Wednesday, June 30, 2010

qls sangamam

``മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള സദുപദേശവും മനസ്സുകളിലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ ശമനവും നിങ്ങള്‍ക്ക്‌ വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക്‌ മാര്‍ഗദര്‍ശനവും കാരുണ്യവുമാണത്‌.'' (യൂനുസ്‌ 57)
കാലഭേദങ്ങള്‍ക്കും ജനസമൂഹങ്ങള്‍ക്കും അതീതമായി നന്മയുടെയും പ്രത്യാശയുടെയും കെടാവിളക്കായാണ്‌ വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന്‌ സമ്മാനിക്കപ്പെടുന്നത്‌. ഒരേസമയം വിജ്ഞാനത്തിന്റെ പ്രഭയായും നേര്‍മാര്‍ഗത്തിന്റെനിലാവായും പ്രതീക്ഷകളുടെ പെട്ടകമായും സമാശ്വാസത്തിന്റെ ശീതളസ്‌പര്‍ശമായും താക്കീതിന്റെ ചൂണ്ടുപലകയായും ഖുര്‍ആന്‍ നമ്മെ സമീപിക്കുന്നു. എന്നിട്ടും ജീവിതസമവാക്യങ്ങളുടെ പൊരുത്തക്കേടുകളൊക്കെയും തിരുത്താനുതകുന്ന ശമനൗഷധം അലമാരയില്‍ ഭദ്രമായി വെച്ച്‌ രോഗാതുരരായി കാലം കഴിച്ചവരെക്കുറിച്ചെന്ത്‌ പറയാന്‍; നഷ്‌ടപ്പെട്ടവര്‍ എന്നല്ലാതെ!
പൗരോഹിത്യം കല്‌പിച്ചതും സമുദായം കൈനീട്ടി സ്വീകരിച്ചതുമായ ആ വിഡ്‌ഢിത്തത്തിന്റെ കാലഘട്ടം അവസാനിച്ചിരിക്കുന്നു. എന്‍ വി അബ്‌ദുസ്സലാം മൗലവി പോലുള്ള ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ മുന്‍കാല പണ്ഡിതശ്രേഷ്‌ഠര്‍ തുടങ്ങി വച്ച അനൗപചാരിക ഖുര്‍ആന്‍ ക്ലാസുകള്‍ കേരളക്കരയിലുണ്ടാക്കിയ മാറ്റത്തിന്റെ വെളിച്ചം വിസ്‌മയാവഹമാണ്‌. ഇന്ന്‌, ഖുര്‍ആന്‍ പഠിക്കാനും ചിന്തിക്കാനും അവനവനെ തന്നെ തിരുത്താനുമുള്ളതാണെന്ന്‌ മുസ്‌ലിം ജനസമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും നടത്തുന്ന ഖുര്‍ആന്‍ പഠനസംവിധാനങ്ങളിലെ വിദ്യാര്‍ഥി സമ്പന്നത ഇതിനു തെളിവാണ്‌.
ഇസ്‌ലാഹീ പ്രസ്ഥാനം വളര്‍ത്തിയെടുത്ത അനൗപചാരിക ഖുര്‍ആന്‍ പഠനങ്ങളുടെ ചുവടുപിടിച്ച്‌ 1995ല്‍ കെ കെ മുഹമ്മദ്‌ സുല്ലമിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ക്യു എല്‍ എസ്‌, ഖുര്‍ആന്‍ പഠനരംഗത്ത്‌ ഒരു വലിയ വിപ്ലവത്തിന്‌ തുടക്കംകുറിക്കുകയായിരുന്നു. ക്യു എല്‍ എസ്‌ വിളിച്ചുവരുത്തിയ ഖുര്‍ആന്‍ വൈജ്ഞാനിക നവോത്ഥാനം വളരെ വലുതാണ്‌. ഖുര്‍ആന്‍ പാരായണത്തിനു മാത്രമാണെന്ന്‌ ശഠിച്ചിരുന്ന യാഥാസ്ഥിതിക മുസ്‌ലിം വിഭാഗങ്ങള്‍ വരെ ഖുര്‍ആന്‍ വഴികാട്ടിയാകുന്നതെങ്ങനെയെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി.
1997ലാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ കീഴില്‍ ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍, കേരള എന്ന ഖുര്‍ആന്‍ പഠന സംവിധാനം നിലവില്‍ വരുന്നത്‌. ക്യു എല്‍ എസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ പഠനസംരംഭങ്ങളായ എസ്‌ എല്‍ ആര്‍ സി, ക്യു എച്ച്‌ എല്‍ എസ്‌ തുടങ്ങിയവയും എസ്‌ കെ എസ്‌ എസ്‌ എഫിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ പ്രഭാഷണ സംവിധാനങ്ങളും, ബിസ്‌മി, ഖുര്‍ആന്‍ കറസ്‌പോണ്ടന്‍സ്‌ കോഴ്‌സ്‌ തുടങ്ങി വ്യക്തികള്‍ നടത്തുന്ന ഖുര്‍ആന്‍ പഠന സംരംഭങ്ങളും കേരളത്തില്‍ നടന്നുവരുന്നുണ്ട്‌. വിവിധങ്ങളായ ഖുര്‍ആന്‍ ഭാഗങ്ങളുടെ ആശയാവിഷ്‌കരണ സീഡികളും ഖുര്‍ആന്‍ സോഫ്‌റ്റ്‌വെയറുകളും അടുത്ത കാലത്ത്‌ പ്രസിദ്ധീകൃതമായിട്ടുണ്ട്‌. ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററുകളുടെ കീഴില്‍ നടന്നുവരുന്ന ഫാമിലി ക്യു എല്‍ എസ്‌ സംവിധാനങ്ങള്‍ ഗള്‍ഫ്‌ നാടുകളില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ്‌.
പടിപടിയായും കൃത്യമായുമുള്ള ആസൂത്രണത്തിന്റെ ഫലമായി ക്യു എല്‍ എസ്‌ സംവിധാനം പഠിതാക്കള്‍ക്കുള്ള കൈപ്പുസ്‌തകങ്ങളും അധ്യാപകസഹായികളും ഇന്‍സ്‌ട്രക്‌ടര്‍മാര്‍ക്കുള്ള പരിശീലന ക്ലാസുകളുമൊക്കെയായി വിപുലപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. സംഘടനാ പ്രവര്‍ത്തനങ്ങളും മുസ്‌ലിം ജനസാമാന്യത്തിന്റെ വിജ്ഞാനദാഹവുമൊക്കെ അതിനു നിദാനമായെങ്കിലും എത്ര ശ്രമിച്ചാലും പൂഴ്‌ത്തിവെക്കാനാവാത്ത ഖുര്‍ആനിക വെളിച്ചംതന്നെയാണ്‌ അനുസ്യൂതം മനുഷ്യരെ അതിന്റെ വഴി നടത്തുന്നത്‌. അംഗീകൃതവും അല്ലാത്തതുമായ ക്യു എല്‍ എസ്‌ സംവിധാനങ്ങളിലായി അയ്യായിരത്തിലധികം ആളുകള്‍ പ്രതിവര്‍ഷം ഖുര്‍ആന്‍ പഠനം നടത്തുന്നുണ്ട്‌.
1998ലാണ്‌ ജില്ലാതലത്തില്‍ ആദ്യമായി ക്യു എല്‍ എസ്‌ പഠിതാക്കളുടെ സംഗമം നടന്നത്‌. പത്ത്‌ വര്‍ഷമായി മുടങ്ങാതെ നടക്കുന്ന ക്യു എല്‍ എസ്‌ സംസ്ഥാന സംഗമങ്ങള്‍ ആദ്യകാലത്ത്‌ കോഴിക്കോട്‌ കേന്ദ്രമായാണ്‌ സംഘടിപ്പിച്ചിരുന്നത്‌. 2005ല്‍ കണ്ണൂരിലെ സംസ്ഥാന സംഗമത്തോടു കൂടിയാണ്‌ ക്യു എല്‍ എസ്‌ സമ്മേളനം കൂടുതല്‍ ജനകീയമായത്‌. തുടര്‍ന്ന്‌ പാലക്കാട്‌, കൊടുങ്ങല്ലൂര്‍, വടകര, പൊന്നാനി എന്നിവിടങ്ങളില്‍ വിപുലമായ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. 2010ലെ വാര്‍ഷിക സംഗമം കോഴിക്കോട്‌ വെച്ച്‌ മെയ്‌ 2ന്‌ നടക്കാനിരിക്കുകയാണ്‌.
നവോത്ഥാന നായകന്മാരുടെ കൃത്യമായ ദീര്‍ഘവീക്ഷണം കൊണ്ട്‌ ക്യു എല്‍ എസ്‌ വളര്‍ന്നപ്പോള്‍ ഖുര്‍ആനിക വെളിച്ചം തിരിച്ചറിഞ്ഞത്‌ പതിനായിരങ്ങളാണ്‌. വിശുദ്ധ വചനങ്ങളുടെ അകത്തും പുറത്തും പടച്ചതമ്പുരാനൊരുക്കിവെച്ച ജീവിത സഫലീകരണത്തെ നെഞ്ചോടുചേര്‍ക്കാന്‍ ഭാഗ്യമുണ്ടായവരാണവര്‍. വിശുദ്ധ ഖുര്‍ആന്‍ തണലും തെളിച്ചവുമാകുന്നത്‌ അനുഭവിച്ചവരാണവര്‍. പണ്ഡിതരും പാമരരും സമ്പന്നരും ദരിദ്രരും വൃദ്ധരും യുവാക്കളും തുടങ്ങി മനുഷ്യ വൈവിധ്യങ്ങളുടെ ബഹുമുഖങ്ങളൊക്കെയും ഒരേ ക്ലാസ്‌മുറിയില്‍ വിശുദ്ധ വചനങ്ങളുടെ പൊരുള്‍ തെരഞ്ഞെത്തുകയാണ്‌.
വ്യത്യസ്‌ത സാഹചര്യങ്ങളില്‍ ക്യു എല്‍ എസ്സില്‍ എത്തിപ്പെട്ട്‌ ഖുര്‍ആനിന്റെ ആകര്‍ഷണീയതയില്‍ കൊരുത്ത്‌ ജീവിതത്തിന്റെ സമൂലവും തിരുത്തി നേരു പടര്‍ത്തിയ അനുഭവസാക്ഷ്യങ്ങളാണ്‌ ഓരോ ക്യു എല്‍ എസ്‌ പഠിതാവും. ഖുര്‍ആന്‍ തങ്ങളെയും തങ്ങള്‍ ഖുര്‍ആനിനെയും തേടിയെത്തിയ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്‌ ക്യു എല്‍ എസ്‌ പഠിതാക്കള്‍ ഇവിടെ.


ഡോ. ഖദീജ ഹസ്സന്‍
1998 ഏപ്രില്‍ മാസത്തിലാണ്‌ ക്യു എല്‍ എസ്‌ പഠിതാവായി ചേരാനുള്ള ഭാഗ്യമുണ്ടായത്‌. എറണാകുളം ക്യു എല്‍ എസ്‌ സെന്ററില്‍ ആദ്യത്തില്‍ ഷബ്‌ന ടീച്ചറുടെയും പിന്നീടങ്ങോട്ട്‌ മുസ്‌തഫ സുല്ലമിയുടെയും ശിക്ഷണത്തിലാണ്‌ ഖുര്‍ആന്‍ പഠിച്ചത്‌. ചെറുപ്രായത്തില്‍ കോഴിക്കോട്ട്‌ താമസിക്കുന്ന കാലത്ത്‌ കോണ്‍വെന്റ്‌ സ്‌കൂളിലെ പഠനവും മറ്റുമൊക്കെയായി മദ്‌റസാ വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ടായിരുന്നില്ല. ഫാതിഹ സൂറത്തിന്റെ അര്‍ഥം പോലും അറിയാതിരുന്ന അവസ്ഥയില്‍ നിന്ന്‌ മാറി മതകീയ ജീവിതത്തിന്‌ കൃത്യമായ അടുക്കും ചിട്ടയും കൈവന്നത്‌ ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂള്‍ മുഖേനയാണ്‌.
ക്യു എല്‍ എസ്‌ വാര്‍ഷിക പരീക്ഷകളിലും സര്‍ഗപ്രതിഭാ മത്സരങ്ങളിലും എം എസ്‌ എം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷകളിലും റാങ്കുകളും സമ്മാനങ്ങളും ലഭിച്ചത്‌ ജീവിതത്തിലെ ധന്യമുഹൂര്‍ത്തങ്ങളാണ്‌. ജോലിത്തിരക്കിനിടയിലും യാതൊരു മുഷിപ്പും കൂടാതെ വീണ്ടും വീണ്ടും ഖുര്‍ആനിന്റെ വഴിയില്‍ സജീവമായി നിലനിര്‍ത്തിയത്‌ ഖുര്‍ആനിന്റെ തന്നെ പ്രത്യേകതയായിരിക്കണം. ക്യു എല്‍ എസ്‌ സിലബസ്‌ പ്രകാരമുള്ള പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ ക്യു എല്‍ എസ്‌ ഇന്‍സ്‌ട്രക്‌ടറായും പ്രവര്‍ത്തിക്കാന്‍ ഭാഗ്യമുണ്ടായിരിക്കുന്നു.
എറണാകുളം ബൈതുല്‍ ഖുര്‍ആന്‍ ക്യു എല്‍ എസ്‌ സെന്ററിലെ ഇന്‍സ്‌ട്രക്‌ടറാണിപ്പോള്‍. പഠിതാവായിരുന്ന കാലത്ത്‌ അമാനി മൗലവിയുടെ തഫ്‌സീര്‍ മാത്രമായിരുന്നു അവലംബം. പഠിപ്പിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഇപ്പോള്‍ കൂടുതല്‍ തഫ്‌സീറുകളും പുസ്‌തകങ്ങളും വായിക്കാനും പഠിക്കാനും ശ്രമിക്കുന്നു. വൈയക്തിക ജീവിതത്തിലും തൊഴില്‍പരമായ രംഗങ്ങളിലും ഏറെ സ്വാധീനിച്ച ഖുര്‍ആന്‍ ഇനിയും ജീവിതത്തില്‍ വഴികാട്ടിയാവട്ടെ എന്ന്‌ മാത്രമാണ്‌ പ്രാര്‍ഥന.

പി കെ ബീഫാത്തിമ
പത്ത്‌ വര്‍ഷക്കാലമായി തിരൂരങ്ങാടി ക്യു എല്‍ എസ്‌ പഠിതാവാണ്‌ ഞാന്‍. സഈദ്‌ ഫാറൂഖിയായിരുന്നു തുടക്കത്തിലെ ഇന്‍സ്‌ട്രക്‌ടര്‍. ഖുര്‍ആന്‍ പഠനം എന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ വളരെയേറെയാണ്‌. ഖുര്‍ആന്‍ പഠനം നല്‍കിയ സമാധാനവും സന്തോഷവും സംതൃപ്‌തിയും വിവരണാതീതമാണ്‌. എഴുപത്തിനാലാം വയസ്സിലും ഖുര്‍ആന്‍ ആവേശമായി മനസ്സില്‍ തുടിക്കുന്നതും അതുകൊണ്ടാണ്‌. ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂളിന്റെ പരീക്ഷകളിലും മത്സരങ്ങളിലും വളരെ താല്‍പര്യപൂര്‍വമാണ്‌ പങ്കെടുക്കാറുള്ളത്‌. വീട്ടില്‍ മകളും മരുമകനും പേരമക്കളുമൊക്കെച്ചേര്‍ന്ന്‌ ഒരുമിച്ചിരുന്ന്‌ ഖുര്‍ആന്‍ പഠിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും ഹൃദ്യമായ അനുഭവമാണ്‌. ഹിഫ്‌ള്‌ മത്സരം, ഖുര്‍ആന്‍ ക്വിസ്‌, പദനിര്‍മാണം തുടങ്ങിയ മത്സരങ്ങളിലൊക്കെ പലപ്പോഴായി മികച്ച വിജയം നേടാനായിട്ടുണ്ട്‌.
ക്യു എല്‍ എസിന്റെ ആദ്യ കാലങ്ങളിലുണ്ടായിരുന്ന പഠിതാക്കളുടെ പങ്കാളിത്തം കുറഞ്ഞുവരുന്നുവെങ്കിലും പേരമക്കളടക്കം കുടുംബത്തിലെ എല്ലാവരും ഇപ്പോഴും ക്യു എല്‍ എസില്‍ സജീവമാണ്‌. മന്‍സൂര്‍ ഒതായിയാണ്‌ ഇപ്പോഴത്തെ ഇന്‍സ്‌ട്രക്‌ടര്‍. റഹ്‌മാനായ അല്ലാഹു ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യുന്നിടത്തോളം കാലം ഖുര്‍ആന്‍ പഠിക്കണമെന്ന്‌ തന്നെയാണാഗ്രഹം. അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രമാണ്‌ മനസ്സിന്‌ ശാന്തിയും സമാധാനവും നല്‍കുന്നത്‌.

കോനാരി മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍

ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂളിലെ സ്ഥിരം പഠിതാവായിട്ട്‌ ഒരു വര്‍ഷമാകുന്നേയുള്ളൂ. കൂട്ടുമൂച്ചി സലഫി മസ്‌ജിദില്‍ നടക്കുന്ന ക്യു എല്‍ എസ്‌ പഠിതാവാണ്‌ ഞാനും കുടുംബവും. സംഘടനാപരമായ ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്നുകൊണ്ടാണ്‌ ഒരു വര്‍ഷക്കാലമായി ഞങ്ങളുടെ പ്രദേശത്ത്‌ ക്യു എല്‍ എസ്‌ നടന്നുവരുന്നത്‌. പുളിക്കല്‍ മുസ്‌തഫ മദനിയാണ്‌ ഞങ്ങളുടെ അധ്യാപകന്‍. പത്തുവയസ്സ്‌ പ്രായമുള്ള മക്കളും എഴുപത്തഞ്ച്‌ വയസ്സ്‌ പ്രായമുള്ള രക്ഷിതാക്കളും ഒരുമിച്ചിരുന്ന്‌ പഠിക്കുന്ന ഖുര്‍ആന്‍ ക്ലാസ്‌ ജീവിതത്തില്‍ സുന്ദരമായ അനുഭവമാണ്‌. വൈയക്തിക ജീവിതത്തില്‍ ഒട്ടനവധി ഗുണങ്ങള്‍ പകര്‍ത്താന്‍ ഖുര്‍ആന്‍ സഹായകമായിട്ടുണ്ട്‌. ദിവസവും ഖുര്‍ആന്‍ പാരായണം നിര്‍വഹിച്ചുതുടങ്ങുന്നത്‌ ക്യു എല്‍ എസ്‌ പഠിതാവായതിനു ശേഷമാണ്‌. ഖുര്‍ആനിന്റെ ദിവ്യസന്ദേശം മനസ്സിലേക്കാഴ്‌ന്നിറങ്ങുകയും തഹജ്ജുദ്‌ നമസ്‌കാരം ജീവിതത്തില്‍ കുളിര്‍മ നല്‍കുകയും ചെയ്യുന്ന അനുഭവം ക്യു എല്‍ എസ്‌ സമ്മാനിച്ചതാണ്‌. ഭാര്യയും മക്കളുമൊത്ത്‌ ഖുര്‍ആന്‍ പഠിക്കുന്ന അനുഭവം ജീവിതത്തിലെ സുന്ദരമുഹൂര്‍ത്തമാണ്‌. ഖുര്‍ആനിന്റെ തണലില്‍ ജീവിതം കരുപ്പിടിപ്പിക്കാനും ക്യു എല്‍ എസ്‌ സംവിധാനത്തില്‍ പഠനം പൂര്‍ത്തിയാക്കാനും കഴിയണേ എന്നാണ്‌ പ്രാര്‍ഥന.


 സി മമ്മു കോട്ടക്കല്‍
മദ്‌റസ വിദ്യാഭ്യാസം വെറും മൂന്നാം തരം മാത്രം ലഭിച്ച എനിക്ക്‌ മതവിദ്യാഭ്യാസം സ്വായത്തമാക്കാനുള്ള അവസരം പിന്നീട്‌ ലഭിക്കുന്നത്‌ എന്റെ 29-ാമത്തെ വയസ്സിലാണ്‌. 1984ല്‍ കോട്ടക്കല്‍ ശാഖ കെ എന്‍ എം സെക്രട്ടറിയായി ദീനീരംഗത്ത്‌ വന്നതോടുകൂടി ആഴ്‌ചയില്‍ നടക്കുന്ന ഖുര്‍ആന്‍ ക്ലാസുകളും പ്രഭാഷണപരിപാടികളും ഖുത്വ്‌ബകളുമായിരുന്നു അവലംബം. പിതാവിന്റെ അമൂല്യമായ സമ്പാദ്യമായിരുന്ന അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയുടെ പ്രഥമ 12 വാള്യങ്ങളും പിതാവിന്റെ മരണശേഷം എന്റേത്‌  സ്വന്തമായി മാറി. ഖുര്‍ആന്‍ പഠിക്കാന്‍ അത്‌ ഏറെ ഉപകരിച്ചു. ജോലിത്തിരക്കിനിടയിലും സംഘടനാ രംഗത്തെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിനിടയിലും ഖുര്‍ആന്‍ പഠിക്കാന്‍ സമയം കണ്ടത്തിയിരുന്നു. എന്നാല്‍ ഒരു ഗുരുനാഥന്റെ ശിക്ഷണത്തില്‍ വ്യവസ്ഥാപിതമായി ഖുര്‍ആന്‍ പഠിക്കാന്‍ കഴിയുന്നത്‌ ക്യു എല്‍ എസ്‌ സംവിധാനം നിലവില്‍വന്നതോടുകൂടിയാണ്‌. ക്യു എല്‍ എസ്‌ ഒന്നാം വര്‍ഷം മുതല്‍ ഏഴാം വര്‍ഷം പൂര്‍ത്തിയാക്കുന്നതു വരെയും അതിനു ശേഷം ഇപ്പോഴും പഠനം തുടര്‍ന്നുവരുന്നു. ഗുരുനാഥന്‍ കുഴിപ്പുറം മൂസക്കുട്ടി മദനി തന്നെ അന്നും ഇന്നും. സംഘടനാ സംബന്ധമായി പല ഉത്തരവാദിത്തങ്ങളും ഉള്ളതുകൊണ്ട്‌ പലപ്പോഴും ക്ലാസില്‍ കൃത്യമായി പങ്കെടുക്കാന്‍ കഴിയാതെ വന്നിട്ടുണ്ട്‌. എന്റെ ജീവിതത്തിനു കൃത്യമായ ഒരടുക്കും ചിട്ടയും ഉണ്ടാക്കാന്‍ 8 വര്‍ഷക്കാലമായി തുടരുന്ന ക്യു എല്‍ എസ്സിലൂടെ എനിക്ക്‌ സാധിച്ചു. ഖുര്‍ആന്‍ തെറ്റുകൂടാതെ നോക്കിവായിക്കാന്‍ കൂടി കഴിയാത്ത ഒരവസ്ഥയില്‍ നിന്ന്‌ മാറി ചെറുതും വലുതമായി ഒട്ടേറെ സൂറകള്‍ മനപ്പാഠമാക്കാന്‍ എനിക്ക്‌ കഴിഞ്ഞു. മുപ്പതിലധികം ഖുതുബ നിര്‍വഹിക്കാനും എനിക്ക്‌ സാധിച്ചു. സഹകരണവകുപ്പില്‍ താലൂക്ക്‌ തല ഉദ്യോഗസ്ഥനായ എനിക്ക്‌ എന്റെ ജോലിത്തിരക്കിനിടയിലും സംഘടനാ പ്രവര്‍ത്തനത്തിനിടയിലും ക്യു എല്‍ എസ്‌ ആറാം വര്‍ഷത്തില്‍ രണ്ടാം റാങ്കും, ഏഴാം വര്‍ഷത്തില്‍ ഒന്നാം റാങ്കും നേടാന്‍ കഴിഞ്ഞത്‌ വലിയ നേട്ടമായി ഞാന്‍ കണക്കാക്കുന്നു. ഈ സംവിധാനത്തിന്‌ തുടക്കം കുറിച്ച മഹാനായ കെ കെ മുഹമ്മദ്‌ സുല്ലമിക്ക്‌ അല്ലാഹു തക്കതായ പ്രതിഫലം നല്‍കുമാറാവട്ടെ എന്ന്‌ പ്രാര്‍ഥിക്കുന്നു. ക്യു എല്‍ എസ്‌ തുടങ്ങാത്ത പ്രദേശങ്ങളില്‍ ക്ലാസുകള്‍ തുടങ്ങാനും ഉള്ളവ മുടങ്ങാതെ മുന്നോട്ടുകൊണ്ടുപോകാനും ഐ എസ്‌ എം കുറേക്കൂടി ശ്രദ്ധിക്കണം. ഇനിയും ഒട്ടേറെ പേര്‍ക്ക്‌ പാരത്രികവിജയം കൈവരിക്കാന്‍ ഒരു മാര്‍ഗദീപമായി മാറാന്‍ ക്യു എല്‍ എസിന്‌ കഴിയും. 







No comments: