Friday, June 25, 2010

വീട്ടിലേക്കുള്ള വഴികള്‍

വേദനയുടെ വെയില്‍ വരമ്പത്തുകൂടിയാണ്‌
എന്റെ വീട്ടിലേക്കുള്ള വഴി.?

ബോധത്തിലൊക്കെയുമതിരമ്പിക്കയറി, നൊന്തു തുടങ്ങിയിട്ടാണ്‌ കണ്ടത്‌, ആ വാക്കു വന്ന വഴി! പത്രാപ്പീസില്‍നിന്ന്‌ തിരക്കിട്ടിറങ്ങിയപ്പോള്‍ നഗരത്തിരക്കിന്റെ ഓരത്ത്‌ അയാള്‍. ജീവിതപ്പെരുക്കങ്ങളുടെ സമചിഹ്നത്തിനപ്പുറത്ത്‌ തോറ്റുപോയവന്‍, സുകുമാരന്‍. ഒപ്പം അവന്റെയൊരേയൊരു ജയം, ലക്ഷ്‌മി; അവന്റെ പെണ്ണ്‌.
നഗരപ്പെരുവഴിയില്‍ ഒരു ഉറക്കമില്ലാരാത്രി കൂടി പങ്കിട്ടെടുക്കുമ്പോള്‍, ദൂരെ, ആ കുന്നിന്‍മുകളില്‍ അവരുടെ വീട്‌ തനിച്ചായിരിക്കും; ഭാരം പേറാനാകാതെ എന്നോ ഇറക്കിവെച്ച കിനാവുകളും. ഇരുപത്തിനാലു വര്‍ഷങ്ങള്‍ക്കപ്പുറത്ത്‌ പുതുപെണ്ണിന്റെ കൈ പിടിക്കുമ്പോള്‍, മെഡിക്കല്‍ കോളേജ്‌ യാത്രകളിലെ മരവിപ്പായിരുന്നിരിക്കില്ല സുകുമാരന്റെ മനസ്സില്‍. പ്രിയപ്പെട്ടവന്റെ വേദന നീര്‍കുടിച്ചു വറ്റിച്ച കണ്ണുകളായിരുന്നിരിക്കില്ല ലക്ഷ്‌മിയുടെ മനോചിത്രങ്ങളില്‍. കുന്നിന്‍മുകളില്‍ ജീവസാന്നിദ്ധ്യമില്ലാത്തൊരു നാല്‍ചുവര്‍ കൂരയായിരുന്നിരിക്കില്ല അവരുടെ വര്‍ത്തമാനങ്ങളില്‍...
സുകുമാരന്‍ ഇസ്‌തിരിയിട്ട്‌ നിവര്‍ത്തിയ കുപ്പായവുമിട്ട്‌ അളകാപുരിയില്‍ നിന്നിറങ്ങുമ്പോള്‍, ഒരെഴുത്തുകാരനുമറിഞ്ഞിരിക്കില്ല ജീവിതം കൊണ്ടൊരു ദുരന്താഖ്യായിക എഴുതുന്നവന്റെ വിയര്‍പ്പാണിതെന്ന്‌.
മുപ്പതാം വയസ്സില്‍ കല്യാണം കഴിച്ച പെണ്ണിനേയും കൊണ്ട്‌ സുകുമാരന്‍ പലവട്ടം പിടഞ്ഞുനോക്കിയതാണ്‌, കരകയറാന്‍. പല വേഷങ്ങളും അണിഞ്ഞുനോക്കി. കൂട്ടത്തില്‍ ഏഴെട്ടു വര്‍ഷം അളകാപുരിയിലെ ഇസ്‌തിരിക്കാരന്റെയും. വര്‍ഷങ്ങള്‍ ഉരുക്കഴിച്ചിട്ടും ബാക്കികിട്ടിയത്‌ രോഗാതുരതയുടെ പൂപ്പലുകള്‍ മാത്രം. കണ്ടുകൂട്ടിയ കിനാവുകളുടെ ശക്തികൊണ്ടാകണം രണ്ട്‌ വര്‍ഷം മുമ്പ്‌ സുകുമാരനൊരു കൂര കെട്ടിയത്‌. ഇരുപത്തിരണ്ട്‌ വര്‍ഷങ്ങളുടെ ചോര കൊണ്ടാണ്‌ കല്ലുറപ്പിച്ചത്‌. പക്ഷേ, തോറ്റവര്‍ തന്നെ വീണ്ടും വീണ്ടും തോല്‍ക്കേണ്ടി വരുന്ന വിധിയുടെ പെരുങ്കളിയില്‍ സുകുമാരനും അടിതെറ്റി. രോഗത്തിന്റെ വടങ്ങള്‍ അയാളെ പിടിച്ചുകെട്ടി മെഡിക്കല്‍ കോളേജിന്റെ തിരമാലയിലേക്ക്‌ വലിച്ചിട്ടു. ലക്ഷ്‌മി സുകുമാരന്‍ തന്നെയായതുകൊണ്ട്‌ അവളേയും. ഒന്നു കുതറിയെണീറ്റ്‌ പുരയുടെ തണുപ്പിലേക്ക്‌ ഓടിച്ചെല്ലുമ്പോഴൊക്കെയും വീണ്ടും കുത്തിപ്പഴുക്കും, പൊറ്റകെട്ടിയ മുറിവുകള്‍... വീണ്ടും ആസ്‌പത്രിത്തിരക്കിലേക്ക്‌... അങ്ങനെ, സ്വപ്‌നങ്ങളുടെ വീട്ടില്‍ ഇത്തിരി ദിവസത്തിന്റെ ആശ്വാസങ്ങളുള്ള ഒരു വര്‍ഷം. ഒടുക്കം, ശേഷിക്കുന്ന കരുത്തും ഒന്നൊന്നായി ചോര്‍ന്നുപോയപ്പോള്‍, ആസ്‌പത്രിയില്‍ നിന്നും വീട്ടിലേക്കുള്ള വഴി നോവു നിറഞ്ഞ ഇരുട്ടായപ്പോള്‍, കോഴിക്കോട്‌ പാളയം സ്റ്റാന്റിന്റെ തിണ്ണയില്‍ ഇരുന്നുപോയി ലക്ഷ്‌മി, മടിയില്‍ പാതിയടര്‍ന്ന്‌ സുകുമാരനും...
വേദനയുടെ വെയില്‍വരമ്പു താണ്ടി എന്നെങ്കിലും കുന്നിന്‍മുകളിലെ വീട്ടില്‍ സുകുമാരനെത്തുമോ, ലക്ഷ്‌മിയുടെ കയ്യും പിടിച്ച്‌...?
നഗരപ്പെരുവഴിയില്‍ അവരെക്കടന്നുനീങ്ങുമ്പോള്‍ പെട്ടെന്ന്‌ വീടണയാന്‍ തോന്നി. പേടിയുടെ, ഒറ്റപ്പെടലിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നതുപോലെ. ഒക്കെയും തീര്‍ത്തുപെയ്യണമെങ്കില്‍ വീടിന്റെ ഉമ്മച്ചൂടിലെത്തണം... അടുക്കളക്കോണിലെ അലുമിനിയക്കലത്തില്‍നിന്ന്‌ ഒരിറുക്ക്‌ വെള്ളം കുടിക്കണം, ഇഷ്‌ടവും കണ്ണീരും കൂട്ടിക്കുഴച്ച്‌ ഉമ്മ വിളമ്പിത്തരുന്ന ചോറുണ്ണണം, ഇടക്ക്‌ അനിയത്തിയുടെ ചെവിക്കുപിടിച്ച്‌ വല്ലിക്കാക്കയാകണം, വീട്ടിലെ കുഞ്ഞുരാജാത്തിയെ വാരിയെടുത്ത്‌ മാനം കാട്ടണം; കല്‍ക്കണ്ടക്കഷ്‌ണം കൊടുക്കണം, കണ്ണടച്ചില്ലിനപ്പുറത്ത്‌ ഉപ്പയുടെ വാത്‌സല്യക്കണ്ണിന്റെ സുരക്ഷിതത്വമറിയണം...
വീട്‌ തുടക്കമാണ്‌. പടികയറുന്ന പ്രതീക്ഷകളുടെ, വാതില്‍ക്കല്‍ വന്നെത്തിനോക്കുന്ന ജീവിതാഭിലാഷങ്ങളുടെ, ആശങ്കകളുടെ. ഗര്‍ഭാശയത്തിന്റെ ഊഷ്‌മളതയില്‍ തുടങ്ങുന്നു മനുഷ്യന്റെ വീടോര്‍മകള്‍. വീട്‌ കുടുംബം തന്നെയാണ്‌. എത്രയെത്ര അകലെപ്പോയാലും ?വരൂ, മടങ്ങി വരൂ? എന്ന്‌ മന്ത്രിക്കാന്‍, നമ്മുടെ പല അഹങ്കാരങ്ങളേയും തോല്‍പിക്കാന്‍, ഇനിയെന്നുകാണുമെന്ന്‌ വിരഹവിഷാദത്തിലമര്‍ത്താന്‍ വീടിനു കഴിയുന്നു. എല്ലായ്‌പ്പോഴുമല്ല, തന്റേതൊരു സമാധാന ഗേഹമാണെങ്കില്‍, ഹൃദയത്തിലെ നനവും ഓര്‍മകളിലെ വെളിച്ചവുമാണെങ്കില്‍... പട്ടിണിക്കലമെങ്കിലും വെച്ചുവിളമ്പിക്കിട്ടാന്‍-തീരാത്ത സ്‌നേഹപ്പുഴകളുണ്ടെങ്കില്‍...
ദൂരെപ്പോ...? എന്ന്‌ വീടിന്റെ വിളിയെ ആട്ടിപ്പായിച്ചവരൊക്കെ, സമര്‍ത്ഥമായതിനെ കബളിപ്പിച്ചവരൊക്കെ പിന്നീടൊരിക്കലെങ്കിലും വീണ്ടുമാവിളിക്ക്‌, തന്നെ പിന്‍തുടര്‍ന്ന വീടിന്റെ അദൃശ്യകരങ്ങള്‍ക്ക്‌ കൊതിച്ചിട്ടുണ്ടാകും. തീര്‍ച്ച.
ഓര്‍മകളില്‍ വിയര്‍പ്പുകുത്തിയ ഒരു തലയിണ മണക്കുന്നു. തറവാട്‌ വീടിന്റെ മണം... പഴകിയ ഉമ്മറക്കോലായിയുടെ, ഓഫീസുമുറിയിലെ പഴയ പത്രക്കെട്ടുകളുടെ, പത്തായത്തിലെ വിത്തിനുവെച്ച നെല്ലിന്റെ, അരിച്ചാക്കില്‍ പഴുക്കാന്‍ പൂഴ്‌ത്തിവെച്ച ഈനാമ്പഴത്തിന്റെ, അപ്പത്തിനൊപ്പം വെന്ത പൊടിയണ്ണിയിലയുടെ, വല്ലിപ്പയുടെ ചാരുകസേരയുടെ, വല്ലിമ്മച്ചീന്റെ പുള്ളിത്തുണിയുടെ... അങ്ങനെയങ്ങനെ ഒരുപാട്‌ മണങ്ങള്‍ ചേര്‍ന്ന ഒരൊറ്റമണം. ഒരു വീടിന്റെ മാത്രം, പൊളിച്ചുമാറ്റിയിട്ടും ഓര്‍മയില്‍നിന്ന്‌ ഓടിമറയാന്‍ കൂട്ടാക്കാത്ത...
വീട്ടുമണങ്ങളുടെ ഇഷ്‌ടങ്ങള്‍ തിരഞ്ഞാണന്ന്‌ കൂട്ടുകാരന്റെ വീട്ടില്‍ പോയത്‌. ?ഇത്ര നാളായിട്ടും, പഠനത്തിന്റെ ബാലികേറാമലകളില്‍ കൂട്ടായിട്ടും വീട്ടിലേക്കൊന്ന്‌ വിളിച്ചില്ലല്ലോ? എന്ന പരിഭവവും കൊണ്ട്‌. ബസ്‌ സ്റ്റോപ്പില്‍ അവന്‍ കാത്തുനില്‍പുണ്ടായിരുന്നു.
റോഡില്‍ നിന്ന്‌ ഇത്തിരിയകലെ ഒരു കുഞ്ഞുവാര്‍പ്പ്‌ വീട്‌, പണിതീരാത്ത. ഓടുമേഞ്ഞ പഴയ വീടുകള്‍ക്കും പുതിയ വാര്‍പ്പുവീടുകള്‍ക്കുമിടയില്‍ തന്റെയിടം എവിടെയെന്നറിയാത്ത...
ന്റെ മൂത്തോന്‍ അറബ്‌ നാട്ടില്‍ കെടന്ന്‌ നയിച്ചിട്ടാണിത്രേം...?
അവന്റുമ്മയുടെ കണ്ണില്‍ നനവ്‌.
ഇതൊരു വീടായിട്ടില്ല കുട്ട്യേ, ?വീ ആയിട്ടേയൊള്ളൂ.?
ചായഗ്ലാസ്‌ നീട്ടിയൊരു ഇത്തക്കയ്യ്‌ ചിരിച്ചു.
റഷീദിന്റെ ബീവിയാണ്‌.?
ഉം... തിരക്കുണ്ടുമ്മാ, ഇത്താ, ഇറങ്ങട്ടെ...?
നനഞ്ഞുതുടങ്ങുന്ന കണ്ണുകളെത്തോല്‌പിക്കാന്‍ വേഗം യാത്ര പറഞ്ഞിറങ്ങി.
എടാ, കാക്ക അവിടെക്കിടന്ന്‌ കഷ്‌ടപ്പെടാണ്‌. ആറേഴുകൊല്ലായീടാ പോയീട്ട്‌. ഞാനിന്നും പഠിച്ചുനടക്കാണ്‌...?
നല്ലവാക്ക്‌ വേണ്ടപ്പോഴൊക്കെ പിടികൂടുന്ന മൗനത്തിന്‌ തോറ്റുകൊടുത്ത്‌, ഞാന്‍ അവനില്‍ നിന്നും നടന്നുനീങ്ങി.
?നാട്ടില്‍ വരാന്‍ പൂതിയില്ലാഞ്ഞല്ല പെണ്ണേ... നമ്മുടെ വീട്‌, അതൊന്ന്‌ പൂര്‍ത്ത്യാക്കീട്ട്‌...?
റഷീദ്‌ക്കാ തന്റെ ബീവിക്കെഴുതിയിട്ടുണ്ടാവണം.
നടന്ന്‌ മെയിന്‍ റോഡിലെത്തിയപ്പോള്‍ ആ വലിയ വീട്‌ നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കൂറ്റന്‍ മതിലുകള്‍ക്ക്‌ മുകളില്‍ ഒന്നാം നില മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. ഗെയ്‌റ്റിന്റെ അഴികള്‍ക്കുള്ളിലെ കാഴ്‌ചയില്‍ ഓര്‍ക്കിഡും ആന്തൂറിയവുമൊക്കെ അച്ചടക്കത്തോടെ നില്‍ക്കുന്നു.
ഹേയ്‌, നിങ്ങളാണോ ഇവിടുത്തെ തടവുകാര്‍??
ഉം, എന്തുവേണം? വാച്ച്‌മാന്‍ മുരണ്ടു!
കാവല്‍ക്കാരാ, അയല്‍പക്കത്തെ വിശേഷങ്ങളും നാട്ടുമണങ്ങളും കുഞ്ഞുങ്ങളുടെ കളിത്തോറ്റങ്ങളുമൊക്കെ അകത്തുകടക്കാതെ നോക്കണേ...?


തൊട്ടപ്പുറത്തൊരു ടെറസുവീടിന്റെ പടിയില്‍ റോഡിലേക്ക്‌ കണ്ണുംനട്ട്‌ സ്‌കൂള്‍ ബാഗ്‌ മടിയില്‍വെച്ച്‌ ഒരു കുട്ടിയിരിക്കുന്നു. അമ്മ താക്കോലേല്‍പിക്കാന്‍ മറന്നുപോയതായിരിക്കണം. അയല്‍വീട്ടില്‍ താക്കോലേല്‍പിക്കാന്‍ മറന്ന അമ്മമാരുടെ കുട്ടികള്‍ക്ക്‌ എന്തായിരിക്കാം വീട്‌? ഉണ്ടായിട്ടും വേണ്ടപ്പോള്‍ കിട്ടാതെപോകുന്ന ഇടത്തരക്കാരന്റെ കുറേ നഷ്‌ടങ്ങളിലൊന്നോ? കോണ്‍ക്രീറ്റുകാട്‌ കെട്ടി ചുറ്റുമതിലിന്റെ കെട്ടുപാടുകളില്‍ കഴിയാനൂറ്റം കൊള്ളുന്നവര്‍ക്ക്‌ വീട്‌ നല്ലൊരോര്‍മ പോലുമായിരിക്കില്ല! ഒടുക്കം, തുടിക്കുന്ന ജീവിതം ഓര്‍മകളില്‍ തടഞ്ഞ്‌ പതിയെ നിലക്കുമ്പോള്‍ നേടിയതും വെട്ടിപ്പിടിച്ചതുമൊക്കെ നിവര്‍ത്തിയ കൈവെള്ളയില്‍ അനാഥമാകുമ്പോള്‍ മണ്ണിന്റെ തണുപ്പില്‍, പൂര്‍വ്വ അംശത്തിന്റെ സഫലതയില്‍ ആറടിമണ്ണിന്റെ അവസാന വീട്‌...
വീടോര്‍മകളില്‍ മുഴുകി സമയം പോയതറിഞ്ഞില്ല. സുകുമാരനും ലക്ഷ്‌മിയും എത്രയോ ദുരെയാണ്‌. ബസ്‌ സ്റ്റാന്റിന്റെ വശങ്ങളിലൊക്കെയും ചാക്കുകളും പത്രക്കടലാസുകളും ഇടം പിടിച്ചിരിക്കുന്നു. അവക്കുമുകളില്‍ വീടുകളില്‍ നിന്ന്‌ പുറന്തള്ളപ്പെട്ടവരും ഇറങ്ങിനടന്നവരും അത്തരമൊന്ന്‌ ഒരിക്കലും നേടാനാകാത്തവരും നഗരമഴുക്കില്‍ പെറ്റുവീഴപ്പെട്ടവരുമൊക്കെ ഉറക്കം പിടിച്ചിരിക്കുന്നു.
ഒരു കവിതാശകലം ഓര്‍മ വരുന്നു,
 

പട്ടുമെത്തയിലുറങ്ങുന്ന,
പേക്കിനാവ്‌ കണ്ടിട്ടേയില്ലാത്ത
കൂട്ടുകാരാ...

നിന്നേക്കാള്‍
എത്ര വലുതാണെന്റ വീട്‌.

അറ്റമില്ലാത്ത വിസ്‌തൃതിയില്‍
അളവറ്റ ഉയരത്തില്‍...?








No comments: