തിരക്കിട്ടൊരുങ്ങിയിറങ്ങിയപ്പോഴാണ് ചെരുപ്പു വള്ളികള്‍ക്കൊരു മുറുക്കക്കുറവ് അനുഭവപ്പെട്ടത്. അയ്യോ, പൊട്ടിയിരിക്കുന്നുവല്ലോ. ഇനി . . . വഴിയരികില്‍ ഒരാള്‍ക്ക് കുനിഞ്ഞിരിക്കാന്‍ മാത്രം തക്ക ഉയരമുള്ള ഒരു വച്ചുകെട്ട്. പൊട്ടിയതും തേഞ്ഞതുമായി ചെരുപ്പുകള്‍ നിരത്തിവെച്ചിരിക്കുന്നു. ഒരുപക്ഷേ, ഏറ്റവും അനാകര്‍ഷകമായ പ്രദര്‍ശനം. പക്ഷേ, ആവശ്യക്കാരന് ഇതൊരു ചൂണ്ടുപലകയാണ്.നിങ്ങളുടെ പാതകളെ സുഗമമാക്കുന്നവര്‍. . . ലകഷ്യങ്ങളിലേക്ക് നിങ്ങളെ തുന്നിച്ചേര്‍ക്കുന്നവര്‍. . . തിരസ്കരിക്കപ്പെട്ടുകിടക്കുന്ന ഈ ഒളിമാളങ്ങളില്‍ നീണ്ട യാത്രകള്‍ക്ക് പാദുകം തുന്നുന്നവരുണ്ട്. ദുര്‍ഘട പാതകളില്‍, നമ്മുടെ സഹയാത്രികരെ തുന്നിയുറപ്പിക്കുന്നവര്‍; കൂലിയുടെ ചില്ലറത്തുട്ടുകളില്‍ ജീവിതത്തിന്‍റെ യാത്ര നയിക്കുന്നവര്‍ . . .ചെരുപ്പുനക്കി, ചെരുപ്പുമാലയിടീക്കല്‍, ചെരുപ്പേര്‍, ചെരുപ്പ്‌കൊണ്ടു അടിക്കല്‍ മുതലായവ നമ്മുടെ ഭാഷയിലും സംസ്കാരത്തിലും അപമാനത്തിന്‍റെയും അവഹേളനത്തിന്‍റെയും ചിഹ്നങ്ങളായി നിലനില്‍ക്കുന്നു. അതേ സമയം ചെരുപ്പ് തുന്നി ജീവിതം കഴിക്കുന്നവരേയും നമ്മള്‍ ഒരരികിലേക്ക് മാറ്റിനിര്‍ത്തുന്നു.അന്യ നാട്ടില്‍ നിന്നും മലയാളിയുടെ പാതകളെ തുന്നിച്ചേര്‍ക്കാനെത്തുന്നവര്‍ അന്തര്‍മുഖരായിപ്പോകുന്നത് ഇതുകൊണ്ടായിരിക്കാം. എന്തിനും ഏതിനും ശബ്ദമുയര്‍ത്തുന്ന മലയാളി കാണാതെപോകുന്ന ഒരു വിഭാഗം ഇപ്പോഴും വഴിയരികിലിരിപ്പുണ്ട്; മഴയത്തും വെയിലത്തും.
No comments:
Post a Comment