Sunday, August 9, 2009

"നീയെന്നോടു പൊറുക്കരുത്" എന്നല്ലാതെമറ്റെന്തു പറയാന്‍ കഴിയും!







"അവര്‍ കുതിര്‍ന്ന ചുവരുകളിലൂടെ വിരലോടിച്ചു. ചുവര് തന്‍റെ അവസാന ശ്വാസത്തിന്‍റെ ആര്‍ദ്രതയില്‍ പിടയ്ക്കുന്നതവരറിഞ്ഞു. ചുവരിന്റെ വിള്ളലുകളിലൂടെ ഞരമ്പുകളിലൂടെയെന്നപോല്‍ വെള്ളം മെല്ലെ മെല്ലെ കയറിക്കൊണ്ടിരുന്നു. ഓളം വെട്ടുന്ന വെള്ളത്തിലൂടെ നടന്ന് അവന്‍ജനലിനടുത്തെത്തി. പുറത്ത്, പ്രളയം, മഹാ പ്രളയം! പാതിയും ജലം കയറിയ വീടിന്റെ അസ്ഥിയും കുതിര്‍ന്ന് തകര്‍ന്നു വീഴുന്ന നിമിഷം ഇരച്ചെത്തുന്നത് കാതോര്‍ത്ത്‌ . . . "


വയലും വീഥിയും ഇന്ന് വെള്ളത്തിന്‍റെ നിരപ്പിനടിയില്‍ മറഞ്ഞു കിടക്കുന്നു. ഒന്ന് മാനം കറുത്തപ്പോള്‍ നിറഞ്ഞ് ഒഴുകിയത്‌ അവിവേകത്തിന്‍റെ ഫലങ്ങളാണ്. വയലു നികത്തി കോണ്‍ക്രീട്ടു കാട് കെട്ടിയവര്‍ക്ക് ഇന്ന് വെള്ളമൊഴിഞ്ഞു പോകാന്‍ വയലില്ലാത്തത് കണ്ടു പരിതപിക്കാനെന്തവകാശം. കൃഷിയും സന്തുലിതാവസ്ഥയും വയലിന്‍റെ കയ്യിലായിരുന്നപ്പോള്‍ ഈ വെള്ളപ്പൊക്കം നിയന്ത്രിതമായിരുന്നു. മുന്‍പ് പെയ്തവയും മഴയായിരുന്നു. ഒരുപക്ഷേ ഇന്നത്തേതിലേറെ ശക്തമായി. അന്ന് ജലവിതാനം ഒരു പരിധി കടക്കാതെ തടഞ്ഞിരുന്നത്‌ ഈ പാടശേഖരങ്ങളായിരുന്നു.ഇന്ന് വെള്ളമൊഴിഞ്ഞു പോകാന്‍ ഇടമില്ലാതെ ഉള്ളിടത്ത് തന്നെ ഉയര്‍ന്നു വരുന്നു.കുന്നിടിച്ചു നിരത്തി വയല് നിറയ്ക്കുമ്പോള്‍ അറിയാഞ്ഞത് മനുഷ്യന്‍ ഈ വെള്ളപ്പൊക്കത്തില്‍ അറിയുന്നു, പച്ചപ്പുതപ്പിനെ ഊരിമാറ്റി കോണ്‍ക്രീറ്റു തോരണങ്ങള്‍ അണിയിച്ചതിലെ അനന്തരഫലങ്ങള്‍.
ഉരുക്ക് ദിനോസറുകള്‍ കരളു മാന്തിയ കുന്നിന്‍ പുറങ്ങള്‍ക്ക് വേണ്ടി കരയാന്‍ ഒരു ഹൃദയമെന്കിലും ഇന്ന് ശക്തമാണോ? നഖം കൊണ്ടു മാന്തിക്കീറി നിരപ്പാക്കുമ്പോഴും മറ്റൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കാന്‍ നമ്മള്‍ തയ്യാറാകാത്തതെന്തേ? പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് വലിയൊരളവു പങ്കു വഹിച്ചിരുന്ന ചെരിഇയ കുന്നുകള്‍ ഇടിച്ചു നിരത്തി വയല്‍ നിരത്തുകയാണല്ലോ. ഒന്ന് തകര്‍ത്തു മറ്റൊന്ന് നിറയ്ക്കുന്നതിന്‍റെ ക്രൂരത വന്നടിക്കുക തന്‍റെ തലയ്ക്കു തന്നെയാണെന്ന് മനുഷ്യനിനിയും അറിയാറായിട്ടില്ലേ?ഓരോ കാടിന്‍റെ അടിവേര് പിഴുതെടുക്കുമ്പോഴും ഭൂമിയിലെ ജീവന്‍റെ ഓരോ തന്തുവുമാണ് പറിച്ചെടുക്കുന്നത്. ഓക്സിജന്‍ ദാതാക്കളായ ഹരിതവനങ്ങള്‍ നശിപ്പിക്കപ്പെട്ട് ഭൂമിയെ മുണ്ഡനം ചെയ്തുകൊണ്ടിരിക്കുകയാണ് മനുഷ്യന്‍. കയ്യും കണക്കുമില്ലാതെ വനനശീകരണം വരുത്തിത്തീര്‍ക്കുന്ന വരള്‍ച്ചയും ഉരുള്‍പ്പൊട്ടലും മണ്ണൊലിപ്പും ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പിനെ അപകടത്തിലാക്കും. വായുവും വെള്ളവും മണ്ണും മനുഷ്യന്‍ വിഷം കൊടുത്ത് മലിനമാക്കുന്നതിന്‍റെ തോത്‌ വര്ഷം തോറും വര്‍ദ്ധിക്കുകയാണ്. വ്യവസായ ശാലകളിലെ രാസവസ്തുക്കള്‍ ചേര്‍ന്ന മാലിന്യങ്ങള്‍ ജലാശയങ്ങളിലേക്ക്‌ തുറന്നുവിടുന്നതിനു പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടായിരിക്കും. വിഷലിപ്തമാണ് ഇന്ന് കേരളത്തിലെ നദികള്‍. മീനുകളും മറ്റും കൂട്ടത്തോടെ ചത്തുപൊന്തുന്ന പ്രതിഭാസങ്ങള്‍ ഇതിന്‍റെ അനന്തരഫലമാണ്.പാപ്പാന്‍ കുളിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ പുഴയിലെ കയത്തില്‍ വീണു ചരിഞ്ഞ ഒരു ആനക്കുട്ടിയുടെ ജഡം കുറച്ചുമുന്‍പ്‌ ചെറിയൊരു ഇളക്കം സൃഷ്ടിക്കുകയുണ്ടായി. മണല്‍ വാരി രൂപപ്പെട്ട കുഴിയിലേക്ക് വീണുപോയതുകൊണ്ടാണ് ആനക്കുട്ടിക്ക് ഈ ദുരന്തം ഉണ്ടായത്. പുഴയുടെ മാറു കീറി മണല്‍ കൊരിക്കൊണ്ടുപോകുന്നത് പുഴയ്ക്കു കരയിടിച്ചില്‍ ഭീഷണിയുണ്ടാക്കുന്നു. ഇത് സമീപവാസികളെയും സാരമായി ബാധിക്കും.
കൂട് പൊളിച്ചു പുറത്തു വന്ന പൂമ്പാറ്റ കൂട്ടിന്‍മേല്‍ ഒരല്‍പം നേരം ഇരുന്നു. ഉള്ളില്‍ ഉണര്ച്ചയ്ക്ക് തൊട്ടുമുന്‍പ് കണ്ട സുന്ദര സ്വപ്നമായിരുന്നു. പൂക്കളും അരുവികളും കണ്ട് അമ്മയോടൊപ്പം പാറിപ്പറക്കുന്ന സ്വപ്നം. അമ്മ തേന്‍ വച്ച് തന്നപ്പോഴാണുണര്‍ന്നത്‌. അവന്‍ ചുറ്റും നോക്കി. എവിടെ? പൂക്കള്‍, പാട്ട് പാടുന്ന കുരുവികള്‍, അരുവിമര്‍മ്മരങ്ങള്‍. . . അവനു വല്ലാതെ ദാഹിച്ചു. പുള്ളിക്കുപ്പായം വിടര്‍ത്തി അവന്‍ പറക്കാന്‍ തുടങ്ങി. ഒരു പൂവ്‌, തൊണ്ട വരളുന്നു. എങ്ങും പറന്നു കിടക്കുന്നത് അറ്റമില്ലാത്ത ശൂന്യത. ചിറകുകള്‍ ആഞ്ഞു വീശി അവന്‍ പറന്നു. ഹാവൂ! അകലെ ഒരു പുല്‍മേട്‌ കാണുന്നു. ഒരു വീട്ടുമുറ്റമാണ്. കുറച്ചു പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നു. ഇതളുകള്‍ക്കൊക്കെ എന്തുറപ്പ്‌! ഇത് പൂവല്ലേ? ആട്ടെ, ഒരിറ്റു തേന്‍ കിട്ടിയാല്‍ മതി. അവന്‍ ചുണ്ട് നീട്ടി തേന്‍ വലിച്ചെടുത്തു. അമ്മേ, വിഷം.!!!ഒരു ഞാറ്റു വേലക്കാലത്തിന്‍റെ ഓര്‍മ്മകള്‍ എന്നോ മറഞ്ഞുപോയിരിക്കുന്നു ഭൂമിയില്‍ ‍നിന്ന്. തുമ്പികള്‍ പച്ചപ്പില്‍ തുള്ളി മറഞ്ഞ ഒരോണം ബാധിരഭൂതത്തിനുമപ്പുറത്തായിരിക്കണം.മഴുത്തലപ്പിന്‍റെ മൂര്‍ച്ചയറിഞ്ഞ കാടിന്‍റെ നിലവിളി പാതിയിലെങ്ങോ നേര്‍ത്തുപോയിരിക്കുന്നു. വേരറ്റ മരങ്ങള്‍ മുറിഞ്ഞുപോയ സ്വപ്നത്തിന്‍റെ പിടച്ചില്‍ നെഞ്ചിലേറ്റുന്നുണ്ടായിരിക്കാം.ഇനിയൊരു പുതുജീവന്‍ കണ്മുന്നില്‍ തളിര്‍ക്കുന്നത്‌ ചിതറിപ്പോകുന്ന കാലത്തിന്‍റെ ഓരോ അണുവിലും കാത്തുവെച്ചാല്‍ പ്രകൃതി വീണ്ടും നമ്മളോട് കരുണ കാണിക്കുന്നുവെന്ന് കണ്ണ് നിറച്ചുകൊണ്ട് പറയാം.നരച്ചുപോയൊരു കാടിന്‍റെ ഉണങ്ങാത്ത മുറിവുപോലെ ചുവന്നുപോയൊരു മൊട്ടക്കുന്നിന്‍ചരുവില്‍ പുതലുപിടിച്ച മരത്തിന്‍റെ ഒറ്റക്കൊമ്പിലിരുന്ന് കൂടില്ലാതെ തേങ്ങുന്ന കിളിയുടെ സങ്കടം ഉണര്‍ച്ചയുടെ അന്ത്യനിമിഷങ്ങളിലെങ്കിലും മനുഷ്യന്‍റെ ദുരാഗ്രഹത്തിനുമീതെ കലമ്പലുണ്ടാക്കിയിരുന്നെങ്കില്‍ . . .ഭൂമി അമ്മയാണ്.പ്രകൃതി ഭൂമിയുടെ പുടവയും.അമ്മയെ മാനഭംഗപ്പെടുത്തിയവരില്‍,സ്വപ്നങ്ങളില്‍ചോര ചുവപ്പായിട്ടില്ല.സ്വപ്നങ്ങളുടെ പെരുങ്കടല്‍ താണ്ടിയവരില്ല.ഒരു വേള സ്വയം കണ്ണുകള്‍ ഇരുട്ടാക്കേണ്ടിയെങ്കിലുംവരുമെന്ന് പ്രാക്തന നഭസ്സിലിരുന്നൊരുകഥാപാത്രം കരയുന്നുണ്ട്,



"നീയെന്നോടു പൊറുക്കരുത്" എന്നല്ലാതെമറ്റെന്തു പറയാന്‍ കഴിയും!

No comments: