Tuesday, May 27, 2014

ഇന്ത്യന്‍ സമൂഹത്തെ മനസ്സിലാക്കുന്നതില്‍ 

കമ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ടു

അഭിമുഖം- കെ വേണു 


കേരളത്തില്‍ എഴുപതുകളില്‍ സജീവമായിരുന്ന തീവ്ര വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക്‌, മാവോയിസ്റ്റ്‌ സിദ്ധാന്തങ്ങള്‍ക്ക്‌, കേരളത്തില്‍ ഇന്ന്‌ ജീവിച്ചിരിക്കുന്ന ഇടത്‌ ധൈഷണികതയ്‌ക്ക്‌, വിശാല ജനാധിപത്യ സങ്കല്‍പങ്ങള്‍ക്ക്‌ ഒരൊറ്റ വാക്കുണ്ട്‌. അത്‌ കെ വേണു എന്നാണ്‌. 1945 ഡിസംബറില്‍ തൃശൂരിലെ പുല്ലൂറ്റ്‌ ഗ്രാമത്തില്‍ വേലായുധന്‍ നായരുടേയും അമ്മാളുവമ്മയുടേയും ഏഴു മക്കളില്‍ ഒരാളായിപ്പിറന്ന കോയമ്പറമ്പ്‌ വേണു.
കമ്മ്യൂണിസ്റ്റുകാരനായി രാഷ്‌ട്രീയജീവിതം തുടങ്ങിയ വേണു ഇന്ത്യയിലെ നക്‌സല്‍ പ്രസ്ഥാനത്തിലാണ്‌ സജീവമായി പ്രവര്‍ത്തിച്ചത്‌. കമ്മ്യൂണിസ്റ്റ്‌ വിമോചന സ്വപ്‌നങ്ങളും നക്‌സല്‍ പ്രസ്ഥാനത്തിന്റെ ഉശിരും പരിഹാരങ്ങളല്ല എന്ന തിരിച്ചറിവില്‍ പിന്നീട്‌ കമ്മ്യൂണിസത്തോടും തീവ്ര വിപ്ലവപ്രസ്ഥാനത്തോടും സലാം പറഞ്ഞു. ജനാധിപത്യത്തിന്റെ സാധ്യതകളിലേക്കും അനിവാര്യതയിലേക്കുമാണ്‌ പിന്നീട്‌ വേണു സഞ്ചരിച്ചത്‌. അടുത്തിടെ ലാലൂരിലെ മാലിന്യ നിക്ഷേപത്തിനെതിരെ ഗാന്ധിയന്‍ സമരമുറയായ നിരാഹാരമനുഷ്‌ഠിച്ച്‌ ജനശ്രദ്ധ നേടിയ വേണു സംസാരിക്കുന്നു.


ചെറുപ്പത്തിലേ സയന്‍സും ഫിലോസഫിയുമായിരുന്നല്ലോ ഇഷ്‌ടവിഷയം. പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റ്‌ സിദ്ധാന്തങ്ങള്‍.
സ്വാഭാവികമായി അങ്ങനെയായിത്തീര്‍ന്നു എന്നേ പറയാന്‍ പറ്റൂ. പ്രത്യേകിച്ചൊരു പ്രചോദനമൊന്നുമുണ്ടായിട്ടില്ല. എനിക്കിപ്പോഴും ഓര്‍മയുണ്ട്‌, പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പേള്‍ തന്നെ ദൈവത്തെക്കുറിച്ചൊക്കെയുള്ള ചര്‍ച്ചകളില്‍ ദൈവമില്ല എന്നുപറഞ്ഞ്‌ കുട്ടികളുമായി തര്‍ക്കിക്കുന്ന ഒരു പ്രൈമറി ക്ലാസുകാരനായിരുന്നു ഞാന്‍. എങ്ങനെ അങ്ങനെയായി എന്നെനിക്കറിയില്ല. എന്റെ മൂത്ത ചേട്ടന്‍ കമ്മ്യൂണിസ്റ്റുകാരനായിരുന്നു. കുടുംബവും കമ്മ്യൂണിസ്റ്റ്‌ പശ്ചാതലത്തിലായിരുന്നു. അതൊക്കെ സ്വാധീനിച്ചിരിക്കാം. പക്ഷേ വളരെ സ്വാഭാവികമായ ഒരു ഭൗതികവാദിയായിരുന്നു ഞാനെന്ന്‌ പറയാം.

മതം, ആത്മീയത, ജാതി, ആചാരങ്ങള്‍ തുടങ്ങിയവയോടൊക്കെ കുടുംബത്തിന്റെ സമീപനം എന്തായിരുന്നു? 
കുടുംബത്തില്‍ ഇവയ്‌ക്കൊന്നും യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല. സത്യത്തില്‍ അച്ഛനും അമ്മയും അന്നത്തെ രണ്ട്‌ ഫ്യൂഡല്‍ കുടുംബങ്ങളിലുള്ളവരായിരുന്നു. പക്ഷേ, വീട്ടിലൊരു പുരോഗമന അന്തരീക്ഷം നിലനിന്നിരുന്നു. അന്ന്‌ പ്രചാരത്തിലുണ്ടായിരുന്ന നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി പോലെയുള്ള തോപ്പില്‍ ഭാസിയുടെയും മറ്റും നാടകങ്ങള്‍ക്കൊക്കെ ഞങ്ങള്‍ കുടുംബസമേതം പോകാറുണ്ടായിരുന്നു. ഞാന്‍ പറഞ്ഞല്ലോ, മൂത്ത ചേട്ടന്‍ വിശ്വനാഥ മേനോന്‍ പഴയ കമ്മ്യൂണിസ്റ്റ്‌ സ്‌പിരിറ്റുള്ള ആളായിരുന്നു. അതിപ്പോഴത്തെ പാര്‍ടി സ്‌പിരിറ്റല്ല. 1948 ലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി കാര്‍ഡ്‌ ഹോള്‍ഡര്‍ എന്നുപറഞ്ഞാല്‍ അത്ര നിസാരമല്ല. മുന്‍ മന്ത്രി വി കെ രാജനെയൊക്കെ പാര്‍ടിയിലേക്ക്‌ കൊണ്ടുവരുന്നത്‌ ചേട്ടനാണ്‌.
പുല്ലൂറ്റ്‌ രണ്ട്‌ ഭാഗമുണ്ടായിരുന്നു. തെക്ക്‌ ഭാഗം ഏറെക്കുറെ നായന്മാര്‍ക്ക്‌, കോണ്‍ഗ്രസിന്‌ മേധാവിത്തമുള്ള സ്ഥലമായിരുന്നു. വടക്കേ പുല്ലൂറ്റില്‍ താഴ്‌ന്ന ജാതിക്കാര്‍, ഈഴവരായിരുന്നു താമസക്കാര്‍. അവരധികവും കമ്മ്യൂണിസ്റ്റുകാരുമായിരുന്നു. അമ്മയ്‌ക്ക്‌ കിട്ടിയ പാട്ടഭൂമി വടക്ക്‌ ഭാഗത്തായിരുന്നു. അങ്ങനെ അവര്‍ക്കിടയിലാണ്‌ ഞങ്ങള്‍ താമസിക്കാനിടയാകുന്നത്‌. സ്വാഭാവികമായി ഒരു അടുപ്പം കമ്മ്യൂണിസത്തോട്‌, ജാതി മത പരിഗണനകളില്ലാത്ത ജീവിതത്തോട്‌ ഉണ്ടായിരുന്നു.

എപ്പോഴാണ്‌ കമ്യൂണിസത്തിലേക്ക്‌ ആകൃഷ്‌ടനായത്‌?
ഇരിങ്ങാലക്കുട ക്രൈസ്റ്റില്‍ ബിഎസ്‌സിക്ക്‌ പഠിക്കുന്ന സമയത്ത്‌ ഞാനൊരു വായനക്കാരനായിരുന്നു. അധികവും ഫിലോസഫി പുസ്‌തകങ്ങള്‍ വായിച്ചിരുന്ന, സംഘടനാപ്രവര്‍ത്തനങ്ങളില്‍ ഒട്ടും താല്‍പര്യമില്ലാതിരുന്ന ഒരാള്‍. സ്റ്റുഡന്റ്‌സ്‌ ഫെഡറേഷന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ വി കെ രാജനൊക്കെ നിര്‍ബന്ധിക്കുമ്പോള്‍ മടിച്ചുമടിച്ചാണ്‌ വല്ലപ്പോഴും പങ്കെടുത്തിരുന്നത്‌. അന്ന്‌ എന്റെ സീനിയറായി പഠിച്ചിരുന്ന ഫസ്റ്റ്‌ കസിന്‍ സച്ചിദാനന്ദനൊക്കെ കോളേജിലെ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്‌. കോളേജ്‌ മാഗസിനില്‍ ഒരു ലേഖനമെഴുതിയത്‌ മാത്രമാണ്‌ എന്റെ സംഭാവന. കോഴിക്കോട്‌ ക്രിസ്‌ത്യന്‍ കോളേജില്‍ എം എസ്‌ സിക്ക്‌ പഠിക്കുന്ന കാലത്തും ഞാന്‍ എഴുത്തിലേക്കാണ്‌ കടക്കുന്നത്‌. എന്റെ ആദ്യ ലേഖനപരമ്പര അച്ചടിച്ചുവരുന്നത്‌ ഭഗവത്‌ഗീതയെ വിമര്‍ശിച്ചുകൊണ്ടാണ്‌. ഭഗവത്‌ ഗീത ഇരുപതാം നൂറ്റാണ്ടില്‍ എന്ന പരമ്പര കാമ്പിശ്ശേരി കരുണാകരന്റെ ജനയുഗം വാരികയില്‍ ഇരുപത്‌ ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചു. അന്ന്‌ ഞാന്‍ ഒന്നാം വര്‍ഷ എംഎസ്‌ സി വിദ്യാര്‍ഥിയാണ്‌. ഗീതയിലെയും ഉപനിഷത്തുകളിലെയും ജീവാത്മാവ്‌, പരമാത്മാവ്‌, ബ്രഹ്മ സങ്കല്‍പങ്ങള്‍ ഇവയെയൊക്കെ യുക്തിപരമായി ഖണ്ഡിക്കുക, എന്നിട്ട്‌ ആധുനിക ശാസ്‌ത്രത്തിനുള്ള ഉത്തരങ്ങള്‍ നല്‍കുക. ഇതായിരുന്നു ലേഖനത്തിന്റെ സത്ത. ഇതു കണ്ട്‌ യുക്തിവാദികള്‍ അവരുടെ വേദികളില്‍ ക്ലാസെടുക്കാനൊക്കെ വിളിച്ചുതുടങ്ങി. അങ്ങനെയാണ്‌ പൊതുരംഗത്ത്‌ കൂടുതല്‍ ഇടപെട്ട്‌ തുടങ്ങുന്നത്‌. ഈ ലേഖനപരമ്പരയിലെ ഗീതാ ഭാഗങ്ങളൊക്കെ ഒഴിവാക്കി ശാസ്‌ത്രഭാഗങ്ങള്‍ വികസിപ്പിച്ചാണ്‌ പിന്നീട്‌ പ്രപഞ്ചവും മനുഷ്യനും പുസ്‌തകമാക്കുന്നത്‌.

ഫിലോസഫിയും എഴുത്തുമായി കഴിഞ്ഞിരുന്ന ഒരാളെങ്ങനെയാണ്‌ നക്‌സല്‍ പ്രസ്ഥാനത്തിലെത്തിച്ചേരുന്നത്‌?
എം എസ്‌ സിക്ക്‌ പഠിക്കുന്ന കാലത്ത്‌ ഞാന്‍ സിപിഎം അനുഭാവിയാണ്‌. ആ സമയത്ത്‌ കോഴിക്കോട്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി യോഗം നടക്കുമ്പോള്‍ അജിതയും കുന്നിക്കല്‍ നാരായണനുമൊക്കെ പാര്‍ടി ഓഫീസിലേക്ക്‌ പ്രകടനം നടത്തുന്നതൊക്കെ കാണുന്നുണ്ട്‌. പക്ഷേ ഞാനതിലേക്കൊന്നും ആകര്‍ഷിക്കപ്പെടുന്നില്ല. അതിനെയൊക്കെ തീവ്രവാദമായാണ്‌ അന്ന്‌ കണ്ടത്‌. പഠനം കഴിഞ്ഞ്‌ നാട്ടില്‍ വന്നിട്ടും പുല്ലൂറ്റില്‍ സിപിഎമ്മിന്റെ ബ്രാഞ്ച്‌ ഓഫീസ്‌ തുടങ്ങാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ്‌ ചെയ്‌തത്‌. പക്ഷേ ഞാനതില്‍ ചേര്‍ന്നില്ല. അപ്പോഴേക്കും പി ഗോവിന്ദപ്പിള്ള എന്നെ തിരുവനന്തപുരത്തേക്ക്‌ ക്ഷണിച്ചു. മദ്രാസില്‍ നിന്നും പുറത്തിറങ്ങിയിരുന്ന അന്വേഷണം മാസികയിലൊക്കെ എന്റെ ലേഖനങ്ങള്‍ കണ്ട്‌ അദ്ദേഹത്തിനെന്നെ അറിയാം. തിരുവനന്തപുരത്ത്‌ പി എച്ച്‌ ഡിക്ക്‌ രജിസ്റ്റര്‍ ചെയ്‌ത സമയത്താണ്‌ സി പി ഐ എം എല്‍ കാരനായി ഞാന്‍ മാറുന്നത്‌. 1967 ലെ നെക്‌സല്‍ ബാരി കലാപങ്ങളും 1968 ലെ തലശ്ശേരി-പുല്‍പള്ളി സംഭവങ്ങളും എന്നില്‍ സന്ദേഹങ്ങള്‍ക്ക്‌ തിരികൊളുത്തിയിരുന്നു. 1970 ആയപ്പോഴേക്ക്‌ കല്‍ക്കത്തയില്‍ ചാരു മജുംദാറിനടുത്ത്‌ ദൂതുമായെത്തുന്ന പി എച്ച്‌ ഡി വിദ്യാര്‍ഥിക്ക്‌ പക്ഷേ സന്ദേഹങ്ങളുണ്ടായിരുന്നില്ല. രണ്ട്‌ വഴികളുണ്ടായിരുന്നു മുന്നില്‍. പഠനം മുഴുവനാക്കി ശാസ്‌ത്രജ്ഞനാകാം. പഠനമുപേക്ഷിച്ച്‌ മുഴുസമയ സാമൂഹ്യ വിപ്ലവത്തിനിറങ്ങാം. എന്തുകൊണ്ടോ, രണ്ടാമത്തേതാണ്‌ എനിക്ക്‌ ശരിയായി തോന്നിയത്‌. 1970 മുതല്‍ 75 വരെയും അടിയന്തരാവസ്ഥയെ തുടര്‍ന്ന്‌ വീണ്ടും നക്‌സലിസത്തിന്റെ പേരില്‍ തടവുശിക്ഷ അനുഭവിച്ചു.

നക്‌സല്‍ വാദികളൊക്കെയും യുക്തിവാദികളായിരുന്നോ?
എല്ലാവരും യുക്തിവാദികളായിരുന്നു എന്നുപറയാന്‍ പറ്റില്ല. എന്നാല്‍തന്നെയും ഭൗതികവാദികളായിരുന്നു. മതം അനുഷ്‌ഠിക്കുന്നവരായിരുന്നില്ല ആരും. പലവിധം അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്‌തുകൊണ്ടാണ്‌ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ കമ്മ്യൂണിസ്റ്റുകാരനായി മാറുന്നത്‌, ദൈവവിശ്വാസമുള്‍പ്പെടെ. മാര്‍ക്‌സിസം പഠിപ്പിക്കുന്നത്‌ നിരന്തരമായി നിങ്ങളുടെ ചിന്ത പുനര്‍ചിന്തയ്‌ക്ക്‌ വിധേയമാക്കണം, ഡയലക്‌റ്റിക്കലായി മാറിക്കൊണ്ടിരിക്കണം എന്നാണ്‌. പക്ഷേ സംഭവിച്ചത്‌, കമ്മ്യൂണിസം പോലും മറ്റൊരു മതമായി മാറുന്ന കാഴ്‌ചയാണ്‌. നക്‌സല്‍ കാലത്ത്‌ ഒളിവുസങ്കേതങ്ങളായി പഴയ കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകരുടെ വീടുകളെ ആശ്രയിച്ചിരുന്നു. അവര്‍ക്ക്‌ ജീവിതമെന്നു പറയുന്നത്‌ സോവിയറ്റ്‌ മാതൃകയാണ്‌. സോവിയറ്റ്‌ സ്വര്‍ഗം, അതാണ്‌ സങ്കല്‍പം. സോവിയറ്റ്‌ യൂണിയന്‍ തകരുന്നതിനു മുന്നേ തന്നെ സോവിയറ്റ്‌ മുതലാളിത്തത്തിന്റെ പിടിയിലായി എന്ന്‌ വിലയിരുത്തിയിരുന്ന ആളാണ്‌ ഞാനൊക്കെ. പക്ഷേ, സോവിയറ്റ്‌ സ്വര്‍ഗം ഒരു നരകമായിരുന്നു എന്ന്‌ കേള്‍ക്കുമ്പോള്‍ അവര്‍ക്കത്‌ അസഹനീയമായിരുന്നു. കമ്മ്യൂണിസ്റ്റുകാരെങ്ങനെ വിശ്വാസികളായി മാറുന്നു എന്നതിന്റെ ഉദാഹരണമാണിത്‌. 

ഫിലിപ്‌ എം പ്രസാദ്‌, പി എന്‍ ദാസ്‌, നരേന്ദ്രപ്രസാദ്‌ തുടങ്ങി പലരും നക്‌സല്‍ അനന്തര ജീവിതത്തില്‍ ആത്മീയതയിലാണ്‌ അഭയം തേടിയത്‌. ഇപ്പുറത്ത്‌ പക്ഷേ താങ്കള്‍ മാതാ അമൃതാനന്ദമയിക്കെതിരെ ഈയടുത്തുപോലും ശക്തമായി പ്രതികരിക്കുകയാണ്‌ ചെയ്‌തത്‌.
അപൂര്‍വം ചിലര്‍ മാത്രമാണ്‌ ആത്മീയതയിലേക്ക്‌ തെറ്റിപ്പോയിട്ടുള്ളത്‌. പക്ഷേ അങ്ങനെയൊരു സാമാന്യവല്‍കരണം വിമര്‍ശകരും മാധ്യമങ്ങളും ഉണ്ടാക്കിയെടുത്തതാണ്‌. പൊതുവില്‍ ഒരു നിശ്ശബ്‌ദത പലരേയും ബാധിച്ചിരുന്നു. ഫിലിപ്പ്‌ നക്‌സലേറ്റാകുന്നത്‌ തന്നെ വളരെ വൈകാരികമായാണ്‌. തിരിച്ചു സത്യസായി ബാബയില്‍ ആകൃഷ്‌ടനാകുന്നതും അങ്ങനെ തന്നെയാണ്‌. അത്രയേ ഞാനതിനെ കാണുന്നുള്ളൂ. പത്രപ്രവര്‍ത്തനം, പരിസ്ഥിതി പ്രസ്ഥാനങ്ങള്‍, സ്‌ത്രീ വിമോചന പ്രസ്ഥാനങ്ങള്‍, ജനാധിപത്യ കൂട്ടായ്‌മകള്‍ തുടങ്ങി പല തരത്തില്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായവരാണ്‌ അധികവും. പാര്‍ടി വിട്ട്‌ ഒരു കൊല്ലത്തിനുള്ളില്‍ തന്നെ നവോത്ഥാന വേദി എന്ന പേരിലൊരു കൂട്ടായ്‌മ സംഘടിപ്പിക്കുകയാണ്‌ ഞാന്‍ ചെയ്‌തത്‌. സുകുമാര്‍ അഴീക്കോടുള്‍പ്പെടെ വിവിധ സംഘടനാ പ്രതിനിധികളെ അതില്‍ വിളിച്ചുചേര്‍ത്തിരുന്നു. പിന്നീടാണ്‌ ജെ എസ്‌ എസിലേക്കൊക്കെ പോകുന്നത്‌. എന്റെ കാര്യത്തില്‍ പക്ഷേ, സയന്‍സും ഫിലോസഫിയുമാണ്‌ എന്നെ എക്കാലത്തും പ്രചോദിപ്പിച്ചിട്ടുള്ളത്‌. ഞാനിപ്പോഴും ആധുനിക ശാസ്‌ത്രത്തിന്റെ എല്ലാ ശാഖകളും വളരെ സൂക്ഷ്‌മമായി ഫോളോ ചെയ്യുന്നയാളാണ്‌.

മതത്തോടും ആത്മീയതയോടുമൊക്കെ ഇപ്പോഴുള്ള നിലപാട്‌ എന്താണ്‌?
വലിയ വ്യത്യാസങ്ങളൊന്നുമില്ല. പക്ഷേ പണ്ടുമതലേ ഞാന്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കാറുണ്ട്‌. പ്രപഞ്ചവും മനുഷ്യനും എഴുതുമ്പോള്‍ തന്നെ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ഞാന്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. ക്വാണ്ടം മെക്കാനിസം പോലെ ചിലത്‌. അതിപ്പോഴുമുണ്ടെനിക്ക്‌. മനുഷ്യന്റെ മാനസിക പ്രവര്‍ത്തനം, അതിലുള്ള അഹംബോധം എന്നുപറയുന്നത്‌ ഭൗതികമായി വ്യാഖ്യാനിക്കാന്‍ പറ്റിയിട്ടില്ല എന്നത്‌ വസ്‌തുതയാണ്‌. ഒരാള്‍ ഒരു റോസാപ്പൂവിന്റെ ഭംഗി ആസ്വദിക്കുകയാണെന്ന്‌ വെക്കുക. ആ സമയത്ത്‌ അയാളുടെ മസ്‌തിഷ്‌കത്തില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും- കെമിക്കല്‍, റേഡിയോ ആക്‌റ്റീവ്‌, ഇലക്‌ട്രിക്കല്‍ തുടങ്ങിയവയൊക്കെ ശാസ്‌ത്രത്തിന്‌ റിക്കോഡ്‌ ചെയ്യാന്‍ പറ്റും. എന്നാല്‍ അയാളുടെ ആസ്വാദനം, അനുഭവം എന്നുപറയുന്നത്‌ വേറെ തന്നെയാണ്‌. അത്‌ ഭൗതികവാദപരമായി പൂര്‍ണമായും വ്യാഖ്യാനിക്കപ്പെടുന്നില്ല. പക്ഷേ ആത്മാവ്‌ എന്നുപറയുന്നത്‌ അതിനുള്ള ശരിയായ മറുപടിയല്ല എന്നാണ്‌ എന്റെ പക്ഷം. അതൊരുതരം രക്ഷപ്പെടലാണ്‌, പലായനമാണ്‌.
ഭഗവത്‌ ഗീത ഇരുപതാം നൂറ്റാണ്ടില്‍ എഴുതുന്ന സമയത്ത്‌ ഉപനിഷത്തുകള്‍ വായിച്ചിരുന്നു. അതില്‍ എന്നെ ആകര്‍ഷിച്ച ചില കാര്യങ്ങളുണ്ടായിരുന്നു. പക്ഷേ ഞാനന്ന്‌ അതിനെല്ലാം എതിരായി നിലപാടെടുക്കുന്നതുകൊണ്ട്‌ അവയെ മൊത്തമായി തിരസ്‌കരിക്കുകയാണ്‌ ചെയ്‌തത്‌. അതിലേറ്റവും പ്രധാനപ്പെട്ടത്‌ അനന്തതയാണ്‌. പാശ്ചാത്യ ഫിലോസഫിയില്‍ അനന്തത ചര്‍ച്ചയാകുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം അതൊരു മാത്തമാറ്റിക്കല്‍ പ്രോബ്ലം മാത്രമാണ്‌. പക്ഷേ ഇന്ത്യന്‍ ഫിലേസഫിയില്‍ ഏറ്റവും പ്രധാന വിഷയമാണിത്‌. പാശ്ചാത്യ ലോകത്ത്‌ ഫ്രിജോ കാപ്രയെപോലുള്ളവര്‍ പിന്നീട്‌ താവോ ഫിസിക്‌സ്‌ പോലുള്ള സങ്കല്‍പങ്ങളിലൂടെ അനന്തതയെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. അനന്തത, അഹംബോധം, യാദൃച്ഛികത, അനിവാര്യത തുടങ്ങിയവ ശാസ്‌ത്രത്തിന്റെ ഭൗതിക രീതികള്‍ വെച്ച്‌ വിശകലനം ചെയ്യാന്‍ പറ്റാത്ത പ്രതിഭാസങ്ങളാണ്‌. അവ ഇന്നും ഉത്‌കണ്‌ഠകളായി എന്നില്‍ തുടരുന്നുണ്ട്‌.

ഇന്ത്യന്‍ പാര്‍ലമെന്റിന്‌ എ കെ ജിയെപ്പോലൊരു പ്രതിഭാധനനായ പ്രതിപക്ഷ നേതാവിനെ വരെ സംഭാവന ചെയ്‌ത പ്രസ്ഥാനമാണ്‌ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി. പക്ഷേ പാര്‍ലമെന്ററി തലത്തില്‍ തന്നെ പിന്നീട്‌ അവര്‍ പരാജയപ്പെടുകയാണ്‌ ചെയ്യുന്നത്‌.
ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം കിട്ടിയതിന്‌ ശേഷമുള്ള ഒരു നാല്‌ കൊല്ലത്തോളം കമ്മ്യൂണിസ്റ്റ്‌ പാര്‍ടി ആകെ ആശയക്കുഴപ്പത്തിലായിരുന്നു. നാല്‌ വ്യത്യസ്‌ത, പരസ്‌പര വിരുദ്ധ നിലപാടുകളാണ്‌ ഈ സമയത്ത്‌ പാര്‍ടിക്കുണ്ടായിരുന്നത്‌. 1947ല്‍ സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത്‌ പി സി ജോഷിയാണ്‌ പാര്‍ടിയുടെ ജനറല്‍ സെക്രട്ടറി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പറഞ്ഞത്‌, കോണ്‍ഗ്രസ്‌ ഒരു പുരോഗമന കക്ഷിയാണ്‌. യഥാര്‍ഥ സ്വാതന്ത്ര്യം നമുക്ക്‌ കിട്ടിയിരിക്കുന്നു, നമ്മളവരോട്‌ ചേര്‍ന്നുനിന്നുകൊണ്ട്‌ ജനാധിപത്യപ്രക്രിയക്ക്‌ സഹായിക്കണം എന്നാണ്‌. 1948 ഫെബ്രുവരി ആയപ്പോഴേക്ക്‌ രണ്ടാം പാര്‍ടി കോണ്‍ഗ്രസില്‍ ബി ടി രണദിവയുടെ നേതൃത്വത്തില്‍ നേരെ തിരിച്ച്‌ പറഞ്ഞു. നമുക്ക്‌ സ്വാതന്ത്ര്യം കിട്ടിയിട്ടില്ല, കോണ്‍ഗ്രസ്‌ തനി സാമ്രാജ്യത്വ ഏജന്റുമാരാണ്‌, ഉടന്‍ റഷ്യന്‍ മോഡലില്‍ പട്ടണങ്ങളിലെ വിപ്ലവത്തിനൊരുങ്ങണം എന്ന കല്‍ക്കത്ത തീസിസിലെത്തി പാര്‍ടി. തുടര്‍ന്ന്‌ പാര്‍ടി നിരോധിക്കപ്പെടുന്നു. പല കുഴപ്പങ്ങളുമുണ്ടാകുന്നു. അപ്പോഴേക്കും തെലുങ്കാന കേന്ദ്രീകരിച്ച്‌ ചൈനീസ്‌ ലൈനിലുള്ള കര്‍ഷകരുടെ കലാപം, ഗറില്ലാ യുദ്ധമുറയില്‍ നടക്കുന്നുണ്ട്‌. അതിന്റെ നേതാവായിരുന്ന രാജേശ്വര്‍ റാവു മവോയുടെ ചൈനീസ്‌ ലൈനാണ്‌ ശരി എന്ന നിലപാടെടുക്കുന്നു. 1949ല്‍ കല്‍ക്കത്ത തീസിസ്‌ ഉപേക്ഷിച്ച്‌ പാര്‍ടിയും ഈ തീരുമാനത്തിലേക്കെത്തുന്നു. പക്ഷേ ചൈനീസ്‌ ലൈനും കല്‍ക്കത്താ തീസിസും തമ്മിലുള്ള വൈരുദ്ധ്യവും അടിച്ചമര്‍ത്തലുമൊക്കെയായി പാര്‍ടി തകര്‍ച്ചയുടെ വക്കിലെത്തി. ആ സമയത്ത്‌ നാല്‌ പ്രധാന നേതാക്കളെ സ്റ്റാലിന്‍ റഷ്യയിലേക്ക്‌ വിളിച്ചുവരുത്തി ഉപദേശിച്ചു എന്നാണ്‌ പറയപ്പെടുന്നത്‌. നിലവിലെ സംവിധാനം തെറ്റാണ്‌, ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തോട്‌ പൊരുത്തപ്പെട്ടു പ്രവര്‍ത്തിക്കണം, അതേ സമയം പാര്‍ടി അടിസ്ഥാനപരമായി വിപ്ലവ പാര്‍ടിയായി നിലനിര്‍ത്തുകയും വേണം എന്നൊക്കെ സ്റ്റാലിന്‍ നിര്‍ദേശങ്ങള്‍ വെച്ചു എന്നാണ്‌ അറിയപ്പെടുന്നത്‌. അതിനുശേഷമാണ്‌ 1951 ലെ ചരിത്രപ്രധാനമായ നയപ്രഖ്യാപനം നടത്തുന്നത്‌. അതിലാണ്‌ പാര്‍ടി സായുധ സമരം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുന്നത്‌. അതേസമയം സഖാക്കളോട്‌ പറഞ്ഞത്‌ നമ്മളിപ്പോഴും അടിസ്ഥാനപരമായി വിപ്ലവ പാര്‍ടിയാണ്‌, തയ്യാറെടുത്തുകൊണ്ടിരിക്കണം എന്നാണ്‌. ഈ അടവുനയം സ്വീകരിക്കുന്നതിന്‌ പകരം ജനാധിപത്യത്തിന്റെ മാര്‍ഗത്തിലൂടെ സോഷ്യലിസ്റ്റ്‌ കാഴ്‌ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അവര്‍ക്ക്‌ ഇന്ത്യന്‍ ജനാധിപത്യം വികസിപ്പിക്കാമായിരുന്നു. ഇപ്പോഴും ഈ ഇരട്ടത്താപ്പാണ്‌ പാര്‍ടി സ്വീകരിച്ചുപോരുന്നത്‌. അതുകൊണ്ടുതന്നെ അറുപത്‌ വര്‍ഷക്കാലത്തെ അവരുടെ പാര്‍ലമെന്ററി ഇടപെടലുകള്‍ ഒട്ടും ആത്മാര്‍ഥമായിട്ടുള്ളതോ തിരുത്താനുള്ളതോ അല്ല. മറിച്ച്‌ ജനാധിപത്യത്തെ തകര്‍ക്കാനുള്ളതാണ്‌.

മറ്റൊരു പ്രധാന പ്രശ്‌നം, ഇന്ത്യന്‍ സമൂഹത്തിലെ ജാതി വ്യവസ്ഥയെ മനസ്സിലാക്കാന്‍ ഇതുവരെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ കഴിഞ്ഞിട്ടില്ല. പാശ്ചാത്യ വര്‍ഗ സമരസിദ്ധാന്തം ഇന്ത്യന്‍ സമൂഹത്തെ മനസ്സിലാക്കുന്നതില്‍ അവരെ തികച്ചും അശക്തരാക്കി. ജാതിയും വര്‍ഗവും പരസ്‌പരബന്ധമുണ്ടെങ്കിലും ഏറെ വ്യത്യസ്‌തമാണ്‌. ജാതി ജനനം കൊണ്ട്‌ തീരുമാനിക്കപ്പെടുന്നതാണ്‌. വര്‍ഗം സാമ്പത്തിക പദവി കൊണ്ടാണ്‌ തീരുമാനിക്കപ്പെടുന്നത്‌. അംബേദ്‌കറൊക്കെ ഇത്‌ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. അദ്ദേഹത്തെയൊക്കെ ബ്രിട്ടീഷ്‌ ഏജന്റായി മുദ്രകുത്തി മാറ്റിനിര്‍ത്തുകയാണ്‌ കമ്മ്യൂണിസ്റ്റുകാര്‍ ചെയ്‌തത്‌. ഏറ്റവും അടിസ്ഥാനപരമായ ദൗര്‍ബല്യം ജാതിയെ വിശദീകരിക്കുന്നതിലെ പരാജയം തന്നെയായിരുന്നെന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. 
യഥാര്‍ഥത്തില്‍ നാല്‍പതുകളില്‍, അമ്പതുകളുടെ ആരംഭം വരെ നേടിയ ബഹുജനാടിത്തറ മാത്രമാണ്‌ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനുള്ളത്‌.

മര്‍ദ്ദിതരുടെ വിമോചനം മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്‌ത്രം എന്ന നിലക്ക്‌ ഇസ്‌ലാമിനെ കാണാന്‍ ശ്രമിച്ചിട്ടുണ്ടോ?
മതം എന്നുപറയുമ്പോള്‍ അതിന്‌ അതിന്റേതായ സ്‌ട്രക്‌ച്ചര്‍ ഉണ്ട്‌, വിശ്വാസ മേധാവിത്വമുണ്ട്‌. അതുകൊണ്ടുതന്നെ ഒരു മതത്തിനും അതിന്റെ പ്രത്യയശാസ്‌ത്രം എത്ര വിശാലമാണെന്ന്‌ പറഞ്ഞാലും അടിസ്ഥാനപരമായി ജനാധിപത്യപരമാവുക സാധ്യമല്ല. അതുകൊണ്ട്‌ മതങ്ങള്‍ ജനാധിപത്യവത്‌കരിക്കപ്പെടണം എന്നാണ്‌ എന്റെ പക്ഷം.

സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന്‌ രൂപം കൊണ്ട ഉസ്‌ബൈക്കിസ്ഥാന്‍, അസര്‍ബൈജാന്‍, ഖസാക്കിസ്ഥാന്‍ തുടങ്ങിയവയൊക്കെ മതത്തിന്റെ അടിത്തറയിലാണ്‌ രൂപീകൃതമാകുന്നത്‌.

അടിസ്ഥാനപരമായി മതങ്ങള്‍ക്ക്‌ സോവിയറ്റ്‌ റഷ്യയിലുണ്ടായിരുന്ന വിലക്ക്‌ തന്നെയാണ്‌ ഈ രാജ്യങ്ങളില്‍ മതം ശക്തിപ്പെടാന്‍ കാരണമായത്‌. യൂറോപ്പില്‍ ബാല്‍ക്കനൈസേഷന്‍ നടക്കുന്ന സമയത്ത്‌, രാജ്യങ്ങളുടെ വേറിട്ടുപോകാനുള്ള സ്വയം നിര്‍ണയാവകാശം ലെനിന്റെ നേതൃത്വത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. റഷ്യയില്‍ നിലനിന്നിരുന്ന വ്യത്യസ്‌ത സമൂഹങ്ങളെ അവരുടെ ദേശീയതകള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ ഒരു കമ്മ്യൂണിസ്റ്റ്‌ വളന്ററി യൂണിയന്‍ രൂപീകരിക്കുക എന്നതായിരുന്നു സിദ്ധാന്തം. പക്ഷേ പ്രയോഗിക്കപ്പെട്ടത്‌ കമ്മ്യൂണിസ്റ്റ്‌ സ്വേഛാധിപത്യമാണ്‌. 
നേരെമറിച്ച്‌ യൂറോപ്പില്‍ നടന്ന ബാല്‍ക്കനൈസേഷന്‍ സ്വാഭാവികമായ ജനാധിപത്യ പ്രക്രിയയായിരുന്നു. അത്‌ ഭാഷയെ അടിസ്ഥാനമാക്കിയാണ്‌ സാധ്യമാക്കിയത്‌. മതം മാത്രം പരിഗണിച്ച്‌ ഒരു രാഷ്‌ട്രം രൂപീകരിക്കുന്നത്‌ യഥാര്‍ഥ പരിഹാരമാകുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ബംഗ്ലാദേശ്‌ എന്ന രാഷ്‌ട്രം ഉണ്ടാകുമായിരുന്നില്ല. റോമാ സാമ്രാജ്യം ക്രിസ്‌ത്യന്‍ സാമ്രാജ്യമായിരുന്നിട്ടും മതത്തെ മറികടന്നുകൊണ്ട്‌ ഭാഷാ രാജ്യങ്ങളുണ്ടായതും അതുകൊണ്ടാണ്‌.


ഏകധ്രുവലോകം എന്നത്‌ ഇനിയും സാധ്യമായ ഒന്നാണോ?
സാധ്യമാണ്‌ എന്നാണ്‌ എന്റെ പക്ഷം. ഇപ്പോള്‍ തന്നെ രണ്ട്‌ രീതിയില്‍ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്‌. പഴയ സങ്കല്‍പത്തിലുള്ള ഒരു അമേരിക്കന്‍ മേധാവിത്ത ലോകമല്ല അത്‌. യഥാര്‍ഥത്തില്‍ അമേരിക്ക ഇന്ന്‌ ഒരു മേധാവിത്ത ശക്തിയേ അല്ല. ഏറ്റവും വലിയ കടക്കാരനെന്നു വിളിക്കാവുന്ന രാജ്യമാണത്‌. ഇന്ത്യയും ചൈനയുമൊക്കെ ഡോളറില്‍ നിന്ന്‌ യൂറോയിലേക്ക്‌ മാറിയാല്‍ പൊളിഞ്ഞുവീഴുന്ന ഒരു സമ്പദ്‌ഘടനയാണ്‌ അമേരിക്കയുടേത്‌. യൂറോപ്യന്‍ യൂണിയന്‍, യൂറോ എന്ന സെന്റര്‍ ഇന്നുണ്ടായിക്കഴിഞ്ഞിട്ടുണ്ട്‌. ബാര്‍ക്‌ പോലുള്ള ശ്രമങ്ങളാണ്‌ മറ്റൊരു സാധ്യത. ആരോഗ്യകരമായ ഇത്തരം പ്രവണതകള്‍ ആവശ്യമാണ്‌ എന്ന അഭിപ്രായക്കാരനാണ്‌ ഞാന്‍. പുതിയൊരു ആഗോള ജനാധിപത്യ വ്യവസ്ഥയിലേക്ക്‌ നയിക്കാന്‍ ഒരുപക്ഷേ ഇത്തരം ശ്രമങ്ങള്‍ക്ക്‌ സാധിച്ചേക്കാം. അതാണ്‌ യൂറോപ്യന്‍ യൂണിയന്‍ സൂചിപ്പിക്കുന്നത്‌.

ക്രീമിയയുടെ രാഷ്‌ട്ര പദവിയും റഷ്യയുടെ ഭാഗമാകാനുള്ള തീരുമാനവും എങ്ങനെയാണ്‌ കാണുന്നത്‌?
കശ്‌മീര്‍ പോലെ ചരിത്രപരമായ ചില ദുരന്തങ്ങള്‍ ക്രീമിയയ്‌ക്കുമുണ്ടായിട്ടുണ്ട്‌. രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ ക്രീമിയയിലെ താര്‍ത്താര്‍ വംശജര്‍ (മുസ്‌ലിംകള്‍) ഹിറ്റ്‌ലറുടെ കൂടെ നിന്നു എന്നുള്ള സ്റ്റാലിന്റെ സംശയത്തെ തുടര്‍ന്ന്‌ അവരെ സൈബീരിയയിലേക്ക്‌ നാടുകടത്തുകയുണ്ടായി. അതൊരു വലിയ പീഡനത്തിന്റെ ചരിത്രമാണ്‌. പിന്നീട്‌ ക്രുഷ്‌ചേവിന്റെ കാലത്താണ്‌ അവര്‍ക്ക്‌ തിരിച്ചുവരാന്‍ അവസരമുണ്ടായത്‌. അപ്പോഴും ക്രീമിയക്കാരായിരിക്കെ തന്നെ മതപരമായ അടിച്ചമര്‍ത്തലുകളും പഴയ ദുരനുഭവത്തിന്റെ കനലുമൊക്കെ താര്‍ത്താര്‍ മുസ്‌ലിംകള്‍ അനുഭവിച്ചിരുന്നു. ഉക്രൈനും ക്രീമിയയും രണ്ട്‌ ദേശീയതകള്‍ തന്നെയാണ്‌. ഉക്രൈനിന്റെ ഭാഗമായി തുടരേണ്ടതില്ല എന്നത്‌ തന്നെയാണ്‌ ശരിയായ തീരുമാനം. പക്ഷേ വീണ്ടും അത്‌ റഷ്യയുടെ ഭാഗമായി മാറുന്നു എന്നതാണ്‌ പ്രശ്‌നം.

പതിനാറാമത്‌ പൊതുതെരഞ്ഞെടുപ്പിന്റെ വക്കിലാണല്ലോ ഇന്ത്യ. വോട്ട്‌ ബാങ്ക്‌ എന്ന നിലയ്‌ക്ക്‌ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക്‌ എത്രമാത്രം സാധ്യതയുണ്ട്‌?
താരതമ്യേന കേരളത്തില്‍ മാത്രമാണ്‌ മുസ്‌ലിംകള്‍ വോട്ട്‌ ബാങ്കായി നിലനില്‍ക്കുന്നത്‌. അതിന്റെ ഗുണമാണ്‌ കേരള മുസ്‌ലിംകള്‍ ഇന്നനുഭവിക്കുന്നതും. അഖിലേന്ത്യാ തലത്തില്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടൊക്കെ ചൂണ്ടിക്കാണിക്കുന്ന ദുരന്തം നോക്കിയാലത്‌ മനസ്സിലാകും. കേരളത്തേക്കാള്‍ മുസ്‌ലിം ജനസംഖ്യയുള്ള സംസ്ഥാനങ്ങള്‍ ഉത്തരേന്ത്യയിലുണ്ട്‌. പക്ഷേ അവിടെയൊന്നും ഒരു വോട്ട്‌ ബാങ്കായി മാറാന്‍ സാധിക്കുന്നില്ല എന്നതു തന്നെയാണ്‌ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം. കേരളത്തില്‍ നേരത്തെ തന്നെ വോട്ടുബാങ്കാകാന്‍ കഴിഞ്ഞതും അധികാര സംവിധാനത്തിന്റെ ഭാഗമായതും കേരള മുസ്‌ലിംകളുടെ സാമൂഹ്യ പദവി ഉയര്‍ത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്‌. കേരള മുസ്‌ലിംകള്‍ക്കിടയിലെ സുന്നി, മുജാഹിദ്‌, ജമാഅത്ത്‌ വിഭാഗീയതകള്‍ കൂടി പരിഹരിക്കപ്പെട്ടിരുന്നെങ്കില്‍ ശക്തമായ ഒരു വോട്ടുബാങ്കായി മുസ്‌ലിംകള്‍ മാറും.
ഇവരെയൊക്കെ യോജിപ്പിക്കുന്നതിലും സമുദായത്തിനകത്തെ തീവ്രവാദത്തെ ചെറുത്തുനില്‍ക്കുന്നതിലും മുസ്‌ലിം ലീഗിന്റെ നേതൃപരമായ ഇടപെടല്‍ കാണാതിരുന്നുകൂടാ. കേരളത്തെ ഇന്ന്‌ ഒരു സെക്യുലര്‍ സമൂഹമായി നിലനിര്‍ത്തുന്നതില്‍ മുസ്‌ലിം ലീഗിനുള്ള പങ്ക്‌ വളരെ വലുതാണ്‌ എന്ന്‌ ചിന്തിക്കുന്ന ഒരാളാണ്‌ ഞാന്‍. സമുദായത്തെ തീവ്രവാദത്തിലേക്ക്‌ പോകാതെ പിടിച്ചുനിര്‍ത്തുക എന്ന മഹത്തായ സേവനമാണ്‌ ലീഗ്‌ ചെയ്യുന്നത്‌. ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ ശോചനീയാവസ്ഥയ്‌ക്ക്‌ ചരിത്രപരമായ ഒരു കാരണം ഇന്ത്യാ വിഭജനം തന്നെയാണ്‌. നേതൃപരമായ പങ്ക്‌ വഹിക്കുന്നവര്‍ പുറത്തുപോവുകയോ കൊല്ലപ്പെടുകയോ പിന്തള്ളപ്പെടുകയോ ഒക്കെ ചെയ്‌തിട്ടുണ്ട്‌ അക്കാലത്ത്‌. ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ രാഷ്‌ട്രീയമായി പിന്നാക്കം പോകുന്നതിന്‌ ഈ അരക്ഷിതാവസ്ഥ കാരണമായിട്ടുണ്ടാകാം. കേരളത്തില്‍ വിഭജനം അത്ര ബാധിച്ചിരുന്നില്ലല്ലോ. മുസ്‌ലിം ലീഗും കേരളത്തിലെ മറ്റു മുസ്‌ലിം പുരോഗമന പ്രസ്ഥാനങ്ങളും ശ്രമിച്ചാല്‍ ഇന്ത്യന്‍ മുസ്‌ലിംകളെ രാഷ്‌ട്രീയമായും സാമൂഹികമായും ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചേക്കും.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മിതവാദിയായി അറിയപ്പെട്ടിരുന്ന വാജ്‌പേയി ആയിരുന്നു. എന്നാല്‍ ഇത്തവണ നരേന്ദ്ര മോദിയെപ്പോലൊരു തീവ്ര ഹിന്ദുത്വവാദിയെ, ആര്‍ എസ്‌ എസ്‌ നോമിനിയായി മുന്നില്‍ നിര്‍ത്താന്‍ ബി ജെ പി ധൈര്യപ്പെട്ടതെന്തുകൊണ്ടാണ്‌? 
ഏറെക്കുറെ ഗുജറാത്ത്‌ അനുഭവം തന്നെയാണ്‌ ബി ജെ പിയെ അതിനു പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഗുജറാത്തല്‍ അതിക്രൂരമായ വംശീയഹത്യ നടത്തിയ മോദിക്ക്‌ അതിന്റെ കെടുതികളെയൊക്ക മറികടക്കാന്‍ സാധിച്ചു എന്നതാണത്‌. അങ്ങനെയൊരു നേതാവിനെയാണ്‌ യഥാര്‍ഥത്തില്‍ ആര്‍ എസ്‌ എസ്സുകാര്‍ അന്വേഷിച്ചുനടന്നിരുന്നത്‌. വാജ്‌പേയിയെ അവര്‍ക്കൊട്ടും ഇഷ്‌ടമാകാതിരിക്കാനും കാരണം ഇതുതന്നെയാണ്‌. നിവൃത്തികേടുകൊണ്ടാണ്‌ അവര്‍ വാജ്‌പേയിയെ സ്വീകരിച്ചത്‌. അദ്വാനി മോദിയെപ്പോലെ ആകുമെന്നവര്‍ പ്രതീക്ഷിച്ചിരുന്നു. അദ്വാനി അങ്ങനെയായില്ല. ആര്‍ എസ്‌ എസ്സിനു പറ്റിയ ഒരാളായി മോദി ഉയര്‍ന്നുവന്നു എന്നതാണ്‌ സത്യം.

പതിനാറാമത്‌ പൊതുതെരഞ്ഞെടുപ്പിനെ എങ്ങനെയാണ്‌ നോക്കിക്കാണുന്നത്‌? മോദി തരംഗം ഉണ്ടാകുമോ?
മോദി തരംഗം ഉണ്ടാകും എന്നൊന്നും പറയാന്‍ പറ്റില്ല. പക്ഷേ ഒരാശങ്കയുണ്ടാക്കാന്‍ മോദിയുടെ വരവ്‌ കാരണമായിട്ടുണ്ട്‌. പക്ഷേ ഹിന്ദു മേധാവിത്തം ഉണ്ടാക്കാം എന്നതൊന്നും നടക്കാന്‍ പോകുന്നില്ല. കാരണം മോദിയൊരു ഹിന്ദു പോലുമല്ല. ഹിന്ദു ഫണ്ടമെന്റലിസമൊക്കെ അയാള്‍ക്ക്‌ വെറും ടൂള്‍സ്‌ മാത്രമാണ്‌. അയാള്‍ കൃത്യമായും ഫാസിസ്റ്റ്‌ മാത്രമാണ്‌. മോദി അധികാരത്തില്‍ വന്നാല്‍ ഏറ്റവും കൂടുതല്‍ വിഷമിക്കാന്‍ പോകുന്നത്‌ ആര്‍ എസ്‌ എസ്സും സംഘപരിവാറുമായിരിക്കും. മോദി അവരുടെയൊന്നും പിടിയില്‍ നില്‍ക്കാന്‍ പോകുന്നില്ല. അതാണയാളുടെ അപകടവും. മോദിക്ക്‌ കിട്ടാന്‍ പോകുന്ന വോട്ടുകളും ഒരു ഹിന്ദു വേവ്‌ എന്ന നിലക്കുള്ളവയായിരിക്കില്ല. അങ്ങനെയൊന്ന്‌ ഇപ്പോഴും ഇന്ത്യയില്‍ ഇല്ല എന്നുതന്നെയാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. ഇന്ത്യന്‍ സി ഇ ഒ ആകാന്‍ പറ്റിയ ഒരാള്‍ എന്ന്‌ മോദി ഭക്തര്‍ ഉണ്ടാക്കിയെടുത്ത ഇമേജായിരിക്കും അയാള്‍ക്ക്‌ വോട്ട്‌ നേടിക്കൊടുക്കുക.
കോണ്‍ഗ്രസ്‌ അനുകൂല അന്തരീക്ഷവും തെരഞ്ഞെടുപ്പ്‌ അടുത്തതോടെ ഉണ്ടായിട്ടുണ്ട്‌. ഷീല ദീക്ഷിത്‌ ആദ്യ തവണ ബി ജെ പിയെ പരാജയപ്പെടുത്തുന്നത്‌ സവാളയുടെ ലഭ്യത എന്ന ഒരൊറ്റ കാര്യത്തെ മുന്‍നിര്‍ത്തിയാണ്‌. അവര്‍ ഭരണനൈപുണ്യമൊക്കെ പിന്നീട്‌ നേടിയെടുക്കുകയാണ്‌ ചെയ്യുന്നത്‌. ഇപ്പോള്‍ സവാള, തക്കാളി പോലുള്ള അടിസ്ഥാന ചരക്കുകള്‍ക്കൊക്കെ വില ഗണ്യമായി കുറഞ്ഞത്‌ കോണ്‍ഗ്രസിന്‌ ഗുണം ചെയ്യുമെന്നാണ്‌ ഞാന്‍ കരുതുന്നത്‌. വിലക്കയറ്റമെന്നൊക്കെ ഇപ്പോള്‍ വെറുതെ പറയുകയാണ്‌. നാണയപ്പെരുപ്പം ഗണ്യമായി കുറഞ്ഞതും ചെറിയ കാര്യമല്ല. സി പി എമ്മിന്‌ കാര്യമായ സംഭാവനചെയ്യാന്‍ കഴിയാത്ത തെരഞ്ഞെടുപ്പായിരിക്കുമിത്‌. കേരളത്തില്‍ ടി പി വധം സിപിഎമ്മിന്‌ മാരകമായ പ്രഹരം നല്‍കും. എന്നാല്‍ എ എ പിക്ക്‌ അഖിലേന്ത്യാ തലത്തില്‍ നൂറിലധികം സീറ്റുകളില്‍ അമ്പതിനായിരത്തിനും ഒരു ലക്ഷത്തിനുമിടയില്‍ വോട്ട്‌ പിടിക്കാന്‍ കഴിഞ്ഞേക്കും.

ജനാധിപത്യവാദിയായ വേണുവില്‍ നിന്ന്‌ പുതിയ രാഷ്‌ട്രീയ ഇടപെടലുകള്‍ പ്രതീക്ഷിക്കാമോ?
പൊതുവില്‍ എല്ലാറ്റില്‍ നിന്നും വിട്ടുനില്‌ക്കുകയാണിപ്പോള്‍. എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന്‌ പലരും നിര്‍ബന്ധിക്കാറുണ്ട്‌. എന്റെ കൂടെ നിന്നിരുന്നവര്‍ പ്രത്യേകിച്ചും. പിന്നെ, ഞാനെന്തു ചെയ്‌താലും അതിനെ കേരളത്തിലെ മാര്‍ക്‌സിസ്റ്റുകാര്‍ ശത്രുതയോടെ കാണുന്ന പതിവുണ്ട്‌; ഇപ്പോള്‍ പൊതുവില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും. അതുകൊണ്ടാണ്‌ ഞാനൊരു പൊതുവേദിയുണ്ടാക്കാന്‍ ധൈര്യപ്പെടാത്തത്‌. സത്യത്തില്‍ എ എ പിയുടെ രാഷ്‌ട്രീയത്തോട്‌ എനിക്ക്‌ യോജിപ്പാണുള്ളത്‌. പക്ഷേ ഞാനവരുടെ കൂടെ ചേര്‍ന്നാല്‍ മാര്‍ക്‌സിസ്റ്റുകാര്‍ അതിനെ വേണു ഗ്രൂപ്പ്‌ എന്ന്‌ മുദ്രകുത്തും. അതവര്‍ക്ക്‌ ദോഷമായി മാറും. 
ശാസ്‌ത്രവുമായി ബന്ധപ്പെട്ട എന്റെ ബുദ്ധിപരമായ ജീവിതം ഇപ്പോഴും തുടരുന്നുണ്ട്‌. നിലവിലെ സാമൂഹ്യാവസ്ഥകളെ വിലയിരുത്തുന്നതില്‍ അതിനെ ബന്ധിപ്പിക്കുന്നുമുണ്ട്‌. അതിനപ്പുറത്തേക്കുള്ള ഇടപെടലില്‍ താല്‍പര്യമില്ല. ആകസ്‌മികമായി അത്തരം സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞുകൂടായ്‌കയുമില്ല.

Saturday, June 2, 2012

പേനയെടുക്കേണ്ട കൈയില്‍ പിച്ചാത്തിയെത്തിയ വഴികള്‍ പഠിക്കണമെങ്കില്‍ സ്‌കൂളില്‍ തന്നെ പോകണം




ഒരു കുടുംബത്തിലെ അഞ്ച്‌ പേരടക്കം ഒന്‍പത്‌ കുഞ്ഞുങ്ങള്‍ മുങ്ങിമരിച്ച ദിവസമാണിതെഴുതുന്നത്‌. പുത്തന്‍ പുസ്‌തകങ്ങളും യൂണിഫോമുമായി ജൂണിനെ കാത്തിരുന്ന ഒന്‍പതുപേര്‍! നീന്തലറിയാത്തതിന്റെ പേരില്‍ പുഴ മെയ്യോടു ചേര്‍ത്തവരുടെ കളിസ്ഥലങ്ങളില്‍ അവരുടെ ചൂടാറിയിട്ടുണ്ടാവില്ല തന്നെ.

പത്താം ക്ലാസുകാരന്‍ ലിജിന്‍ വര്‍ഗീസ്‌ തന്റെ സഹപാഠിയുടെ കൈകളാല്‍ ദാരുണമായി കൊലചെയ്യപ്പെട്ടിട്ട്‌ അധിക ദിവസമൊന്നുമായിട്ടില്ല. ഭാവിയിലേക്കുള്ള നടന്നുകയറ്റത്തില്‍ തോളോടുതോള്‍ ചേര്‍ത്തു കൂടെയുണ്ടാവേണ്ടവന്റെ ആലോചനയില്‍ വര്‍ഷം മുഴുവന്‍ കാത്തുവെക്കത്തക്കവണ്ണം വൈര്യമുണ്ടാക്കിയതൊരു വെറും പേരെഴുത്തിലെ കുഞ്ഞുപിണക്കമായിരുന്നു. കൊച്ചു കൊലയാളിയുടെ വൈദഗ്‌ധ്യത്തില്‍ സിനിമാ കൊലകളുടെ സൂക്ഷ്‌മ പ്രതിഫലനം കണ്ടതിന്റെ ഞെട്ടല്‍ തീരുന്നില്ല.
മലപ്പുറം ജില്ലക്കാരനായ ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്ഞന്‍, 26 വയസ്സ്‌ പ്രായമുള്ള യുവാവ്‌-ഔദ്യോഗിക വസതിയില്‍ വെച്ച്‌ സ്വയം ജീവന്‍ കളഞ്ഞതും ഈ അവധിക്കാലത്ത്‌ തന്നെയാണ്‌. വര്‍ഷങ്ങള്‍ നീണ്ട പഠനം സമ്മാനിച്ച ശാസ്‌ത്രജ്ഞാനം കൊണ്ടും മിടുക്കുകൊണ്ടും ഇന്ത്യന്‍ ശാസ്‌ത്രപ്രതീക്ഷയുടെ അമരത്ത്‌ സ്ഥാനം നേടിയവന്റെ ഒടുക്കം നാടിനോ കുടുംബത്തിനോ തനിക്കു തന്നെയും ഉപകാരപ്പെടാതെ തീര്‍ന്നു! ഇതേ അവധിക്കാലത്തു തന്നെ, വിദ്യാഭ്യാസ വായ്‌പ നിഷേധിച്ചതില്‍ മനംനൊന്ത്‌ നഴ്‌സിംഗ്‌ വിദ്യാര്‍ഥിനി വിഷംകഴിച്ച്‌ മരിച്ചതു കൂടി വെറുതെയൊന്ന്‌ ഓര്‍മപ്പെടുത്തുന്നു. നഷ്‌ടങ്ങളൊക്കെയും മുന്നോട്ടുള്ള പ്രയാണത്തിനു വഴിതിരയുന്ന ഈ സമൂഹത്തിനുതന്നെ. 
ജൂണില്‍ ചില ചോദ്യങ്ങള്‍
പതിവുപോലെ, തിങ്കളാഴ്‌ച തിരഞ്ഞ്‌ ജൂണ്‍ നാലിന്‌, സ്‌കൂള്‍ തുറക്കും. സ്‌കൂളുകള്‍ പരസ്‌പരം മത്സരിച്ച്‌ പ്രവേശനോത്സവം കൊണ്ടാടും. പുതിയ മഞ്ഞപ്പെയിന്റടിച്ച്‌, ഫിറ്റ്‌നെസ്‌ സര്‍ട്ടിഫിക്കറ്റൊക്കെ ശരിയാക്കിയ സ്‌കൂള്‍ ബസ്സ്‌ വരുന്നതുംനോക്കി കുട്ടികള്‍ വീട്ടുമുറ്റത്ത്‌ കാത്തുനില്‍ക്കും. മഴ നനയാതെ സ്‌കൂളിലെത്തും. ചെളിപുരളാതെ വീട്ടിലുമെത്തും. പുതിയതിന്റെ മണമുള്ള പുസ്‌തകങ്ങളില്‍ നിന്ന്‌ കണക്കും മലയാളവും സയന്‍സും സാമൂഹ്യപാഠവുമൊക്കെ ആവര്‍ത്തിച്ചുപഠിച്ച്‌ ഫുള്‍ എ പ്ലസിന്‌ ഒരുക്കം തുടങ്ങും...
പുറത്ത്‌ പുത്തന്‍ നെയിം സ്ലിപ്പൊട്ടിച്ച ഈ ജൂണില്‍, ചില ചെറിയ ചോദ്യങ്ങള്‍ എന്നോടും നിങ്ങളോടും ചോദിക്കാതിരിക്കാനാവില്ല.
വര്‍ഷങ്ങളോളം രാത്രിയുറക്കമൊഴിഞ്ഞും പകല്‍ കളിയൊഴിഞ്ഞും പഠിച്ച്‌, ഉല്ലാസവേളകള്‍ വെട്ടിക്കുറച്ച്‌ ട്യൂഷനുപാഞ്ഞ്‌ ബുദ്ധിയുടെയും കഠിനാധ്വാനത്തിന്റെയും മികവുകൊണ്ട്‌ ശാസ്‌ത്രജ്ഞനായവന്‍, വളര്‍ത്തിവലുതാക്കിയ കുടുംബത്തിനും നാടിനും തനിക്കുതന്നെയും എന്താണ്‌ ബാക്കിവെച്ചത്‌? ശാസ്‌ത്രത്തില്‍ അഗാധജ്ഞാനമുള്ളവനാണ്‌ ശാസ്‌ത്രജ്ഞന്‍. ശാസ്‌ത്രപ്രയോഗത്തിലുള്ള നിപുണത കൂടിയാണവന്‌ ആ പേര്‌ സമ്മാനിക്കുന്നത്‌. എന്നിരിക്കെ, തന്റെ ജീവന്‍ ഒരുറുമ്പിനുപോലും ഉപകാരമാകാത്തവിധം കെടുത്തിക്കളയാന്‍, ജീവന്റെ അനന്തമായ മൂല്യം വിസ്‌മരിക്കാന്‍ അവനെ തയ്യാറാക്കിയ, നാം ഉന്നത വിദ്യാഭ്യാസമെന്ന്‌ പേരിട്ടുവിളിക്കുന്നതിന്റെ ഔന്നത്യമെന്താണ്‌?
ജീവിക്കുക ജീവിക്കാനനുവദിക്കുക എന്ന മനുഷ്യന്റെ അടിസ്ഥാനപരമായ സ്വയംബോധംപോലും ആര്‍ജിക്കാന്‍ കഴിയാതെ പോയ ലിജിന്‍ വര്‍ഗീസിന്റെ സഹപാഠിയെ 10 വര്‍ഷത്തെ വിദ്യാഭ്യാസം പഠിപ്പിച്ചതെന്താണ്‌? ഏറെയൊന്നും ജീവിത പരിചയമില്ലാത്തൊരു മനസ്സിനെ, അരുംകൊല നടത്താന്‍ കെല്‍പ്‌ നല്‍കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന്‌ അവന്റെ 10 വര്‍ഷം കൈകാര്യം ചെയ്‌ത പൊതുവിദ്യാഭ്യാസമണ്ഡലത്തെ രക്ഷപ്പെടുത്താന്‍ പറ്റുമോ? ആരാണിവിടെ കൊലയാളി?
ജലത്തിന്റെ രാസസൂത്രവും പുഴ മലിനമാകുന്നതിന്റെ കാരണങ്ങളും, കിഴക്കോട്ടൊഴുകുന്ന പുഴകളുടെ പേരുമൊക്കെ ഉരുവിട്ട്‌ പഠിച്ച്‌ പരീക്ഷയെഴുതി എ പ്ലസ്‌ ഗ്രേഡ്‌ വാങ്ങുന്നവന്‍ പുഴയില്‍ ഒടുങ്ങുന്നതിന്റെ നീതിയെന്താണ്‌? ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കാത്ത അറിവിന്റെ മൂല്യമെന്താണ്‌?
വിദ്യാഭ്യാസം കൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്‌? 
ഒരു കല്ലിന്‌ ശില്‌പിയെന്താണോ, അത്ര തന്നെയാണ്‌ മനുഷ്യന്റെ മനസ്സുകള്‍ക്ക്‌ വിദ്യാഭ്യാസം -ജോസഫ്‌ എഡിസന്‍. വിദ്യാഭ്യാസത്തിന്റെ വ്യാപ്‌തിയും ലക്ഷ്യവും പ്രതിഫലിപ്പിക്കുന്നതാണ്‌ മുകളിലെ വചനം. മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുക എന്നതാണ്‌ വിദ്യാഭ്യാസത്തിന്റെ ആകെത്തുകയെന്നും അത്‌ ഏതുവിധേനയും ആര്‍ജിച്ചെടുക്കല്‍ അനിവാര്യമാണെന്നും ഇത്‌ സൂചിപ്പിക്കുന്നു. വിദ്യാഭ്യാസത്തെ കുറിക്കുന്ന സര്‍വനിര്‍വചനങ്ങളും ഈ സത്തയുള്‍ക്കൊള്ളുന്നവയാണ്‌.

മനുഷ്യന്റെ സാമൂഹികവും സാംസ്‌കാരികവും ആത്മീയവുമായ പാകപ്പെടലുകള്‍ക്ക്‌ വഴിയൊരുക്കുന്നതാണ്‌ വിദ്യാഭ്യാസമെന്നത്‌ കാലാകാലങ്ങളായുള്ള വീക്ഷണമാണ്‌. എന്നാല്‍ ഒന്ന്‌ ചോദിക്കട്ടെ, ആയിരങ്ങള്‍ ഡൊണേഷന്‍ കൊടുത്ത്‌ തന്റെ കുഞ്ഞിനെ എല്‍കെജി ക്ലാസില്‍ ചേര്‍ക്കുമ്പോള്‍, ടൈയും കോട്ടും ഷൂസുമൊക്കെയുള്ള സ്റ്റാറ്റസിനു ചേര്‍ന്ന യൂനിഫോമണിയിക്കുമ്പോള്‍, ബാഗിനും കുടക്കും പുസ്‌തകത്തിനും സ്‌കൂള്‍ ബസ്സിനുമൊക്കെയായി നല്ലൊരു സംഖ്യ ചെലവഴിക്കുമ്പോള്‍, മേല്‍ പറഞ്ഞ ഏതൊക്കെ ലക്ഷ്യമാണ്‌ ഒരു രക്ഷിതാവിന്റെ മനസ്സിലുണ്ടാവുന്നത്‌? അഞ്ചക്കമോ അതിലധികമോ ശമ്പളം കിട്ടുന്ന ഒരു ജോലി നേടി, വലിയൊരു കോണ്‍ക്രീറ്റ്‌ കാടു പണിത്‌, തനിക്കും മക്കള്‍ക്കും കുശാലായി ജീവിക്കാനുള്ളത്‌ ബാങ്ക്‌ ബാലന്‍സുണ്ടാകണമെന്ന ആഗ്രഹമാവില്ലേ തന്റെ കുഞ്ഞ്‌ നല്ല മനുഷ്യനാകണമെന്ന ലക്ഷ്യത്തെ കവച്ചുവെക്കുന്നത്‌? വിദേശത്തു ജോലി തേടിപ്പോകുന്നവനോട്‌ നീ നന്നായി വാ എന്ന്‌ പറയുന്നതില്‍ എന്താണ്‌ ഉദ്ദേശിക്കുന്നത്‌. നീ നല്ല മനുഷ്യനായി വാ എന്നാണോ? നീ നന്നായി സമ്പാദിച്ചു വാ എന്നുതന്നെയല്ലേ!
സാമ്പത്തികാഭിവൃദ്ധി കൈവരിക്കാനുള്ള ഈ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ക്കിടയില്‍ ഉമ്മ ബാപ്പമാരെ തിരിച്ചറിയാത്ത, സഹാനുഭൂതിയും സഹവര്‍ത്തിത്വവും മനസ്സിന്റെ ഏഴയലത്തുപോലുമില്ലാത്ത കുറെ പണമുണ്ടാക്കി യന്ത്രങ്ങളാണ്‌ വാര്‍ത്തെടുക്കപ്പെടുന്നത്‌. സമാനമായ അച്ചുകളിലെ ഉല്‍പന്നങ്ങള്‍ക്ക്‌ I Robort എന്ന സിനിമയിലെ NS4 റോബോട്ടുകളെപ്പോലെ ഒരേ ഭാവമാണുള്ളത്‌. മറ്റുള്ളവരെ പോയിട്ട്‌ സ്വന്തം വികാരവിചാരങ്ങളെപ്പോലും വേണ്ടവിധത്തില്‍ നിയന്ത്രിക്കാന്‍ കഴിയാതെ പോകുന്നു. ഒടുക്കം ഭൂരിഭാഗവും ഉന്നത സൗധങ്ങളില്‍ അര്‍ഥശൂന്യരായി, കൊലയാളികളോ കരിങ്കച്ചവടക്കാരോ ആയി, സ്വയം ജീവനൊടുക്കുന്ന പമ്പരവിഡ്‌ഢികളായി, നാടറിയാത്ത, മണ്ണറിയാത്ത, യന്ത്രസമാനരായി മനുഷ്യനെന്ന പദത്തോട്‌ ചേരാത്തവരായിത്തീരുന്നു.
ട്യൂഷന്‍ സെന്ററില്‍ നിന്ന്‌ സ്‌കൂളിലേക്കും തിരിച്ചുമുള്ള ഓട്ടത്തിനിടയില്‍ കളിക്കാനും കൂട്ടുകൂടാനും സ്വയം തിരിച്ചറിയാനും അവസരം നല്‍കാത്ത മാതാപിതാക്കള്‍ ഇതിന്റെ പരിണിത ഫലത്തെക്കുറിച്ച്‌ ബോധവാന്മാരാകുന്നതേയില്ല. സാന്നിധ്യംകൊണ്ട്‌ മക്കള്‍ തങ്ങള്‍ക്കാശ്വാസമേകേണ്ടുന്ന വാര്‍ധക്യത്തില്‍ തങ്ങളെ വൃദ്ധസദനത്തിന്റെ അകത്തളങ്ങളിലേക്ക്‌ തള്ളിവിടാന്‍ പോന്ന ജോലിത്തിരക്കും കഠിനമനസ്സുമാണ്‌ താന്‍ തന്റെ മക്കള്‍ക്കിന്ന്‌ ഒരുക്കിക്കൊടുക്കുന്നതെന്ന്‌ തിരിച്ചറിയുന്നുമില്ല.
അങ്ങനെ ഇന്‍ക്യുബേറ്ററിലെ കോഴിക്കുഞ്ഞുങ്ങളെപ്പോലെ വളര്‍ത്തിയെടുക്കുന്ന കുട്ടികളാകട്ടെ, വിനോദം കണ്ടെത്തുന്നത്‌ ടി വി, കമ്പ്യൂട്ടര്‍ തുടങ്ങിയവയിലും അവയുടെ വൈജാത്യവിഭാഗങ്ങളിലുമാണ്‌. വല്ലപ്പോഴും കിട്ടുന്ന ഒഴിവു സമയങ്ങള്‍ ഉപയോഗപ്പെടുത്താന്‍, മണ്ണിലിറങ്ങി ചെളിയാകാതിരിക്കാന്‍, കൂട്ടുകൂടാതിരിക്കാന്‍ കുട്ടിക്ക്‌ വാങ്ങിക്കൊടുക്കുന്ന കമ്പ്യൂട്ടര്‍ ഗെയിമുകള്‍ നല്‍കുന്ന `വിദ്യാഭ്യാസ' സാധ്യതകള്‍ പേടിപ്പിക്കുന്നതാണ്‌. GTA Vice City പോലുള്ള ഗെയിമുകള്‍ വാങ്ങിക്കൊടുത്തതും ചിലപ്പോള്‍ കൂടെയിരുന്ന്‌ പ്രോത്സാഹിപ്പിച്ചതും നമ്മള്‍ തന്നെയായിരിക്കും. `ദൗത്യ'മെന്ന ആഴമുള്ള പദത്തിന്റെ മനോഹരാര്‍ഥത്തെ ചോരകൊണ്ട്‌ ചുവപ്പിച്ച്‌ താന്‍ അറിയാത്ത ആരെയൊക്കെയോ കൊല്ലാനുള്ള മിഷനിലേര്‍പ്പെട്ട്‌ പണം സമ്പാദിക്കുന്ന, ഗെയിം പോയിന്റുകള്‍ നേടുന്ന കുട്ടി, കമ്പ്യൂട്ടര്‍ മേശക്കുമപ്പുറത്ത്‌ അത്‌ പ്രാവര്‍ത്തികമാക്കുന്നതില്‍, മാനസിക വൈകല്യമുള്ളവനാകുന്നതില്‍ ആരെയാണ്‌ പഴിക്കേണ്ടത്‌? രക്ഷിതാക്കള്‍ ഈ വിധം തിമിരബാധിതരായി തുടര്‍ന്നാല്‍ ഭാവിയില്‍ കൊല്ലപ്പെടുന്ന ലിജിന്‍ വര്‍ഗീസുമാരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും. മാനവികത യാന്ത്രികതയ്‌ക്കുമുന്നില്‍ തോറ്റുതുന്നം പാടും. എല്ലാ വിഷയത്തിനും എ പ്ലസ്‌ ഗ്രേഡ്‌ നേടിയവന്‍, ഒരു മുഴം കയറില്‍ രണ്ടാമതൊരു ചിന്തകൂടാതെ കിടന്നാടും, തീര്‍ച്ച.
ഒരുപക്ഷേ, സാധാരണത്വംകൊണ്ട്‌, ഒഴുക്കിനൊപ്പം നീങ്ങുന്ന ലാഘവത്വംകൊണ്ട്‌ അപക്വരായേക്കാം രക്ഷിതാക്കള്‍. എന്നാല്‍, നീണ്ട ട്രെയിനിംഗ്‌ കാലം കഴിഞ്ഞ്‌, വിവിധ വിദ്യാഭ്യാസ രീതികളും തന്ത്രങ്ങളും പഠിച്ചുപയറ്റി, ശതമാനപുസ്‌തകത്തില്‍ നല്ല മാര്‍ക്കും നേടി കുട്ടികള്‍ക്കു മുന്നില്‍ നില്‍ക്കുന്ന മഹാനായ അധ്യാപകന്റെ കാര്യം അതിലും കഷ്‌ടമാണ്‌. രക്ഷിതാക്കളുടെ അപക്വത തിരുത്തുന്നതിനുപകരം, അതിന്‌ കൈത്താങ്ങാവുകയാണ്‌ അധ്യാപകന്‍. സമൂഹത്തില്‍ ഇന്നും ഉന്നതസ്ഥാനീയനായിട്ടും പലപ്പോഴും നാടന്‍ ശൈലിയില്‍ `അധ്യാപഹയനായി'ത്തീരുന്നവനെ കുറ്റം പറയാനൊക്കില്ല. കാരണം ലക്ഷങ്ങള്‍ നല്‍കി പോസ്റ്റ്‌ വാങ്ങുമ്പോഴോ, പി എസ്‌ സിക്ക്‌ കുത്തിയിരുന്ന്‌ പഠിച്ച്‌ റാങ്ക്‌ നേടുമ്പോഴോ വിദ്യപകരുന്നതിന്റെ പുണ്യംനേടുക, നല്ല മനുഷ്യരെ, അതുവഴി സമൂഹനിര്‍മിതിയെ ഉത്തേജിപ്പിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യമൊന്നും ഭൂരിഭാഗത്തിനും ഉണ്ടാകാനിടയില്ല. വീടുവീടാന്തരം കയറി അഞ്ചുവയസ്സായ കുട്ടികളെ തപ്പി അധ്യാപകര്‍ ഇറങ്ങുന്നത്‌, ഒരു കുട്ടിപോലും വിദ്യാഭ്യാസം കിട്ടാതെ വീട്ടിലിരിക്കരുത്‌ എന്ന അതിയായ ആഗ്രഹം കൊണ്ടാണെന്ന്‌ ആര്‍ക്കാണറിയാത്തത്‌! മാസശമ്പളം കണ്ണുവെക്കുന്ന, താനേറ്റെടുത്തുവെന്നു പറയുന്ന ഉത്തരവാദിത്തങ്ങള്‍ക്കുനേരെ കണ്ണടയ്‌ക്കുന്ന അധ്യാപകനെങ്ങനെ വിദ്യാര്‍ഥിക്ക്‌ മാതൃകയാവും? ശരിയായ വിദ്യാഭ്യാസത്തിന്റെ മാധ്യമമാകും?
രക്ഷിതാവിന്റെയും അധ്യാപകന്റെയും ലക്ഷ്യബോധം ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഈ ഒഴുക്കില്‍ നിന്ന്‌ കുതറിമാറി ശുദ്ധമായ നീരൊഴുക്കിനെ തിരിച്ചറിയേണ്ടതിന്റെയും അതില്‍ തുടരേണ്ടതിന്റെയും ഉത്തരവാദിത്തം വിദ്യാര്‍ഥിക്കുമേല്‍ വന്നുചേരുന്നു. ഇവിടെ വിദ്യാഭ്യാസത്തിന്റെ തെറ്റിപ്പോക്കു സമ്മാനിക്കുന്ന അന്ധതയെ തോല്‍പിക്കാന്‍ ഒരു നല്ലവഴി വായനയെന്ന കണ്ണട തന്നെയാണ്‌. ഒരു വേദഗ്രന്ഥത്തില്‍ വിശ്വസിക്കുന്ന ആള്‍ക്ക്‌ ജീവിതാടിസ്ഥാനത്തില്‍ മുഖ്യം അതിന്റെ ആദ്യവചനമാകേണ്ടതില്ലേ. എങ്കില്‍, ``വായിക്കുക, നിന്നെ സൃഷ്‌ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തില്‍'' എന്ന വിശുദ്ധ ഖുര്‍ആനിന്റെ ആദ്യകല്‌പനയെ കണ്ടില്ലെന്ന്‌ നടിക്കാന്‍ നമുക്കെങ്ങനെ സാധിക്കും. പാഠപുസ്‌തകത്തിനപ്പുറത്തേക്ക്‌ മറ്റൊരു പുസ്‌തകം സമ്മാനമായിപ്പോലും നല്‍കാത്ത രക്ഷിതാക്കള്‍, നിരവധി അവസരമുണ്ടായിട്ടും വായനയുടെ ലോകത്തിലേക്ക്‌ തന്റെ വിദ്യാര്‍ഥികളെ കൈപിടിച്ചുയര്‍ത്താന്‍ ശ്രമിക്കാത്ത അധ്യാപകര്‍,വായനയുടെ നട്ടെല്ലൂരിക്കളഞ്ഞ പൊതുസമൂഹം തുടങ്ങി, ഒക്കെയും ശത്രുപക്ഷത്തു നില്‍ക്കുന്ന ഈ കാലത്ത്‌ പൊരുതിജയിച്ച്‌ ദൈവകല്‌പനയ്‌ക്ക്‌ വഴങ്ങുകയേ, വായനാശീലമുള്ളവനാവുകയേ സംശുദ്ധരാകാന്‍, വിജ്ഞാനിയാകാന്‍ നിവൃത്തിയുള്ളൂ.
ബദല്‍ ആലോചനകള്‍ക്ക്‌ പ്രസക്തിയുണ്ട്‌
കാലാകാലങ്ങളായി വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറിവരുന്നുണ്ട്‌. വ്യത്യസ്‌ത ഗുരുകുലങ്ങളില്‍ മതവിദ്യാഭ്യാസമായും ആയോധനമുറകളായും കലാഭ്യാസമായുമൊക്കെ നടന്നിരുന്ന സാമ്പ്രദായിക പഠനസംവിധാനം പിന്നീട്‌ പൊതുവിദ്യാഭ്യാസത്തിലേക്ക്‌, അതിന്റെ സ്ഥാപനമായ സ്‌കൂളിലേക്ക്‌ മാറി. ഇതോടെ സാര്‍വത്രികവും സാര്‍വജനീനവുമായി വിദ്യാഭ്യാസം മാറി. നല്ലത്‌. പക്ഷേ, ഒരേ വാര്‍പ്പു മാതൃകകളെ സൃഷ്‌ടിക്കുന്ന ഫാക്‌ടറികളായി അവ പ്രവര്‍ത്തിച്ചുതുടങ്ങിയപ്പോള്‍ വൈജാത്യമുള്ള മനുഷ്യനിപുണതകള്‍ അടിച്ചമര്‍ത്തപ്പെടുകയോ മാര്‍ക്കെന്ന, ഉന്നത ജോലിയെന്ന ഒരൊറ്റ ലക്ഷ്യത്തിലേക്ക്‌ രൂപാന്തരണം ചെയ്യപ്പെടുകയോ ചെയ്‌തു.
ആകാശത്തെ അത്ഭുതക്കാഴ്‌ചകളിലൂടെ ആനന്ദത്തിലഭിരമിച്ചവന്‍ ഡോക്‌ടറായി, യാത്രകളെയും ദൂരങ്ങളെയും പ്രണയിച്ചവന്‍ സര്‍ക്കാര്‍ ഗുമസ്‌തനായി. വയലിനെ സ്‌നേഹിച്ചവന്‍ പോലീസായി..... അങ്ങനെയങ്ങനെ വിരോധാഭാസങ്ങളുടെ ആവര്‍ത്തനങ്ങള്‍ ഓരോ വര്‍ഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത്തരം വിരോധാഭാസങ്ങളാണ്‌ ``സമൂഹത്തെ അതിന്റെ സ്ഥായീഭാവത്തോടെ തന്നെ നിങ്ങള്‍ക്കാവശ്യമുണ്ടെന്ന്‌ നിങ്ങളെ വിശ്വസിപ്പിക്കുന്ന ഒരു പരസ്യ ഏജന്‍സിയാണ്‌ സ്‌കൂള്‍'' എന്ന്‌ ഇവാന്‍ ഇല്ലിച്ചിനെക്കൊണ്ട്‌ പറയിച്ചത്‌. 1971ല്‍ Deschooling society പുസ്‌തകമെഴുതാനും അദ്ദേഹത്തിന്‌ പ്രേരകം മറ്റൊന്നുമല്ല. ഗോപാലകൃഷ്‌ണനും വിജയലക്ഷ്‌മിയും 1982ല്‍ സാരംഗ്‌ ബേസിക്‌ സ്‌കൂള്‍ തുടങ്ങിയതും ബേബി മാഷ്‌ കനവ്‌ തുടങ്ങാന്‍ നിദാനമായതുമൊക്കെ സമാനമായ ആലോചനകളില്‍ നിന്നാണ്‌.
ചുരുക്കിപ്പറഞ്ഞാല്‍ മാറ്റിപ്പണിയലും മാറ്റിപ്പഠിക്കലും (Deschooling & Unlearning) ചര്‍ച്ചയാകുമ്പോള്‍, തന്റെ കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കേണ്ടതില്ലെന്ന്‌ ഒരു രക്ഷിതാവ്‌ തീരുമാനിച്ചാല്‍ കുറ്റം പറയാനാവുമോ!

Sunday, July 3, 2011

തിന്മകള്‍ക്കെതിരിലുള്ള പൗരസമരമാണ്‌ നമ്മുടെ കാലത്തെ ജിഹാദ്‌

``അല്‌പം ചില വ്യക്തികളുടെ തെറ്റായ ചെയ്‌തികള്‍ മുന്‍നിര്‍ത്തി ഒരു സമുദായത്തെ മുഴുവന്‍ കുറ്റക്കാരാക്കുന്നത്‌ തീര്‍ത്തും തെറ്റായ നടപടിയാണ്‌. അമേരിക്കയാണ്‌ ഒന്നാം നമ്പര്‍ തീവ്രവാദി എന്ന്‌ പറയാന്‍ എനിക്ക്‌ സംശയമേതുമില്ല. ഖുര്‍ആനെയും ഇസ്‌ലാമിനെ തന്നെയും അപഹസിക്കുന്നതാണ്‌ ഇന്ന്‌ പ്രത്യക്ഷത്തിലുള്ള തീവ്രവാദത്തിന്റെ ഏറ്റവും ഭീകരമായ മുഖം. സമാധാനവും സാഹോദര്യവും ലോകത്ത്‌ നിലനിര്‍ത്തണമെന്ന്‌ ഉത്‌ബോധനം ചെയ്യപ്പെട്ട മത സമൂഹമാണ്‌ മുസ്‌ലിംകള്‍. മുസ്‌ലിംകള്‍ തീവ്രവാദികളാണെന്ന വാദത്തേക്കാള്‍ വലിയ നുണ മറ്റൊന്നില്ലതന്നെ.''
2008ല്‍ രാംലീല മൈതാനത്ത്‌ വെച്ച്‌ ജംഇയ്യത്തുല്‍ ഉലമ ഹിന്ദും മറ്റു മുസ്‌ലിം സംഘടനകളും ചേര്‍ന്ന്‌ നടത്തിയ ആന്റി ടെററിസ്റ്റ്‌ ഗ്ലോബല്‍ പീസ്‌ കോണ്‍ഫറന്‍സില്‍ സ്വാമി അഗ്നിവേശ്‌ നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്‌. തീവ്രവാദത്തിന്റെയും ഭീകരതയുടെയും വക്താക്കളായി ലോകത്തിന്റെ സാമ്പത്തിക ഭൂരിപക്ഷങ്ങള്‍ മുദ്രകുത്തിയ ഒരു സമൂഹത്തെപ്പറ്റി തികച്ചും സത്യസന്ധമായ
വീക്ഷണവും സമീപനവും പുലര്‍ത്തുന്നു എന്നതു മാത്രമല്ല, കര്‍മവീഥികളുടെ വ്യതിരിക്തതയും സ്വാമി അഗ്നിവേശിനെ സ്വാമിയെന്ന പദത്തിന്റെ സാധാരണ അര്‍ഥങ്ങളില്‍ നിന്ന്‌ മാറ്റിനിര്‍ത്തുന്നു. വാര്‍ധക്യമെന്ന്‌ നാം അരുക്കാക്കുന്ന എഴുപത്തിഒന്നാം വയസ്സിലും ബാലവേല, ബോണ്ടഡ്‌ ലേബറിംഗ്‌, പെണ്‍ ഭ്രൂണഹത്യ, സതി തുടങ്ങിയ സാമ്പത്തിക സാമൂഹിക ചൂഷണങ്ങള്‍ക്കെതിരിലും മദ്യം, അഴിമതി തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരിലും വെള്ളം, ഭൂമി, പരിസ്ഥിതി തുടങ്ങിയവയുടെ നിലനില്‌പിനുവേണ്ടിയും നിതാന്ത സമരത്തിലാണ്‌ സ്വാമി അഗ്നിവേശ്‌. ഒപ്പം മതസമൂഹങ്ങള്‍ക്കിടയില്‍ സമാധാന സൗഹൃദാന്തരീക്ഷം സൃഷ്‌ടിക്കാനുള്ള പരിശ്രമങ്ങളിലും.
1939 സപ്‌തംബര്‍ 21 ന്‌ ആന്ധ്രാപ്രദേശിലെ ശക്തി ഗ്രാമത്തിലാണ്‌ സ്വാമി അഗ്നിവേശിന്റെ ജനനം. ശ്യാം പേവ്‌ റാവു എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്‌. നിയമത്തിലും സാമ്പത്തിക ശാസ്‌ത്രത്തിലും ബിരുദം നേടിയ അദ്ദേഹം 1963 ല്‍ കല്‍ക്കയിലെ സെന്റ്‌ സേവ്യര്‍ കോളെജില്‍ ബിസിനസ്സ്‌ മാനേജ്‌മെന്റ്‌ വിഭാഗം ലക്‌ചററായി. 1968 ല്‍ ജോലി ഉപേക്ഷിച്ചു. 1970 ല്‍ ഹരിയാനയിലെ ആര്യസമാജത്തില്‍ എത്തി സന്യാസം സ്വീകരിച്ചു. അതേ വര്‍ഷം തന്നെ ആര്യസഭ എന്ന പേരില്‍ ആര്യസമാജത്തിന്റെ തത്വങ്ങള്‍ അവലംബിച്ചുകൊണ്ട്‌ ഒരു രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചു. 1977 ല്‍ ഹരിയാനയിലെ എം എല്‍ എ ആയി. 1979-82 കാലയളവില്‍ ഹരിയാന വിദ്യാഭ്യാസ മന്ത്രി സ്ഥാനവും ഇദ്ദേഹം അലങ്കരിച്ചു. മന്ത്രിയായിരിക്കെ തന്നെ ബോണ്ടഡ്‌ ലേബറേഴ്‌സിനു വേണ്ടി ബന്ദുവോ മുക്തി മോര്‍ച്ച (Bonded Labourers Liberation Front) സ്ഥാപിച്ച്‌ പ്രവര്‍ത്തനമാരംഭിച്ചു. കരിങ്കല്‍ ക്വാറികളിലും ഖനികളിലുമൊക്കെ ജോലി ചെയ്യുന്ന ആയിരങ്ങള്‍ക്ക്‌ മോചനം നല്‌കാനും അവരെ പുനരധിവസിപ്പിക്കാനും ഈ സംഘടനയ്‌ക്ക്‌ കഴിഞ്ഞു. സാമൂഹിക നീതിക്കുവേണ്ടിയുള്ള ഇത്തരം പരിശ്രമങ്ങളുടെ ഭാഗമായി മൂന്നു തവണ UN Trust Fund on Contemporary forms of Slavery യുടെ ചെയര്‍പേഴ്‌സണായി.
സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ മതാന്തര സംവാദങ്ങളും മതസൗഹാര്‍ദ യാത്രകളും സംഘടിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധനാണ്‌ സ്വാമി അഗ്നിവേശ്‌. ഇത്തരം പ്രവര്‍ത്തനങ്ങളും ഇതര മതസ്ഥരോടുള്ള തുറന്ന സമീപനവും കശ്‌മീര്‍ , ബാബ അമര്‍നാഥ്‌ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ നിലപാടുകളും ആര്‍ എസ്‌ എസ്‌ പോലുള്ള തീവ്രഹിന്ദുത്വ സംഘടനകളെ പ്രകോപിപ്പിക്കുന്നതിന്‌ കാരണമായി. അഖില ഭാരതീയ ഹിന്ദുസഭ അദ്ദേഹത്തിന്റെ തലക്ക്‌ ഇരുപത്‌ ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുക വരെയുണ്ടായി.
Hinduism in Medival age, Interfaith Dialogue for Peace, Human Resource and Scoial Justice, Vedic Socialism, Religion Revel ution and Marxism തുടങ്ങി ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഒട്ടേറെ പുസ്‌തകങ്ങള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. രാജധര്‍മ പാക്ഷികത്തിന്റെയും ക്രാന്തിധര്‍മി മാസികയുടെയും പത്രാധിപരായും സേവനമനുഷ്‌ഠിച്ചു. വര്‍ഷങ്ങള്‍ നീണ്ട സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍ 2004 ലെ രാജീവ്‌ ഗാന്ധി നാഷണല്‍ സദ്‌ഭാവന അവാര്‍ഡ്‌, റൈറ്റ്‌ ലിവ്‌ലി ഹുഡ്‌ അവാര്‍ഡ്‌ (സ്വീഡന്‍ 2004), എം എ തോമസ്‌ നാഷണല്‍ റൈറ്റ്‌സ്‌ അവാര്‍ഡ്‌ (2006 ബാംഗ്ലൂര്‍) തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍ക്ക്‌ അദ്ദേഹത്തെ അര്‍ഹനാക്കി. സാമുദായിക സ്‌പര്‍ധകളും അസമത്വവും കലുഷികമാക്കുന്ന ഇന്ത്യന്‍ അന്തരീക്ഷത്തില്‍ സ്വാമി അഗ്നിവേശ്‌ യുവത്വത്തിന്റെ പ്രസരിപ്പോടെ തന്റെ സമാധാന പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നു.
ദൈവം, ആരാധന, സിവില്‍ പൊളിറ്റിക്‌സ്‌, ഇന്ത്യന്‍ മുസ്‌ലിംകള്‍ തുടങ്ങിയ വിഷയങ്ങളിലെ തന്റെ വീക്ഷണങ്ങള്‍ സ്വാമി അഗ്നിവേശ്‌ പങ്കുവെക്കുന്നു.


പൊതു പ്രവര്‍ത്തകന്‍, രാഷ്‌ട്രീയ പ്രവര്‍ത്തകന്‍, സാമൂഹ്യ സേവകന്‍ എന്നതിനോടൊപ്പം ഒരാത്മീയ ആചാര്യന്‍ കൂടിയായ താങ്കളുടെ ദൈവസങ്കല്‍പം.

യാഥാസ്ഥിതിക ഹൈന്ദവ കുടുംബത്തിലാണ്‌ എന്റെ ജനനം. എന്നാല്‍ ഹൈന്ദവ മതാചാര നിഷ്‌ഠയിലുള്ള ചെറുപ്പം എന്റെ ദൈവ സങ്കല്‌പത്തെ ഒട്ടും സ്വാധീനിച്ചിട്ടില്ല. മനുഷ്യനിര്‍മിത ദൈവങ്ങളിലും ബഹുത്വാധിഷ്‌ഠിത ദൈവസങ്കല്‌പത്തിലും ഞാന്‍ വിശ്വസിക്കുന്നില്ല. മനുഷ്യന്‍ ദൈവസൃഷ്‌ടിയാണ്‌. ആ മനുഷ്യന്‍ സൃഷ്‌ടിച്ച ഒന്നിനെയോ ആ മനുഷ്യനെ തന്നെയോ ദൈവമായി കാണുന്നത്‌ നീതീകരിക്കാനാവാത്ത ചെയ്‌തിയും ബുദ്ധിശൂന്യതയുമാണ്‌. ദൈവചേതന സര്‍വ വ്യാപിയാണ്‌. ഏതെങ്കിലും അമ്പലങ്ങളിലോ ദേവാലയങ്ങളിലോ പ്രതിഷ്‌ഠിച്ച്‌ തളച്ചിടാവുന്ന നിസ്സാരനല്ല ദൈവം. അതുകൊണ്ടുതന്നെ ഞാന്‍ അമ്പലങ്ങളില്‍ പോകാറുമില്ല. `റബ്ബുല്‍ ആലമീന്‍' എന്ന വിശേഷണമാണ്‌ എന്റെ ദൈവസങ്കല്‌പത്തെ പൂര്‍ണമാക്കുന്നത്‌.
എങ്കില്‍ ദൈവാരാധനയെ എങ്ങനെ വിശദീകരിക്കും.
ആത്മാവിനെ ശുദ്ധീകരിക്കലാണ്‌ മതത്തിന്റെ അന്തസത്ത. ആചാരങ്ങളുടെ ബാഹുല്യങ്ങള്‍ക്ക്‌ ആ ലക്ഷ്യം കൈവരിക്കാനാവില്ല. നിസ്വാര്‍ഥ കര്‍മങ്ങളാണ്‌ ആരാധനയുടെ ജീവന്‍. പാവപ്പെട്ടവനെ സഹായിക്കുക, മര്‍ദിതനോട്‌ നീതി പൂര്‍വം പെരുമാറുക, സഹജീവിയോട്‌ കരുണ കാണിക്കുക, താനധിവസിക്കുന്ന ഭൂമിയില്‍ വിനയത്തോടെ നടക്കുക, തന്റെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുകയും സ്‌നേഹിക്കുകയും ചെയ്യുക. ഇതൊക്കെ ദൈവാരാധനയുടെ ഭാഗമായിട്ടാണ്‌ ഞാന്‍ കാണുന്നത്‌.
മതാന്തര സംവാദങ്ങളിലും മതസൗഹാര്‍ദ യാത്രകളിലും താങ്കള്‍ കൂടുതല്‍ താല്‌പര്യം കാണിക്കുന്നു.
ഭൂരിഭാഗം ഇന്ത്യന്‍ ജനതയും മതവിശ്വാസികളാണ്‌. വിശ്വാസങ്ങളുടെ വൈജാത്യം ഇന്ത്യയെ മറ്റു രാജ്യങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമാക്കുന്നുണ്ട്‌. മതാന്തര സംവാദങ്ങള്‍ കൊണ്ട്‌ ലക്ഷ്യമിടുന്നത്‌ ചില `കോമണ്‍ മിനിമം പ്രോഗ്രാമു'കള്‍ സാധ്യമാക്കുക എന്നതാണ്‌. ആരാധന, വിശ്വാസം, ആചാരം തുടങ്ങിയ കാര്യങ്ങളിലാണ്‌ മതങ്ങള്‍ക്കിടയില്‍ ഭിന്നത നിലനില്‌ക്കുന്നത്‌. സത്യം, നീതി, ദയ തുടങ്ങിയ ജീവിത മൂല്യങ്ങളെ മതങ്ങള്‍ വിവക്ഷിക്കുന്നത്‌ ഒരുപോലെയാണ്‌. ഈ സാദൃശ്യങ്ങള്‍ ബോധ്യപ്പെടുന്നതിനും അതിന്റെ ഗുണം സമൂഹത്തിന്‌ ലഭ്യമാക്കുന്നതിനും മതാന്തര സംവാദങ്ങള്‍ ആവശ്യമാണ്‌. 1999 ല്‍ ക്രിസ്‌ത്യന്‍ പുരോഹിതനായ ഗ്രഹാം സ്റ്റൈനെയും രണ്ടു മക്കളെയും ചില വര്‍ഗീയ ശക്തികള്‍ ചുട്ടകരിച്ചപ്പോള്‍ ഒറീസയിലും 2002 ല്‍ ഗുജറാത്ത്‌ മുസ്‌ലിംകള്‍ നരഹത്യക്ക്‌ വിധേയരായപ്പോള്‍ ഗോധ്ര, ബറോഡ, അഹമ്മദാബാദ്‌ എന്നിവിടങ്ങളിലും സംഘടിപ്പിച്ച മതസൗഹാര്‍ദ യാത്രകള്‍ സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടുവരാന്‍ ദ്യോതിപ്പിക്കുന്നവയാണ്‌. വര്‍ഗീയ സംഘങ്ങള്‍ ശക്തിപ്രാപിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്തരം കരുതലുകള്‍ നമുക്ക്‌ കൂടുതലായി ഉണ്ടാവേണ്ടിയിരിക്കുന്നു.
രാഷ്‌ട്രീയ സംഘടനകളും മുന്നണികളും സജീവമായ ഇന്ത്യയില്‍ സിവില്‍ പൊളിറ്റിക്‌സിന്റെ പ്രസക്തി?
രാഷ്‌ട്രീയ ശക്തിയെ പൗര ശക്തികൊണ്ട്‌ പ്രതിരോധിക്കുകയാണ്‌ `പൗരരാഷ്‌ട്രീയം.' സാമൂഹ്യ തിന്മകള്‍ക്കെതിരെയും പരിസ്ഥിതി വിരുദ്ധ, ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നമ്മുടെ രാജ്യത്ത്‌ ഉയിര്‍ക്കൊണ്ടിട്ടുള്ള പൗരസമരങ്ങള്‍, ജനകീയ കൂട്ടായ്‌മകള്‍, സാധാരണ പൗരനെ ആകര്‍ഷിക്കുന്നുണ്ട്‌. കക്ഷിരാഷ്‌ട്രീയത്തിനതീതമായി പ്രാഥമികമായും ജനങ്ങള്‍ക്ക്‌ ലഭിക്കേണ്ട അവകാശങ്ങള്‍ക്കുവേണ്ടി ശബ്‌ദമുയരുമ്പോള്‍ ജനകീയ പിന്തുണ ഉണ്ടാകുന്നത്‌ സ്വാഭാവികമാണ്‌.
ജനകീയ പിന്തുണ ഉണ്ടായിട്ടുപോലും ലോക്‌പാല്‍ ബില്ലിന്റെ അംഗീകാരത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു.
സാധാരണ ജനത്തിന്റെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും സാമ്പത്തിക ക്രമക്കേടുകളും മറ്റും പരിശോധിക്കാനും നിയമവിധേയമാക്കാനും ക്രൈംബ്രാഞ്ച്‌, വിജിലന്‍സ്‌ തുടങ്ങി ഒട്ടേറെ സംവിധാനങ്ങള്‍ വ്യവസ്ഥാപിതമായിട്ടുള്ള ഒരു രാജ്യത്ത്‌, പ്രഥമ പൗരനായ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ഉള്‍ക്കൊള്ളുന്ന ഒരു മേല്‍ത്തട്ടിന്റെ സാമ്പത്തിക വിനിയോഗവും മറ്റും അന്വേഷിക്കുന്നതിന്‌ സംവിധാനമൊരുക്കുന്നതിലെന്താണിത്ര ഭയം? നാല്‌പത്‌ വര്‍ഷക്കാലം ലോക്‌പാല്‍ പാസ്സാവാതെ പോയി എന്നത്‌ രാഷ്‌ട്രീയ ശക്തികള്‍ നേരിടുന്ന സാമ്പത്തിക വിനിയോഗത്തിലെ മൂല്യച്യുതിയെയാണ്‌ സൂചിപ്പിക്കുന്നത്‌. അണ്ണാഹസാരയെപ്പോലെ ഒരു പൂര്‍ണ ഗാന്ധിയന്റെ നേതൃത്വത്തില്‍ ലോക്‌പാല്‍ ബില്‍ പാസ്സാക്കുന്നതിനുവേണ്ടി നടത്തിയിട്ടുള്ള സത്യഗ്രഹ സദസ്സിനെ വര്‍ഗീയ പന്തലെന്ന്‌ മുദ്രകുത്തുന്നതിന്‌ പിന്നില്‍ തീര്‍ത്തും രാഷ്‌ട്രീയമായ ലക്ഷ്യങ്ങളാണുള്ളത്‌.
മദ്യം, മയക്കുമരുന്ന്‌, അഴിമതി തുടങ്ങിയ സാമൂഹ്യ തിന്മകള്‍ തടയുന്നതില്‍ മതത്തിന്റെ പങ്ക്‌?
ജീവിതശൈലിയായി മതമൂല്യങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചെങ്കില്‍ മാത്രമേ ഇത്തരം സാമൂഹ്യ തിന്മകളില്‍ നിന്ന്‌ പൂര്‍ണമായും അകന്നുനില്‌ക്കാന്‍ സാധിക്കൂ. കര്‍മമാണ്‌ ആരാധന എന്ന്‌ നേരത്തെ സൂചിപ്പിച്ചതും അതുകൊണ്ടാണ്‌. മതങ്ങള്‍ പകര്‍ന്നുനല്‌കുന്ന ആത്മീയമായ ഓജസ്സിലൂടെ മാത്രമേ മനുഷ്യന്‌ മുക്തി പ്രാപിക്കാനാവൂ. ഇന്ന്‌ സമൂഹത്തെ ഒന്നടങ്കം വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു സാമൂഹ്യ വിപത്താണ്‌ മദ്യപാനം. സകല തിന്മകളുടെയും മാതാവ്‌ (ഉമ്മുല്‍ ഖബാഇസ്‌) എന്നാണ്‌ മുഹമ്മദ്‌ നബി മദ്യത്തെ വിശേഷിപ്പിക്കുന്നത്‌. ലോകത്ത്‌ ഏറ്റവും കുറച്ച്‌ മദ്യം ഉപയോഗിക്കുന്നത്‌ മുസ്‌ലിംകളാണ്‌. അതുകൊണ്ടുതന്നെ മദ്യവിരുദ്ധ സമര പരിപാടികള്‍ക്ക്‌ നേതൃത്വം നല്‌കാന്‍ ഏറ്റവവും അര്‍ഹതപ്പെട്ടവരും ബാധ്യതപ്പെട്ടവരും മുസ്‌ലിംകള്‍ തന്നെയാണ്‌.
വടക്കേ ഇന്ത്യയിലെ മുസ്‌ലിംകളുമായി തെക്കേ ഇന്ത്യന്‍ മുസ്‌ലിംകളെ, പ്രത്യേകിച്ചും കേരള മുസ്‌ലിംകളെ എങ്ങനെയാണ്‌ നോക്കിക്കാണുന്നത്‌?
ഭൂരിഭാഗം മുസ്‌ലിംകളും പാവങ്ങളാണ്‌.
എല്ലാ മതങ്ങളിലുമെന്നപോലെ ചില ന്യൂനപക്ഷങ്ങളാണ്‌ മുസ്‌ലിംകളെയും അപകീര്‍ത്തിപ്പെടുത്തുന്നത്‌. തെക്കേ ഇന്ത്യന്‍ മുസ്‌ലിംകളെ അപേക്ഷിച്ച്‌ കേരള മുസ്‌ലിംകളുടെ ജീവിത നിലവാരവും വിദ്യാഭ്യാസവും സംസ്‌കാരവും എത്രയോ ഉയര്‍ന്നതാണ്‌. രാഷ്‌ട്രീയ -സാമൂഹ്യ രംഗങ്ങളില്‍ കേരള മുസ്‌ലിംകള്‍ക്ക്‌ കൃത്യമായ ഒരിടമുണ്ട്‌. അതുകൊണ്ടുതന്നെ കേരളത്തിലെ മുസ്‌ലിംകള്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ ബാധ്യതപ്പെട്ടവരാണ്‌.
ബഹുസ്വര സമൂഹത്തില്‍ ഏറെ തെറ്റിദ്ധാരണ പടര്‍ത്തിയ പദമാണ്‌ ജിഹാദ്‌. ജിഹാദ്‌ എന്തെന്ന്‌ കുറെ പ്രസംഗങ്ങള്‍ വഴിയല്ല വിശദീകരിക്കേണ്ടത്‌. മുസ്‌ലിംകളുടെ കര്‍മങ്ങള്‍ കൊണ്ട്‌ ജിഹാദിന്റെ യഥാര്‍ഥ മാനം പൊതു സമൂഹത്തിന്‌ മനസ്സിലാക്കാന്‍ കഴിയണം. മദ്യം, അഴിമതി തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരില്‍ സന്ധിയില്ലാ സമരം നയിക്കുകയും അതിനെ ജിഹാദായി പ്രഖ്യാപിക്കുകയും വേണം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള മലപ്പുറം ജില്ലയില്‍ അടുത്തകലത്ത്‌ മദ്യവിരുദ്ധ സമരങ്ങള്‍ നടക്കുകയുണ്ടായല്ലോ. ഇത്തരം സമരങ്ങളെ ശക്തമായി പുനരുജ്ജീവിപ്പിക്കുകയും മലപ്പുറം മുതല്‍ തിരുവനന്തപുരം വരെ സമരജാഥകള്‍ സംഘടിപ്പിക്കുകയും വേണം. ആ യാത്രയില്‍ പങ്കാളിയാവാന്‍ ഞാനും തയ്യാറാണ്‌. മദ്യവിരുദ്ധ സമര സമിതി നായകന്‍ ഇയ്യാച്ചേരി മാസ്റ്ററോട്‌ ആ കാര്യം ഞാന്‍ സൂചിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇങ്ങനെ ഏതൊക്കെ സാമൂഹ്യ തിന്മകളും ധാര്‍മികാപചയങ്ങളും സമൂഹത്തില്‍ നിലനില്‌ക്കുന്നുണ്ടോ അവിടെയൊക്കെ സമൂഹ നന്മ ലാക്കാക്കി സമരസന്നാഹങ്ങളൊരുക്കുകയും അത്‌ ദൈവ മാര്‍ഗത്തിലുള്ള ജിഹാദായി പരിചയപ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിംകള്‍ നേരിടുന്ന അന്യവല്‌ക്കരണത്തെ മറികടക്കാന്‍ സാധിക്കും. മുസ്‌ലിം നവോത്ഥാന സംരംഭങ്ങള്‍ ഒട്ടേറെ മുന്നേറിയിട്ടുള്ള കേരളത്തില്‍ ഇത്തരം ശ്രമങ്ങള്‍ക്ക്‌ കൂടുതല്‍ സാധ്യതയും പ്രസക്തിയുമുണ്ട്‌
.

Sunday, February 27, 2011

അടിയൊഴുക്കുകള്‍ നിലച്ച കാമ്പസുകളില്‍ വായനക്ക്‌ എവിടെയാണ്‌ ഇടം?



``ഞാന്‍ നിനക്കൊരു സ്‌ക്രാപ്പയച്ചിരുന്നു, കണ്ടോ?'' വീടിന്റെ ടെറസില്‍ നിന്ന്‌ ഒരു എല്‍ പി ക്ലാസുകാരന്‍ റോഡിനപ്പുറത്തെ ഓടുവീട്ടിലെ കുട്ടിയോട്‌ വിളിച്ചു ചോദിച്ചു. ``ഞാനിപ്പോള്‍ നോക്കി റിപ്ലെ സെന്റ്‌ ചെയ്യാം.'' അവള്‍ ധൃതിയില്‍ വീട്ടിനകത്തേക്കോടി. റോഡരികില്‍ അല്‍പം സ്‌തംഭിച്ചു നില്‍ക്കാതിരിക്കാനായില്ലെനിക്ക്‌. എന്റേതൊരു കൂറ്റന്‍ നഗരമല്ല. ഗ്രാമത്തില്‍ നിന്ന്‌ പുറപ്പെടുകയും നഗരത്തിലെത്തിച്ചേരാതിരിക്കുകയും ചെയ്‌ത ഒരിടമാണ്‌. എന്നിട്ടും ഒപ്പമിരുന്ന്‌ കളിച്ചും അടിപിടികൂടിയും തെറ്റിയും മിണ്ടിയും കഴിയേണ്ട പ്രായത്തില്‍ പരസ്‌പരം സ്‌ക്രാപ്പയക്കാന്‍ മാത്രം വിദൂരത്തേക്ക്‌ കുട്ടികളെ അകറ്റി നിര്‍ത്താന്‍ പോന്ന `വീതി'യുള്ള റോഡുകള്‍ അവിടെയുണ്ടെന്നോ? കൂട്ടുകൂടലിന്റെ മധുരം നുകരേണ്ട പ്രായത്തില്‍ ആരാണവരെ ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ ലക്കും ലഗാനുമില്ലാതെ ഇളിച്ചുനില്‍ക്കുന്ന കീ ബോര്‍ഡുകള്‍ക്കുള്ളില്‍ കുരുക്കിയിട്ടത്‌? കുട്ടികളുടെ മുഴുവന്‍ പിഴവുകളുടേയും രചയിതാക്കളായ `മുതിര്‍ന്നവര്‍' എന്ന മഹത്തുക്കള്‍ തന്നെയല്ലേ?
സൗഹൃദത്തിന്റെ ഇത്തരം വെബ്‌ ലോകങ്ങള്‍ കുഞ്ഞുങ്ങളുടേതു മാത്രമല്ല. ബഹുഭൂരിപക്ഷം ആളുകളുടേതുമാണിന്ന്‌. പ്രത്യേകിച്ചും വിദ്യാര്‍ഥി യുവതയുടെ. ദിവസത്തിന്റെ 90 ശതമാനവും ചാറ്റ്‌ റൂമിലും മൊബൈലിലുമൊക്കെയായി ചെലവഴിക്കുന്ന അവര്‍ക്ക്‌ ജീവിതമെന്നത്‌ ലോഗ്‌ ഇന്‍ ബട്ടണും ഷട്ട്‌ഡൗണിനും ഇടയിലെ നിമിഷ നേരങ്ങളാണ്‌. സമൂഹത്തിന്റെ പരിച്ഛേദമായതുകൊണ്ടും പുതുമയുടെ സ്വീകര്‍ത്താക്കളായതുകൊണ്ടുമാവാം നമ്മുടെ കാമ്പസുകളിലധികവും ഈ നൈമിഷികതയുടെ പിറകെ പായുന്നവരാണ്‌. ഒരുപക്ഷേ, പൂര്‍ണമായും എന്നുതന്നെ പറയാം.
സര്‍ഗാത്മകത, സംവാദാത്മകത, സമരോത്സുകത, സംവേദനക്ഷമത എന്നീ നാല്‌ `സ'കളും കാമ്പസിന്റെ അടിസ്ഥാന സ്വഭാവങ്ങളാണ്‌. ഒരു പാനീയത്തിന്റെ ഏതൊരു ഭാഗവും ഒരേ രുചി നല്‍കുന്നതുപോലെ ഒരു പ്രദേശത്തെ കാമ്പസിനും അതിന്റെ ഏതൊരു മുക്കിലും മൂലയിലും ഈ നാലു ഗുണങ്ങളും കണ്ടെത്താന്‍ കഴിയേണ്ടതുണ്ട്‌. എന്നാല്‍ മാറിയ ലോകത്തിന്റെ അതിവേഗത്തിനൊപ്പം നീങ്ങാനുള്ള തത്രപ്പാടിലാവാം കാമ്പസിന്റെ അടിയൊഴുക്കുകളൊക്കെയും നിലച്ചുപോയിരിക്കുന്നു. യഥാര്‍ത്ഥ സൗഹൃദത്തിന്റെയൊരു ലളിതമായ `സ'പോലും നഷ്‌ടപ്പെട്ടുപോയിരിക്കുന്നു. ഇവയ്‌ക്കിടയില്‍ പിടിച്ചുനില്‍ക്കുന്ന ഒന്നോ രണ്ടോ പച്ചപ്പുല്ലുകളുണ്ടാവാം... എന്നാല്‍ മാറ്റമുണ്ടാക്കാനുള്ള വേഗവും ത്രാണിയും പകരുന്ന സംഘബലം അവര്‍ക്കുണ്ടാകുന്നില്ല തന്നെ.
ഏതൊരു സമൂഹത്തിന്റെയും അസ്സല്‍ പ്രതിനിധിയാണ്‌ അതിന്റെ കാമ്പസ്‌. സമൂഹത്തിന്റെ സ്വഭാവ സവിശേഷതകളോടുള്ള ഒട്ടിനില്‍പ്പാണതിന്റെ പ്രത്യേകത. മാത്രമല്ല, സമൂഹം മുന്നോട്ടുവെക്കുന്ന ആശയങ്ങളുടെ യൗവനമെന്ന നിലക്ക്‌ തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഏതാശയ സംഹിതകളോടും പ്രവര്‍ത്തന രൂപങ്ങളോടും അതിരറ്റയളവില്‍ കൂറും ആവേശവും പ്രകടിപ്പിക്കുക സ്വാഭാവികം. ഈ സ്വാഭാവികതയുടെ ഗുണഫലമാണ്‌ നാം പേര്‍ത്തും പേര്‍ത്തും ഓര്‍മിച്ചുകൊണ്ടിരിക്കുന്ന എഴുപതുകളിലെ കാമ്പസ്‌. എഴുപതുകളിലെ കാമ്പസിനെ വാനോളമുയര്‍ത്തി അതു വിട്ടേച്ചുപോയ അരുതായ്‌മകളെ വെള്ളപൂശുകയല്ല. എങ്കിലും മൂര്‍ദ്ധന്യാവസ്ഥയിലുള്ള പ്രവര്‍ത്തനോര്‍ജത്തിന്റെയും ആശയ ദൃഢതയുടെയും ചിന്താവേഗങ്ങളുടെയും സൗന്ദര്യവും സൗകുമാര്യതയും അതിനുണ്ടായിരുന്നു. തീര്‍ച്ചയായും അത്‌ അക്കാലത്തെ സമൂഹത്തെ കണ്ണാടിപോലെ പ്രതിഫലിപ്പിക്കുകയാണ്‌ ചെയ്‌തത്‌. ഷൊര്‍ണൂരിലെ സൗമ്യയും മഞ്ചേരിയിലെ കൃഷ്‌ണപ്രിയയുമൊന്നും അന്നല്ല കൊല്ലപ്പെട്ടത്‌, നമ്മുടെ കാലത്താണ്‌. അന്നു കൊല്ലപ്പെട്ടവര്‍ വര്‍ഗീസും രാജനുമൊക്കെയാണ്‌. മനുഷ്യന്റെ ജീവിതപ്രശ്‌നങ്ങളോടുള്ള പ്രതിബദ്ധതയും അവന്റെ ഉയര്‍ത്തെഴുന്നേല്‍പിനായുള്ള സമരോത്സുകതയും ജീവന്റെ മണമുള്ള സര്‍ഗാത്മകതയും തീക്ഷ്‌ണസത്യങ്ങളുടെ ഉത്തരങ്ങളൊരുക്കുന്ന സംവാദാത്മകതയുമൊക്കെ അന്ന്‌ നൈമിഷികതകള്‍ക്കപ്പുറത്ത്‌ മനുഷ്യനെ ജീവിപ്പിച്ചിരുന്നു എന്നുപറയാം.
കേരളത്തിലെ അടിയൊഴുക്കുകള്‍ നിലച്ച കാമ്പസുകളുടെ ചത്ത കോശങ്ങള്‍ പരിശോധിച്ചുനോക്കിയാല്‍ കാണാം, ആഗോളീകരണം എന്ന ആന്റീബയോട്ടിക്കിന്റെ പാര്‍ശ്വഫലങ്ങള്‍. നമ്മുടെ തലതൊട്ടപ്പന്മാര്‍ മൂന്നാംലോക രാജ്യങ്ങളുടെ പലതരം അസ്ഥി തകര്‍ത്തു കുറിച്ചുതന്ന മരുന്നാണത്‌. അതപ്പടിയെടുത്ത്‌ വിഴുങ്ങുമ്പോള്‍ പാര്‍ശ്വഫലങ്ങളുടെ ഭീകരതകളെക്കുറിച്ച്‌ ഭരണതന്ത്രജ്ഞര്‍ ആലോചിച്ചതേയില്ല... എന്നിട്ട്‌, കാമ്പസിന്റെ മൃതാവസ്ഥകള്‍ക്ക്‌ അതിനെത്തന്നെ കുറ്റം പറയുന്നതില്‍ കാര്യമില്ല. വരണ്ടുണങ്ങിയ ഭൂമികയില്‍ ജനിക്കാന്‍ തത്രപ്പെടുന്ന ഏതൊരു നല്ല വിത്തിനും പിടിച്ചുനില്‍ക്കാനാവില്ല തന്നെ.
ആഗോളീകരണം, കാമ്പസിനെ വളക്കൂറുള്ളതാക്കിമാറ്റിയിരുന്ന പലതിന്റെയും അവസാനമായിരുന്നു. ഏറ്റവുമധികം ക്ഷതമേറ്റത്‌ ഏറ്റവും ശക്തമാവേണ്ടിയിരുന്ന തായ്‌വേരിനു തന്നെയായിരുന്നു. കുറച്ച്‌ വര്‍ഷങ്ങള്‍ പിറകോട്ട്‌ നോക്കിയാല്‍ ആശയ സമ്പന്നതയുടെയും പ്രവര്‍ത്തനോന്മുഖതയുടെയും ഊര്‍ജസ്രോതസ്സായി വായനയെ തിരിച്ചറിയാന്‍ സാധിക്കും. നാടിന്റെ മുക്കിലും മൂലയിലും വായനശാലകള്‍, അക്ഷരമറിയാത്തവനുപോലും വായനയുടെ നിറവ്‌ പകരുന്ന ബാര്‍ബരര്‍ ഷോപ്പുകള്‍, ആവേശകരമായ സംവാദാന്തരീക്ഷമുള്ള ചായമക്കാനികള്‍, ചുമരില്‍ കരിക്കട്ട കൊണ്ടായിട്ടുപോലും തീക്ഷ്‌ണമായ സംവേദനക്ഷമത കാക്കുന്ന പച്ചയായ സര്‍ഗാത്മകത. വായനയെന്ന സര്‍വസാധാരണമായൊരു സ്വഭാവം ഇത്തരത്തില്‍ പോയകാലത്തിന്റെ പ്രബുദ്ധതക്ക്‌ തായ്‌വേരായിരുന്നു. ആഗോളീകരണമുല്‍പാദിപ്പിച്ച ബൂലോക വലക്കണ്ണികളുടെയിടയില്‍ കുടുങ്ങി വായന ഞെരുങ്ങുമ്പോള്‍ കാമ്പസിന്റെ തളിരിതളുകളും ഉണങ്ങിക്കരിയുന്നു.
വായന മരിക്കുന്നില്ല എന്നതു തീര്‍ച്ചയാണ്‌. എന്നാല്‍ അതിന്റെ ശൈലിക്കും ലക്ഷ്യത്തിനും സംഭവിച്ച മാറ്റമാണ്‌ ഏറെ പേടിപ്പെടുത്തുന്നത്‌. രണ്ടു പ്രത്യേക ദിശകളിലൂടെയാണ്‌ ഇന്ന്‌ വായന സഞ്ചരിക്കുന്നത്‌. ഒന്ന്‌, കൂടിയ മാര്‍ക്കും ഉയര്‍ന്ന ജോലിസാധ്യതകളും ലക്ഷ്യം വെച്ചുകൊണ്ടുള്ള അക്കാദമിക വായന. തങ്ങളുടെ സിലബസ്‌ മുന്‍നിര്‍ത്തിയുള്ള വായനയും എങ്ങനെ ഓര്‍മശക്‌തി വര്‍ദ്ധിപ്പിക്കാം, ഇന്റര്‍വ്യൂകള്‍ എങ്ങനെ അഭിമുഖീകരിക്കാം തുടങ്ങി `ജീവിത വിജയ'ക്യാപ്‌സൂളുകള്‍ക്കായുള്ള വായനയും ഇതില്‍പെടും.
രണ്ടാമത്തേത്‌ വളരെ ലളിതമായ വായനയാണ്‌. ഫാഷന്‍, ഗോസിപ്പുകള്‍, `ഓര്‍മക്കുറിപ്പുകള്‍', സെലിബ്രിറ്റികളുടെ ജീവിതം, പാചക-അലങ്കാര വിദ്യകള്‍ തുടങ്ങി ബുദ്ധിപരമായ യാതൊരു അനക്കങ്ങളും സംഭവിക്കാത്തവ. ഈ രണ്ടു ദിശകളെയും ഒഴിച്ചുനിര്‍ത്തണമെന്നല്ല, കൂടുതല്‍ ശ്രദ്ധ കാണിക്കേണ്ടുന്ന ജീവിതഗന്ധിയായ, ഗൗരവപൂര്‍വമുള്ള വായന തീരെയില്ലാതാകുന്നു എന്നതിലാണ്‌ പ്രയാസം. വായനയുടെ പരിസരത്ത്‌ വന്ന ഈ മാറ്റം ധ്രുതഗതിയിലാകുന്നത്‌, തങ്ങളുടെ താളുകള്‍ അഴിച്ചുപണിത്‌ നിറ സമൃദ്ധമാക്കാന്‍ പ്രസാധകര്‍ മത്സരിക്കാന്‍ തുടങ്ങിയതോടുകൂടിയാണ്‌. ബുദ്ധി ഉത്തരക്കടലാസിലും ആശയസമ്പന്നത ഡിസൈനര്‍ വസ്‌ത്രങ്ങളുടെ തെരഞ്ഞെടുപ്പിലും മാത്രം ആരംഭിച്ചൊടുങ്ങുമ്പോള്‍... കാമ്പസ്‌ ഉണങ്ങുന്നതിനെന്തിന്‌ മറ്റുകാരണങ്ങള്‍ പരതണം?
വായനയുടെ ആവശ്യകതയെക്കുറിച്ചെന്തു തന്നെ പ്രസംഗിച്ചാലും യുവതക്കു വായിക്കാന്‍ സമയമെവിടെയെന്നതാണ്‌ പ്രശ്‌നം. പല്ലുതേക്കും മുമ്പേ ഫേസ്‌ബുക്കിലും ചാറ്റ്‌റൂമിലുമൊക്കെയായി ജീവിക്കുന്നവരാണവര്‍. മുഖ്യധാരകള്‍ക്കപ്പുറത്തെ ബദലെഴുത്തുകളുടെ വായനക്കും ചര്‍ച്ചകള്‍ക്കും ഇന്റര്‍നെറ്റിന്റെ വിശാലലോകം മറ്റെന്തിനെക്കാളും അവസരമൊരുക്കുന്നുണ്ടെന്നുള്ളത്‌ സത്യമാണ്‌. എന്നാല്‍ അതിന്റെ ഫലപ്രദമായ ഉപയോഗം ചുരുക്കം ചില `തലതിരിഞ്ഞ'വരുടേത്‌ മാത്രമാകുമ്പോള്‍ പ്രതീക്ഷകള്‍ അസ്‌തമിക്കുന്നു. തന്റെ നാടുമുഴുവന്‍ വേദനയുടെ കൊടികുത്തിയാലും പ്ലേബോയിയാണോ ജോക്കിയാണോ മികച്ച അടിവസ്‌ത്രമെന്നോ, സിനിമയിലെ ചൂടന്‍ രംഗങ്ങളുടെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചോ ഗംഭീരസംവാദങ്ങളാവും അരങ്ങുതകര്‍ക്കുക.സര്‍ഗാത്മക കാമ്പസ്‌ എന്ന്‌ എത്ര തന്നെ ഉറക്കെ പറഞ്ഞാലും മൃദുലമായ പൈങ്കിളി ഗാനങ്ങളൊരുക്കുന്നവനും പാടുന്ന `നല്ല പാട്ടുകാര'നും അതിനൊപ്പം ആടുന്നവനുമായിരിക്കുമിന്ന്‌ സര്‍ഗാത്മകതയുടെ ചുക്കാന്‍. നമ്മുടെ മുഖ്യധാരാ കാമ്പസ്‌ സിനിമകള്‍ ഇത്തരം സ്ഥിരരൂപങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ വിജയിക്കുകയും ചെയ്‌തിരിക്കുന്നു. ഇടക്ക്‌ ഒറ്റക്കും തെറ്റക്കും ഇറങ്ങുന്ന ഇന്‍സ്റ്റന്റ്‌ മാഗസിനുകള്‍ തുടര്‍ച്ച നഷ്‌ടപ്പെട്ട്‌ കരിഞ്ഞുപോവുകയേയുള്ളൂ. ഇത്തരം കുഞ്ഞു പ്രസിദ്ധീകരണങ്ങളിലുള്ളതിനേക്കാളേറെ എഴുത്തുകാരെ ഫേസ്‌ബുക്കിലെയും ഒര്‍ക്കൂട്ടിലെയും ഫോട്ടോകള്‍ക്ക്‌ താഴെയുള്ള ചളുപ്പന്‍ കമന്റുകളില്‍ കാണാനാകും.
സമരോത്സുകതയുടെ കാര്യവും വ്യത്യസ്‌തമല്ല. ആശയസമരങ്ങളുടെയും അവകാശ സമരങ്ങളുടെയും തിളച്ചുവേവുന്ന ചരിത്രമുണ്ടായിരുന്നു കാമ്പസുകള്‍ക്ക്‌. അവകാശ സമരങ്ങളിന്ന്‌ എവിടെയെങ്കിലും പോയി രണ്ടേറെറിയുന്നതിലോ പൊതുമുതലുകള്‍ നശിപ്പിക്കുന്നതിലോ സായൂജ്യമടയുന്നു. പ്രത്യേകിച്ചൊരു ആശയവുമില്ലാത്തതുകൊണ്ടിപ്പോള്‍ ആശയസമരങ്ങളുടെ ആവശ്യവുമില്ല. കറുപ്പുകളെ പൊളിച്ചെഴുതുന്ന ഒരു സമരമെങ്കിലും കാമ്പസ്‌ കണ്ടിട്ടെത്ര കാലമായി!! രാഷ്‌ട്രീയ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുപോലും ഇന്റേണല്‍ മാര്‍ക്കും പ്രാക്‌ടിക്കലും കഴിഞ്ഞ്‌ സമയമുണ്ടെങ്കിലേയുള്ളൂ സമരവും സംഘടനാപ്രവര്‍ത്തനവുമൊക്കെ.
അടുത്തിടെ ഇന്ത്യയിലെ വിവിധ കാമ്പസുകളിലെ കുട്ടികളെവച്ച്‌ നടത്തിയ ഒരു പഠനം വായിക്കാനിടയായി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്‌ കണക്ഷന്‍ തുടങ്ങി ഒരു വിധത്തിലുള്ള ഇലക്‌ട്രോണിക്‌ മാധ്യമങ്ങളുമില്ലാതെ കൂട്ടമായി കുറച്ചുസമയമിരുത്തി. അല്‌പസമയം കഴിഞ്ഞപ്പോഴേക്കും പലര്‍ക്കും കടുത്ത മാനസിക പിരിമുറുക്കം അനുഭവപ്പെട്ടു. അവര്‍ ഒരുകൂട്ടം വ്യത്യസ്‌തയിടങ്ങളില്‍ നിന്നുവന്നവരായിട്ടും പരിചയപ്പെടാനും സംവദിക്കാനും ഏറെയുണ്ടായിട്ടും ഇലക്‌ട്രോണിക്‌ മാധ്യമങ്ങളുടെ അഭാവം ഒരുതരം ഡ്രഗ്‌ അഡിക്‌റ്റ്‌സുകളെപ്പോലെ അവരെ മാറ്റിപ്പണിതതായി തോന്നിച്ചു.
അറിവിന്റെ വിസ്‌ഫോടന സാധ്യതകള്‍ എത്ര തന്നെയുണ്ടെങ്കിലും ആഗോളീകരണവും അതിന്റെ ഫലമായി വന്ന നൂതന ആശയ വിനിമയോപാധികളും മനുഷ്യനില്‍ നിന്ന്‌ യഥാര്‍ത്ഥ ജീവിതഗന്ധത്തെയും പ്രവര്‍ത്തനോന്മുഖതയേയും എടുത്തുമാറ്റിയതായി കാണാം. അതുകൊണ്ടുതന്നെ കാമ്പസും മൃതസമാനമായി മാറി... മനുഷ്യന്‌ തന്റെ ചുറ്റുപാടിനോടുള്ള പ്രതിബദ്ധത തിരിച്ചുപിടിക്കണമെങ്കില്‍, യന്ത്രസമാനതയില്‍ നിന്ന്‌ മനുഷ്യഗുണത്തിന്റെ പൂര്‍ണതയിലേക്ക്‌ അവനെ തിരിച്ചുനടത്തണമെങ്കില്‍ ആഗോളീകരണത്തിന്റെ നന്മകള്‍ ഊറ്റിയെടുത്തുകൊണ്ട്‌ നാം കുടുങ്ങിക്കിടക്കുന്ന അതിന്റെ വലക്കണ്ണികള്‍ അറുത്തുമാറ്റാന്‍ നാം ഊക്കും ഊര്‍ജവും കാണിക്കണം. അതിനു ജീവിതഗന്ധിയായ വായനയെ മുന്നില്‍ നിര്‍ത്തി ബോധപൂര്‍വം യുദ്ധം ചെയ്യേണ്ടിവരും. യുവത്തത്തിന്റെ പ്രസരിപ്പുകള്‍ അവശേഷിക്കുന്നതുകൊണ്ട്‌ കാമ്പസുകളില്‍ നിന്നുതന്നെ പഴയതെങ്കിലും നമുക്ക്‌ പുതുതായ ഈ നവോത്ഥാന സംരംഭം രൂപം കൊള്ളണം. നല്ല സര്‍ഗാത്മകതയും സംവാദാത്മകതയും സമരോത്സുകതയും സംവേദനക്ഷമതയും വായനയുടെ ഈ പിടിവള്ളിയില്‍ പിടിച്ചുയര്‍ന്നോളും. ഇതിന്റെ ബലത്തില്‍ തങ്ങളുടെ സവിശേഷതകളെ പ്രസരിപ്പിക്കാനുള്ള കാമ്പസുകളുടെ നൈസര്‍ഗിക ശേഷി സമൂഹത്തിന്റെ ജീര്‍ണതകളെ പൊള്ളിക്കുകയും പൊളിച്ചുമാറ്റുകയും ചെയ്‌തേക്കാം.

Monday, February 7, 2011

ഞാനാണ് സൗമ്യയെ കൊന്നത്


അതെ , ഷൊര്‍ണൂരില്‍ കാമഭ്രാന്താല്‍ സൌമ്യ കൊല്ലപ്പെട്ടത് ഞാന്‍ കാരണമാണ് , എന്നെ കൊന്നു കളഞ്ഞേക്കുക നിങ്ങള്‍  . . .
വെട്ടി നുറുക്കി പട്ടിക്കിട്ടു കൊടുത്തേക്കുക.


നിങ്ങള്‍ ആരും ചിരിക്കണ്ട, നിങ്ങളുമുണ്ടായിരുന്നു എന്‍റെ കൂടെ . ..
തീവണ്ടിയില്‍ നിന്ന് അവളെ തള്ളിയിട്ടപ്പോള്‍  'ചങ്ങല വലിക്കട്ടെ' എന്ന് അവന്‍ ചോദിച്ചപ്പോള്‍  നീയാണ് പറഞ്ഞത് , 'വേണ്ട, അവള്‍ ചത്തുപോവുകയൊന്നുമില്ല'.
ഹും , എന്നിട്ട് നിന്ന് ഇളിക്കാന്‍ നാണമാകുന്നില്ലേ?


അതെ , നമ്മള്‍ സൗമ്യയെ, നമ്മുടെ പെങ്ങളെ കൊന്നു കളഞ്ഞിരിക്കുന്നു . നമുക്കാര്‍ക്കും എന്നിട്ടും ഒരു കുലുക്കവുമില്ല , സൗമ്യ ഒന്നാമാത്തവളല്ല , നമ്മള്‍ കൊന്നു തിന്ന എത്രയോ പേരില്‍ ഒരാള്‍ മാത്രം. ഇനി എന്നാണു നാം മലയാളിക്ക് നേര് തെളിയുക , തന്‍റെ സഹോദരനോ സഹോദരിയോ മരിക്കാനിരിക്കെയും ന്യൂസ്‌ ഹവറും കണ്ട അലവലാതി കുഞ്ഞാപ്പ , പിണറായി , ചാണ്ടി പോത്തന്മാരുടെ അണ്ണാക്കിലേക്ക് മിഴിച്ച് നോക്കാനും ഐ പി എല്ലും സ്റ്റാര്‍ സിങ്ങറും കാണാനുമുള്ള ധ്രിതിയാണ് നമുക്ക് . പോയി പണ്ടാറമടങ്ങ്‌ , നാളെ നിന്‍റെ മോളെയും, പെണ്ണിനേയും അമ്മയെയും സഹോദരിയും കൊന്നു തിന്നും , അപ്പോഴും നീ കാണാനിരിക്കണം നിന്‍റെ ഐ പി എല്ലും സ്റ്റാര്‍ സിങ്ങറും. അപ്പോഴും നീ നിന്‍റെ . . .


ദൂരെ കേള്‍ക്കുന്നത് അവളുടെ രോദനമാണ്‌. നമ്മള്‍ കൊന്നു തിന്ന സൗമ്യയുടെ , കാതു കൂര്‍പ്പിക്കൂ , നിനക്ക് കേള്‍ക്കുന്നുണ്ട് , ഒരു ചെറു വിരലെങ്കിലും നീയും ഞാനും അനക്കിയോ ?
ഒന്ന് ചോദിക്കട്ടെ ,
ഞാനും നീയും ഈ സമൂഹത്തിലേതെങ്കില്‍ അവള്‍ നിന്‍റെ, എന്‍റെ ആരാണ് ?


എന്‍റെ പ്രിയപ്പെട്ട പെങ്ങന്മാരെ , ഏതു നേരവും ചാടി വീണു മാന്തിക്കീറാവുന്ന ചിലര്‍ മാന്യതയുടെ പൊന്തക്കാടുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നത് ഓര്‍ത്ത്‌ വേണം നിങ്ങള്‍ ഓരോ അടിയും വെക്കാന്‍ . ആരും നിങ്ങളെ രക്ഷിക്കില്ല , ആരും . . .
നിങ്ങളെ നിങ്ങളു തന്നെ രക്ഷപ്പെടുത്തുക
ആയിരത്തൊന്നു രാവില്‍ രാജാവിനെ കഥ പറഞ്ഞു കഥ പറഞ്ഞു മയക്കി സ്ത്രീ വിമോചകയായ ഷഹറസാദിനെ നിങ്ങള്‍ മറക്കാതിരിക്കുക.
ഷഹറസാദുമാരാവുക , ഞങ്ങളോട് , നിങ്ങളുടെ ആങ്ങളമാരെന്ന് പറയുന്ന ......വരോട് പൊറുക്കാതിരിക്കുക.