊരു പ്രചോദനമൊന്നുമുണ്ടായിട്ടില്ല. എനിക്കിപ്പോഴും ഓര്‍മയുണ്ട്‌, പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പേള്‍ തന്നെ ദൈവത്തെക്കുറിച്ചൊക്കെയുള്ള ചര്‍ച്ചകളില്‍ ദൈവമില്ല എന്നുപറഞ്ഞ്‌ കുട്ടികളുമായി തര്‍ക്കിക്കുന്ന ഒരു പ്രൈമറി ക്ലാസുകാരനായിരുന്നു ഞാന്‍. എങ്ങനെ അങ്ങനെയായി എന്നെനിക്കറിയില്ല. എന്റെ മൂത്ത ചേട്ടന്‍ കമ്മ്യൂണിസ്റ്റുകാരനായിരുന്നു. കുടുംബവും കമ്മ്യൂണിസ്റ്റ്‌ പശ്ചാതലത്തിലായിരുന്നു. അതൊക്കെ സ്വാധീനിച്ചിരിക്കാം. പക്ഷേ വളരെ സ്വാഭാവികമായ ഒരു ഭൗതികവാദിയായിരുന്നു ഞാനെന്ന്‌ പറയാം.

മതം, ആത്മീയത, ജാതി, ആചാരങ്ങള്‍ തുടങ്ങിയവയോടൊക്കെ കുടുംബത്തിന്റെ സമീപനം എന്തായിരുന്നു? 
കുടുംബത്തില്‍ ഇവയ്‌ക്കൊന്നും യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല. സത്യത്തില്‍ അച്ഛനും അമ്മയും അന്നത്തെ രണ്ട്‌ ഫ്യൂഡല്‍ കുടുംബങ്ങളിലുള്ളവരായിരുന്നു. പക്ഷേ, വീട്ടിലൊരു പുരോഗമന അന്തരീക്ഷം നിലനിന്നിരുന്നു. അന്ന്‌ പ്രചാരത്തിലുണ്ടായിരുന്ന നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി പോലെയുള്ള തോപ്പില്‍ ഭാസിയുടെയും മറ്റും നാടകങ്ങള്‍ക്കൊക്കെ ഞങ്ങള്‍ കുടുംബസമേതം പോകാറുണ്ടായിരുന്നു. ഞാന്‍ പറഞ്ഞല്ലോ, മൂത്ത ചേട്ടന്‍ വിശ്വനാഥ മേനോന്‍ പഴയ കമ്മ്യൂണിസ്റ്റ്‌ സ്‌പിരിറ്റുള്ള ആളായിരുന്നു. അതിപ്പോഴത്തെ പാര്‍ടി സ്‌പിരിറ്റല്ല. 1948 ലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി കാര്‍ഡ്‌ ഹോള്‍ഡര്‍ എന്നുപറഞ്ഞാല്‍ അത്ര നിസാരമല്ല. മുന്‍ മന്ത്രി വി കെ രാജനെയൊക്കെ പാര്‍ടിയിലേക്ക്‌ കൊണ്ടുവരുന്നത്‌ ചേട്ടനാണ്‌.
പുല്ലൂറ്റ്‌ രണ്ട്‌ ഭാഗമുണ്ടായിരുന്നു. തെക്ക്‌ ഭാഗം ഏറെക്കുറെ നായന്മാര്‍ക്ക്‌, കോണ്‍ഗ്രസിന്‌ മേധാവിത്തമുള്ള സ്ഥലമായിരുന്നു. വടക്കേ പുല്ലൂറ്റില്‍ താഴ്‌ന്ന ജാതിക്കാര്‍, ഈഴവരായിരുന്നു താമസക്കാര്‍. അവരധികവും കമ്മ്യൂണിസ്റ്റുകാരുമായിരുന്നു. അമ്മയ്‌ക്ക്‌ കിട്ടിയ പാട്ടഭൂമി വടക്ക്‌ ഭാഗത്തായിരുന്നു. അങ്ങനെ അവര്‍ക്കിടയിലാണ്‌ ഞങ്ങള്‍ താമസിക്കാനിടയാകുന്നത്‌. സ്വാഭാവികമായി ഒരു അടുപ്പം കമ്മ്യൂണിസത്തോട്‌, ജാതി മത പരിഗണനകളില്ലാത്ത ജീവിതത്തോട്‌ ഉണ്ടായിരുന്നു.

എപ്പോഴാണ്‌ കമ്യൂണിസത്തിലേക്ക്‌ ആകൃഷ്‌ടനായത്‌?
ഇരിങ്ങാലക്കുട ക്രൈസ്റ്റില്‍ ബിഎസ്‌സിക്ക്‌ പഠിക്കുന്ന സമയത്ത്‌ ഞാനൊരു വായനക്കാരനായിരുന്നു. അധികവും ഫിലോസഫി പുസ്‌തകങ്ങള്‍ വായിച്ചിരുന്ന, സംഘടനാപ്രവര്‍ത്തനങ്ങളില്‍ ഒട്ടും താല്‍പര്യമില്ലാതിരുന്ന ഒരാള്‍. സ്റ്റുഡന്റ്‌സ്‌ ഫെഡറേഷന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ വി കെ രാജനൊക്കെ നിര്‍ബന്ധിക്കുമ്പോള്‍ മടിച്ചുമടിച്ചാണ്‌ വല്ലപ്പോഴും പങ്കെടുത്തിരുന്നത്‌. അന്ന്‌ എന്റെ സീനിയറായി പഠിച്ചിരുന്ന ഫസ്റ്റ്‌ കസിന്‍ സച്ചിദാനന്ദനൊക്കെ കോളേജിലെ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്‌. കോളേജ്‌ മാഗസിനില്‍ ഒരു ലേഖനമെഴുതിയത്‌ മാത്രമാണ്‌ എന്റെ സംഭാവന. കോഴിക്കോട്‌ ക്രിസ്‌ത്യന്‍ കോളേജില്‍ എം എസ്‌ സിക്ക്‌ പഠിക്കുന്ന കാലത്തും ഞാന്‍ എഴുത്തിലേക്കാണ്‌ കടക്കുന്നത്‌. എന്റെ ആദ്യ ലേഖനപരമ്പര അച്ചടിച്ചുവരുന്നത്‌ ഭഗവത്‌ഗീതയെ വിമര്‍ശിച്ചുകൊണ്ടാണ്‌. ഭഗവത്‌ ഗീത ഇരുപതാം നൂറ്റാണ്ടില്‍ എന്ന പരമ്പര കാമ്പിശ്ശേരി കരുണാകരന്റെ ജനയുഗം വാരികയില്‍ ഇരുപത്‌ ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചു. അന്ന്‌ ഞാന്‍ ഒന്നാം വര്‍ഷ എംഎസ്‌ സി വിദ്യാര്‍ഥിയാണ്‌. ഗീതയിലെയും ഉപനിഷത്തുകളിലെയും ജീവാത്മാവ്‌, പരമാത്മാവ്‌, ബ്രഹ്മ സങ്കല്‍പങ്ങള്‍ ഇവയെയൊക്കെ യുക്തിപരമായി ഖണ്ഡിക്കുക, എന്നിട്ട്‌ ആധുനിക ശാസ്‌ത്രത്തിനുള്ള ഉത്തരങ്ങള്‍ നല്‍കുക. ഇതായിരുന്നു ലേഖനത്തിന്റെ സത്ത. ഇതു കണ്ട്‌ യുക്തിവാദികള്‍ അവരുടെ വേദികളില്‍ ക്ലാസെടുക്കാനൊക്കെ വിളിച്ചുതുടങ്ങി. അങ്ങനെയാണ്‌ പൊതുരംഗത്ത്‌ കൂടുതല്‍ ഇടപെട്ട്‌ തുടങ്ങുന്നത്‌. ഈ ലേഖനപരമ്പരയിലെ ഗീതാ ഭാഗങ്ങളൊക്കെ ഒഴിവാക്കി ശാസ്‌ത്രഭാഗങ്ങള്‍ വികസിപ്പിച്ചാണ്‌ പിന്നീട്‌ പ്രപഞ്ചവും മനുഷ്യനും പുസ്‌തകമാക്കുന്നത്‌.

ഫിലോസഫിയും എഴുത്തുമായി കഴിഞ്ഞിരുന്ന ഒരാളെങ്ങനെയാണ്‌ നക്‌സല്‍ പ്രസ്ഥാനത്തിലെത്തിച്ചേരുന്നത്‌?
എം എസ്‌ സിക്ക്‌ പഠിക്കുന്ന കാലത്ത്‌ ഞാന്‍ സിപിഎം അനുഭാവിയാണ്‌. ആ സമയത്ത്‌ കോഴിക്കോട്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി യോഗം നടക്കുമ്പോള്‍ അജിതയും കുന്നിക്കല്‍ നാരായണനുമൊക്കെ പാര്‍ടി ഓഫീസിലേക്ക്‌ പ്രകടനം നടത്തുന്നതൊക്കെ കാണുന്നുണ്ട്‌. പക്ഷേ ഞാനതിലേക്കൊന്നും ആകര്‍ഷിക്കപ്പെടുന്നില്ല. അതിനെയൊക്കെ തീവ്രവാദമായാണ്‌ അന്ന്‌ കണ്ടത്‌. പഠനം കഴിഞ്ഞ്‌ നാട്ടില്‍ വന്നിട്ടും പുല്ലൂറ്റില്‍ സിപിഎമ്മിന്റെ ബ്രാഞ്ച്‌ ഓഫീസ്‌ തുടങ്ങാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ്‌ ചെയ്‌തത്‌. പക്ഷേ ഞാനതില്‍ ചേര്‍ന്നില്ല. അപ്പോഴേക്കും പി ഗോവിന്ദപ്പിള്ള എന്നെ തിരുവനന്തപുരത്തേക്ക്‌ ക്ഷണിച്ചു. മദ്രാസില്‍ നിന്നും പുറത്തിറങ്ങിയിരുന്ന അന്വേഷണം മാസികയിലൊക്കെ എന്റെ ലേഖനങ്ങള്‍ കണ്ട്‌ അദ്ദേഹത്തിനെന്നെ അറിയാം. തിരുവനന്തപുരത്ത്‌ പി എച്ച്‌ ഡിക്ക്‌ രജിസ്റ്റര്‍ ചെയ്‌ത സമയത്താണ്‌ സി പി ഐ എം എല്‍ കാരനായി ഞാന്‍ മാറുന്നത്‌. 1967 ലെ നെക്‌സല്‍ ബാരി കലാപങ്ങളും 1968 ലെ തലശ്ശേരി-പുല്‍പള്ളി സംഭവങ്ങളും എന്നില്‍ സന്ദേഹങ്ങള്‍ക്ക്‌ തിരികൊളുത്തിയിരുന്നു. 1970 ആയപ്പോഴേക്ക്‌ കല്‍ക്കത്തയില്‍ ചാരു മജുംദാറിനടുത്ത്‌ ദൂതുമായെത്തുന്ന പി എച്ച്‌ ഡി വിദ്യാര്‍ഥിക്ക്‌ പക്ഷേ സന്ദേഹങ്ങളുണ്ടായിരുന്നില്ല. രണ്ട്‌ വഴികളുണ്ടായിരുന്നു മുന്നില്‍. പഠനം മുഴുവനാക്കി ശാസ്‌ത്രജ്ഞനാകാം. പഠനമുപേക്ഷിച്ച്‌ മുഴുസമയ സാമൂഹ്യ വിപ്ലവത്തിനിറങ്ങാം. എന്തുകൊണ്ടോ, രണ്ടാമത്തേതാണ്‌ എനിക്ക്‌ ശരിയായി തോന്നിയത്‌. 1970 മുതല്‍ 75 വരെയും അടിയന്തരാവസ്ഥയെ തുടര്‍ന്ന്‌ വീണ്ടും നക്‌സലിസത്തിന്റെ പേരില്‍ തടവുശിക്ഷ അനുഭവിച്ചു.

നക്‌സല്‍ വാദികളൊക്കെയും യുക്തിവാദികളായിരുന്നോ?
എല്ലാവരും യുക്തിവാദികളായിരുന്നു എന്നുപറയാന്‍ പറ്റില്ല. എന്നാല്‍തന്നെയും ഭൗതികവാദികളായിരുന്നു. മതം അനുഷ്‌ഠിക്കുന്നവരായിരുന്നില്ല ആരും. പലവിധം അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്‌തുകൊണ്ടാണ്‌ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ കമ്മ്യൂണിസ്റ്റുകാരനായി മാറുന്നത്‌, ദൈവവിശ്വാസമുള്‍പ്പെടെ. മാര്‍ക്‌സിസം പഠിപ്പിക്കുന്നത്‌ നിരന്തരമായി നിങ്ങളുടെ ചിന്ത പുനര്‍ചിന്തയ്‌ക്ക്‌ വിധേയമാക്കണം, ഡയലക്‌റ്റിക്കലായി മാറിക്കൊണ്ടിരിക്കണം എന്നാണ്‌. പക്ഷേ സംഭവിച്ചത്‌, കമ്മ്യൂണിസം പോലും മറ്റൊരു മതമായി മാറുന്ന കാഴ്‌ചയാണ്‌. നക്‌സല്‍ കാലത്ത്‌ ഒളിവുസങ്കേതങ്ങളായി പഴയ കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകരുടെ വീടുകളെ ആശ്രയിച്ചിരുന്നു. അവര്‍ക്ക്‌ ജീവിതമെന്നു പറയുന്നത്‌ സോവിയറ്റ്‌ മാതൃകയാണ്‌. സോവിയറ്റ്‌ സ്വര്‍ഗം, അതാണ്‌ സങ്കല്‍പം. സോവിയറ്റ്‌ യൂണിയന്‍ തകരുന്നതിനു മുന്നേ തന്നെ സോവിയറ്റ്‌ മുതലാളിത്തത്തിന്റെ പിടിയിലായി എന്ന്‌ വിലയിരുത്തിയിരുന്ന ആളാണ്‌ ഞാനൊക്കെ. പക്ഷേ, സോവിയറ്റ്‌ സ്വര്‍ഗം ഒരു നരകമായിരുന്നു എന്ന്‌ കേള്‍ക്കുമ്പോള്‍ അവര്‍ക്കത്‌ അസഹനീയമായിരുന്നു. കമ്മ്യൂണിസ്റ്റുകാരെങ്ങനെ വിശ്വാസികളായി മാറുന്നു എന്നതിന്റെ ഉദാഹരണമാണിത്‌. 

ഫിലിപ്‌ എം പ്രസാദ്‌, പി എന്‍ ദാസ്‌, നരേന്ദ്രപ്രസാദ്‌ തുടങ്ങി പലരും നക്‌സല്‍ അനന്തര ജീവിതത്തില്‍ ആത്മീയതയിലാണ്‌ അഭയം തേടിയത്‌. ഇപ്പുറത്ത്‌ പക്ഷേ താങ്കള്‍ മാതാ അമൃതാനന്ദമയിക്കെതിരെ ഈയടുത്തുപോലും ശക്തമായി പ്രതികരിക്കുകയാണ്‌ ചെയ്‌തത്‌.
അപൂര്‍വം ചിലര്‍ മാത്രമാണ്‌ ആത്മീയതയിലേക്ക്‌ തെറ്റിപ്പോയിട്ടുള്ളത്‌. പക്ഷേ അങ്ങനെയൊരു സാമാന്യവല്‍കരണം വിമര്‍ശകരും മാധ്യമങ്ങളും ഉണ്ടാക്കിയെടുത്തതാണ്‌. പൊതുവില്‍ ഒരു നിശ്ശബ്‌ദത പലരേയും ബാധിച്ചിരുന്നു. ഫിലിപ്പ്‌ നക്‌സലേറ്റാകുന്നത്‌ തന്നെ വളരെ വൈകാരികമായാണ്‌. തിരിച്ചു സത്യസായി ബാബയില്‍ ആകൃഷ്‌ടനാകുന്നതും അങ്ങനെ തന്നെയാണ്‌. അത്രയേ ഞാനതിനെ കാണുന്നുള്ളൂ. പത്രപ്രവര്‍ത്തനം, പരിസ്ഥിതി പ്രസ്ഥാനങ്ങള്‍, സ്‌ത്രീ വിമോചന പ്രസ്ഥാനങ്ങള്‍, ജനാധിപത്യ കൂട്ടായ്‌മകള്‍ തുടങ്ങി പല തരത്തില്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായവരാണ്‌ അധികവും. പാര്‍ടി വിട്ട്‌ ഒരു കൊല്ലത്തിനുള്ളില്‍ തന്നെ നവോത്ഥാന വേദി എന്ന പേരിലൊരു കൂട്ടായ്‌മ സംഘടിപ്പിക്കുകയാണ്‌ ഞാന്‍ ചെയ്‌തത്‌. സുകുമാര്‍ അഴീക്കോടുള്‍പ്പെടെ വിവിധ സംഘടനാ പ്രതിനിധികളെ അതില്‍ വിളിച്ചുചേര്‍ത്തിരുന്നു. പിന്നീടാണ്‌ ജെ എസ്‌ എസിലേക്കൊക്കെ പോകുന്നത്‌. എന്റെ കാര്യത്തില്‍ പക്ഷേ, സയന്‍സും ഫിലോസഫിയുമാണ്‌ എന്നെ എക്കാലത്തും പ്രചോദിപ്പിച്ചിട്ടുള്ളത്‌. ഞാനിപ്പോഴും ആധുനിക ശാസ്‌ത്രത്തിന്റെ എല്ലാ ശാഖകളും വളരെ സൂക്ഷ്‌മമായി ഫോളോ ചെയ്യുന്നയാളാണ്‌.

മതത്തോടും ആത്മീയതയോടുമൊക്കെ ഇപ്പോഴുള്ള നിലപാട്‌ എന്താണ്‌?
വലിയ വ്യത്യാസങ്ങളൊന്നുമില്ല. പക്ഷേ പണ്ടുമതലേ ഞാന്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കാറുണ്ട്‌. പ്രപഞ്ചവും മനുഷ്യനും എഴുതുമ്പോള്‍ തന്നെ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ഞാന്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. ക്വാണ്ടം മെക്കാനിസം പോലെ ചിലത്‌. അതിപ്പോഴുമുണ്ടെനിക്ക്‌. മനുഷ്യന്റെ മാനസിക പ്രവര്‍ത്തനം, അതിലുള്ള അഹംബോധം എന്നുപറയുന്നത്‌ ഭൗതികമായി വ്യാഖ്യാനിക്കാന്‍ പറ്റിയിട്ടില്ല എന്നത്‌ വസ്‌തുതയാണ്‌. ഒരാള്‍ ഒരു റോസാപ്പൂവിന്റെ ഭംഗി ആസ്വദിക്കുകയാണെന്ന്‌ വെക്കുക. ആ സമയത്ത്‌ അയാളുടെ മസ്‌തിഷ്‌കത്തില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും- കെമിക്കല്‍, റേഡിയോ ആക്‌റ്റീവ്‌, ഇലക്‌ട്രിക്കല്‍ തുടങ്ങിയവയൊക്കെ ശാസ്‌ത്രത്തിന്‌ റിക്കോഡ്‌ ചെയ്യാന്‍ പറ്റും. എന്നാല്‍ അയാളുടെ ആസ്വാദനം, അനുഭവം എന്നുപറയുന്നത്‌ വേറെ തന്നെയാണ്‌. അത്‌ ഭൗതികവാദപരമായി പൂര്‍ണമായും വ്യാഖ്യാനിക്കപ്പെടുന്നില്ല. പക്ഷേ ആത്മാവ്‌ എന്നുപറയുന്നത്‌ അതിനുള്ള ശരിയായ മറുപടിയല്ല എന്നാണ്‌ എന്റെ പക്ഷം. അതൊരുതരം രക്ഷപ്പെടലാണ്‌, പലായനമാണ്‌.
ഭഗവത്‌ ഗീത ഇരുപതാം നൂറ്റാണ്ടില്‍ എഴുതുന്ന സമയത്ത്‌ ഉപനിഷത്തുകള്‍ വായിച്ചിരുന്നു. അതില്‍ എന്നെ ആകര്‍ഷിച്ച ചില കാര്യങ്ങളുണ്ടായിരുന്നു. പക്ഷേ ഞാനന്ന്‌ അതിനെല്ലാം എതിരായി നിലപാടെടുക്കുന്നതുകൊണ്ട്‌ അവയെ മൊത്തമായി തിരസ്‌കരിക്കുകയാണ്‌ ചെയ്‌തത്‌. അതിലേറ്റവും പ്രധാനപ്പെട്ടത്‌ അനന്തതയാണ്‌. പാശ്ചാത്യ ഫിലോസഫിയില്‍ അനന്തത ചര്‍ച്ചയാകുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം അതൊരു മാത്തമാറ്റിക്കല്‍ പ്രോബ്ലം മാത്രമാണ്‌. പക്ഷേ ഇന്ത്യന്‍ ഫിലേസഫിയില്‍ ഏറ്റവും പ്രധാന വിഷയമാണിത്‌. പാശ്ചാത്യ ലോകത്ത്‌ ഫ്രിജോ കാപ്രയെപോലുള്ളവര്‍ പിന്നീട്‌ താവോ ഫിസിക്‌സ്‌ പോലുള്ള സങ്കല്‍പങ്ങളിലൂടെ അനന്തതയെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. അനന്തത, അഹംബോധം, യാദൃച്ഛികത, അനിവാര്യത തുടങ്ങിയവ ശാസ്‌ത്രത്തിന്റെ ഭൗതിക രീതികള്‍ വെച്ച്‌ വിശകലനം ചെയ്യാന്‍ പറ്റാത്ത പ്രതിഭാസങ്ങളാണ്‌. അവ ഇന്നും ഉത്‌കണ്‌ഠകളായി എന്നില്‍ തുടരുന്നുണ്ട്‌.

ഇന്ത്യന്‍ പാര്‍ലമെന്റിന്‌ എ കെ ജിയെപ്പോലൊരു പ്രതിഭാധനനായ പ്രതിപക്ഷ നേതാവിനെ വരെ സംഭാവന ചെയ്‌ത പ്രസ്ഥാനമാണ്‌ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി. പക്ഷേ പാര്‍ലമെന്ററി തലത്തില്‍ തന്നെ പിന്നീട്‌ അവര്‍ പരാജയപ്പെടുകയാണ്‌ ചെയ്യുന്നത്‌.
ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം കിട്ടിയതിന്‌ ശേഷമുള്ള ഒരു നാല്‌ കൊല്ലത്തോളം കമ്മ്യൂണിസ്റ്റ്‌ പാര്‍ടി ആകെ ആശയക്കുഴപ്പത്തിലായിരുന്നു. നാല്‌ വ്യത്യസ്‌ത, പരസ്‌പര വിരുദ്ധ നിലപാടുകളാണ്‌ ഈ സമയത്ത്‌ പാര്‍ടിക്കുണ്ടായിരുന്നത്‌. 1947ല്‍ സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത്‌ പി സി ജോഷിയാണ്‌ പാര്‍ടിയുടെ ജനറല്‍ സെക്രട്ടറി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പറഞ്ഞത്‌, കോണ്‍ഗ്രസ്‌ ഒരു പുരോഗമന കക്ഷിയാണ്‌. യഥാര്‍ഥ സ്വാതന്ത്ര്യം നമുക്ക്‌ കിട്ടിയിരിക്കുന്നു, നമ്മളവരോട്‌ ചേര്‍ന്നുനിന്നുകൊണ്ട്‌ ജനാധിപത്യപ്രക്രിയക്ക്‌ സഹായിക്കണം എന്നാണ്‌. 1948 ഫെബ്രുവരി ആയപ്പോഴേക്ക്‌ രണ്ടാം പാര്‍ടി കോണ്‍ഗ്രസില്‍ ബി ടി രണദിവയുടെ നേതൃത്വത്തില്‍ നേരെ തിരിച്ച്‌ പറഞ്ഞു. നമുക്ക്‌ സ്വാതന്ത്ര്യം കിട്ടിയിട്ടില്ല, കോണ്‍ഗ്രസ്‌ തനി സാമ്രാജ്യത്വ ഏജന്റുമാരാണ്‌, ഉടന്‍ റഷ്യന്‍ മോഡലില്‍ പട്ടണങ്ങളിലെ വിപ്ലവത്തിനൊരുങ്ങണം എന്ന കല്‍ക്കത്ത തീസിസിലെത്തി പാര്‍ടി. തുടര്‍ന്ന്‌ പാര്‍ടി നിരോധിക്കപ്പെടുന്നു. പല കുഴപ്പങ്ങളുമുണ്ടാകുന്നു. അപ്പോഴേക്കും തെലുങ്കാന കേന്ദ്രീകരിച്ച്‌ ചൈനീസ്‌ ലൈനിലുള്ള കര്‍ഷകരുടെ കലാപം, ഗറില്ലാ യുദ്ധമുറയില്‍ നടക്കുന്നുണ്ട്‌. അതിന്റെ നേതാവായിരുന്ന രാജേശ്വര്‍ റാവു മവോയുടെ ചൈനീസ്‌ ലൈനാണ്‌ ശരി എന്ന നിലപാടെടുക്കുന്നു. 1949ല്‍ കല്‍ക്കത്ത തീസിസ്‌ ഉപേക്ഷിച്ച്‌ പാര്‍ടിയും ഈ തീരുമാനത്തിലേക്കെത്തുന്നു. പക്ഷേ ചൈനീസ്‌ ലൈനും കല്‍ക്കത്താ തീസിസും തമ്മിലുള്ള വൈരുദ്ധ്യവും അടിച്ചമര്‍ത്തലുമൊക്കെയായി പാര്‍ടി തകര്‍ച്ചയുടെ വക്കിലെത്തി. ആ സമയത്ത്‌ നാല്‌ പ്രധാന നേതാക്കളെ സ്റ്റാലിന്‍ റഷ്യയിലേക്ക്‌ വിളിച്ചുവരുത്തി ഉപദേശിച്ചു എന്നാണ്‌ പറയപ്പെടുന്നത്‌. നിലവിലെ സംവിധാനം തെറ്റാണ്‌, ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തോട്‌ പൊരുത്തപ്പെട്ടു പ്രവര്‍ത്തിക്കണം, അതേ സമയം പാര്‍ടി അടിസ്ഥാനപരമായി വിപ്ലവ പാര്‍ടിയായി നിലനിര്‍ത്തുകയും വേണം എന്നൊക്കെ സ്റ്റാലിന്‍ നിര്‍ദേശങ്ങള്‍ വെച്ചു എന്നാണ്‌ അറിയപ്പെടുന്നത്‌. അതിനുശേഷമാണ്‌ 1951 ലെ ചരിത്രപ്രധാനമായ നയപ്രഖ്യാപനം നടത്തുന്നത്‌. അതിലാണ്‌ പാര്‍ടി സായുധ സമരം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുന്നത്‌. അതേസമയം സഖാക്കളോട്‌ പറഞ്ഞത്‌ നമ്മളിപ്പോഴും അടിസ്ഥാനപരമായി വിപ്ലവ പാര്‍ടിയാണ്‌, തയ്യാറെടുത്തുകൊണ്ടിരിക്കണം എന്നാണ്‌. ഈ അടവുനയം സ്വീകരിക്കുന്നതിന്‌ പകരം ജനാധിപത്യത്തിന്റെ മാര്‍ഗത്തിലൂടെ സോഷ്യലിസ്റ്റ്‌ കാഴ്‌ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അവര്‍ക്ക്‌ ഇന്ത്യന്‍ ജനാധിപത്യം വികസിപ്പിക്കാമായിരുന്നു. ഇപ്പോഴും ഈ ഇരട്ടത്താപ്പാണ്‌ പാര്‍ടി സ്വീകരിച്ചുപോരുന്നത്‌. അതുകൊണ്ടുതന്നെ അറുപത്‌ വര്‍ഷക്കാലത്തെ അവരുടെ പാര്‍ലമെന്ററി ഇടപെടലുകള്‍ ഒട്ടും ആത്മാര്‍ഥമായിട്ടുള്ളതോ തിരുത്താനുള്ളതോ അല്ല. മറിച്ച്‌ ജനാധിപത്യത്തെ തകര്‍ക്കാനുള്ളതാണ്‌.

മറ്റൊരു പ്രധാന പ്രശ്‌നം, ഇന്ത്യന്‍ സമൂഹത്തിലെ ജാതി വ്യവസ്ഥയെ മനസ്സിലാക്കാന്‍ ഇതുവരെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ കഴിഞ്ഞിട്ടില്ല. പാശ്ചാത്യ വര്‍ഗ സമരസിദ്ധാന്തം ഇന്ത്യന്‍ സമൂഹത്തെ മനസ്സിലാക്കുന്നതില്‍ അവരെ തികച്ചും അശക്തരാക്കി. ജാതിയും വര്‍ഗവും പരസ്‌പരബന്ധമുണ്ടെങ്കിലും ഏറെ വ്യത്യസ്‌തമാണ്‌. ജാതി ജനനം കൊണ്ട്‌ തീരുമാനിക്കപ്പെടുന്നതാണ്‌. വര്‍ഗം സാമ്പത്തിക പദവി കൊണ്ടാണ്‌ തീരുമാനിക്കപ്പെടുന്നത്‌. അംബേദ്‌കറൊക്കെ ഇത്‌ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. അദ്ദേഹത്തെയൊക്കെ ബ്രിട്ടീഷ്‌ ഏജന്റായി മുദ്രകുത്തി മാറ്റിനിര്‍ത്തുകയാണ്‌ കമ്മ്യൂണിസ്റ്റുകാര്‍ ചെയ്‌തത്‌. ഏറ്റവും അടിസ്ഥാനപരമായ ദൗര്‍ബല്യം ജാതിയെ വിശദീകരിക്കുന്നതിലെ പരാജയം തന്നെയായിരുന്നെന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. 
യഥാര്‍ഥത്തില്‍ നാല്‍പതുകളില്‍, അമ്പതുകളുടെ ആരംഭം വരെ നേടിയ ബഹുജനാടിത്തറ മാത്രമാണ്‌ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനുള്ളത്‌.

മര്‍ദ്ദിതരുടെ വിമോചനം മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്‌ത്രം എന്ന നിലക്ക്‌ ഇസ്‌ലാമിനെ കാണാന്‍ ശ്രമിച്ചിട്ടുണ്ടോ?
മതം എന്നുപറയുമ്പോള്‍ അതിന്‌ അതിന്റേതായ സ്‌ട്രക്‌ച്ചര്‍ ഉണ്ട്‌, വിശ്വാസ മേധാവിത്വമുണ്ട്‌. അതുകൊണ്ടുതന്നെ ഒരു മതത്തിനും അതിന്റെ പ്രത്യയശാസ്‌ത്രം എത്ര വിശാലമാണെന്ന്‌ പറഞ്ഞാലും അടിസ്ഥാനപരമായി ജനാധിപത്യപരമാവുക സാധ്യമല്ല. അതുകൊണ്ട്‌ മതങ്ങള്‍ ജനാധിപത്യവത്‌കരിക്കപ്പെടണം എന്നാണ്‌ എന്റെ പക്ഷം.

സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന്‌ രൂപം കൊണ്ട ഉസ്‌ബൈക്കിസ്ഥാന്‍, അസര്‍ബൈജാന്‍, ഖസാക്കിസ്ഥാന്‍ തുടങ്ങിയവയൊക്കെ മതത്തിന്റെ അടിത്തറയിലാണ്‌ രൂപീകൃതമാകുന്നത്‌.

അടിസ്ഥാനപരമായി മതങ്ങള്‍ക്ക്‌ സോവിയറ്റ്‌ റഷ്യയിലുണ്ടായിരുന്ന വിലക്ക്‌ തന്നെയാണ്‌ ഈ രാജ്യങ്ങളില്‍ മതം ശക്തിപ്പെടാന്‍ കാരണമായത്‌. യൂറോപ്പില്‍ ബാല്‍ക്കനൈസേഷന്‍ നടക്കുന്ന സമയത്ത്‌, രാജ്യങ്ങളുടെ വേറിട്ടുപോകാനുള്ള സ്വയം നിര്‍ണയാവകാശം ലെനിന്റെ നേതൃത്വത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. റഷ്യയില്‍ നിലനിന്നിരുന്ന വ്യത്യസ്‌ത സമൂഹങ്ങളെ അവരുടെ ദേശീയതകള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ ഒരു കമ്മ്യൂണിസ്റ്റ്‌ വളന്ററി യൂണിയന്‍ രൂപീകരിക്കുക എന്നതായിരുന്നു സിദ്ധാന്തം. പക്ഷേ പ്രയോഗിക്കപ്പെട്ടത്‌ കമ്മ്യൂണിസ്റ്റ്‌ സ്വേഛാധിപത്യമാണ്‌. 
നേരെമറിച്ച്‌ യൂറോപ്പില്‍ നടന്ന ബാല്‍ക്കനൈസേഷന്‍ സ്വാഭാവികമായ ജനാധിപത്യ പ്രക്രിയയായിരുന്നു. അത്‌ ഭാഷയെ അടിസ്ഥാനമാക്കിയാണ്‌ സാധ്യമാക്കിയത്‌. മതം മാത്രം പരിഗണിച്ച്‌ ഒരു രാഷ്‌ട്രം രൂപീകരിക്കുന്നത്‌ യഥാര്‍ഥ പരിഹാരമാകുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ബംഗ്ലാദേശ്‌ എന്ന രാഷ്‌ട്രം ഉണ്ടാകുമായിരുന്നില്ല. റോമാ സാമ്രാജ്യം ക്രിസ്‌ത്യന്‍ സാമ്രാജ്യമായിരുന്നിട്ടും മതത്തെ മറികടന്നുകൊണ്ട്‌ ഭാഷാ രാജ്യങ്ങളുണ്ടായതും അതുകൊണ്ടാണ്‌.


ഏകധ്രുവലോകം എന്നത്‌ ഇനിയും സാധ്യമായ ഒന്നാണോ?
സാധ്യമാണ്‌ എന്നാണ്‌ എന്റെ പക്ഷം. ഇപ്പോള്‍ തന്നെ രണ്ട്‌ രീതിയില്‍ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്‌. പഴയ സങ്കല്‍പത്തിലുള്ള ഒരു അമേരിക്കന്‍ മേധാവിത്ത ലോകമല്ല അത്‌. യഥാര്‍ഥത്തില്‍ അമേരിക്ക ഇന്ന്‌ ഒരു മേധാവിത്ത ശക്തിയേ അല്ല. ഏറ്റവും വലിയ കടക്കാരനെന്നു വിളിക്കാവുന്ന രാജ്യമാണത്‌. ഇന്ത്യയും ചൈനയുമൊക്കെ ഡോളറില്‍ നിന്ന്‌ യൂറോയിലേക്ക്‌ മാറിയാല്‍ പൊളിഞ്ഞുവീഴുന്ന ഒരു സമ്പദ്‌ഘടനയാണ്‌ അമേരിക്കയുടേത്‌. യൂറോപ്യന്‍ യൂണിയന്‍, യൂറോ എന്ന സെന്റര്‍ ഇന്നുണ്ടായിക്കഴിഞ്ഞിട്ടുണ്ട്‌. ബാര്‍ക്‌ പോലുള്ള ശ്രമങ്ങളാണ്‌ മറ്റൊരു സാധ്യത. ആരോഗ്യകരമായ ഇത്തരം പ്രവണതകള്‍ ആവശ്യമാണ്‌ എന്ന അഭിപ്രായക്കാരനാണ്‌ ഞാന്‍. പുതിയൊരു ആഗോള ജനാധിപത്യ വ്യവസ്ഥയിലേക്ക്‌ നയിക്കാന്‍ ഒരുപക്ഷേ ഇത്തരം ശ്രമങ്ങള്‍ക്ക്‌ സാധിച്ചേക്കാം. അതാണ്‌ യൂറോപ്യന്‍ യൂണിയന്‍ സൂചിപ്പിക്കുന്നത്‌.

ക്രീമിയയുടെ രാഷ്‌ട്ര പദവിയും റഷ്യയുടെ ഭാഗമാകാനുള്ള തീരുമാനവും എങ്ങനെയാണ്‌ കാണുന്നത്‌?
കശ്‌മീര്‍ പോലെ ചരിത്രപരമായ ചില ദുരന്തങ്ങള്‍ ക്രീമിയയ്‌ക്കുമുണ്ടായിട്ടുണ്ട്‌. രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ ക്രീമിയയിലെ താര്‍ത്താര്‍ വംശജര്‍ (മുസ്‌ലിംകള്‍) ഹിറ്റ്‌ലറുടെ കൂടെ നിന്നു എന്നുള്ള സ്റ്റാലിന്റെ സംശയത്തെ തുടര്‍ന്ന്‌ അവരെ സൈബീരിയയിലേക്ക്‌ നാടുകടത്തുകയുണ്ടായി. അതൊരു വലിയ പീഡനത്തിന്റെ ചരിത്രമാണ്‌. പിന്നീട്‌ ക്രുഷ്‌ചേവിന്റെ കാലത്താണ്‌ അവര്‍ക്ക്‌ തിരിച്ചുവരാന്‍ അവസരമുണ്ടായത്‌. അപ്പോഴും ക്രീമിയക്കാരായിരിക്കെ തന്നെ മതപരമായ അടിച്ചമര്‍ത്തലുകളും പഴയ ദുരനുഭവത്തിന്റെ കനലുമൊക്കെ താര്‍ത്താര്‍ മുസ്‌ലിംകള്‍ അനുഭവിച്ചിരുന്നു. ഉക്രൈനും ക്രീമിയയും രണ്ട്‌ ദേശീയതകള്‍ തന്നെയാണ്‌. ഉക്രൈനിന്റെ ഭാഗമായി തുടരേണ്ടതില്ല എന്നത്‌ തന്നെയാണ്‌ ശരിയായ തീരുമാനം. പക്ഷേ വീണ്ടും അത്‌ റഷ്യയുടെ ഭാഗമായി മാറുന്നു എന്നതാണ്‌ പ്രശ്‌നം.

പതിനാറാമത്‌ പൊതുതെരഞ്ഞെടുപ്പിന്റെ വക്കിലാണല്ലോ ഇന്ത്യ. വോട്ട്‌ ബാങ്ക്‌ എന്ന നിലയ്‌ക്ക്‌ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക്‌ എത്രമാത്രം സാധ്യതയുണ്ട്‌?
താരതമ്യേന കേരളത്തില്‍ മാത്രമാണ്‌ മുസ്‌ലിംകള്‍ വോട്ട്‌ ബാങ്കായി നിലനില്‍ക്കുന്നത്‌. അതിന്റെ ഗുണമാണ്‌ കേരള മുസ്‌ലിംകള്‍ ഇന്നനുഭവിക്കുന്നതും. അഖിലേന്ത്യാ തലത്തില്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടൊക്കെ ചൂണ്ടിക്കാണിക്കുന്ന ദുരന്തം നോക്കിയാലത്‌ മനസ്സിലാകും. കേരളത്തേക്കാള്‍ മുസ്‌ലിം ജനസംഖ്യയുള്ള സംസ്ഥാനങ്ങള്‍ ഉത്തരേന്ത്യയിലുണ്ട്‌. പക്ഷേ അവിടെയൊന്നും ഒരു വോട്ട്‌ ബാങ്കായി മാറാന്‍ സാധിക്കുന്നില്ല എന്നതു തന്നെയാണ്‌ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം. കേരളത്തില്‍ നേരത്തെ തന്നെ വോട്ടുബാങ്കാകാന്‍ കഴിഞ്ഞതും അധികാര സംവിധാനത്തിന്റെ ഭാഗമായതും കേരള മുസ്‌ലിംകളുടെ സാമൂഹ്യ പദവി ഉയര്‍ത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്‌. കേരള മുസ്‌ലിംകള്‍ക്കിടയിലെ സുന്നി, മുജാഹിദ്‌, ജമാഅത്ത്‌ വിഭാഗീയതകള്‍ കൂടി പരിഹരിക്കപ്പെട്ടിരുന്നെങ്കില്‍ ശക്തമായ ഒരു വോട്ടുബാങ്കായി മുസ്‌ലിംകള്‍ മാറും.
ഇവരെയൊക്കെ യോജിപ്പിക്കുന്നതിലും സമുദായത്തിനകത്തെ തീവ്രവാദത്തെ ചെറുത്തുനില്‍ക്കുന്നതിലും മുസ്‌ലിം ലീഗിന്റെ നേതൃപരമായ ഇടപെടല്‍ കാണാതിരുന്നുകൂടാ. കേരളത്തെ ഇന്ന്‌ ഒരു സെക്യുലര്‍ സമൂഹമായി നിലനിര്‍ത്തുന്നതില്‍ മുസ്‌ലിം ലീഗിനുള്ള പങ്ക്‌ വളരെ വലുതാണ്‌ എന്ന്‌ ചിന്തിക്കുന്ന ഒരാളാണ്‌ ഞാന്‍. സമുദായത്തെ തീവ്രവാദത്തിലേക്ക്‌ പോകാതെ പിടിച്ചുനിര്‍ത്തുക എന്ന മഹത്തായ സേവനമാണ്‌ ലീഗ്‌ ചെയ്യുന്നത്‌. ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ ശോചനീയാവസ്ഥയ്‌ക്ക്‌ ചരിത്രപരമായ ഒരു കാരണം ഇന്ത്യാ വിഭജനം തന്നെയാണ്‌. നേതൃപരമായ പങ്ക്‌ വഹിക്കുന്നവര്‍ പുറത്തുപോവുകയോ കൊല്ലപ്പെടുകയോ പിന്തള്ളപ്പെടുകയോ ഒക്കെ ചെയ്‌തിട്ടുണ്ട്‌ അക്കാലത്ത്‌. ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ രാഷ്‌ട്രീയമായി പിന്നാക്കം പോകുന്നതിന്‌ ഈ അരക്ഷിതാവസ്ഥ കാരണമായിട്ടുണ്ടാകാം. കേരളത്തില്‍ വിഭജനം അത്ര ബാധിച്ചിരുന്നില്ലല്ലോ. മുസ്‌ലിം ലീഗും കേരളത്തിലെ മറ്റു മുസ്‌ലിം പുരോഗമന പ്രസ്ഥാനങ്ങളും ശ്രമിച്ചാല്‍ ഇന്ത്യന്‍ മുസ്‌ലിംകളെ രാഷ്‌ട്രീയമായും സാമൂഹികമായും ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചേക്കും.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മിതവാദിയായി അറിയപ്പെട്ടിരുന്ന വാജ്‌പേയി ആയിരുന്നു. എന്നാല്‍ ഇത്തവണ നരേന്ദ്ര മോദിയെപ്പോലൊരു തീവ്ര ഹിന്ദുത്വവാദിയെ, ആര്‍ എസ്‌ എസ്‌ നോമിനിയായി മുന്നില്‍ നിര്‍ത്താന്‍ ബി ജെ പി ധൈര്യപ്പെട്ടതെന്തുകൊണ്ടാണ്‌? 
ഏറെക്കുറെ ഗുജറാത്ത്‌ അനുഭവം തന്നെയാണ്‌ ബി ജെ പിയെ അതിനു പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഗുജറാത്തല്‍ അതിക്രൂരമായ വംശീയഹത്യ നടത്തിയ മോദിക്ക്‌ അതിന്റെ കെടുതികളെയൊക്ക മറികടക്കാന്‍ സാധിച്ചു എന്നതാണത്‌. അങ്ങനെയൊരു നേതാവിനെയാണ്‌ യഥാര്‍ഥത്തില്‍ ആര്‍ എസ്‌ എസ്സുകാര്‍ അന്വേഷിച്ചുനടന്നിരുന്നത്‌. വാജ്‌പേയിയെ അവര്‍ക്കൊട്ടും ഇഷ്‌ടമാകാതിരിക്കാനും കാരണം ഇതുതന്നെയാണ്‌. നിവൃത്തികേടുകൊണ്ടാണ്‌ അവര്‍ വാജ്‌പേയിയെ സ്വീകരിച്ചത്‌. അദ്വാനി മോദിയെപ്പോലെ ആകുമെന്നവര്‍ പ്രതീക്ഷിച്ചിരുന്നു. അദ്വാനി അങ്ങനെയായില്ല. ആര്‍ എസ്‌ എസ്സിനു പറ്റിയ ഒരാളായി മോദി ഉയര്‍ന്നുവന്നു എന്നതാണ്‌ സത്യം.

പതിനാറാമത്‌ പൊതുതെരഞ്ഞെടുപ്പിനെ എങ്ങനെയാണ്‌ നോക്കിക്കാണുന്നത്‌? മോദി തരംഗം ഉണ്ടാകുമോ?
മോദി തരംഗം ഉണ്ടാകും എന്നൊന്നും പറയാന്‍ പറ്റില്ല. പക്ഷേ ഒരാശങ്കയുണ്ടാക്കാന്‍ മോദിയുടെ വരവ്‌ കാരണമായിട്ടുണ്ട്‌. പക്ഷേ ഹിന്ദു മേധാവിത്തം ഉണ്ടാക്കാം എന്നതൊന്നും നടക്കാന്‍ പോകുന്നില്ല. കാരണം മോദിയൊരു ഹിന്ദു പോലുമല്ല. ഹിന്ദു ഫണ്ടമെന്റലിസമൊക്കെ അയാള്‍ക്ക്‌ വെറും ടൂള്‍സ്‌ മാത്രമാണ്‌. അയാള്‍ കൃത്യമായും ഫാസിസ്റ്റ്‌ മാത്രമാണ്‌. മോദി അധികാരത്തില്‍ വന്നാല്‍ ഏറ്റവും കൂടുതല്‍ വിഷമിക്കാന്‍ പോകുന്നത്‌ ആര്‍ എസ്‌ എസ്സും സംഘപരിവാറുമായിരിക്കും. മോദി അവരുടെയൊന്നും പിടിയില്‍ നില്‍ക്കാന്‍ പോകുന്നില്ല. അതാണയാളുടെ അപകടവും. മോദിക്ക്‌ കിട്ടാന്‍ പോകുന്ന വോട്ടുകളും ഒരു ഹിന്ദു വേവ്‌ എന്ന നിലക്കുള്ളവയായിരിക്കില്ല. അങ്ങനെയൊന്ന്‌ ഇപ്പോഴും ഇന്ത്യയില്‍ ഇല്ല എന്നുതന്നെയാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. ഇന്ത്യന്‍ സി ഇ ഒ ആകാന്‍ പറ്റിയ ഒരാള്‍ എന്ന്‌ മോദി ഭക്തര്‍ ഉണ്ടാക്കിയെടുത്ത ഇമേജായിരിക്കും അയാള്‍ക്ക്‌ വോട്ട്‌ നേടിക്കൊടുക്കുക.
കോണ്‍ഗ്രസ്‌ അനുകൂല അന്തരീക്ഷവും തെരഞ്ഞെടുപ്പ്‌ അടുത്തതോടെ ഉണ്ടായിട്ടുണ്ട്‌. ഷീല ദീക്ഷിത്‌ ആദ്യ തവണ ബി ജെ പിയെ പരാജയപ്പെടുത്തുന്നത്‌ സവാളയുടെ ലഭ്യത എന്ന ഒരൊറ്റ കാര്യത്തെ മുന്‍നിര്‍ത്തിയാണ്‌. അവര്‍ ഭരണനൈപുണ്യമൊക്കെ പിന്നീട്‌ നേടിയെടുക്കുകയാണ്‌ ചെയ്യുന്നത്‌. ഇപ്പോള്‍ സവാള, തക്കാളി പോലുള്ള അടിസ്ഥാന ചരക്കുകള്‍ക്കൊക്കെ വില ഗണ്യമായി കുറഞ്ഞത്‌ കോണ്‍ഗ്രസിന്‌ ഗുണം ചെയ്യുമെന്നാണ്‌ ഞാന്‍ കരുതുന്നത്‌. വിലക്കയറ്റമെന്നൊക്കെ ഇപ്പോള്‍ വെറുതെ പറയുകയാണ്‌. നാണയപ്പെരുപ്പം ഗണ്യമായി കുറഞ്ഞതും ചെറിയ കാര്യമല്ല. സി പി എമ്മിന്‌ കാര്യമായ സംഭാവനചെയ്യാന്‍ കഴിയാത്ത തെരഞ്ഞെടുപ്പായിരിക്കുമിത്‌. കേരളത്തില്‍ ടി പി വധം സിപിഎമ്മിന്‌ മാരകമായ പ്രഹരം നല്‍കും. എന്നാല്‍ എ എ പിക്ക്‌ അഖിലേന്ത്യാ തലത്തില്‍ നൂറിലധികം സീറ്റുകളില്‍ അമ്പതിനായിരത്തിനും ഒരു ലക്ഷത്തിനുമിടയില്‍ വോട്ട്‌ പിടിക്കാന്‍ കഴിഞ്ഞേക്കും.

ജനാധിപത്യവാദിയായ വേണുവില്‍ നിന്ന്‌ പുതിയ രാഷ്‌ട്രീയ ഇടപെടലുകള്‍ പ്രതീക്ഷിക്കാമോ?
പൊതുവില്‍ എല്ലാറ്റില്‍ നിന്നും വിട്ടുനില്‌ക്കുകയാണിപ്പോള്‍. എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന്‌ പലരും നിര്‍ബന്ധിക്കാറുണ്ട്‌. എന്റെ കൂടെ നിന്നിരുന്നവര്‍ പ്രത്യേകിച്ചും. പിന്നെ, ഞാനെന്തു ചെയ്‌താലും അതിനെ കേരളത്തിലെ മാര്‍ക്‌സിസ്റ്റുകാര്‍ ശത്രുതയോടെ കാണുന്ന പതിവുണ്ട്‌; ഇപ്പോള്‍ പൊതുവില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും. അതുകൊണ്ടാണ്‌ ഞാനൊരു പൊതുവേദിയുണ്ടാക്കാന്‍ ധൈര്യപ്പെടാത്തത്‌. സത്യത്തില്‍ എ എ പിയുടെ രാഷ്‌ട്രീയത്തോട്‌ എനിക്ക്‌ യോജിപ്പാണുള്ളത്‌. പക്ഷേ ഞാനവരുടെ കൂടെ ചേര്‍ന്നാല്‍ മാര്‍ക്‌സിസ്റ്റുകാര്‍ അതിനെ വേണു ഗ്രൂപ്പ്‌ എന്ന്‌ മുദ്രകുത്തും. അതവര്‍ക്ക്‌ ദോഷമായി മാറും. 
ശാസ്‌ത്രവുമായി ബന്ധപ്പെട്ട എന്റെ ബുദ്ധിപരമായ ജീവിതം ഇപ്പോഴും തുടരുന്നുണ്ട്‌. നിലവിലെ സാമൂഹ്യാവസ്ഥകളെ വിലയിരുത്തുന്നതില്‍ അതിനെ ബന്ധിപ്പിക്കുന്നുമുണ്ട്‌. അതിനപ്പുറത്തേക്കുള്ള ഇടപെടലില്‍ താല്‍പര്യമില്ല. ആകസ്‌മികമായി അത്തരം സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞുകൂടായ്‌കയുമില്ല.