Wednesday, June 30, 2010

qls sangamam

``മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള സദുപദേശവും മനസ്സുകളിലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ ശമനവും നിങ്ങള്‍ക്ക്‌ വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക്‌ മാര്‍ഗദര്‍ശനവും കാരുണ്യവുമാണത്‌.'' (യൂനുസ്‌ 57)
കാലഭേദങ്ങള്‍ക്കും ജനസമൂഹങ്ങള്‍ക്കും അതീതമായി നന്മയുടെയും പ്രത്യാശയുടെയും കെടാവിളക്കായാണ്‌ വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന്‌ സമ്മാനിക്കപ്പെടുന്നത്‌. ഒരേസമയം വിജ്ഞാനത്തിന്റെ പ്രഭയായും നേര്‍മാര്‍ഗത്തിന്റെനിലാവായും പ്രതീക്ഷകളുടെ പെട്ടകമായും സമാശ്വാസത്തിന്റെ ശീതളസ്‌പര്‍ശമായും താക്കീതിന്റെ ചൂണ്ടുപലകയായും ഖുര്‍ആന്‍ നമ്മെ സമീപിക്കുന്നു. എന്നിട്ടും ജീവിതസമവാക്യങ്ങളുടെ പൊരുത്തക്കേടുകളൊക്കെയും തിരുത്താനുതകുന്ന ശമനൗഷധം അലമാരയില്‍ ഭദ്രമായി വെച്ച്‌ രോഗാതുരരായി കാലം കഴിച്ചവരെക്കുറിച്ചെന്ത്‌ പറയാന്‍; നഷ്‌ടപ്പെട്ടവര്‍ എന്നല്ലാതെ!
പൗരോഹിത്യം കല്‌പിച്ചതും സമുദായം കൈനീട്ടി സ്വീകരിച്ചതുമായ ആ വിഡ്‌ഢിത്തത്തിന്റെ കാലഘട്ടം അവസാനിച്ചിരിക്കുന്നു. എന്‍ വി അബ്‌ദുസ്സലാം മൗലവി പോലുള്ള ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ മുന്‍കാല പണ്ഡിതശ്രേഷ്‌ഠര്‍ തുടങ്ങി വച്ച അനൗപചാരിക ഖുര്‍ആന്‍ ക്ലാസുകള്‍ കേരളക്കരയിലുണ്ടാക്കിയ മാറ്റത്തിന്റെ വെളിച്ചം വിസ്‌മയാവഹമാണ്‌. ഇന്ന്‌, ഖുര്‍ആന്‍ പഠിക്കാനും ചിന്തിക്കാനും അവനവനെ തന്നെ തിരുത്താനുമുള്ളതാണെന്ന്‌ മുസ്‌ലിം ജനസമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും നടത്തുന്ന ഖുര്‍ആന്‍ പഠനസംവിധാനങ്ങളിലെ വിദ്യാര്‍ഥി സമ്പന്നത ഇതിനു തെളിവാണ്‌.
ഇസ്‌ലാഹീ പ്രസ്ഥാനം വളര്‍ത്തിയെടുത്ത അനൗപചാരിക ഖുര്‍ആന്‍ പഠനങ്ങളുടെ ചുവടുപിടിച്ച്‌ 1995ല്‍ കെ കെ മുഹമ്മദ്‌ സുല്ലമിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ക്യു എല്‍ എസ്‌, ഖുര്‍ആന്‍ പഠനരംഗത്ത്‌ ഒരു വലിയ വിപ്ലവത്തിന്‌ തുടക്കംകുറിക്കുകയായിരുന്നു. ക്യു എല്‍ എസ്‌ വിളിച്ചുവരുത്തിയ ഖുര്‍ആന്‍ വൈജ്ഞാനിക നവോത്ഥാനം വളരെ വലുതാണ്‌. ഖുര്‍ആന്‍ പാരായണത്തിനു മാത്രമാണെന്ന്‌ ശഠിച്ചിരുന്ന യാഥാസ്ഥിതിക മുസ്‌ലിം വിഭാഗങ്ങള്‍ വരെ ഖുര്‍ആന്‍ വഴികാട്ടിയാകുന്നതെങ്ങനെയെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി.
1997ലാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ കീഴില്‍ ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍, കേരള എന്ന ഖുര്‍ആന്‍ പഠന സംവിധാനം നിലവില്‍ വരുന്നത്‌. ക്യു എല്‍ എസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ പഠനസംരംഭങ്ങളായ എസ്‌ എല്‍ ആര്‍ സി, ക്യു എച്ച്‌ എല്‍ എസ്‌ തുടങ്ങിയവയും എസ്‌ കെ എസ്‌ എസ്‌ എഫിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ പ്രഭാഷണ സംവിധാനങ്ങളും, ബിസ്‌മി, ഖുര്‍ആന്‍ കറസ്‌പോണ്ടന്‍സ്‌ കോഴ്‌സ്‌ തുടങ്ങി വ്യക്തികള്‍ നടത്തുന്ന ഖുര്‍ആന്‍ പഠന സംരംഭങ്ങളും കേരളത്തില്‍ നടന്നുവരുന്നുണ്ട്‌. വിവിധങ്ങളായ ഖുര്‍ആന്‍ ഭാഗങ്ങളുടെ ആശയാവിഷ്‌കരണ സീഡികളും ഖുര്‍ആന്‍ സോഫ്‌റ്റ്‌വെയറുകളും അടുത്ത കാലത്ത്‌ പ്രസിദ്ധീകൃതമായിട്ടുണ്ട്‌. ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററുകളുടെ കീഴില്‍ നടന്നുവരുന്ന ഫാമിലി ക്യു എല്‍ എസ്‌ സംവിധാനങ്ങള്‍ ഗള്‍ഫ്‌ നാടുകളില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ്‌.
പടിപടിയായും കൃത്യമായുമുള്ള ആസൂത്രണത്തിന്റെ ഫലമായി ക്യു എല്‍ എസ്‌ സംവിധാനം പഠിതാക്കള്‍ക്കുള്ള കൈപ്പുസ്‌തകങ്ങളും അധ്യാപകസഹായികളും ഇന്‍സ്‌ട്രക്‌ടര്‍മാര്‍ക്കുള്ള പരിശീലന ക്ലാസുകളുമൊക്കെയായി വിപുലപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. സംഘടനാ പ്രവര്‍ത്തനങ്ങളും മുസ്‌ലിം ജനസാമാന്യത്തിന്റെ വിജ്ഞാനദാഹവുമൊക്കെ അതിനു നിദാനമായെങ്കിലും എത്ര ശ്രമിച്ചാലും പൂഴ്‌ത്തിവെക്കാനാവാത്ത ഖുര്‍ആനിക വെളിച്ചംതന്നെയാണ്‌ അനുസ്യൂതം മനുഷ്യരെ അതിന്റെ വഴി നടത്തുന്നത്‌. അംഗീകൃതവും അല്ലാത്തതുമായ ക്യു എല്‍ എസ്‌ സംവിധാനങ്ങളിലായി അയ്യായിരത്തിലധികം ആളുകള്‍ പ്രതിവര്‍ഷം ഖുര്‍ആന്‍ പഠനം നടത്തുന്നുണ്ട്‌.
1998ലാണ്‌ ജില്ലാതലത്തില്‍ ആദ്യമായി ക്യു എല്‍ എസ്‌ പഠിതാക്കളുടെ സംഗമം നടന്നത്‌. പത്ത്‌ വര്‍ഷമായി മുടങ്ങാതെ നടക്കുന്ന ക്യു എല്‍ എസ്‌ സംസ്ഥാന സംഗമങ്ങള്‍ ആദ്യകാലത്ത്‌ കോഴിക്കോട്‌ കേന്ദ്രമായാണ്‌ സംഘടിപ്പിച്ചിരുന്നത്‌. 2005ല്‍ കണ്ണൂരിലെ സംസ്ഥാന സംഗമത്തോടു കൂടിയാണ്‌ ക്യു എല്‍ എസ്‌ സമ്മേളനം കൂടുതല്‍ ജനകീയമായത്‌. തുടര്‍ന്ന്‌ പാലക്കാട്‌, കൊടുങ്ങല്ലൂര്‍, വടകര, പൊന്നാനി എന്നിവിടങ്ങളില്‍ വിപുലമായ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. 2010ലെ വാര്‍ഷിക സംഗമം കോഴിക്കോട്‌ വെച്ച്‌ മെയ്‌ 2ന്‌ നടക്കാനിരിക്കുകയാണ്‌.
നവോത്ഥാന നായകന്മാരുടെ കൃത്യമായ ദീര്‍ഘവീക്ഷണം കൊണ്ട്‌ ക്യു എല്‍ എസ്‌ വളര്‍ന്നപ്പോള്‍ ഖുര്‍ആനിക വെളിച്ചം തിരിച്ചറിഞ്ഞത്‌ പതിനായിരങ്ങളാണ്‌. വിശുദ്ധ വചനങ്ങളുടെ അകത്തും പുറത്തും പടച്ചതമ്പുരാനൊരുക്കിവെച്ച ജീവിത സഫലീകരണത്തെ നെഞ്ചോടുചേര്‍ക്കാന്‍ ഭാഗ്യമുണ്ടായവരാണവര്‍. വിശുദ്ധ ഖുര്‍ആന്‍ തണലും തെളിച്ചവുമാകുന്നത്‌ അനുഭവിച്ചവരാണവര്‍. പണ്ഡിതരും പാമരരും സമ്പന്നരും ദരിദ്രരും വൃദ്ധരും യുവാക്കളും തുടങ്ങി മനുഷ്യ വൈവിധ്യങ്ങളുടെ ബഹുമുഖങ്ങളൊക്കെയും ഒരേ ക്ലാസ്‌മുറിയില്‍ വിശുദ്ധ വചനങ്ങളുടെ പൊരുള്‍ തെരഞ്ഞെത്തുകയാണ്‌.
വ്യത്യസ്‌ത സാഹചര്യങ്ങളില്‍ ക്യു എല്‍ എസ്സില്‍ എത്തിപ്പെട്ട്‌ ഖുര്‍ആനിന്റെ ആകര്‍ഷണീയതയില്‍ കൊരുത്ത്‌ ജീവിതത്തിന്റെ സമൂലവും തിരുത്തി നേരു പടര്‍ത്തിയ അനുഭവസാക്ഷ്യങ്ങളാണ്‌ ഓരോ ക്യു എല്‍ എസ്‌ പഠിതാവും. ഖുര്‍ആന്‍ തങ്ങളെയും തങ്ങള്‍ ഖുര്‍ആനിനെയും തേടിയെത്തിയ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്‌ ക്യു എല്‍ എസ്‌ പഠിതാക്കള്‍ ഇവിടെ.


ഡോ. ഖദീജ ഹസ്സന്‍
1998 ഏപ്രില്‍ മാസത്തിലാണ്‌ ക്യു എല്‍ എസ്‌ പഠിതാവായി ചേരാനുള്ള ഭാഗ്യമുണ്ടായത്‌. എറണാകുളം ക്യു എല്‍ എസ്‌ സെന്ററില്‍ ആദ്യത്തില്‍ ഷബ്‌ന ടീച്ചറുടെയും പിന്നീടങ്ങോട്ട്‌ മുസ്‌തഫ സുല്ലമിയുടെയും ശിക്ഷണത്തിലാണ്‌ ഖുര്‍ആന്‍ പഠിച്ചത്‌. ചെറുപ്രായത്തില്‍ കോഴിക്കോട്ട്‌ താമസിക്കുന്ന കാലത്ത്‌ കോണ്‍വെന്റ്‌ സ്‌കൂളിലെ പഠനവും മറ്റുമൊക്കെയായി മദ്‌റസാ വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ടായിരുന്നില്ല. ഫാതിഹ സൂറത്തിന്റെ അര്‍ഥം പോലും അറിയാതിരുന്ന അവസ്ഥയില്‍ നിന്ന്‌ മാറി മതകീയ ജീവിതത്തിന്‌ കൃത്യമായ അടുക്കും ചിട്ടയും കൈവന്നത്‌ ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂള്‍ മുഖേനയാണ്‌.
ക്യു എല്‍ എസ്‌ വാര്‍ഷിക പരീക്ഷകളിലും സര്‍ഗപ്രതിഭാ മത്സരങ്ങളിലും എം എസ്‌ എം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷകളിലും റാങ്കുകളും സമ്മാനങ്ങളും ലഭിച്ചത്‌ ജീവിതത്തിലെ ധന്യമുഹൂര്‍ത്തങ്ങളാണ്‌. ജോലിത്തിരക്കിനിടയിലും യാതൊരു മുഷിപ്പും കൂടാതെ വീണ്ടും വീണ്ടും ഖുര്‍ആനിന്റെ വഴിയില്‍ സജീവമായി നിലനിര്‍ത്തിയത്‌ ഖുര്‍ആനിന്റെ തന്നെ പ്രത്യേകതയായിരിക്കണം. ക്യു എല്‍ എസ്‌ സിലബസ്‌ പ്രകാരമുള്ള പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ ക്യു എല്‍ എസ്‌ ഇന്‍സ്‌ട്രക്‌ടറായും പ്രവര്‍ത്തിക്കാന്‍ ഭാഗ്യമുണ്ടായിരിക്കുന്നു.
എറണാകുളം ബൈതുല്‍ ഖുര്‍ആന്‍ ക്യു എല്‍ എസ്‌ സെന്ററിലെ ഇന്‍സ്‌ട്രക്‌ടറാണിപ്പോള്‍. പഠിതാവായിരുന്ന കാലത്ത്‌ അമാനി മൗലവിയുടെ തഫ്‌സീര്‍ മാത്രമായിരുന്നു അവലംബം. പഠിപ്പിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഇപ്പോള്‍ കൂടുതല്‍ തഫ്‌സീറുകളും പുസ്‌തകങ്ങളും വായിക്കാനും പഠിക്കാനും ശ്രമിക്കുന്നു. വൈയക്തിക ജീവിതത്തിലും തൊഴില്‍പരമായ രംഗങ്ങളിലും ഏറെ സ്വാധീനിച്ച ഖുര്‍ആന്‍ ഇനിയും ജീവിതത്തില്‍ വഴികാട്ടിയാവട്ടെ എന്ന്‌ മാത്രമാണ്‌ പ്രാര്‍ഥന.

പി കെ ബീഫാത്തിമ
പത്ത്‌ വര്‍ഷക്കാലമായി തിരൂരങ്ങാടി ക്യു എല്‍ എസ്‌ പഠിതാവാണ്‌ ഞാന്‍. സഈദ്‌ ഫാറൂഖിയായിരുന്നു തുടക്കത്തിലെ ഇന്‍സ്‌ട്രക്‌ടര്‍. ഖുര്‍ആന്‍ പഠനം എന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ വളരെയേറെയാണ്‌. ഖുര്‍ആന്‍ പഠനം നല്‍കിയ സമാധാനവും സന്തോഷവും സംതൃപ്‌തിയും വിവരണാതീതമാണ്‌. എഴുപത്തിനാലാം വയസ്സിലും ഖുര്‍ആന്‍ ആവേശമായി മനസ്സില്‍ തുടിക്കുന്നതും അതുകൊണ്ടാണ്‌. ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂളിന്റെ പരീക്ഷകളിലും മത്സരങ്ങളിലും വളരെ താല്‍പര്യപൂര്‍വമാണ്‌ പങ്കെടുക്കാറുള്ളത്‌. വീട്ടില്‍ മകളും മരുമകനും പേരമക്കളുമൊക്കെച്ചേര്‍ന്ന്‌ ഒരുമിച്ചിരുന്ന്‌ ഖുര്‍ആന്‍ പഠിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും ഹൃദ്യമായ അനുഭവമാണ്‌. ഹിഫ്‌ള്‌ മത്സരം, ഖുര്‍ആന്‍ ക്വിസ്‌, പദനിര്‍മാണം തുടങ്ങിയ മത്സരങ്ങളിലൊക്കെ പലപ്പോഴായി മികച്ച വിജയം നേടാനായിട്ടുണ്ട്‌.
ക്യു എല്‍ എസിന്റെ ആദ്യ കാലങ്ങളിലുണ്ടായിരുന്ന പഠിതാക്കളുടെ പങ്കാളിത്തം കുറഞ്ഞുവരുന്നുവെങ്കിലും പേരമക്കളടക്കം കുടുംബത്തിലെ എല്ലാവരും ഇപ്പോഴും ക്യു എല്‍ എസില്‍ സജീവമാണ്‌. മന്‍സൂര്‍ ഒതായിയാണ്‌ ഇപ്പോഴത്തെ ഇന്‍സ്‌ട്രക്‌ടര്‍. റഹ്‌മാനായ അല്ലാഹു ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യുന്നിടത്തോളം കാലം ഖുര്‍ആന്‍ പഠിക്കണമെന്ന്‌ തന്നെയാണാഗ്രഹം. അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രമാണ്‌ മനസ്സിന്‌ ശാന്തിയും സമാധാനവും നല്‍കുന്നത്‌.

കോനാരി മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍

ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂളിലെ സ്ഥിരം പഠിതാവായിട്ട്‌ ഒരു വര്‍ഷമാകുന്നേയുള്ളൂ. കൂട്ടുമൂച്ചി സലഫി മസ്‌ജിദില്‍ നടക്കുന്ന ക്യു എല്‍ എസ്‌ പഠിതാവാണ്‌ ഞാനും കുടുംബവും. സംഘടനാപരമായ ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്നുകൊണ്ടാണ്‌ ഒരു വര്‍ഷക്കാലമായി ഞങ്ങളുടെ പ്രദേശത്ത്‌ ക്യു എല്‍ എസ്‌ നടന്നുവരുന്നത്‌. പുളിക്കല്‍ മുസ്‌തഫ മദനിയാണ്‌ ഞങ്ങളുടെ അധ്യാപകന്‍. പത്തുവയസ്സ്‌ പ്രായമുള്ള മക്കളും എഴുപത്തഞ്ച്‌ വയസ്സ്‌ പ്രായമുള്ള രക്ഷിതാക്കളും ഒരുമിച്ചിരുന്ന്‌ പഠിക്കുന്ന ഖുര്‍ആന്‍ ക്ലാസ്‌ ജീവിതത്തില്‍ സുന്ദരമായ അനുഭവമാണ്‌. വൈയക്തിക ജീവിതത്തില്‍ ഒട്ടനവധി ഗുണങ്ങള്‍ പകര്‍ത്താന്‍ ഖുര്‍ആന്‍ സഹായകമായിട്ടുണ്ട്‌. ദിവസവും ഖുര്‍ആന്‍ പാരായണം നിര്‍വഹിച്ചുതുടങ്ങുന്നത്‌ ക്യു എല്‍ എസ്‌ പഠിതാവായതിനു ശേഷമാണ്‌. ഖുര്‍ആനിന്റെ ദിവ്യസന്ദേശം മനസ്സിലേക്കാഴ്‌ന്നിറങ്ങുകയും തഹജ്ജുദ്‌ നമസ്‌കാരം ജീവിതത്തില്‍ കുളിര്‍മ നല്‍കുകയും ചെയ്യുന്ന അനുഭവം ക്യു എല്‍ എസ്‌ സമ്മാനിച്ചതാണ്‌. ഭാര്യയും മക്കളുമൊത്ത്‌ ഖുര്‍ആന്‍ പഠിക്കുന്ന അനുഭവം ജീവിതത്തിലെ സുന്ദരമുഹൂര്‍ത്തമാണ്‌. ഖുര്‍ആനിന്റെ തണലില്‍ ജീവിതം കരുപ്പിടിപ്പിക്കാനും ക്യു എല്‍ എസ്‌ സംവിധാനത്തില്‍ പഠനം പൂര്‍ത്തിയാക്കാനും കഴിയണേ എന്നാണ്‌ പ്രാര്‍ഥന.


 സി മമ്മു കോട്ടക്കല്‍
മദ്‌റസ വിദ്യാഭ്യാസം വെറും മൂന്നാം തരം മാത്രം ലഭിച്ച എനിക്ക്‌ മതവിദ്യാഭ്യാസം സ്വായത്തമാക്കാനുള്ള അവസരം പിന്നീട്‌ ലഭിക്കുന്നത്‌ എന്റെ 29-ാമത്തെ വയസ്സിലാണ്‌. 1984ല്‍ കോട്ടക്കല്‍ ശാഖ കെ എന്‍ എം സെക്രട്ടറിയായി ദീനീരംഗത്ത്‌ വന്നതോടുകൂടി ആഴ്‌ചയില്‍ നടക്കുന്ന ഖുര്‍ആന്‍ ക്ലാസുകളും പ്രഭാഷണപരിപാടികളും ഖുത്വ്‌ബകളുമായിരുന്നു അവലംബം. പിതാവിന്റെ അമൂല്യമായ സമ്പാദ്യമായിരുന്ന അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയുടെ പ്രഥമ 12 വാള്യങ്ങളും പിതാവിന്റെ മരണശേഷം എന്റേത്‌  സ്വന്തമായി മാറി. ഖുര്‍ആന്‍ പഠിക്കാന്‍ അത്‌ ഏറെ ഉപകരിച്ചു. ജോലിത്തിരക്കിനിടയിലും സംഘടനാ രംഗത്തെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിനിടയിലും ഖുര്‍ആന്‍ പഠിക്കാന്‍ സമയം കണ്ടത്തിയിരുന്നു. എന്നാല്‍ ഒരു ഗുരുനാഥന്റെ ശിക്ഷണത്തില്‍ വ്യവസ്ഥാപിതമായി ഖുര്‍ആന്‍ പഠിക്കാന്‍ കഴിയുന്നത്‌ ക്യു എല്‍ എസ്‌ സംവിധാനം നിലവില്‍വന്നതോടുകൂടിയാണ്‌. ക്യു എല്‍ എസ്‌ ഒന്നാം വര്‍ഷം മുതല്‍ ഏഴാം വര്‍ഷം പൂര്‍ത്തിയാക്കുന്നതു വരെയും അതിനു ശേഷം ഇപ്പോഴും പഠനം തുടര്‍ന്നുവരുന്നു. ഗുരുനാഥന്‍ കുഴിപ്പുറം മൂസക്കുട്ടി മദനി തന്നെ അന്നും ഇന്നും. സംഘടനാ സംബന്ധമായി പല ഉത്തരവാദിത്തങ്ങളും ഉള്ളതുകൊണ്ട്‌ പലപ്പോഴും ക്ലാസില്‍ കൃത്യമായി പങ്കെടുക്കാന്‍ കഴിയാതെ വന്നിട്ടുണ്ട്‌. എന്റെ ജീവിതത്തിനു കൃത്യമായ ഒരടുക്കും ചിട്ടയും ഉണ്ടാക്കാന്‍ 8 വര്‍ഷക്കാലമായി തുടരുന്ന ക്യു എല്‍ എസ്സിലൂടെ എനിക്ക്‌ സാധിച്ചു. ഖുര്‍ആന്‍ തെറ്റുകൂടാതെ നോക്കിവായിക്കാന്‍ കൂടി കഴിയാത്ത ഒരവസ്ഥയില്‍ നിന്ന്‌ മാറി ചെറുതും വലുതമായി ഒട്ടേറെ സൂറകള്‍ മനപ്പാഠമാക്കാന്‍ എനിക്ക്‌ കഴിഞ്ഞു. മുപ്പതിലധികം ഖുതുബ നിര്‍വഹിക്കാനും എനിക്ക്‌ സാധിച്ചു. സഹകരണവകുപ്പില്‍ താലൂക്ക്‌ തല ഉദ്യോഗസ്ഥനായ എനിക്ക്‌ എന്റെ ജോലിത്തിരക്കിനിടയിലും സംഘടനാ പ്രവര്‍ത്തനത്തിനിടയിലും ക്യു എല്‍ എസ്‌ ആറാം വര്‍ഷത്തില്‍ രണ്ടാം റാങ്കും, ഏഴാം വര്‍ഷത്തില്‍ ഒന്നാം റാങ്കും നേടാന്‍ കഴിഞ്ഞത്‌ വലിയ നേട്ടമായി ഞാന്‍ കണക്കാക്കുന്നു. ഈ സംവിധാനത്തിന്‌ തുടക്കം കുറിച്ച മഹാനായ കെ കെ മുഹമ്മദ്‌ സുല്ലമിക്ക്‌ അല്ലാഹു തക്കതായ പ്രതിഫലം നല്‍കുമാറാവട്ടെ എന്ന്‌ പ്രാര്‍ഥിക്കുന്നു. ക്യു എല്‍ എസ്‌ തുടങ്ങാത്ത പ്രദേശങ്ങളില്‍ ക്ലാസുകള്‍ തുടങ്ങാനും ഉള്ളവ മുടങ്ങാതെ മുന്നോട്ടുകൊണ്ടുപോകാനും ഐ എസ്‌ എം കുറേക്കൂടി ശ്രദ്ധിക്കണം. ഇനിയും ഒട്ടേറെ പേര്‍ക്ക്‌ പാരത്രികവിജയം കൈവരിക്കാന്‍ ഒരു മാര്‍ഗദീപമായി മാറാന്‍ ക്യു എല്‍ എസിന്‌ കഴിയും. 







Sunday, June 27, 2010

പ്രാര്‍ത്ഥന പോലെ ജീവിതം

മഴ പെയ്‌ത്‌ തോര്‍ന്ന്‌ മാനം തെളിഞ്ഞിരുന്നു. പ്രശാന്തമായ അന്തരീക്ഷം. സഫലം റോഡിലൂടെ നടന്നടുക്കുമ്പോള്‍ തന്നെ കണ്ടു, ദാറുല്‍ ഇസ്‌ലാഹിന്റെ പൂമുഖത്തിരിക്കുന്നു, അബ്‌ദുറഹ്‌മാന്‍ അന്‍സാരിയും ഭാര്യ ഫാത്വിമയും. മൗലവിക്ക്‌ പത്രം വായിച്ചുകൊടുക്കുകയായിരുന്നു ഭാര്യ. എത്ര ഇമ്പമുള്ള കാഴ്‌ചയെന്ന്‌ മനസ്സ്‌ പറഞ്ഞു. മൗലവിയുമായുള്ള സംസാരത്തിലത്രയും ആ ഇമ്പം എത്ര വലുതാണെന്ന്‌ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരുന്നു. നല്ല കുടുംബം, ഏറ്റവും നല്ല അനുഗ്രഹം തന്നെയാണ്‌. വളര്‍ന്ന കുടുംബവും താന്‍ വളര്‍ത്തിയ കുടുംബവും നല്ലതായതുകൊണ്ടു കൂടിയായിരിക്കണം രോഗാതുരതകള്‍ പൊറ്റ കെട്ടുന്ന ഈകാലത്തെ ഇത്രഉള്‍ക്കരുത്തോടെ മൗലവി അതിജീവിക്കുന്നത്‌.
ഇസ്വ്‌ലാഹീ കേരളത്തിന്‌ വിശദീകരണമാവശ്യമില്ലാത്ത വിധം സുപരിചിതനാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി രണ്ടത്താണി. സാമീപ്യം കൊണ്ടുപോലും ആശ്വാസവും പ്രവര്‍ത്തനോര്‍ജവും തരാന്‍ കെല്‌പുള്ളയാള്‍. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ യുവഘടകത്തിന്‌ യൗവനം സമര്‍പ്പിച്ച നിഷ്‌കാമകര്‍മിയായ നേതാവ്‌. യുവത ബുക്ക്‌ഹൗസിന്റെ തുടക്കക്കാരന്‍. പാട്ടുകളിലൂടെ ഇസ്വ്‌ലാഹിന്‌ വരി കുറിച്ചിട്ടയാള്‍... അങ്ങനെയങ്ങനെ നിരവധി വിശേഷണങ്ങള്‍ കൊണ്ട്‌ സമ്പന്നനാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍ സാരി. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ വളര്‍ച്ചാവഴികളില്‍ സമര്‍പ്പണത്തിന്റെ വെള്ളി വെളിച്ചമായിരുന്ന മര്‍ഹൂം സൈദ്‌ മൗലവിയുടെ മകന്‍ എന്നതു തന്നെയാണ്‌ വിശേഷണങ്ങളില്‍ വിശിഷ്‌ടം. മൗലവിയുടെ ജീവിതം സംസാരിക്കുന്നുണ്ട്‌, ആ വിശേഷണം തന്നെയാണ്‌ ഈ കര്‍മോത്സുകിയുടെ ജീ വിതം ഇത്തരത്തില്‍ രൂപപ്പെടുത്തിയതെന്ന്‌.
ഉപ്പ, കണ്ണുനനയിക്കുന്ന ഓര്‍മയും ഉള്ളുനിറയ്‌ക്കുന്ന വെളിച്ചവുമാണ്‌ മൗലവിക്കും കുടുംബത്തിനും. ഇപ്പോഴും സൈദ്‌ മൗലവിയുടെ സാന്നിധ്യം തോന്നിപ്പിക്കും വിധം സജീവമാണ്‌ ഉപ്പയെക്കുറിച്ചുള്ള ഓര്‍മകള്‍.
സൈദ്‌ മൗലവി പ്രബോധന പ്രവര്‍ത്തനങ്ങളുമായി എടവണ്ണയില്‍ താമസിക്കുന്ന കാലത്ത്‌ എ അലവി മൗലവിയാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരിയുടെ ഉമ്മ ആമിനയെ സൈദ്‌ മൗലവിയെക്കൊണ്ട്‌ വിവാഹം ചെയ്യിക്കുന്നത്‌. അവരുടെ മൂത്ത മകന്‍ അബ്‌ദുല്‍ കരീം കൈക്കുഞ്ഞായിരിക്കുന്ന സമയത്ത്‌ തന്നെ മരണപ്പെട്ടു. എടവണ്ണ പത്തപ്പിരിയത്ത്‌ താമസിക്കുന്ന സമയത്ത്‌, 1951 ലാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരിയുടെ ജനനം. പിന്നീട്‌ മര്‍ഹൂം കെ പി മുഹമ്മദ്‌ മൗലവിയുടെ നിര്‍ദേശ പ്രകാരം സൈദ്‌ മൗലവി വളവന്നൂരിലേക്ക്‌ പ്രവര്‍ത്തനമേഖല പറിച്ചുനടുകയായിരുന്നു. ആ സമയത്തുതന്നെയായിരുന്നു രണ്ടത്താണിയില്‍ പുതിയ പള്ളി നിലവില്‍ വന്നത്‌. മര്‍ഹൂം കെ എം മൗലവിയായിരുന്നു ആദ്യഖുത്വുബ. പിന്നീട്‌ എടവണ്ണ അലവി മൗലവിയുടെ നിര്‍ദേശപ്രകാരം സൈദ്‌ മൗലവിയെ രണ്ടത്താണി മസ്‌ജിദ്‌ റഹ്‌മാനിയുടെ ഖത്വീബായി നിയോഗിച്ചു.
രണ്ടത്താണിയില്‍ വന്ന ആദ്യകാലത്ത്‌ സൈദ്‌ മൗലവിയും കുടുംബവും ഒരു പീടികമുറിയിലായിരുന്നു താമസം.
ഉപ്പയുടെയും ഉമ്മയുടെയും ഓമനയായിരുന്നു അന്‍സാരി. ഉപ്പ എവിടെപ്പോയി വരുമ്പോഴും മകന്‌ ഒരു പൊതി കൊണ്ടുവരാതിരിക്കില്ലായിരുന്നുവെന്ന്‌ അന്‍സാരി മൗലവി ഓര്‍മിക്കുന്നു. കുഞ്ഞായിരിക്കുന്ന സമയത്തുതന്നെ ഉപ്പയുടെ പ്രഭാഷണ യാത്രകളിലൊക്കെയും അനുഗമിക്കാനുള്ള ഭാഗ്യം അന്‍സാരി മൗലവിക്കുണ്ടായിരുന്നു. രണ്ടത്താണിയിലെ പള്ളിയില്‍ സൈദ്‌ മൗലവി ഖുത്വ്‌ബ നടത്തുമ്പോഴൊക്കെയും ഉപ്പയുടെ ശബ്‌ദം കേട്ട്‌ കുഞ്ഞായിരുന്ന അബ്‌ദുറഹ്‌മാന്‍ മുട്ടുകുത്തി മിമ്പറിനരികില്‍ ചെല്ലാറുണ്ടായിരുന്നു. മകനെ കോരിയെടുത്താണ്‌ പലപ്പോഴും സൈദ്‌ മൗലവി ഖുത്വുബകള്‍ നടത്തിയിരുന്നത്‌. 1990 ല്‍ സൈദ്‌ മൗലവിയുടെ മരണശേഷം മുതലിങ്ങോട്ട്‌ ഇരുപത്‌ വര്‍ഷക്കാലം അതേ മിമ്പറില്‍ ഖത്വീബായി തുടരുകയെന്നത്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരിയുടെ ഭാഗ്യവും നിയോഗവുമായിരുന്നു. ഉപ്പയുമായുള്ള ഈ ഇഴയടുപ്പം തന്നെയാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും പ്രതിഫലിക്കുന്നത്‌.
പഠനകാലം
അബ്‌ദുര്‍റഹ്‌മാന്‍ അന്‍സാരിയുടെ കുട്ടിക്കാലത്ത്‌ രണ്ടത്താണി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ നിരീശ്വരവാദിയായ കമ്മുമാഷായിരുന്നുവെന്ന്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി ഓര്‍മിക്കുന്നു. ഇസ്‌ലാമിക ചിട്ടയില്‍ സ്‌കൂളില്‍ വരുന്ന കുട്ടികളെ കളിയാക്കാറുണ്ടായിരുന്ന അയാളുടെ അടുത്തേക്ക്‌ തന്റെ കുട്ടിയെ പറഞ്ഞയക്കില്ലെന്ന്‌ സൈദ്‌ മൗലവിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മറ്റാളുകള്‍ ചോദിക്കാന്‍ തുടങ്ങിയതില്‍ പിന്നെയാണ്‌ മകനെ സ്‌കൂളില്‍ പറഞ്ഞയക്കുന്നത്‌. എന്നാല്‍ മൂന്നു മാസം കഴിയും മുമ്പേ പലതരം രോഗങ്ങളാല്‍ പഠനം മുടങ്ങി. പിന്നീട്‌ മൂന്നാം ക്ലാസില്‍ രണ്ടാമത്‌ ചേര്‍ന്നെങ്കിലും അധികകാലം തുടരാനായില്ല. പഴയ അസുഖങ്ങള്‍ വീണ്ടും പഠനം മുടക്കി. സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങിയെങ്കിലും സൈദ്‌ മൗലവി മകന്‌ നിരവധി പുസ്‌തകങ്ങള്‍ ലഭ്യമാക്കാറുണ്ടായിരുന്നു. എഴുതാനും വായിക്കാനും പഠിപ്പിച്ചതും അദ്ദേഹം തന്നെ.
ഇതിനിടയിലും മദ്‌റസാ പഠനം തുടര്‍ന്നുപോന്നു. പ്രൈവറ്റായി സ്‌കൂള്‍ പരീക്ഷ എഴുതണം എന്നാഗ്രഹിക്കുകയും ചെയ്‌തു. അങ്ങനെയിരിക്കെ ഒരു ദിവസം സൈദ്‌ മൗലവി അന്‍സാര്‍ അറബിക്‌ കോളെജ്‌ പ്രിന്‍സിപ്പാള്‍ മുത്തന്നൂര്‍ മുഹമ്മദ്‌ മൗലവിക്ക്‌ നല്‌കാനേല്‌പിച്ച കത്തുമായി മൗലവി വളവന്നൂരില്‍ പോയി. ആ യാത്ര അന്‍സാരി മൗലവിയുടെ ജീവിതത്തില്‍ പുതിയൊരു അധ്യായത്തിന്‌ തുടക്കം കുറിക്കുകയായിരുന്നു. മുത്തന്നൂര്‍ മൗലവിയുടെ നിര്‍ദേശപ്രകാരം 1969 ല്‍ അന്‍സാറിലെ വിദ്യാര്‍ഥിയായി ചേര്‍ന്നു.
ഇസ്വ്‌ലാഹി പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച സൈദ്‌ മൗലവിയുടേത്‌ ദാരിദ്ര്യവും കഷ്‌ടപ്പാടുകളും നിറഞ്ഞ ജീവിതമായിരുന്നു. ബീഡി തെറുത്തും പപ്പടം പരത്തിയുമാണ്‌ അദ്ദേഹം മക്കളെ പോറ്റിവളര്‍ത്തിയത്‌. പ്രഭാഷണങ്ങള്‍ക്ക്‌ പോയാല്‍ ചിലയിടങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന പണവും. വറുതികള്‍ നിറഞ്ഞ കോളെജ്‌ പഠനകാലത്ത്‌ ഓര്‍മകളെ നനയിക്കുന്ന ഒരു സംഭവം അന്‍സാരി മൗലവി ഓര്‍മിക്കുന്നുണ്ട്‌. വീട്ടില്‍ ഒരു നേരം മാത്രമാണ്‌ ഭക്ഷണമുണ്ടായിരുന്നത്‌. രണ്ടത്താണിയില്‍ നിന്നും വളവന്നൂര്‍ വരെ നടന്ന്‌ കോളെജില്‍ പോയിരുന്ന മൗലവിക്ക്‌ ധരിക്കാന്‍ ചെരിപ്പുണ്ടായിരുന്നില്ല. കോളെജില്‍ മറ്റു കുട്ടികള്‍ക്കെല്ലാം ചെരിപ്പുണ്ടായിരുന്നു. ഉപ്പയോട്‌ മൗലവി വിവരം പറഞ്ഞു. സൈദ്‌ മൗലവി മകനെ നെഞ്ചോടടുപ്പിച്ച്‌ ഒരുപാട്‌ കരഞ്ഞു. ``ഉപ്പാന്റെ കയ്യില്‍ പൈസയില്ലാഞ്ഞിട്ടല്ലേ... ഇനി കയ്യില്‍ പൈസ കിട്ടുമ്പോള്‍ ഉടന്‍ ഉപ്പാന്റെ കുട്ടിക്ക്‌ ചെരിപ്പ്‌ വാങ്ങിത്തരാം...'' പിന്നീട്‌ ചെരുപ്പുവാങ്ങി. അതൊരു കറുത്ത ടയറുകൊണ്ടുണ്ടാക്കിയതായിരുന്നു. സഹപാഠികള്‍ കളിയാക്കി. സംഭവം ഉപ്പയോടു പറഞ്ഞപ്പോള്‍ സൈദ്‌ മൗലവി മകനെ ചേര്‍ത്തുപിടിച്ച്‌ പറഞ്ഞു: ``ഉപ്പാന്റെ കുട്ടിക്ക്‌ ടയറിന്റെ ചെരിപ്പെങ്കിലുമുണ്ടല്ലോ. അതുമില്ലാത്ത എത്രയോ പേരില്ലേ...'' ഈയൊരു സൂക്ഷ്‌മതയും ബോധവും ജീവിതത്തിലുടനീളം അന്‍സാരി മൗ ലവിക്ക്‌ വഴിവിളക്കായിത്തീരുകയായിരുന്നു. 1971 ല്‍ ഒന്നാം ക്ലാസോടുകൂടി അന്‍സാറില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി.

ഫാത്വിമ ; കണ്‍കുളിര്‍മ
നല്‌കുന്ന ഇണ

തന്റെ ഇണയെക്കുറിച്ചു പറയുമ്പോഴൊക്കെയും സ്‌നേഹത്താലും സംതൃപ്‌തിയാലും നനയുന്ന കണ്ണുകളാണ്‌ അന്‍സാരി മൗലവിയുടേത്‌. പരസ്‌പരം ഇത്രയധികം തൃപ്‌തിപ്പെട്ട ഇണകള്‍ വിരളമായിരിക്കും.
അന്‍സാറിലെ പഠനം പൂര്‍ത്തിയാക്കി, കുറച്ചുകാലം രണ്ടത്താണി പള്ളിയോട്‌ ചേര്‍ന്ന്‌ തുടങ്ങിയ അറബിക്‌ കോളെജില്‍ അന്‍സാരി മൗലവി അധ്യാപകനായി ജോലി നോക്കിയിരുന്നു. കാടാമ്പുഴ മേല്‍മുറി സ്വദേശി ഫാത്വിമ പരമ്പരാഗത സുന്നി കുടുംബത്തിലെ അംഗമായിരുന്നു. മുജാഹിദ്‌ കുടുംബങ്ങളിലെ കൂട്ടുകാരികളുമായുള്ള സമ്പര്‍ക്കം വഴിയാണ്‌ രണ്ടത്താണിയിലെ അറബിക്‌ കോളെ ജ്‌ പഠനം തെരഞ്ഞെടുക്കുന്നത്‌.
പഠനസമയത്ത്‌ വിവാഹാലോചനകള്‍ വന്നുതുടങ്ങിയപ്പോള്‍ തന്റെ അധ്യാപകന്‍ ബാപ്പു മൗലവി മുഖേന തനിക്ക്‌ ഒരു മുജാഹിദ്‌ കുടുംബത്തിലേക്ക്‌ ചെന്നെത്താനുള്ള ആഗ്രഹം അറിയിച്ചു. ബാപ്പു മൗലവി അബ്‌ദുറഹ്‌മാന്‍ അന്‍സാരിയോട്‌ ഫാത്വിമയെ കല്യാണം കഴിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉപ്പയുടെ ഹിതം അറിയണമെന്ന്‌ മൗലവി പറഞ്ഞു. സൈദ്‌ മൗലവിയാകട്ടെ തന്റെ മഹല്ലിലെ ആളുകളുടെ സമ്മതമറിഞ്ഞതിനു ശേഷം മാത്രമാണ്‌ വിവാഹാലോചനയുമായി മുന്നോട്ട്‌ പോയത്‌. അങ്ങനെ 1971 ഏപ്രില്‍ 18 ന്‌ പാലക്കല്‍ സൈതലവി സാഹിബിന്റെ മകള്‍ ഫാത്വിമ മര്‍ഹൂം സൈദ്‌ മൗലവിയുടെ മകന്‍ അബ്‌ദുറഹ്‌മാന്‍ അന്‍സാരിയുടെ മധുരപ്പകുതിയായി.
അന്നുമുതലിന്നുവരെ ഒരു പുഴപോലെ ഒഴുകുകയാണ്‌ ആ ദാമ്പത്യം; സ്‌നേഹത്തിന്റെ നിലയ്‌ക്കാത്ത തളിര്‍പ്രവാഹം. പരസ്‌പരമുള്ള കോര്‍ത്തുവെപ്പ്‌ എങ്ങനെയെന്ന്‌ അത്ഭുതപ്പെടുത്തും വിധം മാതൃകാപരമാണ്‌ അവരുടെ ജീവിതം. തന്റെ ഇണയില്‍ നിന്ന്‌ പൂര്‍ണ സംതൃപ്‌തി അല്ലാഹു തനിക്ക്‌ പ്രദാനം ചെയ്‌തിരിക്കുന്നുവെന്ന്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി വ്യക്തമാക്കുന്നു. ഉയര്‍ന്ന സാമ്പത്തിക സുസ്ഥിരതയില്‍ നിന്നും തന്റെ ദാരിദ്ര്യത്തിലേക്ക്‌ വന്നു കയറിയിട്ടും ഒരിക്കല്‍ പോലും ഫാത്വിമ പരാതി പറഞ്ഞിട്ടില്ലെന്ന്‌, കളിയായിപ്പോലും തന്നോടു പിണങ്ങാന്‍ അവള്‍ക്കായിട്ടില്ലെന്ന്‌, തന്റെ പിണക്കങ്ങള്‍ പോലും തെല്ലിടനേരത്തെ സാമീപ്യം കൊണ്ട്‌ തന്റെ നല്ല പാതി ഇണക്കിയിരുന്നുവെന്ന്‌.... അന്‍സാരി മൗലവിയുടെ ഓര്‍മകള്‍ പെയ്യുന്ന കണ്ണുകള്‍ സാക്ഷി പറയുന്നു. വീട്ടുജോലികളത്രയും ചെയ്‌തും രോഗാതുരതയുടെ പ്രയാസങ്ങള്‍ പേറുന്ന തന്നെ ആശുപത്രിയില്‍ കൊണ്ടുപോയും മരുന്നുകള്‍ യഥാവിധി നല്‌കിയും തന്റെ നിഴലുപോലെ നില്‍ക്കുന്ന ഇണയനുഭവിക്കുന്ന പ്രയാസങ്ങളാണ്‌ അന്‍സാരി മൗലവിക്ക്‌ രോഗത്തേക്കാളേറെ കല്ലിച്ച വേദനയായി മനസ്സിലുള്ളത്‌.
പ്രണയത്തിന്റെ നൂലിഴകൊണ്ട്‌ തുന്നിച്ചേര്‍ത്ത ഇവരുടെ ജീവിതത്തിലെ സൗഭാഗ്യമാണ്‌ മക്കളായ നസീം, അനീസ, സമീറ, നസീല, നിബ്‌റാസ്‌ അമീന്‍. തന്റെ മക്കളും മരുമക്കളായ അസൈനാര്‍ അന്‍സാരി, അബ്‌ദുല്‍ വാഹിദ്‌, ജാബിര്‍ അമാനി, റഹീന, നസീറ എന്നിവരും ഇസ്വ്‌ലാഹി പ്രബോധനരംഗത്തെ പ്രഭാഷകരും സംഘാടകരുമായി ദീനീരംഗത്തുള്ളവരാണെന്നത്‌ വലിയ അനുഗ്രഹമായിട്ടാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി കാണുന്നത്‌.
1983 ലാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരിയും കുടുംബവും `ദാറുല്‍ ഇസ്‌ലാഹി'ല്‍ താമസം ആരംഭിക്കുന്നത്‌. ഐ എസ്‌ എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്ത്‌ സ്‌കൂളില്‍ നിന്നും നേരെ ഓഫീസിലേക്കു പോയാല്‍ വളരെ വൈകി, രാത്രി 12.45 ന്റെ കോതമംഗലം ബസ്സിലാണ്‌ കോഴിക്കോട്‌ നിന്ന്‌ മിക്കപ്പോഴും മടങ്ങിയിരുന്നത്‌. ദിവസങ്ങളോളം കഴിഞ്ഞ്‌ വീട്ടില്‍വരുമ്പോഴും യാതൊരു പരാതിയും കൂടാതെ തന്റെ കുടുംബം തനിക്ക്‌ താങ്ങായി നിന്നത മൗലവി ഓര്‍മിക്കുന്നു.

അധ്യാപകന്‍, പാട്ടെഴുത്തുകാരന്‍

രണ്ടത്താണിയിലെ അറബിക്‌ കോളെജ്‌ അധ്യാപകനായിരിക്കെ 1971 ജൂണ്‍ 6 ന്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി കൊച്ചി ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നെങ്കിലും അതേ വര്‍ഷം തന്നെ സപ്‌തംബര്‍ 9 ന്‌ തിരൂരങ്ങാടി ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അറബി അധ്യാപകനായി സേവനമനുഷ്‌ഠിക്കാന്‍ അബ്‌ദുറഹ്‌മാന്‍ അന്‍സാരിക്ക്‌ ഭാഗ്യമുണ്ടായി. അധ്യാപകവൃത്തിയില്‍ നിന്ന്‌ വിരമിക്കും വരെയും തിരൂരങ്ങാടി ഓറിയന്റല്‍ സ്‌കൂളില്‍ തുടര്‍ന്നു.
``പൂജാ മുറിയിലോ ചില്ലിന്റെ കൂട്ടിലോ
ബന്ധിതനല്ലല്ലോ എന്റെ ദൈവം
വാനവും ഭൂമിയും പ്രവിശാലമായൊരു
സാമ്രാജ്യ സാരഥി എന്റെ ദൈവം...''
സൈദ്‌ മൗലവിയുടെ തനത്‌ ഗുണങ്ങളത്രയും ലഭിച്ചയാളാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി. ഉപ്പയെപ്പോലെ ഒരുപാട്‌ വരികള്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അടയാളപ്പെടുത്തിക്കൊണ്ട്‌ അന്‍സാരി മൗലവിയും പാട്ടുകളെഴുതി. കോട്ടക്കല്‍ പുത്തൂര്‍ മുജാഹിദ്‌ സമ്മേളനത്തില്‍ പുറത്തിറക്കിയ `തസ്‌ബീഹ്‌' തൗഹീദ്‌ ഗാന കാസറ്റടക്കം ആയിരത്തിലധികം പാട്ടുകള്‍ അബ്‌ദുറഹ്‌മാന്‍ അന്‍സാരി എഴുതിയിട്ടുണ്ട്‌.
ചന്ദ്രികയിലും മറ്റും പാട്ടുകളും ലേഖനങ്ങളുമൊക്കെ എഴുതിയ ഒരു കാലം അബ്‌ദുറഹ്‌മാന്‍ അന്‍സാരിക്ക്‌ പറയാനുണ്ട്‌. അദ്ദേഹത്തിന്റെ എഴുത്തുകളുടെയൊക്കെയും ആദ്യവായനക്കാരി ഭാര്യ ഫാത്വിമയായിരുന്നു. അവരുടെ നിര്‍ദേശങ്ങള്‍ക്ക്‌ അദ്ദേഹം വലിയ വില കല്‌പിച്ചിരുന്നു.
ഉപ്പയില്‍ നിന്നു ശീലിച്ചെടുത്ത വായനയുടെ സൗകുമാര്യത അന്‍സാരി മൗലവി ഇന്നും സൂക്ഷിച്ചുവെക്കുന്നു. എല്ലാ കാലത്തേയും ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകളെ നന്നായുപയോഗിക്കുന്ന പണ്ഡിതനാ ണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി. ഖുത്വുബകള്‍ക്ക്‌ ഒരുങ്ങുമ്പോള്‍ സ്വയം ടൈപ്പ്‌ ചെയ്‌ത്‌ പ്രിന്റഡ്‌ നോട്ടുകള്‍ തയ്യാറാക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്‌. ഓണ്‍ലൈന്‍ എഡിഷനിലൂടെയാ ണ്‌ മൗലവി ശബാബ്‌ വായിക്കാറുള്ളത്‌. ആരെയും കൊതിപ്പിക്കുന്ന വിപുലമായ ഗ്രന്ഥശേഖരത്തിന്റെ ഉടമകൂടിയാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി.

പ്രാര്‍ഥന-ജീവിതത്തിന്റെ വെളിച്ചം
തന്റെ ജീവിതത്തിലുടനീളം പ്രാര്‍ഥനയുടെ വെളിച്ചമാണ്‌ വഴികാട്ടിയിട്ടുള്ളതെന്ന്‌ അന്‍സാരി മൗലവി പറയുന്നു. തന്റെ പ്രാര്‍ഥനകള്‍ക്കത്രയും അല്ലാഹുവിന്റെ ഉത്തരം ലഭിച്ച ഒട്ടേറെ അനുഭവങ്ങള്‍ അദ്ദേഹത്തിന്‌ പറയാനുണ്ട്‌.
അദ്ദേഹത്തിന്റെ വീട്ടിലും പരിസര പ്രദേശങ്ങളിലും വെള്ളത്തിന്റെ ക്ഷാമം നന്നായിട്ടുണ്ടായിരുന്നു. മുകളിലെ ഒരു വീട്ടില്‍ നിന്നുമാണ്‌ പരിസരവാസികളെല്ലാവരും വെള്ളം ശേഖരിച്ചിരുന്നത്‌. ഒരു ദിവസം സുബ്‌ഹ്‌ സമയത്ത്‌ ഭാര്യ ഫാത്വിമ വെള്ളം കൊണ്ടുവരുന്നതിനിടെ കാല്‍ തെന്നി വീണു. തന്റെ ഇണയുടെ വീഴ്‌ച അദ്ദേഹത്തെ വല്ലാതെ സങ്കടപ്പെടുത്തി. നമസ്‌കാരാനന്തരം മൗലവി കരഞ്ഞുപ്രാര്‍ഥിച്ചു. പിറ്റേ ദിവസം പ്രത്യേകിച്ച്‌ ആവശ്യങ്ങളൊന്നും തന്നെ ഇല്ലാതിരുന്നിട്ടും മൗലവി മുജാഹിദ്‌ സെന്ററില്‍ പോയി. കെ പി മുഹമ്മദ്‌ മൗലവി അദ്ദേഹത്തെ വിളിപ്പിച്ചു. പരിസരപ്രദേശങ്ങളിലെവിടെയെങ്കിലും കിണറിന്‌ ആവശ്യമുണ്ടോ എന്നന്വേഷിച്ചു. തന്റെ പരിസരത്ത്‌ വെള്ളമില്ലാത്ത അവസ്ഥ കെ പി മുഹമ്മദ്‌ മൗലവിയെ അറിയിക്കുകയും ചെയ്‌തു. കുവൈത്തിലെ ബൈതുസ്സകാത്തിന്റെ പണം അനുവദിച്ചുകിട്ടുകയും കുഴല്‍ കിണര്‍ കുഴിക്കുകയും ചെയ്‌തു. കെ പി മുഹമ്മദ്‌ മൗലവിയുടെ നിര്‍ദേശപ്രകാരം ടാങ്ക്‌ രണ്ട്‌ ഭാഗങ്ങളായി വിഭജിച്ചു. ഒരു ഭാഗം പരിസര നിവാസികള്‍ക്കായും ഒരു ഭാഗം തന്റെ വീട്ടാവശ്യാര്‍ഥവും.
ജീവിതത്തില്‍ അനിശ്ചിതത്വം കടലു തീര്‍ക്കുമ്പോഴൊക്കെയും അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മകള്‍ കൊണ്ട്‌ ശക്തി സംഭരിച്ചയാളാണ്‌ അബ്‌ദുറഹ്‌മാന്‍ അന്‍സാരി. ഓര്‍മകളുടെ പിഴവുകളില്ലാത്ത ഒഴുക്കാണ്‌ അന്‍സാരി മൗലവിയുടെ പ്രത്യേകത. ജീവിതം തനിക്ക്‌ തന്നതൊക്കെയും കൃത്യമായി ഓര്‍മയില്‍ സൂക്ഷിച്ചുവച്ചിരിക്കുന്നു. വര്‍ത്തമാനത്തിനിടയില്‍ പലപ്പോഴും ഓര്‍മകളുടെ കുത്തൊഴുക്കില്‍ മൗലവി കരഞ്ഞു. താന്‍ വളര്‍ന്ന കുടുംബം, തന്റെ മഹാനായ ഉപ്പ, തന്റെ നിഴലും നിലാവുമായ നല്ല പാ തി ഫാത്വിമ, സ്‌നേഹനിധികളായ മ ക്കള്‍, കണ്‍കുളിര്‍മയേകുന്ന പേരമക്കള്‍... സ്‌നേഹത്തിന്റെ ശക്തിയുള്ള താങ്ങുകള്‍!! രോഗപീഢക്കിടയിലും അബ്‌ദുറഹ്‌മാന്‍ അന്‍സാരി പറയുന്നു, ``അല്‍ഹുംദുലില്ലാഹ്‌...''






ഇയ്യച്ചേരി; മദ്യ വിരുദ്ധ കുടുംബം







ചുവപ്പ് വീട്ടിലെ പച്ച മനുഷ്യന്‍










Friday, June 25, 2010

വീട്ടിലേക്കുള്ള വഴികള്‍

വേദനയുടെ വെയില്‍ വരമ്പത്തുകൂടിയാണ്‌
എന്റെ വീട്ടിലേക്കുള്ള വഴി.?

ബോധത്തിലൊക്കെയുമതിരമ്പിക്കയറി, നൊന്തു തുടങ്ങിയിട്ടാണ്‌ കണ്ടത്‌, ആ വാക്കു വന്ന വഴി! പത്രാപ്പീസില്‍നിന്ന്‌ തിരക്കിട്ടിറങ്ങിയപ്പോള്‍ നഗരത്തിരക്കിന്റെ ഓരത്ത്‌ അയാള്‍. ജീവിതപ്പെരുക്കങ്ങളുടെ സമചിഹ്നത്തിനപ്പുറത്ത്‌ തോറ്റുപോയവന്‍, സുകുമാരന്‍. ഒപ്പം അവന്റെയൊരേയൊരു ജയം, ലക്ഷ്‌മി; അവന്റെ പെണ്ണ്‌.
നഗരപ്പെരുവഴിയില്‍ ഒരു ഉറക്കമില്ലാരാത്രി കൂടി പങ്കിട്ടെടുക്കുമ്പോള്‍, ദൂരെ, ആ കുന്നിന്‍മുകളില്‍ അവരുടെ വീട്‌ തനിച്ചായിരിക്കും; ഭാരം പേറാനാകാതെ എന്നോ ഇറക്കിവെച്ച കിനാവുകളും. ഇരുപത്തിനാലു വര്‍ഷങ്ങള്‍ക്കപ്പുറത്ത്‌ പുതുപെണ്ണിന്റെ കൈ പിടിക്കുമ്പോള്‍, മെഡിക്കല്‍ കോളേജ്‌ യാത്രകളിലെ മരവിപ്പായിരുന്നിരിക്കില്ല സുകുമാരന്റെ മനസ്സില്‍. പ്രിയപ്പെട്ടവന്റെ വേദന നീര്‍കുടിച്ചു വറ്റിച്ച കണ്ണുകളായിരുന്നിരിക്കില്ല ലക്ഷ്‌മിയുടെ മനോചിത്രങ്ങളില്‍. കുന്നിന്‍മുകളില്‍ ജീവസാന്നിദ്ധ്യമില്ലാത്തൊരു നാല്‍ചുവര്‍ കൂരയായിരുന്നിരിക്കില്ല അവരുടെ വര്‍ത്തമാനങ്ങളില്‍...
സുകുമാരന്‍ ഇസ്‌തിരിയിട്ട്‌ നിവര്‍ത്തിയ കുപ്പായവുമിട്ട്‌ അളകാപുരിയില്‍ നിന്നിറങ്ങുമ്പോള്‍, ഒരെഴുത്തുകാരനുമറിഞ്ഞിരിക്കില്ല ജീവിതം കൊണ്ടൊരു ദുരന്താഖ്യായിക എഴുതുന്നവന്റെ വിയര്‍പ്പാണിതെന്ന്‌.
മുപ്പതാം വയസ്സില്‍ കല്യാണം കഴിച്ച പെണ്ണിനേയും കൊണ്ട്‌ സുകുമാരന്‍ പലവട്ടം പിടഞ്ഞുനോക്കിയതാണ്‌, കരകയറാന്‍. പല വേഷങ്ങളും അണിഞ്ഞുനോക്കി. കൂട്ടത്തില്‍ ഏഴെട്ടു വര്‍ഷം അളകാപുരിയിലെ ഇസ്‌തിരിക്കാരന്റെയും. വര്‍ഷങ്ങള്‍ ഉരുക്കഴിച്ചിട്ടും ബാക്കികിട്ടിയത്‌ രോഗാതുരതയുടെ പൂപ്പലുകള്‍ മാത്രം. കണ്ടുകൂട്ടിയ കിനാവുകളുടെ ശക്തികൊണ്ടാകണം രണ്ട്‌ വര്‍ഷം മുമ്പ്‌ സുകുമാരനൊരു കൂര കെട്ടിയത്‌. ഇരുപത്തിരണ്ട്‌ വര്‍ഷങ്ങളുടെ ചോര കൊണ്ടാണ്‌ കല്ലുറപ്പിച്ചത്‌. പക്ഷേ, തോറ്റവര്‍ തന്നെ വീണ്ടും വീണ്ടും തോല്‍ക്കേണ്ടി വരുന്ന വിധിയുടെ പെരുങ്കളിയില്‍ സുകുമാരനും അടിതെറ്റി. രോഗത്തിന്റെ വടങ്ങള്‍ അയാളെ പിടിച്ചുകെട്ടി മെഡിക്കല്‍ കോളേജിന്റെ തിരമാലയിലേക്ക്‌ വലിച്ചിട്ടു. ലക്ഷ്‌മി സുകുമാരന്‍ തന്നെയായതുകൊണ്ട്‌ അവളേയും. ഒന്നു കുതറിയെണീറ്റ്‌ പുരയുടെ തണുപ്പിലേക്ക്‌ ഓടിച്ചെല്ലുമ്പോഴൊക്കെയും വീണ്ടും കുത്തിപ്പഴുക്കും, പൊറ്റകെട്ടിയ മുറിവുകള്‍... വീണ്ടും ആസ്‌പത്രിത്തിരക്കിലേക്ക്‌... അങ്ങനെ, സ്വപ്‌നങ്ങളുടെ വീട്ടില്‍ ഇത്തിരി ദിവസത്തിന്റെ ആശ്വാസങ്ങളുള്ള ഒരു വര്‍ഷം. ഒടുക്കം, ശേഷിക്കുന്ന കരുത്തും ഒന്നൊന്നായി ചോര്‍ന്നുപോയപ്പോള്‍, ആസ്‌പത്രിയില്‍ നിന്നും വീട്ടിലേക്കുള്ള വഴി നോവു നിറഞ്ഞ ഇരുട്ടായപ്പോള്‍, കോഴിക്കോട്‌ പാളയം സ്റ്റാന്റിന്റെ തിണ്ണയില്‍ ഇരുന്നുപോയി ലക്ഷ്‌മി, മടിയില്‍ പാതിയടര്‍ന്ന്‌ സുകുമാരനും...
വേദനയുടെ വെയില്‍വരമ്പു താണ്ടി എന്നെങ്കിലും കുന്നിന്‍മുകളിലെ വീട്ടില്‍ സുകുമാരനെത്തുമോ, ലക്ഷ്‌മിയുടെ കയ്യും പിടിച്ച്‌...?
നഗരപ്പെരുവഴിയില്‍ അവരെക്കടന്നുനീങ്ങുമ്പോള്‍ പെട്ടെന്ന്‌ വീടണയാന്‍ തോന്നി. പേടിയുടെ, ഒറ്റപ്പെടലിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നതുപോലെ. ഒക്കെയും തീര്‍ത്തുപെയ്യണമെങ്കില്‍ വീടിന്റെ ഉമ്മച്ചൂടിലെത്തണം... അടുക്കളക്കോണിലെ അലുമിനിയക്കലത്തില്‍നിന്ന്‌ ഒരിറുക്ക്‌ വെള്ളം കുടിക്കണം, ഇഷ്‌ടവും കണ്ണീരും കൂട്ടിക്കുഴച്ച്‌ ഉമ്മ വിളമ്പിത്തരുന്ന ചോറുണ്ണണം, ഇടക്ക്‌ അനിയത്തിയുടെ ചെവിക്കുപിടിച്ച്‌ വല്ലിക്കാക്കയാകണം, വീട്ടിലെ കുഞ്ഞുരാജാത്തിയെ വാരിയെടുത്ത്‌ മാനം കാട്ടണം; കല്‍ക്കണ്ടക്കഷ്‌ണം കൊടുക്കണം, കണ്ണടച്ചില്ലിനപ്പുറത്ത്‌ ഉപ്പയുടെ വാത്‌സല്യക്കണ്ണിന്റെ സുരക്ഷിതത്വമറിയണം...
വീട്‌ തുടക്കമാണ്‌. പടികയറുന്ന പ്രതീക്ഷകളുടെ, വാതില്‍ക്കല്‍ വന്നെത്തിനോക്കുന്ന ജീവിതാഭിലാഷങ്ങളുടെ, ആശങ്കകളുടെ. ഗര്‍ഭാശയത്തിന്റെ ഊഷ്‌മളതയില്‍ തുടങ്ങുന്നു മനുഷ്യന്റെ വീടോര്‍മകള്‍. വീട്‌ കുടുംബം തന്നെയാണ്‌. എത്രയെത്ര അകലെപ്പോയാലും ?വരൂ, മടങ്ങി വരൂ? എന്ന്‌ മന്ത്രിക്കാന്‍, നമ്മുടെ പല അഹങ്കാരങ്ങളേയും തോല്‍പിക്കാന്‍, ഇനിയെന്നുകാണുമെന്ന്‌ വിരഹവിഷാദത്തിലമര്‍ത്താന്‍ വീടിനു കഴിയുന്നു. എല്ലായ്‌പ്പോഴുമല്ല, തന്റേതൊരു സമാധാന ഗേഹമാണെങ്കില്‍, ഹൃദയത്തിലെ നനവും ഓര്‍മകളിലെ വെളിച്ചവുമാണെങ്കില്‍... പട്ടിണിക്കലമെങ്കിലും വെച്ചുവിളമ്പിക്കിട്ടാന്‍-തീരാത്ത സ്‌നേഹപ്പുഴകളുണ്ടെങ്കില്‍...
ദൂരെപ്പോ...? എന്ന്‌ വീടിന്റെ വിളിയെ ആട്ടിപ്പായിച്ചവരൊക്കെ, സമര്‍ത്ഥമായതിനെ കബളിപ്പിച്ചവരൊക്കെ പിന്നീടൊരിക്കലെങ്കിലും വീണ്ടുമാവിളിക്ക്‌, തന്നെ പിന്‍തുടര്‍ന്ന വീടിന്റെ അദൃശ്യകരങ്ങള്‍ക്ക്‌ കൊതിച്ചിട്ടുണ്ടാകും. തീര്‍ച്ച.
ഓര്‍മകളില്‍ വിയര്‍പ്പുകുത്തിയ ഒരു തലയിണ മണക്കുന്നു. തറവാട്‌ വീടിന്റെ മണം... പഴകിയ ഉമ്മറക്കോലായിയുടെ, ഓഫീസുമുറിയിലെ പഴയ പത്രക്കെട്ടുകളുടെ, പത്തായത്തിലെ വിത്തിനുവെച്ച നെല്ലിന്റെ, അരിച്ചാക്കില്‍ പഴുക്കാന്‍ പൂഴ്‌ത്തിവെച്ച ഈനാമ്പഴത്തിന്റെ, അപ്പത്തിനൊപ്പം വെന്ത പൊടിയണ്ണിയിലയുടെ, വല്ലിപ്പയുടെ ചാരുകസേരയുടെ, വല്ലിമ്മച്ചീന്റെ പുള്ളിത്തുണിയുടെ... അങ്ങനെയങ്ങനെ ഒരുപാട്‌ മണങ്ങള്‍ ചേര്‍ന്ന ഒരൊറ്റമണം. ഒരു വീടിന്റെ മാത്രം, പൊളിച്ചുമാറ്റിയിട്ടും ഓര്‍മയില്‍നിന്ന്‌ ഓടിമറയാന്‍ കൂട്ടാക്കാത്ത...
വീട്ടുമണങ്ങളുടെ ഇഷ്‌ടങ്ങള്‍ തിരഞ്ഞാണന്ന്‌ കൂട്ടുകാരന്റെ വീട്ടില്‍ പോയത്‌. ?ഇത്ര നാളായിട്ടും, പഠനത്തിന്റെ ബാലികേറാമലകളില്‍ കൂട്ടായിട്ടും വീട്ടിലേക്കൊന്ന്‌ വിളിച്ചില്ലല്ലോ? എന്ന പരിഭവവും കൊണ്ട്‌. ബസ്‌ സ്റ്റോപ്പില്‍ അവന്‍ കാത്തുനില്‍പുണ്ടായിരുന്നു.
റോഡില്‍ നിന്ന്‌ ഇത്തിരിയകലെ ഒരു കുഞ്ഞുവാര്‍പ്പ്‌ വീട്‌, പണിതീരാത്ത. ഓടുമേഞ്ഞ പഴയ വീടുകള്‍ക്കും പുതിയ വാര്‍പ്പുവീടുകള്‍ക്കുമിടയില്‍ തന്റെയിടം എവിടെയെന്നറിയാത്ത...
ന്റെ മൂത്തോന്‍ അറബ്‌ നാട്ടില്‍ കെടന്ന്‌ നയിച്ചിട്ടാണിത്രേം...?
അവന്റുമ്മയുടെ കണ്ണില്‍ നനവ്‌.
ഇതൊരു വീടായിട്ടില്ല കുട്ട്യേ, ?വീ ആയിട്ടേയൊള്ളൂ.?
ചായഗ്ലാസ്‌ നീട്ടിയൊരു ഇത്തക്കയ്യ്‌ ചിരിച്ചു.
റഷീദിന്റെ ബീവിയാണ്‌.?
ഉം... തിരക്കുണ്ടുമ്മാ, ഇത്താ, ഇറങ്ങട്ടെ...?
നനഞ്ഞുതുടങ്ങുന്ന കണ്ണുകളെത്തോല്‌പിക്കാന്‍ വേഗം യാത്ര പറഞ്ഞിറങ്ങി.
എടാ, കാക്ക അവിടെക്കിടന്ന്‌ കഷ്‌ടപ്പെടാണ്‌. ആറേഴുകൊല്ലായീടാ പോയീട്ട്‌. ഞാനിന്നും പഠിച്ചുനടക്കാണ്‌...?
നല്ലവാക്ക്‌ വേണ്ടപ്പോഴൊക്കെ പിടികൂടുന്ന മൗനത്തിന്‌ തോറ്റുകൊടുത്ത്‌, ഞാന്‍ അവനില്‍ നിന്നും നടന്നുനീങ്ങി.
?നാട്ടില്‍ വരാന്‍ പൂതിയില്ലാഞ്ഞല്ല പെണ്ണേ... നമ്മുടെ വീട്‌, അതൊന്ന്‌ പൂര്‍ത്ത്യാക്കീട്ട്‌...?
റഷീദ്‌ക്കാ തന്റെ ബീവിക്കെഴുതിയിട്ടുണ്ടാവണം.
നടന്ന്‌ മെയിന്‍ റോഡിലെത്തിയപ്പോള്‍ ആ വലിയ വീട്‌ നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കൂറ്റന്‍ മതിലുകള്‍ക്ക്‌ മുകളില്‍ ഒന്നാം നില മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. ഗെയ്‌റ്റിന്റെ അഴികള്‍ക്കുള്ളിലെ കാഴ്‌ചയില്‍ ഓര്‍ക്കിഡും ആന്തൂറിയവുമൊക്കെ അച്ചടക്കത്തോടെ നില്‍ക്കുന്നു.
ഹേയ്‌, നിങ്ങളാണോ ഇവിടുത്തെ തടവുകാര്‍??
ഉം, എന്തുവേണം? വാച്ച്‌മാന്‍ മുരണ്ടു!
കാവല്‍ക്കാരാ, അയല്‍പക്കത്തെ വിശേഷങ്ങളും നാട്ടുമണങ്ങളും കുഞ്ഞുങ്ങളുടെ കളിത്തോറ്റങ്ങളുമൊക്കെ അകത്തുകടക്കാതെ നോക്കണേ...?


തൊട്ടപ്പുറത്തൊരു ടെറസുവീടിന്റെ പടിയില്‍ റോഡിലേക്ക്‌ കണ്ണുംനട്ട്‌ സ്‌കൂള്‍ ബാഗ്‌ മടിയില്‍വെച്ച്‌ ഒരു കുട്ടിയിരിക്കുന്നു. അമ്മ താക്കോലേല്‍പിക്കാന്‍ മറന്നുപോയതായിരിക്കണം. അയല്‍വീട്ടില്‍ താക്കോലേല്‍പിക്കാന്‍ മറന്ന അമ്മമാരുടെ കുട്ടികള്‍ക്ക്‌ എന്തായിരിക്കാം വീട്‌? ഉണ്ടായിട്ടും വേണ്ടപ്പോള്‍ കിട്ടാതെപോകുന്ന ഇടത്തരക്കാരന്റെ കുറേ നഷ്‌ടങ്ങളിലൊന്നോ? കോണ്‍ക്രീറ്റുകാട്‌ കെട്ടി ചുറ്റുമതിലിന്റെ കെട്ടുപാടുകളില്‍ കഴിയാനൂറ്റം കൊള്ളുന്നവര്‍ക്ക്‌ വീട്‌ നല്ലൊരോര്‍മ പോലുമായിരിക്കില്ല! ഒടുക്കം, തുടിക്കുന്ന ജീവിതം ഓര്‍മകളില്‍ തടഞ്ഞ്‌ പതിയെ നിലക്കുമ്പോള്‍ നേടിയതും വെട്ടിപ്പിടിച്ചതുമൊക്കെ നിവര്‍ത്തിയ കൈവെള്ളയില്‍ അനാഥമാകുമ്പോള്‍ മണ്ണിന്റെ തണുപ്പില്‍, പൂര്‍വ്വ അംശത്തിന്റെ സഫലതയില്‍ ആറടിമണ്ണിന്റെ അവസാന വീട്‌...
വീടോര്‍മകളില്‍ മുഴുകി സമയം പോയതറിഞ്ഞില്ല. സുകുമാരനും ലക്ഷ്‌മിയും എത്രയോ ദുരെയാണ്‌. ബസ്‌ സ്റ്റാന്റിന്റെ വശങ്ങളിലൊക്കെയും ചാക്കുകളും പത്രക്കടലാസുകളും ഇടം പിടിച്ചിരിക്കുന്നു. അവക്കുമുകളില്‍ വീടുകളില്‍ നിന്ന്‌ പുറന്തള്ളപ്പെട്ടവരും ഇറങ്ങിനടന്നവരും അത്തരമൊന്ന്‌ ഒരിക്കലും നേടാനാകാത്തവരും നഗരമഴുക്കില്‍ പെറ്റുവീഴപ്പെട്ടവരുമൊക്കെ ഉറക്കം പിടിച്ചിരിക്കുന്നു.
ഒരു കവിതാശകലം ഓര്‍മ വരുന്നു,
 

പട്ടുമെത്തയിലുറങ്ങുന്ന,
പേക്കിനാവ്‌ കണ്ടിട്ടേയില്ലാത്ത
കൂട്ടുകാരാ...

നിന്നേക്കാള്‍
എത്ര വലുതാണെന്റ വീട്‌.

അറ്റമില്ലാത്ത വിസ്‌തൃതിയില്‍
അളവറ്റ ഉയരത്തില്‍...?