മലേഷ്യന്‍ പൗരന്‍ കോയക്കുട്ടി സാഹിബ് മലയാളിക്ക് അത്ര സുപരിചിതനല്ല. എന്നാല്‍ ഇസ്‌ലാമിക് ബുക്ക് ട്രസ്റ്റിന്റെയും അദര്‍ പ്രസ്സിന്റെയും പുസ്‌തകങ്ങള്‍ മലയാളി മുസ്‌ലിം പരിചയിച്ചിട്ടുണ്ട്. 1953ല്‍ സിങ്കപ്പൂരിലും പിന്നീട് മലേഷ്യയിലും എത്തിപ്പെടുകയും ഉയര്‍ന്ന ഉദ്യോഗങ്ങള്‍ വരിക്കുകയും സാമൂഹ്യ രാഷ്‌ട്രീയ മണ്ഡലങ്ങളില്‍ സ്വന്തം മുദ്ര പതിപ്പിക്കുകയും ചെയ്‌ത ഈ മലയാളി, മലേഷ്യന്‍ പൗരനായെങ്കിലും ഇന്നും താന്‍ വളര്‍ന്ന നാടും ഭാഷയും അന്യപ്പെടാതെ കാത്തുസൂക്ഷിക്കുന്നു.
കണ്ണൂര്‍ പഴയങ്ങാടിക്കാരനായിരുന്ന കോയക്കുട്ടി സാഹിബ് ഇന്ന് മലേഷ്യന്‍ പുസ്‌തകപ്രസാധനരംഗത്തെ വേറിട്ടൊരു ശബ്‌ദമാണ്. ഐ ബി ടിയുടെ ഉടമയായ ഇദ്ദേഹം തന്റെ മലേഷ്യന്‍ ജീവിതം, പുസ്‌തക പ്രസാധനത്തിന്റെ വഴികള്‍, മലേഷ്യയിലെ രാഷ്‌ട്രീയ പരിതസ്ഥിതി, ഇസ്‌ലാമിക സംഘടനകള്‍ തുടങ്ങി വ്യത്യസ്‌തങ്ങളായ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവെക്കുന്നു.
മലേഷ്യയിലേക്ക്
മുമ്പു കാലത്ത് കേരളത്തില്‍ നിന്ന്, പ്രത്യേകിച്ചും മലബാറില്‍ നിന്ന് സിങ്കപ്പൂര്‍, ഇന്തോനേഷ്യ, മലേഷ്യ, സിലോണ്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ജോലി തേടി കുടിയേറിയിരുന്നത്. ഗള്‍ഫിന്റെ സാധ്യതകള്‍ അക്കാലത്ത് സജീവമായി വന്നിട്ടുണ്ടായിരുന്നില്ല. 1953ല്‍ കണ്ണൂരിലെ പഴയങ്ങാടിയില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സിങ്കപ്പൂരിലേക്ക് പോകുമ്പോള്‍ 18 വയസ്സാണ് പ്രായം. വിവിധങ്ങളായ ജോലികളുമായി സങ്കപ്പൂരില്‍ കഴിഞ്ഞു. സിങ്കപ്പൂര്‍ പൗരത്വമെടുത്തു. ബ്രിട്ടീഷ് കോളനിയായിരുന്ന സിങ്കപ്പൂര്‍ സ്വതന്ത്ര രാഷ്‌ട്രമായതിനെത്തുടര്‍ന്ന് വ്യാപകമായി പൗരത്വം നല്‌കിയിരുന്നു. ഇടക്കാലത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ചാര്‍ട്ടേഡ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ ബി കോം ഡിഗ്രി എടുത്തു. 1959ല്‍ നാട്ടില്‍ തിരിച്ചുവന്നു. അക്കാലത്താണ് വിവാഹിതനാകുന്നത്. 1959ല്‍ സിങ്കപ്പൂര്‍ വാസം ഉപേക്ഷിച്ച് മലേഷ്യയിലെത്തി. 1962ല്‍ കുടുംബത്തെയും മലേഷ്യയില്‍ കൊണ്ടുവന്നു. 1964ല്‍ സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥനായി. 1973 ല്‍ മലേഷ്യന്‍ പൗരത്വം സ്വീകരിച്ചു. 1989 ല്‍ വിരമിക്കുന്നതുവരെയും സെന്‍ട്രല്‍ ബാങ്ക് ജീവനക്കാരനായി തുടര്‍ന്നു. ഇപ്പോള്‍ കുടുംബസമേതം മലേഷ്യന്‍ പൗരന്മാരായി ക്വാലാലംപൂരില്‍ താമസിക്കുന്നു.
പുസ്‌തകപ്രസാധനം
വായനയും പുസ്‌തകങ്ങളും തന്നെയാണ് ചെറുപ്പം മുതല്‍ തന്നെ ജീവിതത്തില്‍ ചേര്‍ത്തുപിടിച്ച വലിയ കൂട്ട്. ആ ആത്മബന്ധം തന്നെയാകണം പ്രസാധകന്റെ കുപ്പായമണിയാന്‍ പ്രേരണ നല്‌കിയതും. 1973ലാണ് പ്രസാധനരംഗത്തെ പ്രഥമ സംരംഭത്തിന് തുടക്കം കുറിച്ചത്. റീഡിംഗ് ഇസ്‌ലാം എന്ന പേരില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന പ്രമുഖ ലേഖനങ്ങളുടെ ക്രോഡീകരണമായിരുന്നു ഈ ജേണല്‍. ത്രൈമാസികയായി ഇത് ഇംഗ്ലീഷ് ഭാഷയിലാണ് പ്രസിദ്ധപ്പെടുത്തിയിരുന്നത്. ഡയറക്‌ട് സര്‍ക്കുലേഷനായിരുന്നു. വ്യക്തികേന്ദ്രീകൃത പ്രസിദ്ധീകരണമായതുകൊണ്ടു അതിന്റേതായ പരിമിതികളുണ്ടായിരുന്നു. അന്‍വര്‍ ഇബ്‌റാഹീം ഇസ്‌ലാമിക് യൂത്ത്‌മൂവ്‌മെന്റിന്റെ പ്രസിഡന്റായിരുന്ന കാലത്ത് അവര്‍ ഇതിനെ പ്രൊമോട്ട് ചെയ്‌തിരുന്നു. പന്ത്രണ്ട് ലക്കങ്ങള്‍ പുറത്തിറക്കി. ഓരോ വര്‍ഷവും പ്രസിദ്ധീകരണത്തിന്റെ റജിസ്‌ട്രേഷന്‍ പുതുക്കണമായിരുന്നു. 1978ല്‍ ഇറാന്‍ റെവല്യൂഷന്‍ സമയത്ത് റജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാതെ പ്രസിദ്ധീകരണം നിലച്ചു. പിന്നീട് പാര്‍ട്ടി ഇസ്‌ലാം (PAS) മുഖപത്രമായ ഹറഖയില്‍ ഇംഗ്ലീഷ് പേജ് എഡിറ്റ് ചെയ്‌തു. ഹറഖയില്‍ എഡിറ്റോറിയലുകള്‍ എഴുതി. ഇസ്‌ലാമിക സ്റ്റേറ്റിനെക്കുറിച്ചുള്ള ജമാഅത്ത്/ ഇഖ്‌വാന്‍ വീക്ഷണത്തെ നിരൂപണ വിധേയമാക്കിയും ചിലപ്പോള്‍ എഡിറ്റോറിയലുകള്‍ എഴുതി. സ്വയം വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനാവാതായപ്പോള്‍ ഹറഖയില്‍ നിന്നും അവര്‍ എന്നെ ഒഴിവാക്കി. 1989ല്‍ റിട്ടയര്‍മെന്റിന് ശേഷമാണ് പുസ്‌തക പ്രസാധന രംഗത്തേക്ക് സജീവമാകാന്‍ തീരുമാനിക്കുന്നത്. പിന്നീട് IBT ട്രസ്റ്റും (ഇസ്‌ലാമിക് ബുക്‌ട്രസ്റ്റ്), അദര്‍ പ്രസ്സ് എന്ന പേരില്‍ പ്രസാധനാലയവും സ്ഥാപിച്ചു.
ഐബിടി/അദര്‍ പ്രസ്സ്
ഇസ്‌ലാമിക ചിന്തയെയും സാഹിത്യത്തെയും പരിചയപ്പെടുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ട്രസ്റ്റാണ് IBT (ഇസ്‌ലാമിക് ബുക് ട്രസ്റ്റ്). പ്രാദേശിക ഇസ്‌ലാമിക സംഘടനകളുമായി ചേര്‍ന്ന് മലേഷ്യയിലെ മുഴുവന്‍ ഹോട്ടല്‍ മുറികളിലും വിശുദ്ധ ഖുര്‍ആനിന്റെ പ്രതികള്‍ ഉറപ്പുവരുത്തുക പോലുള്ള ഒട്ടനവധി പദ്ധതികള്‍ ഐ ബി ടിയുടെ കീഴില്‍ നടപ്പിലാക്കി വരുന്നുണ്ട്. Council of American Muslim Prisoners (USA), Zayed House for Islamic Culture (UAE), Darul Uloom Islamic Academy (Australia) Muslim Youth Helpline (UK) തുടങ്ങിയ അന്താരാഷ്‌ട്ര മുസ്‌ലിം സംഘടനകളുമായി സഹകരിച്ച് ഖുര്‍ആന്‍ വിവരണങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.
അദര്‍ പ്രസ്സ് ആണ് പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. മലേഷ്യന്‍ മുസ്‌ലിംകള്‍ വായനാശീലമില്ലാത്തവരാണ് എന്ന തെറ്റായ വാദഗതിയെ മറികടക്കുകയായിരുന്നു അദര്‍ പ്രസ്സിന്റെ സ്ഥാപന ലക്ഷ്യങ്ങളില്‍ ഒന്ന്. യഥാര്‍ഥത്തില്‍ ഇസ്‌ലാമിക പുസ്‌തകങ്ങളുടെ ലഭ്യതക്കുറവും മുഖ്യധാരാ പ്രസാധകരുടെ പുസ്‌തകങ്ങളുടെ താങ്ങാനാവാത്ത വിലയുമായിരുന്നു മലേഷ്യന്‍ ജനതയുടെ വായനാശീലത്തെ അപഹരിച്ചിരുന്നത്. ആധുനിക പാശ്ചാത്യ മാധ്യമ ലോകം അര്‍ധസത്യങ്ങളും ഇസ്‌ലാം നിന്ദയും ഉള്‍ക്കൊള്ളുന്ന പുസ്‌തകങ്ങള്‍ പടച്ചുവിടുമ്പോള്‍ യഥാര്‍ഥ ഇസ്‌ലാമിനെ പരിചയപ്പെടുത്താനുള്ള ദൗത്യമാണ് ഐ ബി ടിയും അദര്‍ പ്രസ്സും ഏറ്റെടുത്തിരിക്കുന്നത്.
മലേഷ്യയിലെ
ഭരണ-രാഷ്‌ട്രീയ പരിതസ്ഥിതി
ഭരണ-രാഷ്‌ട്രീയ പരിതസ്ഥിതി
ജനാധിപത്യ രാഷ്‌ട്രമാണ് മലേഷ്യ. പതിമൂന്ന് സ്റ്റേറ്റുകളും മൂന്ന് ഫെഡറല്‍ ടെറിറ്ററികളുമടങ്ങുന്ന രാജ്യത്ത് മൂന്ന് കോടിയാണ് ജനസംഖ്യ. ക്വലാലംപൂര്‍ ആണ് രാജ്യത്തിന്റെ തലസ്ഥാനം. UMNO (United Malaysian National Organization) നേതൃത്വം കൊടുക്കുന്നതും MCA (Malaysian Chinese Association), MIC (Malaysian Indian Congress) പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്നതുമായ ബാരിസല്‍ നാഷനല്‍ (National Front) ആണ് ഭരണ കക്ഷി. മഹാതീര്‍ ഇബ്‌നു മുഹമ്മദിന്റെ മന്ത്രിസഭയില്‍ ഉപ പ്രധാനമന്ത്രിയായിരുന്ന അന്‍വര്‍ ഇബ്‌റാഹീം നേതൃത്വം കൊടുക്കുന്ന People's Justice Party (PKR), Democratic Action Party (DAP), പാര്‍ട്ടി ഇസ്‌ലാം എന്നറിറയപ്പെടുന്ന Pan Malaysian Islamic Party (PAS) ഉള്‍ക്കൊള്ളുന്ന പക്കത്താന്‍ റകായത് (People's Alliance) ആണ് പ്രധാന പ്രതിപക്ഷം.
UMNOയുടെ പ്രസിഡന്റായ നജീബ് തുല്‍ റസാഖാണ് നിലവിലെ മലേഷ്യന്‍ പ്രസിഡന്റ്. മലേഷ്യയില്‍ ജനാധിപത്യ ഭരണം സ്ഥാപിക്കപ്പെട്ടുവെങ്കിലും രാജകുടുംബത്തിന്റെ അധികാരം പൂര്‍ണമായും എടുത്തുമാറ്റിയിട്ടില്ല. രാജാവ് എന്ന പേരില്‍ തന്നെ ഇന്നും മലേഷ്യന്‍ കുടുംബത്തിലെ ഒരാള്‍ തെരഞ്ഞെടുക്കപ്പെടുന്നുണ്ട്. നാല് വര്‍ഷത്തേക്കാണ് ഒരു സുല്‍ത്താനെ നിയമിക്കുക. പിന്നീട് മറ്റൊരു രാജകുടുംബത്തിലെ പ്രതിനിധിക്ക് രാജപദവി കൈമാറും. ഉപരാജാവ് എന്ന പദവിയും നിലവിലുണ്ട്. സുല്‍ത്താന്‍ നിയമവ്യവസ്ഥക്ക് അതീതനായ വ്യക്തിയായാണ് കണക്കാക്കപ്പെടുന്നത്. രാജാവിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റവുമാണ്. ഇസ്‌ലാമിക കാര്യങ്ങളുടെ തലവനായും രാജാവ് പരിഗണിക്കപ്പെടുന്നുണ്ട്. തെരങ്കാന സ്റ്റേറ്റിലെ സുല്‍ത്താന്‍ മീസാന്‍ സൈനുല്‍ ആബിദീനാണ് നിലവിലെ മലേഷ്യന്‍ രാജാവ്.
ഇസ്‌ലാമിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാതെ ഒരു പാര്‍ട്ടിക്കും മലേഷ്യയില്‍ നിലനില്‌ക്കാനാവില്ല. UMNO ആ അര്‍ഥത്തില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‌കുന്നുണ്ടെങ്കിലും അതിന്റെ നേതാക്കള്‍ വൈയക്തിക ജീവിതത്തില്‍ മതത്തിന് ഒരു വിലയും കല്‌പിക്കുന്നില്ലെന്ന ആരോപണമുണ്ട്. പാര്‍ട്ടി ഇസ്‌ലാം (PAS) ആണ് യഥാര്‍ഥത്തില്‍ ഇസ്‌ലാമിക രാഷ്‌ട്രീയ പാര്‍ട്ടി എന്നു പറയാവുന്നത്. ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയായ PAS അമുസ്‌ലിംകള്‍ക്ക് അംഗത്വം നല്‌കാറുണ്ടായിരുന്നില്ല. എന്നാല്‍ ഈയിടെ Associate Membership എന്ന പേരില്‍ അമുസ്‌ലിംകളെ അനുഭാവികളായി ചേര്‍ക്കുന്നുണ്ട്.
ഇസ്‌ലാമിക സംഘടനകള്‍,
പണ്ഡിതന്മാര്‍
കേരളത്തിലേതു പോലുള്ള വലിയ സംഘടനാ സംവിധാനങ്ങള്‍ മലേഷ്യയിലെ മുസ്‌ലിം സംഘടനകള്‍ക്കില്ല. എന്നാല്‍ വിവിധങ്ങളായ ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് എന്‍ ജി ഒകളുണ്ട്. 1972 ല്‍ നിലവില്‍ വന്ന ABIM (Angkathan Belia Islam Malaysia) ആണ് പ്രധാനപ്പെട്ട ഇസ്‌ലാമിക സംഘടന. SIM (Students Islamic Movement), MLA (Muslim Lawyers Association), Muslim Sisters Society തുടങ്ങിയ NGO കളും സജീവമാണ്. ശാഫിഈ മദ്‌ഹബ് പിന്‍പറ്റുന്നവരാണ് ബഹുഭൂരിപക്ഷം മലയികളും.
സ്‌ത്രീകള്‍ മുഖമക്കന ധരിക്കുക, സലാം ചൊല്ലുക തുടങ്ങിയ ഇസ്‌ലാമിക ചിഹ്നങ്ങള്‍ നിലനിര്‍ത്തുന്നതിലൊന്നും മുന്‍കാലങ്ങളില്‍ വേണ്ടത്ര ശ്രദ്ധയുണ്ടായിരുന്നില്ല. എഴുപതുകള്‍ക്ക് ശേഷമാണ് ഇത്തരം രംഗങ്ങളില്‍ മാറ്റമുള്‍ക്കൊണ്ടു തുടങ്ങിയത്. കേരളത്തിലൊക്കെ വേരോടിയിട്ടുള്ള ഖബ്‌ര്‍ പൂജ പോലുള്ള അനാചാരങ്ങളില്‍ നിന്ന് മലേഷ്യന്‍ മുസ്‌ലിംകള്‍ മുക്തരാണ്. കേരളത്തിലേതു പോലെ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ സ്‌പര്‍ധയും ഇവിടെ ഇല്ല. പ്രത്യേകം സംഘടനകള്‍ക്കായി പള്ളികളില്ല.
ഹുസൈന്‍ അല്‍ അത്താസ്, നഖീബ് അല്‍ അത്താസ്, ഡോ. ഉസ്‌മാന്‍ ബക്കര്‍, പ്രൊഫ. ഹാഷിം കമാലി, ഡോ. ചന്ദ്രമുസഫര്‍ തുടങ്ങിയവര്‍ ലോകത്തെ അറിയപ്പെടുന്ന മലേഷ്യന്‍ മുസ്‌ലിം പണ്ഡിതരും ബുദ്ധീജീവികളുമാണ്.
സ്‌ത്രീപദവി മലേഷ്യയില്‍
മലേഷ്യന്‍ സമൂഹത്തില്‍ സ്‌ത്രീകള്‍ക്ക് അര്‍ഹമായ സ്വാതന്ത്ര്യവും പദവികളും ലഭിക്കുന്നുണ്ട്. കേന്ദ്രമന്ത്രിസഭയിലും മറ്റു ഭരണരംഗത്തും ശ്രദ്ധേയരായ ഒട്ടനവധി സ്‌ത്രീകളുണ്ട്. യൂണിവേഴ്‌സിറ്റികളില്‍ ഉന്നത പഠനം നടത്തുന്നവരില്‍ 60 ശതമാനത്തിലധികം സ്‌ത്രീകളാണ്. മാര്‍ക്കറ്റുകളിലും കച്ചവട സ്ഥാപനങ്ങളിലും സ്‌ത്രീകളുടെ ബാഹുല്യം കാണാം. സ്‌ത്രീകള്‍ പൊതുവെ സാമ്പത്തിക ഭദ്രതയുള്ളവരും സ്വയം പ്രാപ്‌തരുമാണ്.
വിവാഹരംഗത്ത് സ്‌ത്രീധന സമ്പ്രദായം പതിവില്ല. മഹ്‌റും കല്യാണച്ചെലവുമടക്കും എല്ലാം പുരുഷന്റെ ബാധ്യതയാണ്. ബഹുഭാര്യത്വം മുസ്‌ലിംകള്‍ക്കിടയില്‍ സാധാരണമാണ്. മുസ്‌ലിംസ്‌ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള സന്നദ്ധസംഘടനകളും NGO കളും മലേഷ്യയില്‍ സജീവമാണ്.
അദര്‍പ്രസ്സിന്റെ
പുതിയ പ്രൊജക്‌ടുകള്‍
തുര്‍ക്കി ചിന്തകനും പ്രശസ്‌ത ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥമായ രിസാലെ നൂറിന്റെ ഗ്രന്ഥകര്‍ത്താവുമായ ബദീഉസ്സമാന്‍ സയ്യിദ് നുര്‍സിയെക്കുറിച്ചുള്ള ഒരു ഗ്രന്ഥം പണിപ്പുരയിലാണ്. ശിബിലി നുഅ്‌മാനി രണ്ടാം ഖലീഫയായ ഉമറിനെ(റ) കുറിച്ചെഴുതിയ അല്‍ഫാറൂഖ്: ഉമറിന്റെ ജീവിതം ആണ് മറ്റൊന്ന്. യുസുഫുല്‍ ഖര്‍ദാവിയുടെ ഫിഖ്‌ഹുസ്സകാത്ത്, സയ്യിദ് സാബിഖിന്റെ ഫിഖ്‌ഹുസ്സുന്ന എന്നീ പുസ്‌തകങ്ങളും പുറത്തിറങ്ങാനിരിക്കുകയാണ്. l