Tuesday, December 14, 2010

വര്‍ഗീയവിഷം ചീറ്റുന്ന മാധ്യമസംസ്‌കാരം

അധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, സാംസ്‌കാരിക രാഷ്‌ട്രീയ നായകന്മാര്‍ തുടങ്ങിയവരെയും അവരുള്‍ക്കൊള്ളുന്ന സവിശേഷ ഇടങ്ങളായ സ്‌കൂള്‍, ഭരണ സിരാകേന്ദ്രങ്ങള്‍, മാധ്യമങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളെയും സമൂഹം ഭക്ത്യാദരങ്ങളോടെയാണ്‌ വീക്ഷിച്ചിരുന്നത്‌. പ്രത്യേകിച്ചും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ. എന്നാല്‍ അപ്രമാദിത്വം കല്‌പിക്കപ്പെട്ടിരുന്ന മാധ്യമ ലോകം ഇന്ന്‌ സ്വയം ജീര്‍ണതയുടെ വിത്തുപാകുന്നതില്‍ മത്സരിക്കുകയാണ്‌. അശ്ലീലതയും താന്‍പോരിമയും കോര്‍പ്പറേറ്റ്‌ മുതലാളിമാരുടെ കിടപ്പറരഹസ്യങ്ങളും പെയ്‌ഡ്‌ന്യൂസുകളും ചേരുവകളാക്കി ഒരുക്കുന്ന മാധ്യമസദ്യയിലേക്ക്‌ ഒരുകൂട്ടം വര്‍ഗീയപായസം കൂടി വിളമ്പുന്നതോടെ പുതിയ കാലത്തെ മാധ്യമധര്‍മം പൂര്‍ത്തിയാകുന്നു.



ഒരു ഭാഗത്ത്‌ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും കുത്തക കമ്പനികളുടെ പിമ്പുകളായി പ്രവര്‍ത്തിക്കുകയും രാഷ്‌ട്രീയ ഭീമന്മാരുടെ ദാസ്യരാവുകയും ചെയ്യുമ്പോള്‍ അഴിമതി രഹസ്യങ്ങളും അന്യായ പരമ്പരകളും പൂഴ്‌ത്തിവെക്കപ്പെടുകയോ മനോഹരമായി വെള്ള പൂശപ്പെടുകയോ ചെയ്യുന്നു. മറു ഭാഗത്ത്‌ ദളിതനും മുസ്‌ലിമുമുള്‍പ്പെടെ ന്യൂനപക്ഷങ്ങളെ പ്രതിചേര്‍ത്തുകൊണ്ട്‌ വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നു. ഇതേ മാധ്യമങ്ങള്‍ തന്നെ സദാചാര പോലീസ്‌ ജനാധിപത്യത്തിന്റെ കാവല്‍മാലാഖകളായി വേഷം കെട്ടി ചിരിയുണര്‍ത്തുന്നു.

ചരിത്രത്തിന്റെ ദശാസന്ധികളിലൊക്കെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അവമതിക്കാന്‍ മാധ്യമലോകത്ത്‌ ബോധപൂര്‍വമുള്ള നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. മുസ്‌ലിം നാമമുള്ള വ്യക്തികളെയോ സ്ഥാപനങ്ങളെയോ രാജ്യങ്ങളെയോ അവരുടെ തിന്മകളുടെ പേരില്‍ സാമാന്യവല്‌കരിക്കുന്ന പ്രവണത ലോകത്ത്‌ പ്രബലമാണ്‌.



എണ്ണ സമൃദ്ധിയുടെ കാലത്ത്‌ (1970 കളില്‍) പ്രത്യക്ഷപ്പെട്ട ഒരു കാര്‍ട്ടൂണ്‍ ഇത്തരത്തില്‍ വാര്‍പ്പ്‌ രൂപങ്ങള്‍ ഉണ്ടാക്കുന്നതിന്‌ പാശ്ചാത്യ മാധ്യമങ്ങള്‍ ശ്രമിച്ചതിനുദാഹരണമാണ്‌. തടിച്ചുകൊഴുത്ത, കറുത്ത താടിക്കാരായ ആറ്‌ അറബ്‌ ശൈഖുമാര്‍ അവരുടെ നീളന്‍ കുപ്പായവും തലപ്പാവുമണിഞ്ഞ്‌ വട്ടത്തിലിരിക്കുന്നു. ഹുക്ക വലിക്കുന്നു. പശ്ചാത്തലത്തില്‍ ഒരു മസ്‌ജിദിന്റെ മിനാരവും. ``അപ്പോള്‍ നാം കാനഡ വാങ്ങാന്‍ ഐകകണ്‌ഠേന തീരുമാനിക്കുന്നു'' എന്ന്‌ അടിക്കുറിപ്പും നല്‌കിയിരുന്നു. തിന്നും കുടിച്ചും പണം തുലയ്‌ക്കുകയും പ്രാകൃതരും പരിഹാസ്യരും മന്ദബുദ്ധികളും ഗൂഢാലോചന നടത്തുന്നവരുമായി മൊത്തം അറബികളെയും മുസ്‌ലിംകളെത്തന്നെയും ചിത്രീകരിക്കുകയുമാണീ കാര്‍ട്ടൂണ്‍. എണ്ണസമൃദ്ധിയുടെ കാലത്ത്‌ ഈ പ്രതിബിംബം സ്ഥിരപ്രതിഷ്‌ഠ നേടിയിരുന്നു. ഇത്തരം വാര്‍പ്പുമാതൃകകള്‍ സമയാനുസൃതം വ്യത്യാസപ്പെടുകയും വികസിക്കുകയും ചെയ്യുന്നു. പിന്നീടിങ്ങോട്ട്‌ ഭീകരവാദിയുടെ രൂപമാണ്‌ മുസ്‌ലിംകളെ ചിത്രീകരിക്കാന്‍ മാധ്യമ ലോകം ഉപയോഗിച്ചത്‌. മുസ്‌ലിംകളുടെ ചിഹ്നങ്ങളും വേഷവും തീവ്രവാദത്തിന്റെ മൂര്‍ത്ത രൂപങ്ങളായി മുദ്രകുത്തപ്പെട്ടു. വര്‍ഗീയതയും ഭീകരവാദവും മുസ്‌ലിംകളുടെ കുലത്തൊഴിലായും `തീവ്രവാദി' എന്നത്‌ മുസ്‌ലിംകളുടെ പര്യായവുമായി ചിത്രീകരിക്കാനാണിന്ന്‌ ആഗോള തലത്തില്‍ തന്നെ മാധ്യമങ്ങള്‍ക്ക്‌ താല്‌പര്യം.



മുസ്‌ലിം വിരുദ്ധതയുടെ കേരള മോഡല്‍

കേരള ചരിത്രത്തില്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ ഭാവങ്ങളും മുഖ്യധാരാ മാധ്യമങ്ങളുടെ പക്ഷപാത വൈദഗ്‌ധ്യങ്ങളും എക്കാലത്തും മുസ്‌ലിംസമൂഹത്തെ വേട്ടയാടിയിട്ടുണ്ട്‌. മുസ്‌ലിം സമൂഹത്തിന്റെ വളര്‍ച്ചയെയും നേട്ടങ്ങളെയും സംശയത്തോടു കൂടി നോക്കിക്കാണുകയും ഒളിഞ്ഞും തെളിഞ്ഞും ഒറ്റപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. മലപ്പുറത്തെ കുട്ടികളുടെ അക്കാദമിക വളര്‍ച്ച കോപ്പിയടിച്ചുണ്ടാക്കിയതാണെന്ന വിടുവായത്തം പറയാന്‍ കേരള മുഖ്യന്‌ പോലും യാതൊരു മടിയുമുണ്ടായില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്തെ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട കലാപങ്ങളില്‍ ഒന്നാണ്‌ 1921 ലെ മലബാര്‍ ലഹള. മലബാര്‍ ലഹള അതിന്റെ സമഗ്രാര്‍ഥത്തില്‍ ബ്രിട്ടീഷ്‌ വിരുദ്ധവും ദേശാഭിമാന പ്രേരിതവുമായിരുന്നു. എന്നാല്‍ അന്നു കേരളത്തിലുണ്ടായിരുന്ന മുഖ്യധാരാ മാധ്യമങ്ങളൊന്നടങ്കം മലബാര്‍ ലഹളയെ ഹാലിളകിയ മാപ്പിളമാര്‍ കാട്ടിക്കൂട്ടിയ കോപ്രായമായാണ്‌ എഴുതിപ്പിടിപ്പിച്ചത്‌. പൊടിപ്പും തൊങ്ങലും വെച്ച്‌ മലബാര്‍ ലഹളയില്‍ പങ്കെടുത്ത മുസ്‌ലിം നേതാക്കള്‍ക്കെതിരെ കഥകള്‍ മെനയുമ്പോള്‍ ബ്രിട്ടീഷുകാരുടെ താല്‌പര്യങ്ങള്‍ സംരക്ഷിക്കപ്പെടുക മാത്രമല്ല ചെയ്‌തത്‌, കേരളത്തില്‍ വിശിഷ്യാ മലബാര്‍ പ്രദേശത്ത്‌ നിലനിന്നിരുന്ന ഹിന്ദു-മുസ്‌ലിം ഒരുമയുടെ കടയ്‌ക്കല്‍ സാരമായ വെട്ടേല്‌ക്കുക കൂടിയായിരുന്നു. മലയാള മനോരമ, യോഗക്ഷേമം, നസ്രാണി ദീപിക, മാതൃഭൂമി, കേരള പത്രിക തുടങ്ങിയ പത്രങ്ങള്‍ അങ്ങേയറ്റം ക്ഷോഭകരവും തീര്‍ത്തും ഏകപക്ഷീയവുമായ രീതിയിലാണ്‌ മലബാര്‍ കലാപത്തെ സമീപിച്ചത്‌. യോഗക്ഷേമം `മലബാറിലെ ചേലാ കലാപം' എന്നാണ്‌ സമരത്തെ വിശേഷിപ്പിച്ചത്‌. ഖിലാഫത്ത്‌ നേതാക്കള്‍ മതം മാറ്റാന്‍ നടക്കുന്ന മതഭ്രാന്തന്മാരാണെന്നവര്‍ ശക്തമായി പ്രചരിപ്പിച്ചു. മലബാര്‍ പ്രദേശത്തെ ഹൈന്ദവ സമൂഹത്തെ വര്‍ഗീയമായി കുത്തിയിളക്കാനും മാപ്പിളമാര്‍ക്കെതിരെ ചെറുത്തുനില്‌പ്‌ സംഘടിപ്പിക്കാനും യോഗക്ഷേമം എഡിറ്റോറിയലുകള്‍ ആഹ്വാനം ചെയ്‌തു. ബ്രിട്ടീഷ്‌ അനുകൂല ക്രിസ്‌ത്യന്‍ പത്രമായ നസ്‌റാണി ദീപിക മലബാര്‍ ലഹളയെ മതപരിവര്‍ത്തന യുദ്ധമായാണ്‌ കണ്ടത്‌.



കലാപത്തിന്റെ മറവില്‍ ഹിന്ദുക്കളെ കൊള്ളയടിക്കുകയാണ്‌ ചെയ്‌തതെന്ന്‌ നസ്രാണി ദീപിക തട്ടിവിട്ടു. ഖിലാഫത്ത്‌ നേതാക്കളെ തീര്‍ത്തും പരിഹാസ്യരാക്കി ചിത്രീകരിക്കുന്ന പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ്‌ മലയാള മനോരമ കലാപം റിപ്പോര്‍ട്ടു ചെയ്‌തത്‌. ഹിന്ദു-മുസ്‌ലിം ധ്രുവീകരണത്തിന്‌ ബോധപൂര്‍വം ശക്തിപകരാന്‍ മനോരമ ശ്രമിക്കുകയായിരുന്നു. ജോനകപ്പട എന്ന തലക്കെട്ടോടെ മൂര്‍ക്കോത്ത്‌ കുമാരന്‍ മലയാള മനോരമയില്‍ എഴുതിയ ഡുമണ്ടന്‍ ലേഖനത്തില്‍ കലാപം അവസാനിക്കണമെങ്കില്‍ മുസ്‌ലിംകള്‍ മതഭ്രാന്തില്‍ നിന്ന്‌ പിന്തിരിയുകയോ ഹിന്ദുക്കള്‍ അതേയളവില്‍ തിരിച്ചടിക്കുകയോ വേണമെന്നാണ്‌ അഭിപ്രായപ്പെട്ടത്‌. മലബാറില്‍ ദേശീയ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ചിരുന്നത്‌ മാതൃഭൂമിയാണ്‌. ബ്രിട്ടീഷ്‌ അനുകൂല പത്രങ്ങള്‍ എത്രകണ്ട്‌ വിഷലിപ്‌തമായാണോ കലാപം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌, പ്രത്യക്ഷമായല്ലെങ്കിലും പരോക്ഷമായി അതേയളവില്‍ സാമുദായിക ഭിന്നത സൃഷ്‌ടിക്കുന്ന തരത്തിലായിരുന്നു മാതൃഭൂമിയുടെ റിപ്പോര്‍ട്ടുകള്‍. മാതൃഭൂമിയില്‍ ഇത്തരത്തില്‍ സാമുദായിക ഭിന്നത രൂക്ഷമാക്കുന്ന ലേഖനങ്ങള്‍ പെരുകിയപ്പോഴാണ്‌ മുഹമ്മദ്‌ അബ്‌ദുറര്‍ഹ്‌മാന്‍ സാഹിബും ഇ മൊയ്‌തു മൗലവിയുമടങ്ങിയവര്‍ അല്‍അമീന്‍ പത്രത്തിലൂടെ മുസ്‌ലിം വിരുദ്ധ നിലപാടുകളെ കടന്നാക്രമിച്ചത്‌.



സത്താപരമായി വര്‍ഗീയ പ്രേരിതമല്ലായിരുന്നിട്ടുകൂടി മാധ്യമങ്ങള്‍ മലബാര്‍ കലാപത്തെ പ്രതിനിധാനം ചെയ്യാന്‍ ശ്രമിച്ചത്‌ അങ്ങനെയായിരുന്നുവെന്നത്‌ കേവലം സാഹചര്യവശാലായിരുന്നുവെന്ന്‌ വിശ്വസിക്കുക പ്രയാസമാണ്‌. കൃത്യമായ ഒളിയജണ്ടകളുടെ മറവില്‍ തന്നെയായിരുന്നു എന്നു വിശ്വസിക്കാനാണ്‌ ന്യായമുള്ളത്‌. വര്‍ഷങ്ങള്‍ വേണ്ടിവന്നു മലബാര്‍ കലാപം ദേശീയ പ്രേരിതവും ദേശാഭിമാന പ്രേരിതവുമായിരുന്നു എന്ന ആഖ്യാനങ്ങള്‍ക്ക്‌ മാധ്യമങ്ങളില്‍ ഇടം ലഭിക്കാന്‍.

വര്‍ഷങ്ങളുടെയും സാഹചര്യങ്ങളുടെയും മാറ്റം മാധ്യമ ഭരണകൂട കൂട്ടുകെട്ടിന്റെ ഭീകരതകള്‍ക്ക്‌ ഒടുക്കമുണ്ടാക്കിയിട്ടില്ല. സമകാലിക കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ നമ്മോട്‌ പറയുന്നതതാണ്‌. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാധ്യമഭീകരതയുടെ കഴുകന്‍ കണ്ണുകള്‍ ഇരയെ തേടക്കൊണ്ടിരിക്കുന്നു. മലബാര്‍ കലാപകാലത്ത്‌ ഒരു പ്രത്യേക ഘട്ടത്തില്‍ ഇരയെ സൃഷ്‌ടിച്ചിരുന്നുവെങ്കില്‍ ഇന്ന്‌ മാധ്യമങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെ തീവ്രവാദി പരിവേഷം ചാര്‍ത്താന്‍ അവസരം പാര്‍ത്തിരിക്കുന്നു.



കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ഏറെ കോലാഹലങ്ങളുണ്ടാക്കിയ ലെറ്റര്‍ ബോംബ്‌ കേസില്‍ മുഹ്‌സിന്‍ എന്ന എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥിയെ അറസ്റ്റു ചെയ്യുകയുണ്ടായി. കേരളത്തിലെ സകല മ, മുത്തശ്ശി പത്രങ്ങളും ഒന്നിച്ചര്‍മാദിച്ചെഴുതി; മുസ്‌ലിം തീവ്രവാദത്തിന്റെ പുതിയ വഴികളെക്കുറിച്ച്‌. അന്വേഷണങ്ങള്‍ക്കൊടുവില്‍ മുഹ്‌സിന്‍ നിരപരാധിയായണെന്ന്‌ തെളിഞ്ഞു. രാജേഷ്‌ എന്ന പ്രതിയെ പിടികൂടി. മുഹ്‌സിനെ തീവ്രവാദിയാക്കാനും പാക്‌ ചാരനാക്കി ചിത്രീകരിക്കാനും മത്സരിച്ച മാധ്യമങ്ങളൊന്നും തന്നെ അയാളുടെ നിരപരാധിത്വത്തെ കുറിച്ച്‌ വാര്‍ത്തകൊടുക്കാന്‍ താല്‌പര്യം കാണിച്ചില്ല. പിടിയിലായ രാജേഷിനെ മാനസിക രോഗിയെന്ന ഔദാര്യം നല്‌കി വിട്ടയയ്‌ക്കാനും മറന്നില്ല. മുഹ്‌സിന്‍ എന്ന എന്‍ജിനയീറിംഗ്‌ വിദ്യാര്‍ഥിയുടെ പഠനമെന്തായി? കേസും കൂട്ടവും തീവ്രവാദി എന്ന വാലും മുഹ്‌സിനെയും കുടുംബത്തെയും എങ്ങനെ ബാധിച്ചു? ഒരു പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്കും അതൊന്നും അന്വേഷിക്കണമെന്ന്‌ തോന്നിയില്ല.



ലെറ്ററ്‌ ബോംബ്‌ വിവാദം കെട്ടടങ്ങുന്നതോടെ മറ്റൊരു വാര്‍ത്ത മെനയുന്ന തിരക്കിലായിരുന്നു കേരളത്തിലെ മുഖ്യധാരാ മാധ്യമ കോക്കസ്സുകള്‍. ഒരു സുപ്രഭാതത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്തൊരു പദപ്രയോഗവുമായി കേരള മാധ്യമങ്ങള്‍ പുറത്തുവന്നു. ലൗജിഹാദ്‌. മുസ്‌ലിംകളുടെ പുതിയ മതപരിവര്‍ത്തന, തീവ്രവാദ സംവിധാനം! ഒരു സംഘര്‍ഷത്തില്‍ ആദ്യം പരിക്കുപറ്റുന്നത്‌ വാക്കുകള്‍ക്കായിരിക്കുമെന്ന്‌ മാധ്യമ നിരീക്ഷക സീനാ അഅ്‌സം നിരീക്ഷിക്കുന്നുണ്ട്‌. ജിഹാദ്‌ എന്ന പദം ഏറെ വിശുദ്ധമായ ഒന്നാണ്‌. ലോകത്തേറ്റവുമധികം തെറ്റിദ്ധാരണകള്‍ക്ക്‌ വിധേയമാക്കപ്പെട്ടിട്ടുള്ള ഒരാശയവുമാണ്‌. മുസ്‌ലിം സമൂഹത്തെ ഒന്നടങ്കം അവഹേളിക്കുന്ന തരത്തില്‍ `ലൗജിഹാദ്‌' പരമ്പരകള്‍ തന്നെ കേരളത്തിലെ മാധ്യമ പോലീസ്‌ കുട്ടുകെട്ട്‌ കെട്ടിച്ചമച്ചു. ആ വിവാദം സൃഷ്‌ടിച്ച മുറിവുകളുണങ്ങും മുമ്പ്‌ ലൗജിഹാദ്‌ എന്നത്‌ സത്യമല്ലെന്നും കേവലം കെട്ടുകഥകളാണെന്നും കോടതി വിധി പ്രഖ്യാപിച്ചു. കേരളത്തിലെന്തു സംഭവിച്ചു? ഒന്നും സംഭവിച്ചില്ല. സ്‌പെഷല്‍ പതിപ്പുകളും എഡിറ്റോറിയലുകളും അഭിമുഖ പരമ്പരകളും കുത്തിനിറച്ച്‌ ലൗജിഹാദ്‌ മാമാങ്കം ആഘോഷിച്ച മാധ്യമത്തമ്പുരാക്കന്മാര്‍ ആരും തന്നെ കോടതി വിധി ഏറ്റുപിടിച്ചില്ല. മതേതരത്വത്തിന്റെ പൊയ്‌മുഖം വെച്ചുനടക്കുന്ന ബുജികള്‍, വിദ്വേഷം പ്രചരിപ്പിച്ച മാധ്യമങ്ങള്‍ മാപ്പു പറയമണമെന്ന്‌ പ്രസ്‌താവന ഇറക്കിയില്ല! ഒരു സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ആഘോഷിച്ച മാധ്യമങ്ങള്‍ക്ക്‌ എന്തു നഷ്‌ടപരിഹാരമാണ്‌ ചെയ്യാനാവുക?

`അനാഥശാല മാഫിയ!'



നിങ്ങളില്ലാതെ എനിക്കെന്താഘോഷം എന്ന പരസ്യവാക്യം പോലെ മാധ്യമ ലോകത്തിന്‌ മുസ്‌ലിം വിരുദ്ധമായ രണ്ട്‌ ലീഡ്‌ സ്റ്റോറിയെങ്കിലും കിട്ടാതെ വയ്യെന്നായിരിക്കുന്നു. പുതിയ വിവാദം കോഴിക്കോട്ടാണരങ്ങേറിയിരിക്കുന്നത്‌. 2010 ആഗസ്റ്റ്‌ 8 ന്‌ ഗുജറാത്തില്‍ നിന്നും കോഴിക്കോട്ടെ അനാഥശാലകളില്‍ പഠനാവശ്യാര്‍ഥം കൊണ്ടുവന്ന മുപ്പത്‌ കുട്ടികളെ ചൊല്ലിയാണ്‌ വിവാദം പുകഞ്ഞത്‌. ഗുജറാത്ത്‌ കലാപാനന്തരമുള്ള പ്രത്യേക പരിതസ്ഥിതിയില്‍ കഷ്‌ടതയനുഭവിക്കുന്ന കുരുന്നുകളാണ്‌ രക്ഷിതാക്കളോടൊപ്പം കോഴിക്കോട്ടെത്തിയത്‌. എന്നാല്‍ മലയാള മനോരമക്ക്‌ യാതൊരു സംശയവുമുണ്ടായിരുന്നില്ല, ആ വാര്‍ത്തയില്‍ ഓര്‍ഫനേജ്‌ മാഫിയ പിടിമുറുക്കുകയാണെന്ന്‌ കണ്ടെത്താന്‍. കാരണം ഗുജറാത്തില്‍ നിന്നും കുട്ടികളെ കേരളത്തിലേക്കെത്തിച്ച മുസ്‌ലിം വ്യാപാരിയെക്കുറിച്ച്‌ മനോരമക്ക്‌ നന്നായി അറിയാം. കോഴിക്കോട്ടെ സന്നദ്ധ സേവന പാതയിലെ സജീവ സാന്നിധ്യം, പലപ്പോഴായി മനോരമ തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സഹായ സംരംഭങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചയാള്‍ ജാതി മത ഭേദമന്യേ പൊതു വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നയാള്‍... ഇതില്‍ പരം എന്തു തെളിവുകള്‍ വേണം ഒരാള്‍ അനാഥശാലാ മാഫിയയുടെ ഏജന്റാണെന്ന്‌ പറയാന്‍!



ഗുജറാത്തില്‍ നിന്നെത്തിയ കുട്ടികളെ സംബന്ധിച്ച്‌ ടൗണ്‍ പോലീസും റയില്‍വേ പോലീസും ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിക്ക്‌ അയച്ച റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്‌, കുട്ടികളെ വിദ്യാഭ്യാസ ആവശ്യാര്‍ഥം കൊണ്ടുവന്നതാണെന്ന്‌. കുട്ടികളുടെ രക്ഷിതാക്കള്‍ കൂടെയണ്ടായിരുന്നുവെന്നും പോലീസ്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. പക്ഷേ, മനോരമയുടെ സ്വന്തം ലേഖകനുറപ്പുണ്ടായിരുന്നു, ഇതൊരു മാഫിയയാണെന്ന്‌, ഹോട്ടല്‍ ശൃംഖലകള്‍ കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്താണെന്ന്‌്‌! ഗുജറാത്തില്‍ നിന്നും കുട്ടികളെ കൊണ്ടുവരുന്ന പശ്ചാത്തലം മനോരമ `മാഫിയ ഭീമ'നായി ചിത്രീകരിച്ച തോട്ടത്തില്‍ റഷീദ്‌ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്‌. വാണിജ്യാവശ്യാര്‍ഥം ഗുജറാത്തുമായി ബന്ധമുള്ള അദ്ദേഹം ഗുജറാത്ത്‌ കലാപാനന്തരം കേരളത്തിലെ വിവിധ യത്തീംഖാനകളെ സഹകരിച്ച്‌ ഗുജറാത്ത്‌ കുട്ടികള്‍ക്ക്‌ അഭയം നല്‍കുന്നുണ്ട്‌. എന്ന പഠനാവശ്യാര്‍ഥം കേരളത്തില്‍വന്ന ഗുജറാത്ത്‌ മക്കള്‍ക്ക്‌ ദൈവത്തിന്റെ സ്വന്തം നാട്‌ നല്‍കിയ `സ്വീകരണം' അദ്ദേഹം പത്രക്കുറിപ്പില്‍ വേദനയോടെ അനുസ്‌മരിക്കുന്നുണ്ട്‌. പത്രം കുപ്രചാരണം നടത്തിയതിനെതിനെ തുടര്‍ന്ന്‌ പോലീസ്‌ സ്റ്റഡിയിലായ കോഴിക്കോട്‌ ചില്‍ഡ്രന്‍സ്‌ ഹോമിലെ അസൗകര്യങ്ങള്‍ നിറഞ്ഞ ഒറ്റമുറിയില്‍ നരകതുല്യമായി കഴിയേണ്ടി വന്നു. ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിയുടെ 10.8.2010ലെ തീരുമാനപ്രകാരം കുട്ടികളെ വയനാട്‌ മുട്ടില്‍ ഓര്‍ഫനേജിലേക്ക്‌ അയച്ചിരുന്നു. എന്നാല്‍ 12.8.2010ന്‌ ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം കുട്ടികളെ വീണ്ടും ചില്‍ഡ്രന്‍സ്‌ ഹോമിലേക്ക്‌ മാറ്റി. കുട്ടികളെ ബോധപൂര്‍വം ഉപദ്രവിക്കുന്നതായിരുന്നു ഈ തീരുമാനം. യഥാര്‍ഥത്തില്‍ അന്തസ്സാര്‍ന്ന ജീവിതവും അടിസ്ഥാന വിദ്യാഭ്യാസവും ഏതൊരു പൗരനും ഭരണഘടന അനുവദിച്ച അവകാശമാണ്‌. ഒരു ജനതയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന എല്ലാറ്റിനെയും മുറിച്ചുമാറ്റാനുള്ള ഗൂഢശ്രമങ്ങളുടെ പ്രതിഫലനമാണ്‌ കോഴിക്കോട്‌ അരങ്ങേറിയ `അനാഥശാല മാഫിയ'യെക്കുറിച്ചുള്ള നുണപ്രചാരണം. തീര്‍ച്ചയായും പിഞ്ചുമക്കളോടും അവരുടെ രക്ഷിതാക്കളോടും കൊടിയ മനുഷ്യാവകാശ ലംഘനമാണ്‌ കോഴിക്കോട്‌ അരങ്ങേറിയത്‌. മുസ്‌ലിമേതര അനാഥശാലകളുടെ ആളും അര്‍ഥവും സംശുദ്ധമാവുകയും മുസ്‌ലിം സംരംഭങ്ങള്‍ക്ക്‌ മാഫിയ പരിവേഷം ചാര്‍ത്തി നല്‍കുകയും ചെയ്യുന്നതില്‍ കൃത്യമായ ഗൂഢലക്ഷ്യങ്ങളുണ്ട്‌. മുഖ്യധാരാ മാധ്യമങ്ങളിലൂടെയും അധികാര രാഷ്‌ട്രീയങ്ങളിലൂടെയും അഭ്രപാളിയിലെ വ്യാജ പരിവേഷങ്ങളിലൂടെയും സമൂഹത്തിന്റെ പൊതുബോധം മുസ്‌ലിം വിരുദ്ധമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്‌. അദൃശ്യമായ ഈ ആക്രമങ്ങളുടെ അപായം തിരിച്ചറിഞ്ഞില്ലെങ്കില്‍, ഭാവി തീര്‍ച്ചയായും ഇരുളടഞ്ഞതായിരിക്കും.

Monday, November 15, 2010

ഉള്ളു നിറഞ്ഞ പെരുന്നാള്‍ സന്തോഷങ്ങള്‍ . . .

പെരുന്നാള്‍ ആവര്‍ത്തനമാണ്. ഒരുപിടി സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്. ഹജ്ജിന്റെയും റമദാനിന്റെയും  വിശുദ്ധിയുടെ പാലോഴുക്കിനിടയില്‍ ഊറി വന്ന് ഉള്ളു നിറഞ്ഞ് ഒടുവില്‍,
തക്ബീര്‍ വിളിയായുംഅത്തറു മണമായും പുത്തനുടുപ്പിന്‍റെ നിറമായും മൈലാഞ്ചിയുടെ മൊന്ചായും തേങ്ങാ ചോറിന്‍റെ രുചിയായും ഓലപ്പടക്കത്തിന്‍റെ ഒച്ചയായും രൂപം മാറുന്ന പെരുന്നാളമ്പിളി . . . 
ആത്‌മഹര്‍ഷത്തിന്റെ നിലാവു നനഞ്ഞതാണ്‌ എന്റെ  മനസ്സിപ്പോള്‍ ; അചഞ്ചല വിശ്വാസത്തിന്റെ അതേ ആവേഗത്തില്‍ പ്രവര്‍ത്തനോന്മുഖത നിറഞ്ഞ്‌. ആ നിറവിന്റെ ഔന്നത്യത്തിലേക്കാണ്‌ ബലിപെരുന്നാള്‍ കടന്നുവരുന്നത്‌. പ്രബോധകന്‌ ഉണ്മയും ഊര്‍ജവും പകര്‍ന്നുതരാന്‍ ഓര്‍മപ്പെരുന്നാളിനെ കവിഞ്ഞ്‌ മറ്റൊന്നുമില്ല. ജീവനും ജീവിതവും ദീനിന്റെ വഴികളില്‍ സമര്‍പ്പിച്ച ഒരു മഹാപ്രബോധകന്റെ ഓര്‍മസാഗരങ്ങള്‍...
അതിന്റെ ഇരമ്പലുകള്‍ അലയടിക്കുന്നത്‌ നമ്മുടെ ഹൃദയങ്ങളിലൂടെയാണല്ലോ.
പെരുന്നാള്‍, അഖിലനാഥന്റെ വിശുദ്ധ സമ്മാനമാണ്‌. നമുക്കു മൊത്തിക്കുടിക്കുവാന്‍, പകര്‍ന്നുകൊടുക്കുവാന്‍, ഇബ്‌റാഹീമും ഹാജറയും ഇസ്‌മാഈലുമൊക്കെ ഓര്‍മകളില്‍ വന്ന്‌ വീണ്ടും വീണ്ടും ആവേശോര്‍ജം ചൊരിയാന്‍, ഒക്കെ.
സഹോദരാ,
ഹൃദയാദര്‍ശങ്ങളുടെ വെളിച്ചത്തില്‍ നാം നടന്നുതീര്‍ത്ത വഴികളുണ്ട്‌ മുമ്പില്‍. ഇനിയും തോളോടു തോള്‍ ചേര്‍ന്ന്‌ വിരല്‍ കോര്‍ത്ത്‌ ഒരുമിച്ചു നടക്കേണ്ട വഴികളുടെ താളമറിയാന്‍ ഈ ബലിപെരുന്നാളിന്റെ നല്ല ദിവസത്തില്‍ നമുക്ക്‌ കഴിയേണ്ടതുമുണ്ട്‌.

ആഘോഷത്തിമര്‍പ്പിന്‍റെ ആര്‍പ്പിലേക്ക് 
ഭക്തിയും ഇഷ്ടവും ഉയര്‍ന്നു പൊങ്ങുന്ന ഈദ്‌ സുദിനത്തില്‍ 
എന്‍റെ ഉള്ളു നിറഞ്ഞ പെരുന്നാള്‍ സന്തോഷങ്ങള്‍ . . .

Thursday, November 4, 2010

ഉണ്ണീ , മുഹ്‌സിനേ , മുഹ്‌സിനാ . . .




നീണ്ട , ഇടുങ്ങിയ
ചുമരുകളുടെ ഒരറ്റത്ത്‌
മേശ , കസേര .

കാലുകള്‍ .

ചുവപ്പ്‌
നീല
ധവളം
വെള്ള ; ഒറ്റ .

മൗനം , നിശബ്ദം
മുറിയുമ്പോഴെപ്പൊഴോ ,
മഴ , കൊടും മഴ . . .
പേമാരി
മിന്നല്‍ , ഇടി ,
മണ്ണിന്റെ മണം .

തളിര്‌ ,
ഉണരുന്നു ; ജനിക്കുന്നു .
ബലം വെക്കുന്നു ; കനം വെക്കുന്നു .

തുരുമ്പെടുത്ത ജനല്‍ക്കമ്പികള്‍ക്ക്‌
പുറത്ത്‌ വസന്തം ; കാശിത്തുമ്പ .
ചൂളം വിളി ,
പല്ലിയുടെ
ചിലന്തിയുടെ
ചിതലിന്റെ
മരണത്തിന്റെ . . .

(നഷ്ടപ്പെടലുകളുടെ ഓര്‍മകള്‍ ഉത്സവങ്ങളാക്കി മാറ്റിയ പി എസ്‌ എം ഒ കലാലയ സ്‌മൃതി
കളില്‍ , സതീര്‍ഥ്യന്‍ ബെന്നി മഷിയൊഴിച്ചപ്പോള്‍ . . .)

Monday, July 19, 2010

മലേഷ്യയില്‍ ഒരു മലയാളി

മലേഷ്യന്‍ പൗരന്‍ കോയക്കുട്ടി സാഹിബ്‌ മലയാളിക്ക്‌ അത്ര സുപരിചിതനല്ല. എന്നാല്‍ ഇസ്‌ലാമിക്‌ ബുക്ക്‌ ട്രസ്റ്റിന്റെയും അദര്‍ പ്രസ്സിന്റെയും പുസ്‌തകങ്ങള്‍ മലയാളി മുസ്‌ലിം പരിചയിച്ചിട്ടുണ്ട്‌. 1953ല്‍ സിങ്കപ്പൂരിലും പിന്നീട്‌ മലേഷ്യയിലും എത്തിപ്പെടുകയും ഉയര്‍ന്ന ഉദ്യോഗങ്ങള്‍ വരിക്കുകയും സാമൂഹ്യ രാഷ്‌ട്രീയ മണ്ഡലങ്ങളില്‍ സ്വന്തം മുദ്ര പതിപ്പിക്കുകയും ചെയ്‌ത ഈ മലയാളി, മലേഷ്യന്‍ പൗരനായെങ്കിലും ഇന്നും താന്‍ വളര്‍ന്ന നാടും ഭാഷയും അന്യപ്പെടാതെ കാത്തുസൂക്ഷിക്കുന്നു.


കണ്ണൂര്‍ പഴയങ്ങാടിക്കാരനായിരുന്ന കോയക്കുട്ടി സാഹിബ്‌ ഇന്ന്‌ മലേഷ്യന്‍ പുസ്‌തകപ്രസാധനരംഗത്തെ വേറിട്ടൊരു ശബ്‌ദമാണ്‌. ഐ ബി ടിയുടെ ഉടമയായ ഇദ്ദേഹം തന്റെ മലേഷ്യന്‍ ജീവിതം, പുസ്‌തക പ്രസാധനത്തിന്റെ വഴികള്‍, മലേഷ്യയിലെ രാഷ്‌ട്രീയ പരിതസ്ഥിതി, ഇസ്‌ലാമിക സംഘടനകള്‍ തുടങ്ങി വ്യത്യസ്‌തങ്ങളായ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവെക്കുന്നു.

മലേഷ്യയിലേക്ക്‌

മുമ്പു കാലത്ത്‌ കേരളത്തില്‍ നിന്ന്‌, പ്രത്യേകിച്ചും മലബാറില്‍ നിന്ന്‌ സിങ്കപ്പൂര്‍, ഇന്തോനേഷ്യ, മലേഷ്യ, സിലോണ്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ്‌ ജോലി തേടി കുടിയേറിയിരുന്നത്‌. ഗള്‍ഫിന്റെ സാധ്യതകള്‍ അക്കാലത്ത്‌ സജീവമായി വന്നിട്ടുണ്ടായിരുന്നില്ല. 1953ല്‍ കണ്ണൂരിലെ പഴയങ്ങാടിയില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സിങ്കപ്പൂരിലേക്ക്‌ പോകുമ്പോള്‍ 18 വയസ്സാണ്‌ പ്രായം. വിവിധങ്ങളായ ജോലികളുമായി സങ്കപ്പൂരില്‍ കഴിഞ്ഞു. സിങ്കപ്പൂര്‍ പൗരത്വമെടുത്തു. ബ്രിട്ടീഷ്‌ കോളനിയായിരുന്ന സിങ്കപ്പൂര്‍ സ്വതന്ത്ര രാഷ്‌ട്രമായതിനെത്തുടര്‍ന്ന്‌ വ്യാപകമായി പൗരത്വം നല്‌കിയിരുന്നു. ഇടക്കാലത്ത്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ചാര്‍ട്ടേഡ്‌ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ ബി കോം ഡിഗ്രി എടുത്തു. 1959ല്‍ നാട്ടില്‍ തിരിച്ചുവന്നു. അക്കാലത്താണ്‌ വിവാഹിതനാകുന്നത്‌. 1959ല്‍ സിങ്കപ്പൂര്‍ വാസം ഉപേക്ഷിച്ച്‌ മലേഷ്യയിലെത്തി. 1962ല്‍ കുടുംബത്തെയും മലേഷ്യയില്‍ കൊണ്ടുവന്നു. 1964ല്‍ സെന്‍ട്രല്‍ ബാങ്ക്‌ ഉദ്യോഗസ്ഥനായി. 1973 ല്‍ മലേഷ്യന്‍ പൗരത്വം സ്വീകരിച്ചു. 1989 ല്‍ വിരമിക്കുന്നതുവരെയും സെന്‍ട്രല്‍ ബാങ്ക്‌ ജീവനക്കാരനായി തുടര്‍ന്നു. ഇപ്പോള്‍ കുടുംബസമേതം മലേഷ്യന്‍ പൗരന്മാരായി ക്വാലാലംപൂരില്‍ താമസിക്കുന്നു.

പുസ്‌തകപ്രസാധനം

വായനയും പുസ്‌തകങ്ങളും തന്നെയാണ്‌ ചെറുപ്പം മുതല്‍ തന്നെ ജീവിതത്തില്‍ ചേര്‍ത്തുപിടിച്ച വലിയ കൂട്ട്‌. ആ ആത്മബന്ധം തന്നെയാകണം പ്രസാധകന്റെ കുപ്പായമണിയാന്‍ പ്രേരണ നല്‌കിയതും. 1973ലാണ്‌ പ്രസാധനരംഗത്തെ പ്രഥമ സംരംഭത്തിന്‌ തുടക്കം കുറിച്ചത്‌. റീഡിംഗ്‌ ഇസ്‌ലാം എന്ന പേരില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന പ്രമുഖ ലേഖനങ്ങളുടെ ക്രോഡീകരണമായിരുന്നു ഈ ജേണല്‍. ത്രൈമാസികയായി ഇത്‌ ഇംഗ്ലീഷ്‌ ഭാഷയിലാണ്‌ പ്രസിദ്ധപ്പെടുത്തിയിരുന്നത്‌. ഡയറക്‌ട്‌ സര്‍ക്കുലേഷനായിരുന്നു. വ്യക്തികേന്ദ്രീകൃത പ്രസിദ്ധീകരണമായതുകൊണ്ടു അതിന്റേതായ പരിമിതികളുണ്ടായിരുന്നു. അന്‍വര്‍ ഇബ്‌റാഹീം ഇസ്‌ലാമിക്‌ യൂത്ത്‌മൂവ്‌മെന്റിന്റെ പ്രസിഡന്റായിരുന്ന കാലത്ത്‌ അവര്‍ ഇതിനെ പ്രൊമോട്ട്‌ ചെയ്‌തിരുന്നു. പന്ത്രണ്ട്‌ ലക്കങ്ങള്‍ പുറത്തിറക്കി. ഓരോ വര്‍ഷവും പ്രസിദ്ധീകരണത്തിന്റെ റജിസ്‌ട്രേഷന്‍ പുതുക്കണമായിരുന്നു. 1978ല്‍ ഇറാന്‍ റെവല്യൂഷന്‍ സമയത്ത്‌ റജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാതെ പ്രസിദ്ധീകരണം നിലച്ചു. പിന്നീട്‌ പാര്‍ട്ടി ഇസ്‌ലാം (PAS) മുഖപത്രമായ ഹറഖയില്‍ ഇംഗ്ലീഷ്‌ പേജ്‌ എഡിറ്റ്‌ ചെയ്‌തു. ഹറഖയില്‍ എഡിറ്റോറിയലുകള്‍ എഴുതി. ഇസ്‌ലാമിക സ്റ്റേറ്റിനെക്കുറിച്ചുള്ള ജമാഅത്ത്‌/ ഇഖ്‌വാന്‍ വീക്ഷണത്തെ നിരൂപണ വിധേയമാക്കിയും ചിലപ്പോള്‍ എഡിറ്റോറിയലുകള്‍ എഴുതി. സ്വയം വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനാവാതായപ്പോള്‍ ഹറഖയില്‍ നിന്നും അവര്‍ എന്നെ ഒഴിവാക്കി. 1989ല്‍ റിട്ടയര്‍മെന്റിന്‌ ശേഷമാണ്‌ പുസ്‌തക പ്രസാധന രംഗത്തേക്ക്‌ സജീവമാകാന്‍ തീരുമാനിക്കുന്നത്‌. പിന്നീട്‌ IBT ട്രസ്റ്റും (ഇസ്‌ലാമിക്‌ ബുക്‌ട്രസ്റ്റ്‌), അദര്‍ പ്രസ്സ്‌ എന്ന പേരില്‍ പ്രസാധനാലയവും സ്ഥാപിച്ചു.

ഐബിടി/അദര്‍ പ്രസ്സ്‌

ഇസ്‌ലാമിക ചിന്തയെയും സാഹിത്യത്തെയും പരിചയപ്പെടുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ട്രസ്റ്റാണ്‌ IBT (ഇസ്‌ലാമിക്‌ ബുക്‌ ട്രസ്റ്റ്‌). പ്രാദേശിക ഇസ്‌ലാമിക സംഘടനകളുമായി ചേര്‍ന്ന്‌ മലേഷ്യയിലെ മുഴുവന്‍ ഹോട്ടല്‍ മുറികളിലും വിശുദ്ധ ഖുര്‍ആനിന്റെ പ്രതികള്‍ ഉറപ്പുവരുത്തുക പോലുള്ള ഒട്ടനവധി പദ്ധതികള്‍ ഐ ബി ടിയുടെ കീഴില്‍ നടപ്പിലാക്കി വരുന്നുണ്ട്‌. Council of American Muslim Prisoners (USA), Zayed House for Islamic Culture (UAE), Darul Uloom Islamic Academy (Australia) Muslim Youth Helpline (UK) തുടങ്ങിയ അന്താരാഷ്‌ട്ര മുസ്‌ലിം സംഘടനകളുമായി സഹകരിച്ച്‌ ഖുര്‍ആന്‍ വിവരണങ്ങള്‍ പൊതുജനങ്ങളിലേക്ക്‌ എത്തിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.

അദര്‍ പ്രസ്സ്‌ ആണ്‌ പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്‌. മലേഷ്യന്‍ മുസ്‌ലിംകള്‍ വായനാശീലമില്ലാത്തവരാണ്‌ എന്ന തെറ്റായ വാദഗതിയെ മറികടക്കുകയായിരുന്നു അദര്‍ പ്രസ്സിന്റെ സ്ഥാപന ലക്ഷ്യങ്ങളില്‍ ഒന്ന്‌. യഥാര്‍ഥത്തില്‍ ഇസ്‌ലാമിക പുസ്‌തകങ്ങളുടെ ലഭ്യതക്കുറവും മുഖ്യധാരാ പ്രസാധകരുടെ പുസ്‌തകങ്ങളുടെ താങ്ങാനാവാത്ത വിലയുമായിരുന്നു മലേഷ്യന്‍ ജനതയുടെ വായനാശീലത്തെ അപഹരിച്ചിരുന്നത്‌. ആധുനിക പാശ്ചാത്യ മാധ്യമ ലോകം അര്‍ധസത്യങ്ങളും ഇസ്‌ലാം നിന്ദയും ഉള്‍ക്കൊള്ളുന്ന പുസ്‌തകങ്ങള്‍ പടച്ചുവിടുമ്പോള്‍ യഥാര്‍ഥ ഇസ്‌ലാമിനെ പരിചയപ്പെടുത്താനുള്ള ദൗത്യമാണ്‌ ഐ ബി ടിയും അദര്‍ പ്രസ്സും ഏറ്റെടുത്തിരിക്കുന്നത്‌.

മലേഷ്യയിലെ 
ഭരണ-രാഷ്‌ട്രീയ പരിതസ്ഥിതി

ജനാധിപത്യ രാഷ്‌ട്രമാണ്‌ മലേഷ്യ. പതിമൂന്ന്‌ സ്റ്റേറ്റുകളും മൂന്ന്‌ ഫെഡറല്‍ ടെറിറ്ററികളുമടങ്ങുന്ന രാജ്യത്ത്‌ മൂന്ന്‌ കോടിയാണ്‌ ജനസംഖ്യ. ക്വലാലംപൂര്‍ ആണ്‌ രാജ്യത്തിന്റെ തലസ്ഥാനം. UMNO (United Malaysian National Organization) നേതൃത്വം കൊടുക്കുന്നതും MCA (Malaysian Chinese Association), MIC (Malaysian Indian Congress) പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്നതുമായ ബാരിസല്‍ നാഷനല്‍ (National Front) ആണ്‌ ഭരണ കക്ഷി. മഹാതീര്‍ ഇബ്‌നു മുഹമ്മദിന്റെ മന്ത്രിസഭയില്‍ ഉപ പ്രധാനമന്ത്രിയായിരുന്ന അന്‍വര്‍ ഇബ്‌റാഹീം നേതൃത്വം കൊടുക്കുന്ന People's Justice Party (PKR), Democratic Action Party (DAP), പാര്‍ട്ടി ഇസ്‌ലാം എന്നറിറയപ്പെടുന്ന Pan Malaysian Islamic Party (PAS) ഉള്‍ക്കൊള്ളുന്ന പക്കത്താന്‍ റകായത്‌ (People's Alliance) ആണ്‌ പ്രധാന പ്രതിപക്ഷം.

UMNOയുടെ പ്രസിഡന്റായ നജീബ്‌ തുല്‍ റസാഖാണ്‌ നിലവിലെ മലേഷ്യന്‍ പ്രസിഡന്റ്‌. മലേഷ്യയില്‍ ജനാധിപത്യ ഭരണം സ്ഥാപിക്കപ്പെട്ടുവെങ്കിലും രാജകുടുംബത്തിന്റെ അധികാരം പൂര്‍ണമായും എടുത്തുമാറ്റിയിട്ടില്ല. രാജാവ്‌ എന്ന പേരില്‍ തന്നെ ഇന്നും മലേഷ്യന്‍ കുടുംബത്തിലെ ഒരാള്‍ തെരഞ്ഞെടുക്കപ്പെടുന്നുണ്ട്‌. നാല്‌ വര്‍ഷത്തേക്കാണ്‌ ഒരു സുല്‍ത്താനെ നിയമിക്കുക. പിന്നീട്‌ മറ്റൊരു രാജകുടുംബത്തിലെ പ്രതിനിധിക്ക്‌ രാജപദവി കൈമാറും. ഉപരാജാവ്‌ എന്ന പദവിയും നിലവിലുണ്ട്‌. സുല്‍ത്താന്‍ നിയമവ്യവസ്ഥക്ക്‌ അതീതനായ വ്യക്തിയായാണ്‌ കണക്കാക്കപ്പെടുന്നത്‌. രാജാവിനെ വിമര്‍ശിക്കുന്നത്‌ രാജ്യദ്രോഹക്കുറ്റവുമാണ്‌. ഇസ്‌ലാമിക കാര്യങ്ങളുടെ തലവനായും രാജാവ്‌ പരിഗണിക്കപ്പെടുന്നുണ്ട്‌. തെരങ്കാന സ്റ്റേറ്റിലെ സുല്‍ത്താന്‍ മീസാന്‍ സൈനുല്‍ ആബിദീനാണ്‌ നിലവിലെ മലേഷ്യന്‍ രാജാവ്‌.

ഇസ്‌ലാമിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാതെ ഒരു പാര്‍ട്ടിക്കും മലേഷ്യയില്‍ നിലനില്‌ക്കാനാവില്ല. UMNO ആ അര്‍ഥത്തില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക്‌ പ്രാധാന്യം നല്‌കുന്നുണ്ടെങ്കിലും അതിന്റെ നേതാക്കള്‍ വൈയക്തിക ജീവിതത്തില്‍ മതത്തിന്‌ ഒരു വിലയും കല്‌പിക്കുന്നില്ലെന്ന ആരോപണമുണ്ട്‌. പാര്‍ട്ടി ഇസ്‌ലാം (PAS) ആണ്‌ യഥാര്‍ഥത്തില്‍ ഇസ്‌ലാമിക രാഷ്‌ട്രീയ പാര്‍ട്ടി എന്നു പറയാവുന്നത്‌. ഇസ്‌ലാമിസ്റ്റ്‌ പാര്‍ട്ടിയായ PAS അമുസ്‌ലിംകള്‍ക്ക്‌ അംഗത്വം നല്‌കാറുണ്ടായിരുന്നില്ല. എന്നാല്‍ ഈയിടെ Associate Membership എന്ന പേരില്‍ അമുസ്‌ലിംകളെ അനുഭാവികളായി ചേര്‍ക്കുന്നുണ്ട്‌.

ഇസ്‌ലാമിക സംഘടനകള്‍,
പണ്ഡിതന്മാര്‍

കേരളത്തിലേതു പോലുള്ള വലിയ സംഘടനാ സംവിധാനങ്ങള്‍ മലേഷ്യയിലെ മുസ്‌ലിം സംഘടനകള്‍ക്കില്ല. എന്നാല്‍ വിവിധങ്ങളായ ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന ഒരുപാട്‌ എന്‍ ജി ഒകളുണ്ട്‌. 1972 ല്‍ നിലവില്‍ വന്ന ABIM (Angkathan Belia Islam Malaysia) ആണ്‌ പ്രധാനപ്പെട്ട ഇസ്‌ലാമിക സംഘടന. SIM (Students Islamic Movement), MLA (Muslim Lawyers Association), Muslim Sisters Society തുടങ്ങിയ NGO കളും സജീവമാണ്‌. ശാഫിഈ മദ്‌ഹബ്‌ പിന്‍പറ്റുന്നവരാണ്‌ ബഹുഭൂരിപക്ഷം മലയികളും.

സ്‌ത്രീകള്‍ മുഖമക്കന ധരിക്കുക, സലാം ചൊല്ലുക തുടങ്ങിയ ഇസ്‌ലാമിക ചിഹ്നങ്ങള്‍ നിലനിര്‍ത്തുന്നതിലൊന്നും മുന്‍കാലങ്ങളില്‍ വേണ്ടത്ര ശ്രദ്ധയുണ്ടായിരുന്നില്ല. എഴുപതുകള്‍ക്ക്‌ ശേഷമാണ്‌ ഇത്തരം രംഗങ്ങളില്‍ മാറ്റമുള്‍ക്കൊണ്ടു തുടങ്ങിയത്‌. കേരളത്തിലൊക്കെ വേരോടിയിട്ടുള്ള ഖബ്‌ര്‍ പൂജ പോലുള്ള അനാചാരങ്ങളില്‍ നിന്ന്‌ മലേഷ്യന്‍ മുസ്‌ലിംകള്‍ മുക്തരാണ്‌. കേരളത്തിലേതു പോലെ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ സ്‌പര്‍ധയും ഇവിടെ ഇല്ല. പ്രത്യേകം സംഘടനകള്‍ക്കായി പള്ളികളില്ല.

ഹുസൈന്‍ അല്‍ അത്താസ്‌, നഖീബ്‌ അല്‍ അത്താസ്‌, ഡോ. ഉസ്‌മാന്‍ ബക്കര്‍, പ്രൊഫ. ഹാഷിം കമാലി, ഡോ. ചന്ദ്രമുസഫര്‍ തുടങ്ങിയവര്‍ ലോകത്തെ അറിയപ്പെടുന്ന മലേഷ്യന്‍ മുസ്‌ലിം പണ്ഡിതരും ബുദ്ധീജീവികളുമാണ്‌.

സ്‌ത്രീപദവി മലേഷ്യയില്‍

മലേഷ്യന്‍ സമൂഹത്തില്‍ സ്‌ത്രീകള്‍ക്ക്‌ അര്‍ഹമായ സ്വാതന്ത്ര്യവും പദവികളും ലഭിക്കുന്നുണ്ട്‌. കേന്ദ്രമന്ത്രിസഭയിലും മറ്റു ഭരണരംഗത്തും ശ്രദ്ധേയരായ ഒട്ടനവധി സ്‌ത്രീകളുണ്ട്‌. യൂണിവേഴ്‌സിറ്റികളില്‍ ഉന്നത പഠനം നടത്തുന്നവരില്‍ 60 ശതമാനത്തിലധികം സ്‌ത്രീകളാണ്‌. മാര്‍ക്കറ്റുകളിലും കച്ചവട സ്ഥാപനങ്ങളിലും സ്‌ത്രീകളുടെ ബാഹുല്യം കാണാം. സ്‌ത്രീകള്‍ പൊതുവെ സാമ്പത്തിക ഭദ്രതയുള്ളവരും സ്വയം പ്രാപ്‌തരുമാണ്‌.

വിവാഹരംഗത്ത്‌ സ്‌ത്രീധന സമ്പ്രദായം പതിവില്ല. മഹ്‌റും കല്യാണച്ചെലവുമടക്കും എല്ലാം പുരുഷന്റെ ബാധ്യതയാണ്‌. ബഹുഭാര്യത്വം മുസ്‌ലിംകള്‍ക്കിടയില്‍ സാധാരണമാണ്‌. മുസ്‌ലിംസ്‌ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള സന്നദ്ധസംഘടനകളും NGO കളും മലേഷ്യയില്‍ സജീവമാണ്‌.

അദര്‍പ്രസ്സിന്റെ
പുതിയ പ്രൊജക്‌ടുകള്‍

തുര്‍ക്കി ചിന്തകനും പ്രശസ്‌ത ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥമായ രിസാലെ നൂറിന്റെ ഗ്രന്ഥകര്‍ത്താവുമായ ബദീഉസ്സമാന്‍ സയ്യിദ്‌ നുര്‍സിയെക്കുറിച്ചുള്ള ഒരു ഗ്രന്ഥം പണിപ്പുരയിലാണ്‌. ശിബിലി നുഅ്‌മാനി രണ്ടാം ഖലീഫയായ ഉമറിനെ(റ) കുറിച്ചെഴുതിയ അല്‍ഫാറൂഖ്‌: ഉമറിന്റെ ജീവിതം ആണ്‌ മറ്റൊന്ന്‌. യുസുഫുല്‍ ഖര്‍ദാവിയുടെ ഫിഖ്‌ഹുസ്സകാത്ത്‌, സയ്യിദ്‌ സാബിഖിന്റെ ഫിഖ്‌ഹുസ്സുന്ന എന്നീ പുസ്‌തകങ്ങളും പുറത്തിറങ്ങാനിരിക്കുകയാണ്‌. l

Thursday, July 15, 2010

1947 ഓഗസ്റ്റ്‌ 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ടില്ല

മുകളില്‍,
ബേക്കറിയിലെ ചില്ല് ഭരണിയില്‍ കണ്ട
ജിലേബിയുടെ കൊതിപ്പിക്കുന്ന നിറം.
പിന്നെ,
വഴിയില്‍ കളഞ്ഞുകിട്ടിയ പൊതിച്ചോറില്‍
എന്‍റെ വിഹിതമൊറ്റ വറ്റിന്‍റെ വെള്ള.
നടുവില്‍,
ഒരിക്കല്‍ കിനാവില്‍ വന്നുപോയ
മുഖമില്ലാത്ത അമ്മയുടെ സാരിയിലെ നീലപൂവ്‌.
ഒടുവില്‍,
വീഴ്ത്തി മുട്ടുപൊട്ടിച്ച സിമന്ടു സ്ലാബ്ലിലെ
വഴുക്കലിന്‍റെ പച്ച.
എന്നാലും,
പിന്നെയും പിന്നെയും നോക്കുമ്പോള്‍
എന്തോ ഒരു ഇത്. . .
ചിരിച്ചു ചിരിച്ചു സ്കൂളില്‍  പോയ
ആ കുട്ടീന്‍റെ കയ്യിലും ഇതുപോലൊന്നായിരുന്നില്ലേ . . .
അപ്പോ, ഞാനും . . . ഓനും . . .



ശരിയല്ലേ , നല്ല പൈസ കിട്ടൂലേ . . . കിട്ടും .

സ്കൂളില്‍ നിന്നും ലഭിച്ച തേക്കിന്‍തൈ വച്ചുപിടിപ്പിച്ച് , വെള്ളമൊഴിച്ച് വന്ന മകന്‍റെ മുഖത്തെ സന്തോഷം കണ്ടു അമ്മ ചോദിച്ചു,
"എന്താ മോനേ ഇത്ര സന്തോഷം . . ."
"അമ്മാ , ഞാനൊരു മരം നട്ടു."
മകന്‍റെ പരിസ്ഥിതി ബോധത്തില്‍ , സാമൂഹിക പ്രതിബദ്ധതയില്‍ ഊറ്റംകൊള്ളാന്‍ വെമ്പിയ അമ്മയുടെ മനസ്സിനെ സ്തംഭിപ്പിച്ചുകൊണ്ട് അവന്‍ തുടര്‍ന്നു,
"അമ്മാ, വര്‍ഷങ്ങള്‍ കുറേ കഴിഞ്ഞാല്‍ ഈ മരം വലുതായി , പടര്‍ന്നു പന്തലിക്കും . അങ്ങനെ വളര്‍ന്ന് വളര്‍‍ന്ന് . . . ഞാനും വലുതാകുമ്പോള്‍ ഇത് വെട്ടിമുറിച്ച് വില്‍ക്കും . നല്ലപൈസ കിട്ടും. അല്ലേ അമ്മാ . . ."

പാതകളിലൂടെ സൂചി പായിച്ച്, ജീവിതം തുന്നിച്ചേര്‍ക്കുന്നവര്‍. . .

തിരക്കിട്ടൊരുങ്ങിയിറങ്ങിയപ്പോഴാണ് ചെരുപ്പു വള്ളികള്‍ക്കൊരു മുറുക്കക്കുറവ് അനുഭവപ്പെട്ടത്. അയ്യോ, പൊട്ടിയിരിക്കുന്നുവല്ലോ. ഇനി . . . വഴിയരികില്‍ ഒരാള്‍ക്ക്‌ കുനിഞ്ഞിരിക്കാന്‍ മാത്രം തക്ക ഉയരമുള്ള ഒരു വച്ചുകെട്ട്. പൊട്ടിയതും തേഞ്ഞതുമായി ചെരുപ്പുകള്‍ നിരത്തിവെച്ചിരിക്കുന്നു. ഒരുപക്ഷേ, ഏറ്റവും അനാകര്‍ഷകമായ പ്രദര്‍ശനം. പക്ഷേ, ആവശ്യക്കാരന് ഇതൊരു ചൂണ്ടുപലകയാണ്.നിങ്ങളുടെ പാതകളെ സുഗമമാക്കുന്നവര്‍. . . ലകഷ്യങ്ങളിലേക്ക് നിങ്ങളെ തുന്നിച്ചേര്‍ക്കുന്നവര്‍. . . തിരസ്കരിക്കപ്പെട്ടുകിടക്കുന്ന ഈ ഒളിമാളങ്ങളില്‍ നീണ്ട യാത്രകള്‍ക്ക് പാദുകം തുന്നുന്നവരുണ്ട്. ദുര്‍ഘട പാതകളില്‍, നമ്മുടെ സഹയാത്രികരെ തുന്നിയുറപ്പിക്കുന്നവര്‍; കൂലിയുടെ ചില്ലറത്തുട്ടുകളില്‍ ജീവിതത്തിന്‍റെ യാത്ര നയിക്കുന്നവര്‍ . . .ചെരുപ്പുനക്കി, ചെരുപ്പുമാലയിടീക്കല്‍, ചെരുപ്പേര്‍, ചെരുപ്പ്‌കൊണ്ടു അടിക്കല്‍ മുതലായവ നമ്മുടെ ഭാഷയിലും സംസ്കാരത്തിലും അപമാനത്തിന്‍റെയും അവഹേളനത്തിന്‍റെയും ചിഹ്നങ്ങളായി നിലനില്‍ക്കുന്നു. അതേ സമയം ചെരുപ്പ് തുന്നി ജീവിതം കഴിക്കുന്നവരേയും നമ്മള്‍ ഒരരികിലേക്ക് മാറ്റിനിര്‍ത്തുന്നു.അന്യ നാട്ടില്‍ നിന്നും മലയാളിയുടെ പാതകളെ തുന്നിച്ചേര്‍ക്കാനെത്തുന്നവര്‍ അന്തര്‍മുഖരായിപ്പോകുന്നത് ഇതുകൊണ്ടായിരിക്കാം. എന്തിനും ഏതിനും ശബ്ദമുയര്‍ത്തുന്ന മലയാളി കാണാതെപോകുന്ന ഒരു വിഭാഗം ഇപ്പോഴും വഴിയരികിലിരിപ്പുണ്ട്; മഴയത്തും വെയിലത്തും.

Thursday, July 1, 2010

ഏര്‍വാടിയില്‍ കൊഴുക്കുന്ന ജാറം മാഫിയ

നിങ്ങളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും രേഖപ്പെടുത്തിയ കത്തുകള്‍ സംഭാവന സഹിതം നേര്‍ച്ചപ്പെട്ടിയില്‍ നിക്ഷേപിക്കുക'' -ഏര്‍വാടിയില്‍ നിന്ന്‌

സുഖദു:ഖങ്ങളുടെയും കയറ്റിറക്കങ്ങളുടെയും പ്രഹേളികയാണ്‌ മനുഷ്യജീവിതം. ആ മാറിമറിയലുകള്‍ക്കിടയില്‍, പിടിച്ചുനില്‍ക്കാന്‍ കെല്‌പുതരുന്ന കരുത്തുറ്റ തായ്‌വേരാണ്‌ വിശ്വാസം. ഏത്‌ വേദനക്കിടയിലും തെളിഞ്ഞുചിരിക്കാന്‍ അത്‌ നമുക്ക്‌ കരുത്തേകുന്നു. വിശ്വാസം നല്ല ജീവിതം തുന്നിച്ചേര്‍ക്കാനുള്ള നല്ല നൂലിഴയാണ്‌. എന്നാല്‍ വെളിച്ചമാകുന്ന അതേ വിശ്വാസം തന്നെ ശരിയായ രീതിയിലും ഭാവത്തിലുമല്ലെങ്കില്‍ കടുത്ത വിനാശകാരിയായിത്തീരും. അന്ധവിശ്വാസങ്ങളും അതിന്റെ ചുവടുപിടിച്ചുവരുന്ന അനാചാരങ്ങളും മനുഷ്യ ജീവിതത്തെ എത്രത്തോളം മലീമസമാക്കിയെന്നതിന്‌ സമകാലിക ലോകത്തിന്‌ വിശദീകരണമാവശ്യമില്ലാത്തവിധം ബോധ്യമുള്ളതാണ്‌.
മരണമടഞ്ഞ വ്യക്തികള്‍ക്ക്‌ ജീവിതത്തില്‍ ഇടപെടാന്‍ കഴിയുമെന്ന മൂഢവിശ്വാസമാണ്‌ മുഴുവന്‍ അന്ധവിശ്വാസങ്ങളുടെയും അവയുടെ വിപണന കേന്ദ്രങ്ങളുടെയും മൂലധനം. ഈ വളക്കൂറുള്ള മണ്ണില്‍ സാമ്പത്തിക ശാരീരിക ചൂഷണങ്ങളുടെ പടുമരങ്ങള്‍ തഴച്ചുവളരുന്നു. ഒപ്പം മയക്കുമരുന്നു ലോബികളും തട്ടിപ്പുകളും മറ്റു ലാഭവ്യവസായങ്ങളും. നടത്തിപ്പുകാരുടെ കുടില നീക്കങ്ങള്‍ക്കും ഏജന്റുമാരുടെ പ്രചാരവേലകള്‍ക്കുമൊപ്പം മതപുരോഹിതന്മാരുടെ ഓശാനകൂടിയാകുമ്പോള്‍ പടുമരങ്ങളുടെ കാടുകള്‍ തന്നെ പടര്‍ന്നു പന്തലിക്കുന്നു. അത്‌ ശിര്‍ക്കന്‍ ഏര്‍പ്പാടുകള്‍ക്ക്‌ സ്വന്തമായൊരു കമ്പോളം പാകപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു. 
ശാസ്‌ത്ര സാങ്കേതിക രംഗങ്ങളിലെ വളര്‍ച്ചപോലും ഇതിനെ പോഷിപ്പിക്കുകയല്ലാതെ തളര്‍ത്തിയിട്ടില്ല. ജീവിതപുരോഗതിയില്‍ വന്ന മാറ്റങ്ങള്‍ അതേപടി വിശ്വാസകമ്പോളങ്ങളും സ്വീകരിച്ചു. കാലത്തിനനുസരിച്ച്‌ നവീകരിക്കപ്പെട്ട അവയ്‌ക്ക്‌ സ്വീകാര്യത ഏറിവരികയാണ്‌. ഏലസ്സുകള്‍, ഐക്കല്ലുകള്‍, രത്‌നക്കുടങ്ങള്‍ തുടങ്ങി ദര്‍ഗകളിലും ആള്‍ദൈവങ്ങളിലും കമ്പ്യൂട്ടര്‍ ജ്യോതിഷത്തിലും ചെന്നെത്തി നില്‍ക്കുന്ന വിധത്തില്‍ വ്യാപകവും വ്യത്യസ്‌തവുമാണ്‌ അതിന്റെ കണ്ണികള്‍. അവയുടെ പ്രചാരണത്തിനായി മീഡിയകളുടെ പരസ്യപ്രചാരണങ്ങള്‍ കൂടിയാകുമ്പോള്‍ വെട്ടിമാറ്റാനാകാത്ത ശക്തിയായി അത്‌ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.
അന്ധവിശ്വാസ വിപണിയുടെ ആ മഹാ സമുദ്രത്തിലെ ഒരു തുള്ളി മാത്രമാണ്‌ ഏര്‍വാടി. 2001ലെ തീപ്പിടുത്ത ദുരന്തത്തെത്തുടര്‍ന്ന്‌ സ്വയം ഇല്ലാതാകുമെന്ന്‌ കരുതപ്പെട്ട ഈ അന്ധവിശ്വാസ വിപണന കേന്ദ്രം കൂടുതല്‍ ശക്തിയോടെ തഴച്ചുവളരുന്ന കാഴ്‌ചയാണിന്നുള്ളത്‌. തെന്നിന്ത്യയിലെ പ്രമുഖ ജാറ വ്യവസായമായ ഏര്‍വാടിയിലേക്ക്‌ നടത്തിയ യാത്ര അന്ധവിശ്വാസ വളര്‍ച്ചയുടെ തീവ്രത വെളിപ്പെടുത്തുന്നുണ്ട്‌.
തമിഴ്‌നാട്ടിലെ രാമനാട്‌ (രാമനാഥപുരം) ജില്ലയിലെ കീലക്കരൈ പഞ്ചായത്തിലെ ഒരു പ്രദേശമാണ്‌ ഏര്‍വാടി. ദര്‍ഗകളുടെയും അനുബന്ധ വ്യവസായങ്ങളുടെയും കൂത്തിനിടക്കും ഒരു ശാലീന ഗ്രാമത്തിന്റെ മുഖച്ഛായയാണ്‌ ഏര്‍വാടിക്ക്‌. തീരപ്രദേശമായതുകൊണ്ടുതന്നെ മത്സ്യബന്ധനമാണ്‌ നാട്ടിലെ പ്രധാന ഉപജീവനമാര്‍ഗം. പ്രദേശ നിവാസികളല്ലാത്ത വിവിധ തരക്കാരായ അയ്യായിരത്തോളും ആളുകള്‍ ഇവിടങ്ങളിലെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും ദര്‍ഗകളിലും അനുബന്ധ ആലയങ്ങളിലുമൊക്കെയായി കഴിയുന്നു. എവിടെയുമുള്ള അന്ധവിശ്വാസ വിപണികളിലേതുമെന്നപോലെ മതപരമോ ജാതീയമോ വര്‍ഗപരമോ ആയ യാതൊരു വിവേചനവും ഇവിടെയും ഇല്ലെന്നതുതന്നെയാണ്‌ ഏര്‍വാടിക്കാഴ്‌ച നല്‍കുന്ന ആദ്യ പാഠം. ശവകുടീര വ്യവസായങ്ങള്‍ സ്ഥാപിച്ചു വളര്‍ത്തിയാല്‍ രാജ്യത്തെ മതസ്‌പര്‍ദ ഇല്ലാതാക്കാം എന്ന്‌ സാംസ്‌കാരിക പടുക്കള്‍ തെറ്റിദ്ധരിച്ചുപോയത്‌ ഇതുകണ്ടാവാം.

ഏര്‍വാടി:

ചരിത്രവും വളര്‍ച്ചയും
ലോകത്തുള്ള എല്ലാ വിശ്വാസ ചികിത്സാകേന്ദ്രങ്ങളും ശവകുടീര വ്യവസായങ്ങളും നിരവധി ഐതിഹ്യങ്ങളാലും കെട്ടുകഥകളാലും സമ്പന്നമാണ്‌. ഇവിടങ്ങളില്‍ സത്യം എന്നെന്നേക്കുമായി നുണക്കഥകള്‍ക്കിടയില്‍ പൂഴ്‌ത്തിവെച്ചിരിക്കും. ഏര്‍വാടിയില്‍ മറവുചെയ്‌തുവെന്ന്‌ വിശ്വസിക്കപ്പെടുന്ന സയ്യിദ്‌ ഇബ്‌റാഹീം ബാദ്‌ഷാ പന്ത്രണ്ടാം നൂറ്റാണ്ടില്‍ മതപ്രചാരണത്തിനായി ഇന്ത്യയിലെത്തിയ അറേബ്യന്‍ വംശജനാണ്‌. മതപ്രബോധനവുമായി ബന്ധപ്പെട്ട്‌ അക്കാലത്ത്‌ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നുവത്രെ. ഇങ്ങനെ ഏറ്റുമുട്ടലുകളില്‍ ഏര്‍പ്പെട്ട `ഗാസി'കളില്‍ ഒരാളായിരുന്നു സയ്യിദ്‌ ഇബ്‌റാഹീം. ആദ്യകാലത്ത്‌ വടക്കേ ഇന്ത്യയില്‍ ശ്രദ്ധകേന്ദ്രീകരിച്ച സയ്യിദ്‌ ഇബ്‌റാഹീം പില്‍ക്കാലത്ത്‌ തെക്കേ ഇന്ത്യയിലെ പാണ്ഡ്യരാജാക്കന്മാരുടെ നാട്ടില്‍ തന്റെ ഇടം കണ്ടെത്തുകയായിരുന്നു. മധുരയിലെ പാണ്ഡ്യരാജാക്കന്മാരോട്‌ യുദ്ധം ചെയ്‌ത്‌ സയ്യിദ്‌ ഇബ്‌റാഹീമിന്റെ സൈന്യം ഭരണപ്രദേശങ്ങള്‍ സ്ഥാപിക്കുകയായിരുന്നു. പിന്നീടുണ്ടായ ചില ചതിയുദ്ധങ്ങളിലൂടെ പാണ്ഡ്യരാജാക്കന്മാര്‍ സയ്യിദ്‌ ഇബ്‌റാഹീമിനെ വധിക്കുകയും ചെയ്‌തു. ചരിത്രത്തിലെവിടെയും സയ്യിദ്‌ ഇബ്‌റാഹീമിനെ പുണ്യപുരുഷനോ അമാനുഷ വ്യക്തിത്വമോ ആയി പരിചയപ്പെടുത്തിയിട്ടില്ല. മതപ്രബോധകന്‍, `ഗാസി' എന്നതിലുപരിയായി ആ മനുഷ്യന്റെ പ്രവര്‍ത്തനമേഖല ചരിത്രം രേഖപ്പെടുത്തുന്നില്ല.

മരണമടഞ്ഞ സയ്യിദ്‌ ഇബ്‌റാഹീമിനെ സിക്കന്തര്‍ ബാദ്‌ഷ, സയ്യിദ്‌ ഇസ്‌ഹാഖ്‌ എന്നിവര്‍ ചേര്‍ന്ന്‌ ഏര്‍വാടിയില്‍ ഖബ്‌റടക്കി എന്നാണ്‌ പറയപ്പെടുന്നത്‌. അതിനിടെ ഖബ്‌റിടം പരിപാലിച്ചിരുന്ന സിക്കന്തര്‍ ബാദ്‌ഷയേയും സയ്യിദ്‌ ഇസ്‌ഹാഖിനെയും പാണ്ഡ്യന്മാരുടെ പട വധിച്ചുവെന്നും കുറേക്കാലത്തേക്ക്‌ മഖ്‌ബറ പരിപാലിക്കപ്പെടാതെയും ആരാലും അറിയപ്പെടാതെയും മറഞ്ഞുകിടന്നുവെന്നും പറയപ്പെടുന്നു. പിന്നീട്‌ 18-ാം നൂറ്റാണ്ടിനുശേഷം നല്ല ഇബ്‌റാഹീം എന്നൊരാളുടെ കാലത്താണ്‌ ഏര്‍വാടിക്ക്‌ പ്രാധാന്യം കൈവരുന്നത്‌. സ്വപ്‌നത്തില്‍ ഇബ്‌റാഹീം ബാദുഷ നല്‍കിയ `നിര്‍ദേശ'പ്രകാരം നല്ല ഇബ്‌റാഹീം ഏര്‍വാടിയിലെത്തി എന്നാണ്‌ ഐതിഹ്യം. അക്കാലത്ത്‌ പാണ്ഡ്യരാജ്യത്തെ രാജാവിന്റെ അമ്മാവന്‌ ഒരു മാറാവ്യാധി പിടിപെട്ടുവത്രെ. ചികിത്സകളൊന്നും ഏശാതെ വന്നപ്പോള്‍ കേട്ടുകേള്‍വിയടിസ്ഥാനമാക്കി ഏര്‍വാടിയിലെത്തി. നല്ല ഇബ്‌റാഹീം പ്രാര്‍ഥിക്കുകയും മഖ്‌ബറയുടെ ചാരെ നിന്നും ഒരുപിടി മണ്ണ്‌ കൊടുക്കുകയും ആ മണ്ണ്‌ കലക്കിക്കുടിച്ചതോടെ അദ്ദേഹത്തിന്റെ അസുഖം മാറുകയും ചെയ്‌തു എന്നാണ്‌ കഥ. അവിടുന്നിങ്ങോട്ട്‌ ഏര്‍വാടിയുടെ വളര്‍ച്ച അഭൂതപൂര്‍വമായിരുന്നു. 2000ത്തിലെ പകര്‍ച്ചവ്യാധി ദുരന്തവും 2001ലെ തീപ്പിടുത്ത ദുരന്തവുമൊന്നും അതിനെ തളര്‍ത്തിയില്ല. സത്യവിശ്വാസങ്ങളെയും ശാസ്‌ത്രവിചാരങ്ങളെയും വെല്ലുവിളിച്ച്‌ അത്‌ മുന്നോട്ടു പൊയ്‌ക്കൊണ്ടേയിരിക്കുന്നു.

മഖ്‌ബറകളുടെ കൃഷിഭൂമി
അസ്വസ്ഥതകളുടെ മഹാസമുദ്രമാണ്‌ ആധുനിക മനുഷ്യന്‍. ഉള്ളതുകൊണ്ട്‌ ലളിതമനോഹരമായി ജീവിക്കാനുള്ള കഴിവ്‌ അവന്‌ കൈമോശം വന്നിരിക്കുന്നു. സമ്പത്തിനും സുഖാഡംബരങ്ങള്‍ക്കും പിറകെ ലക്കില്ലാതെ പാഞ്ഞുകൊണ്ടേയിരിക്കുമ്പോള്‍ അസുഖങ്ങളും മാനസിക സംഘര്‍ഷങ്ങളും പിറകെ വരും. ചുളുവില്‍ കാര്യങ്ങള്‍ നേടിയെടുക്കാനുള്ള അത്യാര്‍ത്തിയും കൂടി ആകുമ്പോള്‍ ഉറുക്കുകളും ഏലസ്സുകളും വിശ്വാസചികിത്സകന്മാരും ഷെയ്‌ഖുപ്പൂപ്പമാരും ആള്‍ദൈവങ്ങളും ദര്‍ഗകളും സകലമാന ദുരാചാരങ്ങളും വേരുപിടിക്കുന്നു. ഭൗതിക ആവശ്യങ്ങള്‍ക്കല്ലാതെ സ്വര്‍ഗം നേടുക, നരകത്തില്‍ നിന്ന്‌ രക്ഷനേടുക, ആത്യന്തികമായ സന്മാര്‍ഗദര്‍ശനം ലഭിക്കുക തുടങ്ങി ഒരാവശ്യത്തിനും ആരും ദര്‍ഗകളില്‍ എത്തുന്നില്ല എന്നത്‌ ചിന്തനീയമാണ്‌. മനുഷ്യാസ്വസ്ഥതകളെ ലാഭക്കണ്ണോടെ കണ്ട്‌ കീശ നിറയ്‌ക്കുന്നതെങ്ങനെയെന്ന്‌, അതിന്റെ മറവില്‍ മറ്റനേകം ദുര്‍വൃത്തികള്‍ സാധിക്കുന്നതെങ്ങനെയെന്ന്‌ ഏര്‍വാടി പറഞ്ഞുതരുന്നു.
ഏര്‍വാടിയിലേക്കുള്ള യാത്ര എളുപ്പമായിരുന്നു. തമിഴ്‌നാട്ടിലെ എല്ലാ പ്രധാന സ്ഥലങ്ങളില്‍ നിന്നും ഏര്‍വാടിയിലേക്ക്‌ മുഴുസമയവും വാഹനസൗകര്യമുണ്ട്‌. രാമനാഥപുരം ബസ്‌സ്റ്റാന്റില്‍ വിവിധ വിശ്വാസചികിത്സാ കേന്ദ്രങ്ങളുടെ ഏജന്റുമാരുടെ വിഹാരകേന്ദ്രമാണ്‌. ഏര്‍വാടിയിലേക്കെത്തുന്നവരെ കാന്‍വാസ്‌ ചെയ്‌ത്‌ അവരവരുടെ കേന്ദ്രങ്ങളിലേക്ക്‌ വഴിമാറ്റാന്‍ ഏജന്റുമാര്‍ തമ്മില്‍ മത്സരം നടക്കുന്നുണ്ട്‌. നൂലും ഉറുക്കും മാലകളുമൊക്കെയായി അനുബന്ധ സാധനങ്ങളുടെ വില്‍പനയും പൊടിപൊടിക്കുന്നുണ്ട്‌.
ഏര്‍വാടിയോട്‌ അടുത്തുനില്‍ക്കുന്ന കീലക്കരൈ കടുകുമണികള്‍ ചിതറിക്കിടക്കുന്നതുപോലെ തുരുതുരാ ദര്‍ഗകള്‍ കൊണ്ട്‌ സമ്പന്നമായ ഒരു പ്രദേശമാണ്‌. ഓരോ ദര്‍ഗയിലും വ്യത്യസ്‌ത ആരാധനാമുറകളാണ്‌. സംഭാവനയും മുറക്ക്‌ കൊടുക്കണം. കീലക്കരയിലെ സദഖതുല്ലാഹില്‍ ഖാഹിരി വലിയ്യുല്ലായുടെ ദര്‍ഗക്കുമുന്നില്‍വെച്ചാണ്‌ പാലക്കാട്ടുകാരായ ഉമ്മയെയും മകനെയും കണ്ടുമുട്ടിയത്‌. മകന്റെ മാനസികാസ്വാസ്ഥ്യങ്ങള്‍ മാറ്റാന്‍ വേണ്ടി സിയാറത്തിനെത്തിയതാണ്‌ ഉമ്മയും മകനും. ഏറ്റവും അത്ഭുതവും വേദനയും തോന്നുന്നത്‌ ആ മകന്‍ പ്രാക്‌ടീസ്‌ ചെയ്യുന്ന ഒരു ഡോക്‌ടറാണെന്നറിയുമ്പോഴാണ്‌. വിദ്യാഭ്യാസം അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കുന്നുവെന്ന പൊതുതത്വത്തിന്‌ തിരുത്തലുകള്‍ വേണ്ടിയിരിക്കുന്നു. വിശ്വാസം അന്ധമാകുമ്പോള്‍ യുക്തി തോറ്റോടുകതന്നെ ചെയ്യും.
ഏര്‍വാടിയോട്‌ തൊട്ടടുത്ത കാട്ടുപള്ളി ദര്‍ഗയുടെ പരിസരപ്രദേശങ്ങളില്‍ ധാരാളം ചികിത്സാ കേന്ദ്രങ്ങളുണ്ട്‌. മുറി ഡോക്‌ടര്‍മാരുപോലുമല്ലാത്ത കുറേ മുല്ലമാരും ബീവിമാരുമാണ്‌ വിശ്വാസ ഡോക്‌ടര്‍മാരായി അവിടെ വിലസുന്നത്‌. മന്ത്രവും മറ്റു പ്രാകൃത രീതികളുമാണ്‌ ചികിത്സാ മുറകള്‍.
ഒരു മരച്ചുവട്ടില്‍ ധ്യാനത്തിലെന്നപോലെ ഇരിപ്പുണ്ടായിരുന്ന വൃദ്ധ അവിടുത്തെ ചികിത്സാരീതികളുടെയും ശൈഖിന്റെ മദ്‌ഹുകളും ആത്മര്‍ഥതയോടെയും ആവേശത്തോടെയും പറഞ്ഞുതന്നു. അവരുടെ അന്ധമായ വിശ്വാസം എത്രത്തോളം ആഴമേറിയതാണെന്ന്‌ ബോധ്യപ്പെടുത്തുന്നതായിരുന്നു അത്‌.
മലപ്പുറം ജില്ലക്കാരായ അമ്പതോളം സ്‌ത്രീകളടങ്ങുന്ന ഒരു സംഘം ഒരു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഏര്‍വാടി ദര്‍ഗയില്‍ സിയാറത്തിനെത്തിയിട്ടുണ്ട്‌. മനസ്സിലാകാത്ത എന്തൊക്കെയോ മന്ത്രങ്ങള്‍ ഉരുവിട്ടും മറ്റും ദര്‍ഗക്കുമുന്നില്‍ സാഷ്‌ടാംഗം പ്രണമിക്കുകയും ദര്‍ഗക്കുചുറ്റും പ്രദക്ഷിണം ചെയ്യുകയുമാണ്‌ അവര്‍. കുഴിയൊരുക്കി കാത്തിരുന്ന പൗരോഹിത്യത്തിന്റെ ഇരകള്‍! പൂട്ട്‌ നേര്‍ച്ച, തൊട്ടില്‍ കെട്ടല്‍, ചന്ദനത്തിരി കത്തിക്കല്‍, വെളിച്ചെണ്ണ നിവേദിക്കല്‍, ഷാള്‍ പുതപ്പിക്കല്‍ തുടങ്ങി വ്യത്യസ്‌തങ്ങളായ നേര്‍ച്ചകളാണ്‌ ഓരോയിടത്തും. നേര്‍ച്ച സാധനങ്ങളത്രയും തിരികെ അതേ വിപണികളിലേക്കു തന്നെയെത്തിക്കുന്ന തന്ത്രം ഏര്‍വാടിയിലും സജീവമാണ്‌. 


പ്രധാന ദര്‍ഗയുടെ പരിസരം സദാചാര വിരുദ്ധതയാലും ധാര്‍മിക ച്യുതികളാലും വൃത്തിഹീനമാണ്‌. സ്‌ത്രീ പുരുഷ ഭേദമില്ലാതെ സ്ഥലകാല ബോധമില്ലാതെ ഇടകലര്‍ന്നാണ്‌ നില്‍പ്പ്‌. അതിനിടയില്‍ തന്നെ ഭ്രാന്തന്‍ ചേഷ്‌ടകളുമായി നഗ്‌നരും അര്‍ധനഗ്‌നരുമായ മാനസികരോഗികളായ സ്‌ത്രീ പുരുഷന്മാര്‍. ദര്‍ഗക്കകത്തും പുറത്തുമായി വിവിധ ചികിത്സാ വാഗ്‌ദാനങ്ങളുമായി വ്യാജന്മാര്‍ ഇരുപ്പുറപ്പിച്ചിരിക്കുന്നു. ചടങ്ങുകളും അനിസ്‌ലാമികവും വളരെ പ്രാകൃതവുമാണ്‌. സാഷ്‌ടാംഗം പ്രണമിച്ചും മുട്ടുകുത്തിയും കരഞ്ഞും മാലകള്‍ ഓതിയും മഖ്‌ബറയെ പ്രദക്ഷിണം ചെയ്‌തും നിലത്തുരുണ്ടും മുടിയഴിച്ചാടിയും വിവരണാതീതമായ ദൃശ്യങ്ങള്‍!
ചികിത്സാ കേന്ദ്രങ്ങള്‍
``ഏത്‌ രോഗവും മാറ്റുന്ന ആശുപത്രി, ഏത്‌ കേസും തീര്‍ക്കുന്ന കോടതി. അതാണ്‌ ഏര്‍വാടി. പിശാച്‌ ബാധകൊണ്ടോ മറ്റോ ഉണ്ടാകുന്ന രോഗങ്ങള്‍, മാറാവ്യാധികള്‍, ഭ്രാന്ത്‌ തുടങ്ങിയ ഏതും ദര്‍ഗാശരീഫില്‍ വെച്ച്‌ സുഖപ്പെട്ടു മടങ്ങുന്നു. ഇബ്‌റാഹീം ബാദ്‌ഷാ(റ) പുത്രന്‍ അബൂതാഹിര്‍(റ)വും മറ്റു ശുഹദാക്കളും ചേര്‍ന്ന്‌ പിശാചുക്കളെ വിളിച്ച്‌ വിചാരണ ചെയ്‌ത്‌ വിധി പ്രസ്‌താവിക്കുന്നത്‌ ഏര്‍വാടിയില്‍ സര്‍വസാധാരണമാണ്‌. സ്വപ്‌നത്തിലായിരിക്കും ചികിത്സകളൊക്കെ. ഇഞ്ചക്‌ഷനെടുക്കലും ഓപറേഷനുമെല്ലാം സ്വപ്‌നത്തില്‍ നടക്കുന്നു...'' (ഏര്‍വാടി ചരിത്രം/മുത്തുക്കോയ തങ്ങള്‍) 800 വര്‍ഷത്തിലധികമായി ഏര്‍വാടി ദര്‍ഗയും അനുബന്ധ വിശ്വാസ ചികിത്സാ കേന്ദ്രങ്ങളും അനാചാരത്തിന്റെ സ്വന്തമായൊരു മാതൃക ഉണ്ടാക്കിയെടുത്തിട്ടുണ്ട്‌. ഉപേക്ഷിക്കപ്പെട്ടവരും അല്ലാത്തവരുമായി ആയിരത്തിലധികം രോഗികളും അത്രതന്നെ അവരുടെ ബന്ധുക്കളും ഏര്‍വാടിയിലും പരിസരത്തും സ്ഥിരതാമസക്കാരായുണ്ട്‌. ദിനേനെ സന്ദര്‍ശകരായി ഒട്ടനേകം പേര്‍ വേറെയും എത്തുന്നുണ്ട്‌. രോഗികളില്‍ ഭൂരിഭാഗവും മരങ്ങളിലും മറ്റു ഷെഡുകളിലുമായി ചങ്ങലകളാല്‍ ബന്ധിതരാണ്‌. വൃണങ്ങള്‍ പഴുത്തൊലിച്ചും കണ്ണുകളില്‍ നിസ്സഹായത നിറഞ്ഞും അവര്‍ അവിടെ കിടന്ന്‌ അക്രമാസക്തരാകുന്നതും കരയുന്നതും കാണാം. പലരും നേര്‍ച്ചയാക്കിയ ഭക്ഷണങ്ങള്‍ അവിടെ സൗജന്യമായി വിതരണം ചെയ്യപ്പെടുന്നുണ്ടെങ്കിലും രോഗികള്‍ക്ക്‌ അത്‌ ലഭ്യമാകുന്നുവെന്നതിന്‌ യാതൊരു ഉറപ്പുമില്ല.  
സന്താനക്കൂട്‌ ഉത്സവമാണ്‌ ഇവിടുത്തെ പ്രധാന ആണ്ട്‌ ഉത്സവം. ഉറൂസ്‌ മഹാമഹങ്ങള്‍ അനുബന്ധ ഉത്സവങ്ങള്‍ തുടങ്ങി വിശേഷ ദിവസങ്ങളില്‍ രോഗികളെ യാചനക്കിരുത്തുന്ന പതിവുമുണ്ടിവിടെ. ചിലരെ യാചനക്കും മറ്റു ജോലികള്‍ക്കുമായി പുറത്തേക്ക്‌ വിടാറുമുണ്ട്‌. ഇങ്ങനെ വിവിധ വകകളില്‍ എത്തുന്ന പണങ്ങളത്രയും ഏതൊക്കെയോ മുതലാളിമാരുടെ പണപ്പെട്ടിയില്‍ ഭദ്രമായെത്തുന്നു. രോഗികളുടെ പേരില്‍ ബന്ധുക്കള്‍ നാട്ടില്‍ നിന്നയച്ചുകൊടുക്കുന്ന പണവും ഇതേ വഴിക്കുതന്നെ പോകുന്നു. ഉപേക്ഷിക്കപ്പെട്ടവരും ബന്ധുക്കള്‍ക്ക്‌ താല്‌പര്യമില്ലാത്തവരുമായ രോഗികളുടെ മയ്യിത്ത്‌ കടലിലെറിയുകയാണ്‌ പതിവ്‌. മരണപ്പെട്ടവരെക്കുറിച്ച്‌ കൃത്യമായ രേഖകള്‍ പുറത്തുവിടുകയോ വേണ്ട രേഖകള്‍ സൂക്ഷിക്കുകയോ ചെയ്യാറില്ല. സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്നു കള്ളക്കടത്തുകാരുടെയും വിഹാരകേന്ദ്രമാണിവിടെ. ക്രിമിനലുകളായ പലരും ഭ്രാന്തന്മാരുടെ വേഷത്തിലൊളിച്ചു താമസിക്കുന്നത്‌ ബീമാപള്ളി, അജ്‌മീര്‍, ഏര്‍വാടി തുടങ്ങി ഒട്ടുമിക്ക ദര്‍ഗാകേന്ദ്രങ്ങളിലും പതിവാണ്‌. പണ്ടുമുതല്‍ക്കേ കള്ളക്കടത്തിനും മയക്കുമരുന്ന്‌ വ്യാപാരത്തിനും കുപ്രസിദ്ധിയാര്‍ജിച്ച തീരദേശമാണ്‌ ഏര്‍വാടി. ദര്‍ഗാ വ്യവസായത്തിന്റെ മറവില്‍ ഇത്തരം ലഹരി വിപണനവും സുഗമമായി നടക്കുന്നു. ഇതിനൊക്കെ പുറമെ ലൈംഗിക ചൂഷണവും ധാരാളമായി നടക്കുന്നു. സെക്യൂരിറ്റി ഗാര്‍ഡുകള്‍ തന്നെ ഇവിടുത്തെ രോഗികളായ സ്‌ത്രീകളെ ഉപയോഗപ്പെടുത്തുകയും പുറത്തെ കച്ചവടക്കാര്‍ക്ക്‌ ഏര്‍പ്പാടാക്കിക്കൊടുക്കുകയും ചെയ്യുന്നത്‌ അത്ര സ്വകാര്യമല്ല. പ്രകൃതിവിരുദ്ധ ലൈംഗികതയും വ്യാപകമായി നടക്കുന്നു. ഇത്തരം ആവശ്യങ്ങള്‍ക്ക്‌ മാത്രമായി ഏര്‍വാടി സന്ദര്‍ശിക്കുന്നവരുമുണ്ട്‌.

ഇത്രയും വൃത്തികേടുകളും കഷ്‌ടതകളുമുണ്ടായിട്ടും അസംഖ്യം രോഗികള്‍ എങ്ങനെ എത്തിപ്പെടുന്നു എന്നത്‌ അത്ഭുതകരമാണ്‌. മതപുരോഹിതന്മാരുടെ വക്രബുദ്ധിക്കുനേരെയാണപ്പോള്‍ ചൂണ്ടുവിരലുയരുന്നത്‌. ഏര്‍വാടി ദര്‍ഗക്ക്‌ കേരളത്തിലെ പല സ്ഥലങ്ങളിലും ബ്രാഞ്ചുകളുണ്ട്‌. മുസ്‌ലിയാക്കളുടെ പ്രാദേശിക പ്രചാരണം കൂടിയാകുമ്പോള്‍ ഏര്‍വാടിയിലേക്കുള്ള ഒഴുക്ക്‌ ശക്തമാകുന്നു.

ഏര്‍വാടിയിലെത്തിപ്പെടുന്നവരില്‍ ചെറിയൊരു ശതമാനം മാറാരോഗികളാണ്‌. ബാക്കിയുള്ളവരൊക്കെ സ്വത്തുതര്‍ക്കം, കുടുംബവഴക്ക്‌ തുടങ്ങിയ കാരണങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ടവരാണ്‌. പലര്‍ക്കും അസുഖം ഉണ്ടാകണമെന്നില്ല. എന്നാല്‍ ഇവിടുത്തെ പ്രാകൃതനടപടികള്‍ക്കിടയില്‍ ഭ്രാന്തുവരാതെ പിടിച്ചുനില്‍ക്കാന്‍ അധികമാര്‍ക്കും കഴിയണമെന്നില്ല.


എത്ര പിഴുതുമാറ്റിയാലും വീണ്ടും വേരുപിടിക്കുന്ന തന്ത്രമാണ്‌ ഏര്‍വാടിയുടേത്‌. 2000ത്തില്‍ ഛര്‍ദ്ദിയും അതിസാരവും ബാധിച്ച്‌ 11 പേര്‍ മരിച്ചതിനെത്തുടര്‍ന്ന്‌ ഒഴിഞ്ഞുകിടന്ന ഏര്‍വാടി ഒരു വര്‍ഷത്തിനകം വീണ്ടും കിളിര്‍ത്തുപൊന്തി. 2001 ആഗസ്‌ത്‌ 6ന്‌ നടന്ന തീപ്പിടുത്തത്തെത്തുടര്‍ന്ന്‌ 28 ജീവനുകളാണ്‌ കത്തിത്തീര്‍ന്നത്‌. ബാദുഷ മാനസിക ചികിത്സാകേന്ദ്രം നടത്തിയിരുന്ന മൊയ്‌തീന്‍ ബാഷയെയും സുറയ്യയെയും അറസ്റ്റ്‌ ചെയ്യുകയും ഇത്തരം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്‌തു. ആഗസ്‌ത്‌ 13ന്‌ രോഗികളെ ചെന്നൈയിലെ മാനസിക ആരോഗ്യകേന്ദ്രങ്ങളിലേക്ക്‌ സര്‍ക്കാര്‍ പുനരധിവസിപ്പിച്ചു. സര്‍ക്കാര്‍ ഭാഗത്തുനിന്ന്‌ കണിശമായ നടപടികള്‍ അക്കാലത്ത്‌ ഉണ്ടായി എങ്കിലും പിന്നീട്‌ ഇത്തരം കേന്ദ്രങ്ങള്‍ വീണ്ടും തഴച്ചുവളരുകയും പുനരധിവാസ കേന്ദ്രങ്ങളെ വിഴുങ്ങുകയും ചെയ്‌തു.
ദുരന്തത്തെത്തുടര്‍ന്ന്‌ ഏര്‍വാടി ഒഴിഞ്ഞുകിടക്കുമ്പോഴും ഇവിടെ മലയാളക്കരയില്‍ പൗരോഹിത്യം അതിന്റെ പോരിശ പാടി നടക്കുകയായിരുന്നു. മീനായില്‍ തീപ്പിടുത്തമുണ്ടായി എന്ന്‌ കരുതി ആരും ശേഷം ഹജ്ജ്‌ ചെയ്യേണ്ട എന്ന്‌ വച്ചിട്ടില്ലല്ലോ. പൂക്കിപ്പറമ്പ്‌ ബസ്‌ ദുരന്തത്തിനുശേഷം അത്‌വഴി ആരും ബസ്സില്‍ യാത്ര ചെയ്യാതിരുന്നിട്ടില്ലല്ലോ തുടങ്ങിയ രസകരമായ മുടന്തന്‍ ചോദ്യങ്ങളുമായി പൗരോഹിത്യം അവരുടെ പക്ഷം ന്യായീകരിക്കുകയായിരുന്നു. ഏര്‍വാടിക്കെതിരെയുണ്ടായ ജനവികാരത്തെ സാവധാനം വഴിതിരിച്ചുവിടുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്‌തു. അതുകൊണ്ടാണല്ലോ മരിക്കുന്നതിനുമുമ്പ്‌ ഏര്‍വാടിയൊന്നു കാണണമെന്നു പലരുമിന്നും മോഹപ്പെട്ടുകൊണ്ടിരിക്കുന്നതും.
ഒരേ സമയം മലയാളിയുടെ കുബുദ്ധിക്കും വിഡ്‌ഢിത്തരത്തിനും നേരുദാഹരണങ്ങളെ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌ ഏര്‍വാടി. ഇവിടെ ചൂഷകരും ചൂഷിതരും ഏറെയും മലയാളികളാണ്‌. ദര്‍ഗക്കു ചുറ്റും കച്ചവടം നടത്തുന്നവരില്‍ ഏറെയും മലയാളികള്‍. ഗാര്‍ഡുകളിലും മലയാളികളുണ്ട്‌. അവരെ ഗുണ്ടകള്‍ എന്ന്‌ വിളിക്കുന്നതാണ്‌ ശരി. ദര്‍ഗയില്‍ മലയാളത്തില്‍ മാത്രമുള്ള ഒട്ടുമിക്ക നിര്‍ദേശങ്ങളും ബോര്‍ഡുകളും സൂചിപ്പിക്കുന്നത്‌ മലയാളികളാണ്‌ ഇവിടെ ഏറ്റവുമധികം സന്ദര്‍ശകരായെത്തുന്നത്‌ എന്നുതന്നെയാണ്‌. സമ്പത്തും സമയവും ചെലവഴിച്ച്‌ ശിര്‍ക്കിന്റെ പങ്കുപറ്റാന്‍ തിരക്കുകൂട്ടുകയാണ്‌ മലയാളികള്‍.
ഒരു കാലത്ത്‌ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഫലമായി തളര്‍ന്നുകിടന്നിരുന്ന അനാചാര കേന്ദ്രങ്ങളും അന്ധവിശ്വാസങ്ങളും വീണ്ടും കൊഴുത്തുവരുന്നു. അതിനെ പ്രോത്സാഹിപ്പിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളും കൂടുതല്‍ ശക്തിയാര്‍ജിച്ചുകഴിഞ്ഞു. ഇതിനൊക്കെ പുറമെ ജിന്നുസേവയും സിഹ്‌റും മന്ത്രവുമൊക്കെയായി യാഥാസ്ഥിതികത്വത്തിന്റെ പുത്തന്‍ ധാരകള്‍ രംഗത്തുവന്നുകഴിഞ്ഞിരിക്കുന്നു. ഇസ്‌ലാമിക ജ്യോതിഷവും ഖുര്‍ആന്‍ ചികിത്സയും അടിച്ചിറക്കലും മറ്റുമൊക്കെയായി ആധുനിക മീഡിയകളുടെക്കൂടി സഹായത്തോടെ പടര്‍ന്നുപന്തലിച്ചുകൊണ്ടേയിരിക്കുന്നു.
ശിര്‍ക്കന്‍ വിശ്വാസാചാരങ്ങള്‍ മൂടുപടം നീക്കിപുറത്തുവരുമ്പോള്‍ ചുറ്റും കൈകോര്‍ത്ത്‌ അതിനെ സംരക്ഷിച്ച്‌, അതിന്റെ പണം പറ്റി സ്വയം തടിക്കുകയാണ്‌ പൗരോഹിത്യം. ജാറവാണിഭത്തില്‍ അവര്‍ ഗ്രൂപ്പുഭേദം പോലും മറക്കുന്നു. ആത്മീയ വാണിഭത്തിലെ `അനിസ്‌ലാമികത'കളെആദ്യം എതിര്‍ത്തവര്‍, ഒടുവില്‍ നഷ്‌ടം ഭയന്ന്‌ കമ്പോളത്തിലിറങ്ങിയിരിക്കുന്നു. യഥാര്‍ഥ വിശ്വാസികള്‍ ഉണരേണ്ട സമയമായിരിക്കുന്നു. 

Wednesday, June 30, 2010

മുട്ടാണിശേരില്‍; പണ്ഡിതന്‍ , ശാസ്ത്രജ്ഞന്‍



കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ വേറിട്ട ശബ്‌ദമാണ്‌ മുട്ടാണിശ്ശേരില്‍ കോയക്കുട്ടി മൗലവി. ഭൗതികശാസ്‌ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം ഇസ്‌ലാമിക വിഷയങ്ങള്‍ ആഴത്തില്‍ പഠനം നടത്തി. ഖുര്‍ആന്‍ ശാസ്‌ത്ര ഗവേഷണത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഗ്രന്ഥരചനകളിലൂടെയും മഹത്തായ സംഭാവനകള്‍ നല്‌കിയ വ്യക്തിയാണ്‌ കോയക്കുട്ടി മൗലവി. 1967ല്‍ കേരള സാഹിത്യ അക്കാദമിയുടെ മികച്ച തര്‍ജമക്കുള്ള അവാര്‍ഡ്‌ കരസ്ഥമാക്കിയ മൗലവി 85-ാം വയസ്സിലും അന്താരാഷ്‌ട്ര സെമിനാറുകളിലെ സാന്നിധ്യമാണ്. കലയോടും സംഗീതത്തോടും വേറിട്ട കാഴ്‌ചപ്പാടുകള്‍ പുലര്‍ ത്തുന്ന, മൗലവി തന്റെ വൈജ്ഞാനികജീവിതത്തിലെ ഓര്‍മകളും വീക്ഷണങ്ങളും പങ്കുവെക്കുന്നു.
 
ഭൗതികവിദ്യാഭ്യാസം മുസ്‌ലിംകള്‍ക്ക്‌ ഹറാമായി കണ്ടിരുന്ന ഒരു കാലത്ത്‌ കൃത്യമായ ഭൗതികപഠനം നേടിയ ആളാണ്‌ താങ്കള്‍. എന്തായിരുന്നു അനുകൂല ഘ ടകം? പഠനകാലം ഒന്നോര്‍ ക്കാമോ?
കായംകുളമാണ്‌ എന്റെ സ്വദേശം. മുട്ടാണിശ്ശേരില്‍ തറവാട്ടില്‍ 1926ല്‍ ജനനം. അറുപത്തഞ്ച്‌ ഏക്കറോളം കൃഷിസ്ഥലമുള്ള കര്‍ഷക കുടുംബമായിരുന്നു. കര്‍ഷകനായിരുന്ന ഉപ്പക്ക്‌ എഴുത്തും വായനയും അറിയാമായിരുന്നു. തമിഴ്‌ ഭാഷയായിരുന്നു ഉപ്പക്ക്‌ വശമുണ്ടായിരുന്നത്‌. അന്ന്‌ മുസ്‌ലിം സമുദായം എല്ലാ രംഗങ്ങളിലും പിന്നാക്കമാണ്‌. ഞങ്ങള്‍ ആറു മക്കള്‍ക്കും വിദ്യാഭ്യാസം നല്‌കുന്നതില്‍ ഉപ്പ ശ്രദ്ധചെലുത്തി. പ്രത്യേകിച്ച്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നല്‌കുന്നതിന്‌. എന്റെ ഇക്ക മുട്ടാണിശ്ശേരില്‍ അബ്‌ദുര്‍റഹ്‌മാന്‍ കുഞ്ഞായിരുന്നു ഞങ്ങളുടെ നാട്ടില്‍ ആദ്യത്തെ മുസ്‌ലിം ഗ്രാജ്വേറ്റ്‌. അന്ന്‌ എനിക്ക്‌ എട്ട്‌ വയസ്സ്‌ പ്രായമാണുണ്ടായിരുന്നത്‌. ഇക്ക നല്ലൊരു പ്രാസംഗികനും എഴുത്തുകാരനുമായിരുന്നു. ഇക്കായില്‍ നിന്നാണ്‌ ഞാന്‍ പ്രസംഗം പഠിച്ചത്‌. ഇംഗ്ലീഷ്‌ ഭാഷയോടൊപ്പംതന്നെ അറബി ഭാഷയിലും അ ദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. ചെറുപ്പം മുതലേ എന്റെ പ്രചോദനവും വഴികാട്ടിയുമായിരുന്നു ഇക്ക. സ്‌കൂളില്‍ അറബി പഠിച്ചിരുന്ന എന്നെ മലയാളം പഠിക്കാന്‍ ഇക്ക നിര്‍ ബന്ധിച്ചു. അറബിപഠനം വീട്ടില്‍ ഉസ്‌താദുമാരെവെച്ച്‌ ചെയ്യിപ്പിച്ചു. ഇംഗ്ലീഷില്‍ പ്രസംഗങ്ങള്‍ എഴുതിത്തന്നും കവിതകള്‍ പഠിപ്പി ച്ചും ആംഗലേയ ഭാഷയില്‍ എന്നെ കൈപ്പിടിച്ചുയര്‍ത്തിയതും വായനയുടെ പുതുകാഴ്‌ചകളെ പരിചയപ്പെടുത്തിയതും അദ്ദേഹമായിരുന്നു.
ഫിസിക്‌സ്‌ ആയിരുന്നു എന്റെ പഠനവിഷയം. 1949ല്‍ യൂനിവേഴ്‌സിറ്റി കോളെജില്‍ നിന്നും ഇന്റര്‍മീഡിയറ്റ്‌ പാസ്സായി. മാത്‌സും കെമിസ്‌ട്രിയുമൊക്കെയായിരുന്നു അന്നത്തെ അനുബന്ധ വിഷയങ്ങള്‍. 1949ല്‍ എസ്‌ എന്‍ കോളെജില്‍ ഡിഗ്രിക്കു ചേര്‍ന്നു. 1946ലാണ്‌ എസ്‌ എന്‍ കോളെജ്‌ തുടങ്ങുന്നത്‌. തിരുവനന്തപുരത്ത്‌ എന്നെ ഇന്‍ര്‍മീഡിയറ്റിന്‌ പഠിപ്പിച്ച പല അധ്യാപകരും അന്ന്‌ എസ്‌ എന്‍ കോളെജിലുണ്ട്‌. അവരുടെയൊക്കെ സാന്നിധ്യമാണ്‌ എന്നെ എസ്‌ എന്‍ കോളെജിലേക്കെത്തിക്കുന്നത്‌. റസ്സല്‍, വൈറ്റ്‌ഹെഡ്‌, ടോയന്‍ബി തുടങ്ങിയ ശാസ്‌ത്രജ്ഞരുടെയും തത്വജ്ഞാനികളുടെയും പുസ്‌തകങ്ങള്‍ വായിക്കാനും നിരവധി ശാസ്‌ത്ര പണ്ഡിതന്മാരുമായി ബന്ധപ്പെടാനുമൊക്കെ പഠനകാലം പരമാവധി ഉപയോഗിച്ചു.

ഭൗതികശാസ്‌ത്ര പഠനത്തില്‍ മുഴുകുന്നതിനിടയില്‍ ഇസ്‌ലാമിക പഠനശ്രേണിയിലേക്ക്‌ തിരിയാനുണ്ടായ കാരണം?

ഇന്റര്‍മീഡിയറ്റിന്‌ പഠിക്കുമ്പോഴും അതിന്‌ മുമ്പും ശേഷവുമൊക്കെ ദീനീപഠനം നല്‌കാന്‍ ഉപ്പ ശ്രദ്ധിച്ചിരുന്നു. പ്രത്യേകം ഉസ്‌താദുമാരെ വെച്ച്‌ ഭൗതികപഠനത്തി നു സമാന്തരമായി ദീനീകിതാബുകള്‍ പഠിക്കാനുള്ള അവസരമൊരുക്കി.
ഡിഗ്രി പഠനശേഷം ഏത്‌ മേഖല തെരഞ്ഞെടുക്കണമെന്ന്‌ ഞങ്ങള്‍ കുടുംബയോഗത്തില്‍ ആലോചിച്ചു. അക്കാലത്തെ എന്റെ സഹപാഠികളില്‍ പലരും അലീഗഡിലും മദ്രാസിലുമൊക്കെ പോയി എം ബി ബി എസ്സും ബി ടെക്കും എല്‍ എല്‍ ബിയുമൊക്കെയെടുത്ത്‌ ഉന്നത തസ്‌തികകളിലേക്ക്‌ കയറിയവരാണ്‌. എല്ലാവരും ഡോക്‌ടര്‍മാരും വക്കീലന്മാരും ആകേണ്ടതുണ്ടോ? ദീനീപഠനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണല്ലോ. ഇക്കയുമായി കൂടിയാലോചിച്ച്‌ ദീനീപഠനത്തിലേര്‍പ്പെടാന്‍ തീരുമാനിച്ചു. അയല്‍വീട്ടിലെ ഒരു നായര്‍ സഹോദരന്‍ വഴി ലണ്ടനിലെ ലൂസാദ്‌ ആന്റ്‌ പബ്ലിഷേഴ്‌സിന്റെ പുസ്‌തകങ്ങള്‍ കുറെ വരുത്തി; അറബിയും ഇംഗ്ലീഷും.

ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുമ്പോഴുണ്ടായ അനുഭവം?
1957ല്‍ എന്റെ 36-ാമത്തെ വയസ്സിലാണ്‌ ഞാന്‍ ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നത്‌. അതിനു മുമ്പ്‌ പിക്താളിന്റെയും യൂസുഫലിയുടെയുമൊക്കെ ഖുര്‍ആന്‍ പരിഭാഷകള്‍ വായിച്ചിരുന്നു. അങ്ങനെയാണ്‌ ഖുര്‍ആനിനോട്‌ പുതിയ സമീപനങ്ങള്‍ മനസ്സില്‍ രൂപംകൊള്ളുന്നത്‌. മലയാളത്തില്‍ പുറത്തുവന്ന സി എന്‍ അഹ്‌മദ്‌ മൗലവിയുടെ പരിഭാഷ ഭാഷകൊണ്ട്‌ ദുര്‍ബലമായി തോന്നി.
ഫാതിഹ സൂറത്താണ്‌ ആദ്യം പരിഭാഷപ്പെടുത്തിയത്‌. കുറച്ചുഭാഗം പരിഭാഷപ്പെടുത്തിയ ശേഷമാണ്‌ ഇക്കയോടു പോലും പറയുന്നത്‌. എന്നെക്കൊണ്ട്‌ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ആശങ്ക ഇക്ക പങ്കുവെക്കുകയുണ്ടായി. എനിക്ക്‌ ഭാഷയില്‍ തോന്നിയ ശുഭാപ്‌തിയായിരുന്നു ധൈര്യം. പൂര്‍ത്തിയാകുന്ന മുറക്ക്‌ പണ്ഡിതന്മാരെ കാണിക്കാമെന്നുറച്ചു. പത്തു പ്രാവശ്യം വരെ മാറ്റിയെഴുതിയ ഭാഗങ്ങളുണ്ട്‌. അവസാനം എല്ലാം പകര്‍ത്തിയെഴുതി. അക്കാലത്ത്‌ മദ്രാസില്‍ നിന്നും സ്ഥലംമാറ്റം കിട്ടി ഞങ്ങളുടെ നാട്ടി ല്‍വന്ന എന്‍ജിനിയര്‍ ടി പി കുട്ട്യാമു സാഹിബിനെ അളിയന്‍ മുഖേന സമീപിച്ചു. മതബോധം കാത്തുവെക്കുന്ന ആ ഉന്നത വ്യ ക്തിത്വത്തെ പരിഭാഷ കാണിച്ചു. അദ്ദേഹം അത്‌ പൊന്നാനിയിലെ എ എം ഉസ്‌മാന്‍ സാഹിബിനെ കാണിച്ചു. ഉസ്‌മാന്‍ സാ ഹിബിന്‌ അത്‌ ഇഷ്‌ടപ്പെടുകയും ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന്‌ താല്‌പര്യപ്പെട്ട്‌ മറുപടി അയക്കുകയും ചെയ്‌ തു. അദ്ദേഹം തന്നെ അവതാരിക എഴുതിത്തരികയും ചെയ്‌തു. പിന്നീട്‌ മലബാറിലെ പ്രമുഖരായ പണ്ഡിതരെ കാണിക്കുന്നതിനു വേണ്ടി കുട്ട്യാമു സാഹിബിനെ ഏല്‌പിച്ചു. ബാഫഖി തങ്ങളെക്കൊണ്ട്‌ പരിശോധിപ്പിച്ചു. ഭിന്നിപ്പുകള്‍ക്ക്‌ വഴിയൊരുക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു. എന്റെ സ്വതന്ത്ര വീക്ഷണങ്ങള്‍ പരിഭാഷയില്‍ ചേര്‍ത്തിട്ടില്ല.
1957ല്‍ തുടങ്ങിയ ഉദ്യമം 1961ലാണ്‌ പൂര്‍ത്തിയാകുന്നത്‌. 1965ലാണ്‌ പ്രസിദ്ധീകരിച്ച ത്‌. 1967ല്‍ കേരള സാഹിത്യ അക്കാദമിയുടെ മികച്ച തര്‍ജമക്കുള്ള അവാര്‍ഡ്‌ ലഭിക്കുകയുണ്ടായി. പരിഭാഷയ്‌ ക്ക്‌ നല്ല സ്വീകാര്യതയാണ്‌ ലഭിച്ചത്‌. ആദ്യപതിപ്പിലെ 2000 കോപ്പികള്‍ വളരെ പെട്ടെന്ന്‌ തന്നെ വിറ്റഴിഞ്ഞു.

കുട്ട്യാമു സാഹിബും താങ്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ അല്‌പംകൂടി. . .

ഖുര്‍ആന്‍ പരിഭാഷയുടെ സമയത്താണ്‌ കുട്ട്യാമുസാഹിബിനെ ഞാന്‍ സമീപിക്കുന്നതും പരിചയിക്കുന്നതും. പരിഭാഷ പുറത്തിറക്കുന്നതിലുള്ള യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ എതിര്‍പ്പുകളെ തന്ത്രപൂര്‍വം അദ്ദേഹം മയപ്പെടുത്തി. പരിഭാഷ പുറത്തിറക്കുന്നതിന്‌ അദ്ദേഹം കാണിച്ച ആത്മാര്‍ഥത വളരെ വലുതായിരുന്നു. അതിനുശേഷം ഒരുപാട്‌ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ സഹകാരികളായിരുന്നു. തിരുവനന്തപുരം പാളയം പള്ളിയുടെ നിര്‍മാണച്ചെലവിലേക്ക്‌ പണം സ്വരൂപിക്കാന്‍ ഞ ങ്ങള്‍ ഒരുമിച്ചിറങ്ങിയിട്ടുണ്ട്‌. പിന്നീട്‌ പാള യം പള്ളിയില്‍ എന്നെ മതപ്രഭാഷണത്തിന്‌ ക്ഷണിക്കുന്നതും അ ദ്ദേഹമാണ്‌.
കുട്ട്യാമു സാഹിബ്‌ ചന്ദ്രികയുടെ മാനേജിംഗ്‌ എഡിറ്ററായിരുന്നു. 1972 കാലഘട്ടങ്ങളില്‍ അദ്ദേഹം എന്റെ ലേഖനങ്ങള്‍ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചു. `ഖുര്‍ആനില്‍നിന്ന്‌' എന്ന ഒരു പംക്തി ചന്ദ്രികയില്‍ ഞാന്‍ എഴുതാന്‍ കാരണക്കാരന്‍ കുട്ട്യാമു സാഹിബാണ്‌. വൈജ്ഞാനിക, സാംസ്‌കാരിക പൊതു രംഗത്തെ മറക്കാനാവാത്ത സഹകാരിയും മാര്‍ഗദര്‍ശിയുമായിരുന്നു കുട്ട്യാമു സാഹിബ്‌.

ഇബ്‌നുഖല്‍ദൂനിന്റെ മുഖദ്ദിമ പരിഭാഷപ്പെടുത്താനുണ്ടായ പശ്ചാത്തലം?
മദ്രാസിലും ഹൈദരാബദിലുമൊക്കെയായി ഇഖ്‌ബാല്‍ നടത്തിയ പ്രസക്തമായ ലക്‌ചറുകളുടെ സമാഹാരമുണ്ട്‌. (സിക്‌സ്‌ ലെക്‌ച്വേഴ്‌സ്‌). 1951ല്‍ വക്കം മൗലവിയുടെ സഹോദരിയുടെ മകനും കറാച്ചിയില്‍ ഡോ ണ്‍ എഡിറ്ററുമായ ശാക്കിര്‍ വഴി ലണ്ടനില്‍ നിന്നും ഈ സമാഹാരം എത്തിച്ചു. 350 പേജുള്ള ഈ പുസ്‌തകം പരിഭാഷപ്പെടുത്തി തിരികെ നല്‌കി. അത്‌ മുഴുവനായും മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കിലും പുതിയ കുറെ ചിന്തകള്‍ ലഭിച്ചു. യൂറോപ്പിലെ ശാസ്‌ത്ര വളര്‍ച്ചയെക്കുറിച്ചും മാത്തമാറ്റിക്‌സിലെ മൗലിക തത്വങ്ങളെക്കുറിച്ചും കൃത്യമായ ഒരു ധാരണ രൂപപ്പെടുത്താന്‍ അത്‌ സഹായിച്ചു. ഇഖ്‌ബാലിന്റെ സിക്‌സ്‌ ലക്‌ച്വേഴ്‌ സില്‍ നിന്നാണ്‌ ഇബ്‌നു ഖല്‍ദൂനിന്റെ മുഖദ്ദിമയെ അടുത്തറിയുന്നത്‌.
കൊര്‍ദോവക്കാരനായ ഇബ്‌നുഖല്‍ദൂന്‍ 1378ലാണ്‌ മുഖദ്ദിമ എഴുതിത്തുടങ്ങുന്നത്‌. ആറു വാള്യങ്ങളിലായി ക്രമീകരിച്ച പുസ്‌തകം മുസ്‌ലിം വൈജ്ഞാനിക ലോകത്തിന്റെ ചരിത്രരേഖകളുടെ സ മാഹരണമായിരുന്നു. മുഖദ്ദിമയിലെ ചിന്തകളാണ്‌ യൂറോപ്യന്മാര്‍ സ്വീകരിച്ചത്‌. 500 വര്‍ഷക്കാലം അധികാരത്തിലിരിക്കാന്‍ തുര്‍ക്കി ഭരണകൂടത്തിന്‌ ശേഷി നല്‌കിയത്‌ മുഖദ്ദിമയിലെ രാഷ്‌ട്രീയചിന്തകളായിരുന്നു. ഇങ്ങനെ ഒരുപാട്‌ മാറ്റങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും പുതിയ ചിന്തകള്‍ക്കും വേരായ ഈ പുസ്‌തകം നമ്മുടെ ജനതയ്‌ക്ക്‌ പരിചയപ്പെടുത്തേണ്ടത്‌ അനിവാര്യമാണെന്ന ബോധ്യമാണ്‌ പരിഭാഷ ചെയ്യാനുണ്ടായ പ്രേരണ.

ചരിത്രത്തില്‍ ഇടം നേടിയ യൂറോപ്യന്‍ നവോത്ഥാനത്തിനും നാഗരികതയ്‌ക്കും അടിത്തറ നല്‌കിയത്‌ മുസ്‌ലിംകളായിരുന്നു. ശാസ്‌ത്ര, വൈജ്ഞാനിക രംഗങ്ങളിലെ മുസ്‌ലിം സംഭാവനകള്‍ പക്ഷെ വിസ്‌മരിക്കപ്പെട്ടു.
താരീഖ്‌ ദ്വാഇന്റെ ലോസ്റ്റ്‌ ഹിസ്റ്ററി എന്ന പുസ്‌തകത്തില്‍ മുസ്‌ലിം സമൂഹം ആധുനികസമൂഹത്തിന്‌ സമര്‍പ്പിച്ച സംഭാവനകള്‍ സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്‌. യൂറോപ്യന്മാര്‍ അവകാശപ്പെടുന്ന നവോത്ഥാനത്തിന്റെയും കണ്ടുപിടുത്തങ്ങളുടെയും ശില്‌പികള്‍ യഥാര്‍ഥത്തില്‍ മുസ്‌ലിംകളാണ്‌. നാമുപയോഗിക്കുന്ന കാമറ ശ്രദ്ധിക്കൂ. കാമറ എന്ന പദം ബീം ഓഫ്‌ ലൈറ്റ്‌ എന്നര്‍ഥം വരുന്ന ഖമറ എന്ന അറബി പദത്തില്‍ നിന്നാണ്‌ ഉണ്ടാവുന്നത്‌. മുസ്‌ലിം ശാസ്‌ത്രജ്ഞനും പണ്ഡിതനുമായ ഇബ്‌നുഹൈതമാണ്‌ കാമറ കണ്ടുപിടിക്കുന്നത്‌. ഇരുനൂറിലധികം പുസ്‌തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌. മുനാളിര്‍ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ഉദ്ധരിച്ച `തെളിവുകളില്ലാതെ ഒന്നും ശാസ്‌ത്രത്തിന്റെ ഭാഗമാവുകയില്ല' എന്ന തത്വമാണ്‌ അറുനൂറ്‌ വര്‍ഷങ്ങള്‍ക്കു ശേഷം യൂറോപ്യന്മാര്‍ സ്വീകരിച്ചതും അവരുടേതാക്കി മാറ്റിയതും.
1453ല്‍ മുഹമ്മദ്‌ രണ്ടാമന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കുന്നത്‌ മിസൈലുകള്‍ പ്രയോഗിച്ചുകൊണ്ടാണെന്ന്‌ കാണാന്‍ സാധിക്കും. 1899ല്‍ ടിപ്പു മരിച്ച ശേഷം ആയുധങ്ങള്‍ ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത്‌ യൂറോപ്പിലേക്കെത്തിച്ചു. നിര്‍മാണരഹസ്യം മനസ്സിലാക്കുകയായിരുന്നു ഉദ്ദേശ്യം. പക്ഷേ, ഇന്ത്യയിലെ മുസ്‌ലിം രാജാവ്‌ ഉപയോഗിച്ച ആയുധങ്ങളുടെ രഹസ്യം മനസ്സിലാക്കാന്‍ വെള്ളക്കാരന്‌ കഴിഞ്ഞില്ല. അത്ര ശക്തമായിരുന്നു ശാസ്‌ത്രരംഗത്തെ മുസ്‌ലിംകളുടെ മുന്നേറ്റം.

ഏത്‌ കാലം മുതല്‍ക്കാണ്‌ മുസ്‌ലിംകള്‍ക്ക്‌ വൈജ്ഞാനികരംഗത്ത്‌ തകര്‍ച്ച നേരിട്ടുതുടങ്ങിയത്‌?
ഇസ്‌മാഈല്‍ റജ ഫാറൂഖിയും ഭാര്യയും ചേര്‍ന്നെഴുതിയ കള്‍ച്ചറല്‍ അറ്റ്‌ലസ്‌ ഓഫ്‌ ഇസ്‌ലാം എന്ന പുസ്‌തകത്തില്‍ വൈജ്ഞാനിക രംഗത്തെ മുസ്‌ലിംകളുടെ തകര്‍ച്ചയ്‌ക്കുള്ള ഏഴ്‌ കാരണങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്‌. അതില്‍ പ്രധാനപ്പെട്ട ഒന്ന്‌, ഫിഖ്‌ഹിന്റെ ആധിപത്യമാണ്‌. ഫിഖ്‌ഹിനെ ചുറ്റിപ്പറ്റി മാത്രം ചര്‍ച്ചകള്‍ ചുരുങ്ങിയതോടെയാണ്‌ വൈജ്ഞാനികരംഗത്തെ മുസ്‌ലിംസാന്നിധ്യം പുറംതള്ളപ്പെട്ടത്‌. ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി മഖ്‌ദൂമിനെപ്പോലുള്ള ബുദ്ധിജീവികളെ സംഭാവനചെയ്‌ത മുസ്‌ലിംലോകത്തിന്‌ വൈജ്ഞാനികരംഗത്തുണ്ടായ പിന്നാക്കത്തിന്‌ ഫിഖ്‌ഹിന്റെ ആധിപത്യം വലിയ കാരണമായിട്ടുണ്ട്‌. ഫിഖ്‌ഹ്‌ ഒഴികെ മറ്റൊന്നും വിജ്ഞാനമല്ല എന്ന ധാരണ ഒഴിവാക്കപ്പെടേണ്ടതാണ്‌. ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി മഖ്‌ദൂമിനെ ശരിയായി ലോകം അറിഞ്ഞിരുന്നുവെങ്കില്‍ അരിസ്റ്റോട്ടിലിന്റെ പേരുപോലും ലോകത്ത്‌ അറിയപ്പെടുമായിരുന്നില്ല. എല്ലാ കാര്യങ്ങളും അറബിയില്‍ തന്നെ വേണമെന്ന പൗരോഹിത്യത്തിന്റെ ശാഠ്യവും നമ്മെ പിറകിലാക്കുന്നതിന്‌ കാരണമായിട്ടുണ്ട്‌.
ഇസ്‌ലാമില്‍ ആരാധനയുടെ തൊട്ടുതാഴെയോ അതിനോടനുബന്ധമായ മറ്റൊരു ശാഖയോ ആണ്‌ ശാസ്‌ത്രപഠനം എന്നാണ്‌ ഇഖ്‌ബാല്‍ പറയുന്നത്‌. ശാസ്‌ത്ര ഗവേഷണത്തെ ഖുര്‍ആന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്‌. ഖുര്‍ആനിനെ നാം ഗവേഷണ വിധേയമാക്കാന്‍ തയ്യാറാവണം. ശാസ്‌ത്രലോകത്തിനു മുന്നിലെ അത്ഭുതമാണ്‌ ഖുര്‍ആന്‍. ഗണിതശാസ്‌ത്രം അതിലൊന്നാണ്‌. ഖുര്‍ആനിലെ സൂറത്തുകളുടെ ആദ്യത്തിലുള്ള എല്ലാ അക്ഷരങ്ങളും പത്തൊമ്പതിന്റെ ഗുണിതങ്ങളാണ്‌. ദി ചലഞ്ച്‌, സയന്‍സ്‌ ബിഹൈന്റ്‌ മിറാക്കിള്‍, ദി മിറാക്കിള്‍ വിത്‌ ഡിഫറന്‍സ്‌ എന്ന എന്റെ പുസ്‌തകങ്ങളില്‍ ഇതിനെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌. www. islamicscienceforum.org എന്ന വൈബ്‌ സൈറ്റിലും ചേര്‍ത്തിട്ടുണ്ട്‌.
മുസ്‌ലിംകള്‍ക്ക്‌ ഇനിയുമൊരുപാട്‌ മേഖലകളില്‍ പഠനങ്ങള്‍ നടത്താന്‍ സാധിക്കേണ്ടതുണ്ട്‌. ശാസ്‌ത്രലോകത്ത്‌ ഖുര്‍ആനും മുന്‍കാല മുസ്‌ലിം പണ്ഡിതന്മാരും നല്‌കിയ സംഭാവനകള്‍ യൂറോപ്യന്മാര്‍ പരമാവധി ഉപയോഗപ്പെടുത്തി. ഗവേഷണരംഗത്ത്‌ അവര്‍ കാണിക്കുന്ന ആത്മാര്‍ഥതയും സത്യസന്ധതയും വളരെ വലുതാണ്‌. ഇബ്‌നുസീനയുടെ പിന്‍ഗാമികളായ നമ്മള്‍ വിജ്ഞാനങ്ങളുടെയൊക്കെ താക്കോല്‍ യൂറോപ്യന്മാരെ ഏല്‌പിച്ച്‌ അനാവശ്യമായ കര്‍മശാസ്‌ത്രങ്ങളില്‍ മുഴുകിയിരിക്കുകയാണ്‌.

കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ ശില്‌പികളിലൊരാളായിരുന്ന വക്കംമൗലവി തിരുവിതാംകൂര്‍കാരനാണ്‌. പക്ഷേ, അദ്ദേഹത്തിനു ശേഷം തെക്കന്‍ കേരളത്തില്‍ മുസ്‌ലിം സമുദായത്തിന്‌ വേണ്ടത്ര വളരാന്‍ സാധിച്ചിട്ടില്ല.
കേരളത്തില്‍ നവോത്ഥാന ശ്രമങ്ങള്‍ക്ക്‌ ഒരുപാട്‌ സംഭാവനകള്‍ നല്‌കിയ വ്യക്തിയാണ്‌ വക്കം മൗലവി. തേങ്ങാക്കച്ചവടക്കാരനായിരുന്ന വക്കംമൗലവിയുടെ ഉപ്പ ഹൈദരാബാദില്‍ നിന്നും പണ്ഡിതന്മാരെ വരുത്തിയാണ്‌ മകനെ പഠിപ്പിച്ചത്‌. കീമിയ സആദ അറബി മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയ മൗലവി സാഹിബ്‌ റഷീദ്‌ റിദായുടെ അര്‍മനാറില്‍ വരെ ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാഷാനൈപുണ്യത്തെ റഷീദ്‌ റിദ അല്‍മനാറില്‍ തന്നെ പ്രശംസിച്ചിട്ടുണ്ട്‌.
സ്വദേശാഭിമാനി പത്രം തുടങ്ങുന്നതിനു വേണ്ടിയുള്ള മൗലവി സാഹിബിന്റെ ത്യാഗം എത്രകണ്ട്‌ സമുദായത്തിന്‌ ഫലം നല്‌കി എന്ന്‌ പരിശോധനാവിധേയമാക്കേണ്ടതുണ്ട്‌. ബഹുഭാഷാ പണ്ഡിതനായ വക്കം മൗലവി ഖുര്‍ആനിന്റെ പരിഭാഷ വളരെ കുറച്ച്‌ ഭാഗം മാത്രമാണ്‌ നിര്‍വഹിച്ചത്‌. റഹ്‌മാന്‍ എന്ന പ ദത്തെ കരുണാനിധി എന്ന്‌ പ്രൗഢമായി വി വര്‍ത്തനം ചെയ്‌ത മഹാപ്രതിഭ ഖുര്‍ആന്‍ മുഴുവന്‍ പരിഭാഷപ്പെടുത്തിയിരുന്നെങ്കില്‍ അതൊരു അമൂല്യ രചനയാകുമായിരുന്നു.
ഇസ്‌ലാമിക പണ്ഡിതന്മാരില്‍ പലരും സംഗീതത്തെ എതിര്‍ത്തിട്ടുണ്ട്‌. താങ്കള്‍ സംഗീതത്തിനു പ്രോത്സാഹനം നല്‍കുകയും സംഗീ തം അഭ്യസിക്കുകയും ചെയ്യുന്നു.
ഇബ്‌നുഖല്‍ദൂന്‍ അദ്ദേഹത്തിന്റെ പുസ്‌തകത്തില്‍ പറയുന്നുണ്ട്‌. `പ്രകൃതിയില്‍ ബുദ്ധി ഗോചരമാകുന്ന ഏതൊരു സത്യവും പഠനാര്‍ഹമാണ്‌'. എല്ലാതരം അറിവുകളും ഉള്‍ക്കൊള്ളാന്‍ നമുക്ക്‌ കഴിയണം. യൂറോപ്യന്മാര്‍ക്ക്‌ അതിന്‌ കഴിഞ്ഞു. അവര്‍ ലോകത്തെ ശക്തികളായും ഉയര്‍ന്നു. നമ്മള്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നതില്‍ അമിതശ്രദ്ധ കാണിക്കുന്നു. പ്രശസ്‌ത പണ്ഡിതനായിരുന്ന ഫഖറുദ്ദീന്‍ റാസി തന്റെ ഇരുപതാമത്തെ വയസ്സില്‍ തന്നെ അറിയപ്പെടുന്ന സംഗീതവാദകനായിരുന്നു. ഞാന്‍ ഏഴ്‌വര്‍ഷം ശാസ്‌ത്രീയ സം ഗീതവും കര്‍ണാട്ടിക്കും പഠിച്ചിട്ടുണ്ട്‌. ഓടക്കുഴല്‍ വായിക്കാനും പഠിച്ചു. സംഗീതത്തിന്റെ ഒരു തരത്തിലുമുള്ള ഇടപെടലുകള്‍ ഇല്ലാ ത്ത അവസ്ഥ മനുഷ്യപ്രകൃതിയില്‍ അസാധ്യമാണ്‌. എല്ലാതരം വിജ്ഞാനങ്ങളെയും ഗ്ര ഹിക്കാനുള്ള വിശാലത നമുക്കുണ്ടാകണം.

ലോകമൊട്ടാകെയുള്ള മുസ്‌ലിംകള്‍ രാഷ്‌ട്രീയമായും സാംസ്‌കാരികമായും ഒറ്റപ്പെടുന്ന സാഹചര്യങ്ങള്‍ കൂടിവരികയാണ്‌. മുസ്‌ലിംകളുടെ ഇടപെടലുകള്‍ അപക്വമാകുന്നുണ്ടോ? പരിഹാരങ്ങള്‍ എന്തൊക്കെയാണ്‌?
ഇസ്‌ലാമിനെ തകര്‍ക്കാനുള്ള സയണിസ്റ്റ്‌ ലോബിയുടെ ശ്രമം ലോകമൊട്ടാകെ ശക്തമാണ്‌. ആറു പതിറ്റാണ്ടുകളായി ഫലസ്‌തീന്‍ ജനതയോട്‌ കാണിക്കുന്ന ക്രൂരതയും മധ്യപൗരസ്‌ത്യ ദേശങ്ങളില്‍ അമേരിക്കന്‍ സയണിസ്റ്റ്‌ ശക്തികള്‍ കോപ്പുകൂട്ടുന്ന കൃത്യങ്ങളും ഭീകരമാണ്‌. ഇസ്‌ലാം മതമൊഴികെ മറ്റ്‌ മതങ്ങളും സംസ്‌കാരങ്ങളും കാലാന്തരത്തില്‍ ഒരുപാട്‌ പരിണാമങ്ങള്‍ക്ക്‌ വിധേയമായിട്ടുണ്ട്‌. ബൈബിള്‍ മാറ്റിയെഴുതേണ്ടി വന്നിട്ടുണ്ട്‌. എന്നാല്‍ ഇസ്‌ലാമിലെ അടിസ്ഥാന സിംബലുകളായ കഅ്‌ബ, ഖുര്‍ആന്‍, ഹറം തുടങ്ങിയ ഏതും മാറ്റങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നു.
പശ്ചാത്യ ലോകത്ത്‌ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയപ്പോള്‍ ഗണ്യമായ അപേക്ഷകള്‍ വന്നത്‌ ബിഷപ്പുമാര്‍ക്കിടയില്‍ നിന്നായിരുന്നു! റോമാ തകര്‍ച്ചയ്‌ക്കുശേഷം ഇസ്‌ലാമിന്റെ അജയ്യതയെ വെല്ലുവിളിക്കാനുള്ള ഗൂഢാലോചനകള്‍ ശക്തമാണ്‌.
മുസ്‌ലിംകള്‍ക്ക്‌ ഇന്നും എക്കാലത്തും നവോത്ഥാനത്തിന്റെ വഴി തുറക്കാന്‍ സാധിക്കും. നമ്മുടെ മസ്‌ജിദുകള്‍ മറ്റുസമുദായങ്ങളുടെ ആരാധനാലയങ്ങള്‍പോലെ നിര്‍ജീവമാകേണ്ട ഒന്നല്ല. ലോകജനസംഖ്യയുടെ 154 കോടിയിലധികംവരുന്ന മുസ്‌ലിം ജനതയ്‌ക്ക്‌ തീര്‍ച്ചയായും ജീവനോടെയുള്ള പ്രതികരണങ്ങള്‍ക്ക്‌ സാധിക്കും, സാധിക്കേണ്ടതുണ്ട്‌.
മുസ്‌ലിം ലോകത്തെ ഭിന്നാഭിപ്രായങ്ങള്‍ ഇല്ലായ്‌മ ചെയ്‌തുകൊണ്ടുള്ള നവീകരണം അസാധ്യമാണ്‌. വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ ഒന്നിച്ച്‌ നില്‍ക്കാന്‍ നമുക്ക്‌കഴിയണം. രാഷ്‌ട്രീയമായി സംഘടിച്ച്‌ വിലപേശാന്‍ മുസ്‌ലിംകള്‍ക്ക്‌ കഴിയണം. അതിന്‌ സുന്നികളും മുജാഹിദുകളും ജമാഅത്തുകാരും മുസ്‌ലീം ലീഗുകാരുമൊക്കെ ഏതെങ്കിലുമൊരു പൊതുസംഘടനയുടെ കീഴിലോ ആഭിമുഖ്യത്തിലോ ഒരുമിച്ചു നില്‍ക്കണം. ഇന്ത്യയിലെ പിന്നാക്ക ജനങ്ങളുടെ കൂടെ നില്‍ക്കാന്‍ മുസ്‌ലിം രാഷ്‌ട്രീയ സംഘബോധത്തിന്‌ കഴിയണം. പിന്നാക്കക്കാരെയും അടിമകളെയും മോചിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്‌ത ചരിത്രമാണ്‌ ഇസ്‌ലാമിനുള്ളത്‌. സമുദായത്തിനിടയിലെ എല്ലാ ഭിന്ന വിഭാഗങ്ങളെയും പരിഗണിക്കണം. എല്ലാവരെയും ഉള്‍ക്കൊള്ളാനും മുസ്‌ലിംകളായി കാണാനും കഴിയണം. പരസ്‌പരം സലാം പറയാന്‍ കഴിയണം. രാഷ്‌ട്രീയമായ ഭീഷണികള്‍ നേരിടേണ്ടി വരുമ്പോള്‍ ഏത്‌ വിധത്തില്‍ നിന്നാല്‍ സമൂഹത്തിന്‌ ഗുണം ലഭിക്കുമോ അതിനനുസരിച്ച്‌ ചിന്തിച്ച്‌, പൊതുനന്മ മുന്‍നിര്‍ത്തി തീരുമാനമെടുക്കണം.























ഫസല്‍ ഗഫൂര്‍ സംസാരിക്കുന്നു

കോഴ വാങ്ങാതെയും സ്ഥാപനം നടത്താം
മുസ്‌ലിം നവോത്ഥാനത്തിന്റെ ഈടുവെപ്പുകള്‍ക്ക്‌ സാക്ഷിയായ മണ്ണാണ്‌ കൊടുങ്ങല്ലൂര്‍. കേരള മുസ്‌ലിം ചരിത്രത്തില്‍ വിദ്യാഭ്യാസ സാമൂഹ്യ രാഷ്‌ട്രീയ നവോത്ഥാനങ്ങള്‍ക്ക്‌ ഊര്‍ജവും ഉള്‍ക്കരുത്തും നല്‍കിയ കുടുംബമാണ്‌ മണപ്പാട്‌. മണപ്പാട്‌ കുടുംബത്തിന്റെ ചരിത്രപരമായ സംഭാവനകള്‍?
നാല്‌ തലമുറകളോളം മുസ്‌ലിം നവോത്ഥാന സംരംഭങ്ങളില്‍ കണ്ണിചേര്‍ന്ന കുടുംബമാണ്‌ മണപ്പാട്‌. കൊടുങ്ങല്ലൂര്‍ പ്രദേശത്ത്‌ നിലനിന്നിരുന്ന കുടുംബവഴക്കുകള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട്‌ നിലവില്‍ വന്ന നിഷ്‌പക്ഷ സംഘവും അതിന്റെ സ്വാധീനത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞ മുസ്‌ലിം ഐക്യസംഘവും (1922) മണപ്പാട്ട്‌ കുഞ്ഞുമുഹമ്മദ്‌ ഹാജി എന്ന നവോത്ഥാന സംരംഭകന്റെ ശ്രമഫലമാണ്‌. ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ച മണപ്പാട്‌ തറവാട്‌ ഐക്യസംഘത്തിലെ പണ്ഡിതന്മാര്‍ക്ക്‌ ഒരുപാട്‌ തവണ അഭയമേകിയിട്ടുണ്ട്‌. ചരിത്രത്തിന്റെ ഭാഗമായ മണപ്പാട്‌ തറവാട്‌ അങ്ങനെയാണ്‌ ഐക്യവിലാസം വീട്‌ എന്നറിയപ്പെടാന്‍ തുടങ്ങിയത്‌.
1938ല്‍ 32 ആളുകള്‍ ചേര്‍ന്ന്‌ തലശ്ശേരിയില്‍ വെച്ച്‌ മുസ്‌ലിംലീഗ്‌ രൂപീകരിക്കുമ്പോള്‍ എന്റെ പിതാമഹന്‍ കൊച്ചുമൊയ്‌തീന്‍ ഹാജിയും അദ്ദേഹത്തിന്റെ സഹോദരനും അതില്‍ ഉള്‍പ്പെട്ടിരുന്നു. 1964ല്‍ മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത്‌ പുതിയ ഉണര്‍വായി എം ഇ എസ്‌ രൂപീകരിക്കുന്നത്‌ എന്റെ പിതാവ്‌ ഡോ. പി കെ അബ്‌ദുല്‍ഗഫൂറാണ്‌. കേരളത്തില്‍ മുസ്‌ലിം രാഷ്‌ട്രീയ സാമൂഹ്യ വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ നാള്‍വഴികളില്‍ മഹനീയ സേവനങ്ങള്‍കൊണ്ട്‌ മുദ്രചാര്‍ത്തിയ മണപ്പാട്‌ കുടുംബത്തിലെ അംഗമായതില്‍ എനിക്കഭിമാനമുണ്ട്‌. ഈ അഭിമാനബോധമാണ്‌ യഥാര്‍ഥത്തില്‍ എം ഇ എസ്‌ പോലൊരു ബൃഹദ്‌സംഘടനയുടെ അമരത്തിരിക്കാനും നയിക്കാനുമുള്ള ധൈര്യവും ആവേശവും.


കേരളത്തില്‍ മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാതൃകാപരമായ നേതൃത്വം നല്‍കിയ മുസ്‌ലിം ഐക്യസംഘത്തിന്റെ തുടര്‍ച്ചയായ കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എന്നീ സംഘടനകള്‍ക്കിടയിലേക്ക്‌ 1964ല്‍ എം ഇ എസ്‌ പിറക്കാനുണ്ടായ സാഹചര്യം?
യഥാര്‍ഥത്തില്‍ മുജാഹിദ്‌ പ്രസ്ഥാനം തുടങ്ങിവെച്ച നവോത്ഥാന സരണിയുടെ തുടര്‍ച്ചയാണ്‌ എം ഇ എസ്‌ ഏറ്റെടുത്തു നടത്തുന്നത്‌. മുസ്‌ലിം ജനതയ്‌ക്ക്‌ അന്യംനിന്നിരുന്ന ആധുനിക വിദ്യാഭ്യാസത്തിലേക്ക്‌ സമുദായത്തെ കൈപിടിച്ചുയര്‍ത്തിയ നവോത്ഥാന സംരംഭകര്‍ അതിനുവേണ്ട സൗകര്യങ്ങള്‍ സംവിധാനിക്കുന്നതില്‍ വേണ്ടത്ര വിജയിച്ചില്ല. ഇസ്‌ലാമിലെ മതപരമായ വിഷയങ്ങളെ സമീപിക്കുന്ന തരത്തിലല്ല ഭൗതിക വിദ്യാഭ്യാസരംഗത്തെ സമീപിക്കേണ്ടത്‌.
മതിയായ സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വിദ്യാഭ്യാസരംഗത്ത്‌ മുസ്‌ലിം സാന്നിധ്യം ഉറപ്പുവരുത്താന്‍ കഴിയൂ എന്ന ദീര്‍ഘവീക്ഷണമാണ്‌ യഥാര്‍ഥത്തില്‍ എം ഇ എസ്‌ രൂപീകരിക്കാനുണ്ടായ പ്രേരണ. തിരൂരങ്ങാടി പി എസ്‌ എം ഒ കോളെജ്‌, അരീക്കോട്‌ സുല്ലമുസ്സലാം കോളെജ്‌, ഫാറൂഖ്‌ കോളെജ്‌ പോലെ മുജാഹിദ്‌ നേതൃത്വത്തിന്റെ ശ്രമങ്ങളെയും സ്ഥാപനങ്ങളെയും വിസ്‌മരിക്കുന്നില്ല. എന്നാല്‍ വിദ്യാഭ്യാസമേഖലയെ ഒരു ബഹുജനപ്രസ്ഥാനമാക്കി മാറ്റുന്നതില്‍ നവോത്ഥാന പ്രസ്ഥാനം എത്രകണ്ട്‌ മുന്നോട്ടുപോയി എന്നത്‌ വിലയിരുത്തപ്പെടേണ്ടതുണ്ട്‌. ഈ കുറവ്‌ നികത്തുകയാണ്‌ എം ഇ എസ്‌ ചെയ്‌തുവരുന്നത്‌. അല്ലാതെ നവോത്ഥാന പ്രസ്ഥാനത്തിന്‌ പകരംവന്ന സംരംഭമല്ല എം ഇ എസ്‌. തീര്‍ച്ചയായും എം ഇ എസ്സിന്‌ മുജാഹിദ്‌ പ്രസ്ഥാനത്തോട്‌ തന്നെയാണ്‌ ആഭിമുഖ്യമുള്ളത്‌. 90% എം ഇ എസ്‌ സ്ഥാപനങ്ങളിലും മലയാളത്തിലാണ്‌ ഖുത്വ്‌ബ നിര്‍വഹിക്കുന്നത്‌. എം ഇ എസ്സിന്റെ മുന്‍കാല സാരഥികളായ എന്റെ പിതാവ്‌, എം എ അബ്‌ദുല്ല സാഹിബ്‌, കെ കെ അബൂബക്കര്‍ സാഹിബ്‌ തുടങ്ങിയ പ്രമുഖരെല്ലാം മുജാഹിദുകളായിരുന്നു. പക്ഷേ, എം ഇ എസ്സിനെ അടുപ്പിച്ച്‌ കൊണ്ടുപോകുന്നതില്‍ മുജാഹിദ്‌ പ്രസ്ഥാനം എത്രകണ്ട്‌ ശ്രദ്ധിച്ചിട്ടുണ്ട്‌ എന്ന്‌ പരിശോധിക്കപ്പെടണം.


വിദ്യാഭ്യാസരംഗത്ത്‌ മുസ്‌ലിം സമുദായത്തിന്‌ ശക്തിപകരാന്‍ നിലവില്‍വന്ന എം ഇ എസ്‌ ഇന്ന്‌ ഒരുപാട്‌ വളര്‍ന്നിട്ടുണ്ട്‌. പക്ഷേ എം ഇ എസ്സിന്‌ ഒരു ജനകീയ പ്രസ്ഥാനമാകാന്‍ കഴിഞ്ഞിട്ടില്ല. ഉന്നത ശ്രേണിയില്‍ വരുന്ന ഒരു പ്രത്യേക വിഭാഗത്തെ മാത്രമേ അത്‌ പ്രതിനിധാനം ചെയ്യുന്നുള്ളൂ എന്നൊരു ആരോപണമുണ്ട്‌.
സ്ഥാപനവത്‌കരണത്തിന്റെ ആദ്യകാലങ്ങളില്‍ ഒരുപക്ഷേ ഇത്തരം ആരോപണങ്ങള്‍ ഒരു പരിധി വരെ ശരിയായിരിക്കാം. പക്ഷേ, ഇന്നും എം ഇ എസ്സിന്‌ ജനകീയമാകാന്‍ കഴിഞ്ഞിട്ടില്ല എന്ന വിലയിരുത്തല്‍ തെറ്റാണ്‌. എന്റെ കാലഘട്ടത്തില്‍ എം ഇ എസ്സിന്റെ മെമ്പര്‍ഷിപ്പില്‍ കാര്യമായ വര്‍ധനവ്‌ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. പതിനയ്യായിരത്തോളം ലൈഫ്‌ മെമ്പര്‍മാര്‍ എം ഇ എസ്സിനുണ്ട്‌. എം ഇ എസ്സിലെ വിദ്യാര്‍ഥികള്‍, ഉദ്യോഗാര്‍ഥികള്‍ തുടങ്ങി നേരിട്ട്‌ സംഘടനയുമായി ഭാഗം ചേര്‍ന്നിട്ടില്ലാത്ത വലിയൊരു വിഭാഗവും എം ഇ എസ്‌ എന്ന ബഹുജനകൂട്ടായ്‌മയുടെ ഭാഗമാണ്‌. എം ഇ എസ്സിന്റെ സ്ഥാപനങ്ങളും സ്വത്തും കാണുമ്പോള്‍ അതില്‍ പ്രയാസമുള്ള ആളുകള്‍ക്ക്‌ ഇങ്ങനെ പലതും തോന്നുന്നത്‌ സ്വാഭാവികമാണ്‌. 60 വര്‍ഷക്കാലത്തെ പ്രയത്‌നത്തിന്റെ ഫലമാണ്‌ ഈ കാണുന്ന സ്ഥാപനങ്ങളും സ്വത്തുക്കളുമത്രയും. സ്ഥാപനങ്ങളുടെ നിയന്ത്രണങ്ങള്‍ പ്രാദേശികമായി വികേന്ദ്രീകരിച്ച്‌ സംവിധാനിച്ചതുകൊണ്ടും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നേക്കാം.
മുസ്‌ലിംകള്‍ സാമ്പത്തികമായി ഒട്ടും പുരോഗതി കൈവരിച്ചിട്ടില്ലാത്ത 1970 കള്‍ക്ക്‌ മുമ്പാണ്‌ കേരളത്തില്‍ മുസ്‌ലിം വിദ്യാഭ്യാസ സംരംഭങ്ങളും എയ്‌ഡഡ്‌ സ്ഥാപനങ്ങളും നിലവില്‍വന്നത്‌. ഗള്‍ഫിന്റെ സ്വാധീനഫലമായി, സാമ്പത്തികമായി ഉന്നമനം കൈവന്ന ശേഷം മുസ്‌ലിം സമുദായത്തില്‍ വിദ്യാഭ്യാസ രംഗത്ത്‌ വിപുലമായ പുരോഗതി ഉണ്ടായിട്ടില്ല.
യാതൊരു സംശയവും വേണ്ട, മുസ്‌ലിം സമുദായത്തിന്റെ പൂര്‍വികരായ സാത്വികരായ നേതാക്കളുടെ ദീര്‍ഘവീക്ഷണവും വിശാലമനസ്‌കതയും ഇന്ന്‌ നമുക്ക്‌ നഷ്‌ടപ്പെട്ടിരിക്കുന്നു. കച്ചവടമനസ്ഥിതി കൊണ്ടാണ്‌ ഇങ്ങനെ സംഭവിച്ചിരിക്കുന്നത്‌. സ്വാശ്രയ മേഖലയിലെ 22 എന്‍ജിനീയറിംഗ്‌ കോളെജുകളില്‍ എം ഇ എസ്സിന്റെ മൂന്ന്‌ കോളെജുകളടക്കം ആറ്‌ കോളേജുകള്‍ മാറ്റി നിര്‍ത്തിയാല്‍ ബാക്കി 16 കോളെജുകളും വ്യക്തികള്‍ നിയന്ത്രിക്കുന്ന ട്രസ്റ്റുകള്‍ക്ക്‌ കീഴിലെ സ്ഥാപനങ്ങളാണ്‌. ലാഭവിഹിതം മാത്രമാണവരുടെ താല്‌പര്യം. സമുദായത്തിനെന്ത്‌ ഉപകാരം എന്ന്‌ നോക്കിയല്ല, തങ്ങള്‍ക്കെന്ത്‌ കിട്ടും എന്ന്‌ നോക്കിയാണ്‌ സ്ഥാപനങ്ങള്‍ തുടങ്ങുന്നത്‌. മുസ്‌ലിം സാമുദായിക സംഘടനകള്‍ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ആര്‍ജവം കാണിക്കണം. ക്രൈസ്‌തവരുടെയും ഹൈന്ദവരുടെയുമൊക്കെ എയ്‌ഡഡ്‌ സ്ഥാപനങ്ങളോടാണ്‌ എം ഇ എസ്‌ മത്സരിക്കുന്നത്‌. സര്‍ക്കാര്‍ തലത്തില്‍ എയ്‌ഡഡ്‌ സ്ഥാപനങ്ങള്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ സ്ഥാപിക്കുക വഴി മുസ്‌ലിം കുട്ടികള്‍ക്ക്‌ അവസരം നല്‍കുകയാണ്‌ എം ഇ എസ്‌ ചെയ്യുന്നത്‌.
ഒരു കാലത്ത്‌ വിദ്യാഭ്യാസത്തിന്‌ പോലും വിലക്ക്‌ കല്‌പിച്ചിരുന്ന യാഥാസ്ഥിതികര്‍ വരെ പെരിന്തല്‍മണ്ണ പട്ടിക്കാട്‌ എന്‍ജിനീയറിംഗ്‌ കോളെജ്‌ തുടങ്ങി. കാന്തപുരത്തിന്റെ ഭാഗത്തുനിന്നുപോലും വിദ്യാഭ്യാസരംഗത്ത്‌ ശക്തമായ ചുവടുവെപ്പുകളാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. മുസ്‌ലിം സമുദായത്തിന്‌ വിദ്യാഭ്യാസപരമായും സാമൂഹികമായും ദിശാബോധം പകര്‍ന്നുനല്‍കിയ നവോത്ഥാന പ്രസ്ഥാനത്തിന്‌ തീര്‍ച്ചയായും വിദ്യാഭ്യാസ സംരംഭങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കേണ്ടതുണ്ട്‌. ഒട്ടുമിക്ക മേഖലയിലും തിളങ്ങിനില്‍ക്കുന്ന റിസോഴ്‌സ്‌ പേഴ്‌സണ്‍സും വിദ്യാഭ്യാസ വിചക്ഷണന്മാരും പണ്ഡിതന്മാരും ഉള്‍ക്കൊള്ളുന്ന നവോത്ഥാന പ്രസ്ഥാനത്തിന്‌ വിദ്യാഭ്യാസരംഗത്ത്‌ ഇടംപിടിക്കാന്‍ കഴിയാതെ പോയിക്കൂടാ. കേരളത്തിലെ മുസ്‌ലിം മതസംഘടനകള്‍ വേണ്ടതിലധികം പോസ്റ്ററുകളും ലഘുലേഖകളും സമ്മേളനങ്ങളും കൊടിയും ജാഥയുമൊക്കെയായി പരസ്‌പരം മത്സരിക്കുകയാണിന്ന്‌. നിറഞ്ഞുനില്‌ക്കുന്ന സംഘടനാ സങ്കുചിതത്വം ഒഴിവാക്കി വിദ്യാഭ്യാസരംഗത്ത്‌ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ ഒരുങ്ങണം. മതസംഘടനകള്‍ വിദ്യാഭ്യാസ മുന്നേറ്റത്തിന്‌ നേതൃത്വം നല്‍കുമ്പോള്‍ സമൂഹത്തിന്‌ താല്‌പര്യമുണ്ടാകും. എം ഇ എസ്‌ നേരിടുന്ന പരിമിതികളെ മറികടക്കാനും മതസംഘടനകള്‍ക്ക്‌ സാധിക്കും.

കേരളത്തില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാത്ത അവസ്ഥ നിലനില്‌ക്കുകയാണ്‌. വിദ്യാഭ്യാസരംഗത്ത്‌ ഏറെ മുന്നേറ്റങ്ങള്‍ നടത്തിയ എം ഇ എസ്സിന്‌ മുസ്‌ലിംകളിലെ സാധാരണക്കാരനെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? സ്വന്തം സ്ഥാപനങ്ങളില്‍ സമുദായത്തിന്‌ അര്‍ഹമായ സംവരണമോ സാമ്പത്തിക സഹായമോ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടോ?

മുസ്‌ലിം വിദ്യാഭ്യാസരംഗത്ത്‌ അര്‍ഹമായത്‌ ചെയ്യാന്‍ എം ഇ എസ്സിന്‌ കഴിഞ്ഞിട്ടുണ്ട്‌. എം ഇ എസ്സിന്റെ പ്രൊഫഷണല്‍ കേളെജുകളില്‍ എത്രയോ പാവപ്പെട്ട മുസ്‌ലിം വിദ്യാര്‍ഥികള്‍ കുറഞ്ഞ ഫീസിലും സ്‌കോളര്‍ഷിപ്പോടു കൂടിയും പഠിക്കുന്നുണ്ട്‌. എം ഇ എസ്സിന്റെ സ്ഥാപനങ്ങള്‍ കൂടുതലും തെക്കന്‍ ജില്ലകളിലാണുള്ളത്‌. തെക്കന്‍ കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ മലബാറിനെ അപേക്ഷിച്ച്‌ വളരെ കുറവാണ്‌. മലപ്പുറം ജില്ലയിലെ ഓര്‍ക്കാട്ടിരിയിലെ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന എം ഇ എസ്‌ സ്‌കൂളില്‍ 99 ശതമാനവും മുസ്‌ലിംകളാണ്‌. ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ 65 ശതമാനം മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന്‌ കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്‌.
മാനേജ്‌മെന്റ്‌ സ്ഥാപനങ്ങളുടെ നടത്തിപ്പ്‌ അത്ര സുഖകരമായ ഒന്നല്ല. അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം തുടക്കത്തിലൊക്കെ ഉദ്യോഗാര്‍ഥികളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും പണം കൈപ്പറ്റാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്‌. പക്ഷേ, ഇപ്പോള്‍ ഉദ്യോഗാര്‍ഥികളില്‍ നിന്നും പണം പറ്റുന്നത്‌ ഒഴിവാക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്‌. വിദ്യാഭ്യാസരംഗത്തെ ഇത്തരം പണമിടപാടുകള്‍ ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്‌. അതിന്‌ മാനേജ്‌മെന്റുകള്‍ ധൈര്യം കാണിക്കണം. കോഴവിമുക്ത സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഇവിടെയുള്ള മുസ്‌ലിം സംഘടനകള്‍ മുന്നോട്ടുവരട്ടെ.


സര്‍ക്കാറുകള്‍ നിയമിച്ച വിവിധ കമ്മീഷനുകള്‍ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യപദവി ദയനീയമാണെന്ന്‌ വിലയിരുത്തുമ്പോഴും സംവരണ സമുദായങ്ങള്‍ അവഗണിക്കപ്പെടുന്നു. കേരളത്തില്‍ 26% ജനസംഖ്യയുള്ള മുസ്‌ലിംകള്‍ക്ക്‌ 10% മാത്രമാണ്‌ പ്രാതിനിധ്യമുള്ളത്‌.
കേരളത്തില്‍ തൊഴില്‍ സംവരണം മാത്രമാണ്‌ നിലവിലുള്ളത്‌. അതില്‍ തന്നെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന അവസ്ഥയാണ്‌ നിലനില്‍ക്കുന്നത്‌. വിസ്‌മരിച്ചുകൂടാത്ത ഒരു സംഗതി, സര്‍ക്കാര്‍, എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റിസര്‍വേഷന്‍ ഇല്ല എന്നതാണ്‌. സ്വാശ്രയ കോളെജുകളുടെ കാര്യത്തില്‍ മാത്രമാണ്‌ നിലവില്‍ റിസര്‍വേഷന്‍ ഉള്ളത്‌. എയ്‌ഡഡ്‌ മേഖലയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും ക്രൈസ്‌തവരുടേതും മുന്നാക്ക ഹൈന്ദവരുടേതുമാണ്‌. അതുകൊണ്ട്‌ ആ സ്ഥാപനങ്ങളിലൊന്നും മുസ്‌ലിംകള്‍ക്കോ പിന്നാക്ക വിഭാഗങ്ങള്‍ക്കോ റിസര്‍വേഷന്‍ അസാധ്യമാണ്‌.
കേവലം എത്ര ശതമാനം റിസര്‍വേഷന്‍ എന്നതിലുപരി എത്ര ശതമാനം സ്ഥാപനങ്ങള്‍ എന്ന്‌ പരിശോധിക്കണം. 13% മാത്രമുള്ള ക്രൈസ്‌തവര്‍ക്ക്‌ 75% സീറ്റും 26% ഉള്ള മുസ്‌ലിമിന്‌ 20% സീറ്റും 13% ഉള്ള നായന്മാര്‍ക്ക്‌ 24 ശതമാനം സീറ്റും 22% വരുന്ന ഈഴവര്‍ക്ക്‌ 16% സീറ്റുമാണ്‌ എയ്‌ഡഡ്‌ മേഖലയില്‍ നിലവിലുള്ളത്‌. ഓരോ സമുദായത്തിനുമുള്ള സ്ഥാപനങ്ങളുടെ കണക്കനുസരിച്ചാണിത്‌. ജനസംഖ്യാനുപാതികമായി എയ്‌ഡഡ്‌ മേഖലയില്‍ സംവരണം നടപ്പില്‍ വരുത്തണം. അല്ലാത്തിടത്തോളം കാലം ഒരു തരത്തിലുമുള്ള സാമൂഹ്യനീതിയും നടപ്പില്‍ വരികയില്ല. ജനസംഖ്യാനുപാതികമായി എയ്‌ഡഡ്‌ സ്ഥാപനങ്ങളാണ്‌ പിന്നാക്കക്കാര്‍ക്ക്‌ വേണ്ടത്‌.


പിന്നാക്ക സമുദായങ്ങള്‍ സംവരണത്തിലൂടെ മുന്നാക്കമായി എന്നാണ്‌ കോടതിയുടെ പുതിയ നിരീക്ഷണം.
അര്‍ഹമായ പ്രാതിനിധ്യം പോലും അനുഭവിക്കാത്തവരാണ്‌ ഇന്ത്യയിലെ പിന്നാക്കക്കാര്‍. ഇതറിയാത്തവരല്ല കോടതിയുടെ തലപ്പത്തിരിക്കുന്നവര്‍. ഭരണഘടനാവിരുദ്ധമായ പ്രസ്‌താവനയാണ്‌ കോടതിയുടേത്‌. ഗോപാല്‍ സിംഗ്‌ കമ്മീഷന്‍, മണ്ഡല്‍ കമ്മീഷന്‍, രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍, രംഗനാഥ മിശ്ര കമ്മീഷന്‍, നരേന്ദ്രന്‍ കമ്മീഷന്‍ തുടങ്ങി വിവിധ ഘട്ടങ്ങളില്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനുകള്‍ പുറത്തുവിട്ട വസ്‌തുതകള്‍ നിഷേധിക്കാന്‍ കോടതിക്ക്‌ കഴിയില്ല. പട്ടികജാതി പട്ടികവര്‍ഗക്കാരും ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്നാണ്‌ കോടതിയുടെ നിരീക്ഷണം!~ഒരു ലക്ഷം അധ്യാപകരുള്ളിടത്ത്‌ 300ല്‍ താഴെ മാത്രം പ്രാതിനിധ്യമുള്ള ഇക്കൂട്ടരെങ്ങനെയാണ്‌ മുന്നാക്കമാവുക? എക്കാലത്തും സംവരണത്തിന്റെ ആനുകൂല്യം പറ്റിക്കഴിയുക നമ്മുടെ ലക്ഷ്യമല്ല. 26% ജനസംഖ്യയുള്ള മുസ്‌ലിം സമുദായത്തില്‍ 8% ഗ്രാജ്വേറ്റ്‌സ്‌ മാത്രമാണുള്ളത്‌. അങ്ങനെ വരുമ്പോള്‍ അതില്‍ എന്തോ അപാകത ഇല്ലേ?

13% മാത്രം ജനസംഖ്യയുള്ള നായന്മാര്‍ക്കും ക്രൈസ്‌തവര്‍ക്കും വിലപേശാനും വിജയിക്കാനും സാധിക്കുന്നു. കേരളത്തില്‍ ജനസംഖ്യയുടെ 26% ഉള്ള മുസ്‌ലിംകള്‍ക്ക്‌ വിലപേശല്‍ ശക്തിയായി വളരാന്‍ കഴിയാതെ പോകുന്നു.

മുസ്‌ലിം സമുദായത്തിന്റെ ബാര്‍ഗയ്‌നിംഗ്‌ വിജയം കാണണമെങ്കില്‍ രാഷ്‌ട്രീയ നിലപാടില്‍ പുതിയൊരു ബദല്‍ പരീക്ഷണത്തെക്കുറിച്ച്‌ ആലോചിക്കാന്‍ മുസ്‌ലിംകള്‍ക്ക്‌ കഴിയണം. ഇടതുപക്ഷത്ത്‌ നിന്ന്‌ മുസ്‌ലിംകള്‍ക്ക്‌ അര്‍ഹമായ ആനുകൂല്യം പ്രതീക്ഷിക്കുന്നത്‌ പോഴത്തമാണ്‌. ഇടതുപക്ഷത്തെ പിന്‍താങ്ങുന്ന ഐ എന്‍ എല്ലിന്‌ ഇതുവരെ ഇടതുമുന്നണിയുടെ ഭാഗം ചേരാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ പി ജെ ജോസഫിനും പാര്‍ട്ടിക്കും അതിന്‌ കഴിഞ്ഞു. മുസ്‌ലിം സമുദായത്തിന്‌ കാര്യമായ സേവനങ്ങള്‍ നല്‌കിയതുകൊണ്ട്‌ മുസ്‌ലിംവോട്ടുകള്‍ ഇടതുപാളയത്തിലേക്ക്‌ കൊണ്ടുവരാന്‍ കഴിയില്ലെന്ന്‌ ബോധ്യമുള്ളതുകൊണ്ടു തന്നെ ഇടതുപക്ഷത്തു നിന്നും കാര്യമായ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുക വയ്യ. മുസ്‌ലിംലീഗ്‌ ഉള്‍ക്കൊള്ളുന്ന യു ഡി എഫും മുസ്‌ലിംകള്‍ക്ക്‌ ന്യായമായ ആനുകൂല്യങ്ങള്‍ വകവെച്ചുതരുന്നതില്‍ പരാജയമാണ്‌. ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും വീതിച്ചുനല്‌കാതെ മുസ്‌ലിം പ്രബുദ്ധ സംഘടനകളുടെ വോട്ടുകള്‍ ബദല്‍ സംവിധാനമൊരുക്കി ഏകോപിപ്പിക്കുക മാത്രമാണ്‌ വിലപേശല്‍ ശക്തിയാകാനുള്ള പോംവഴി.

മുസ്‌ലിംലീഗുമായി അനിഷേധ്യബന്ധമുള്ള സംഘടനയാണ്‌ എം ഇ എസ്‌. എന്നാല്‍ എം ഇ എസ്സിനെ ഇടതുപക്ഷ സഹയാത്രികരായി പലരും വിലയിരുത്തിയിട്ടുണ്ട്‌.

അത്‌ ശരിയല്ല. എം ഇ എസ്സും ഡോ. ഹുസൈന്‍ മടവൂരും സി പി ഉമര്‍ സുല്ലമിയുമൊക്കെ നേതൃത്വംനല്‌കുന്ന മുജാഹിദ്‌ പ്രസ്ഥാനവും ഇടതുപക്ഷ സഹയാത്രികരെന്ന്‌ ആരോപിക്കപ്പെടുന്നത്‌ വാസ്‌തവവിരുദ്ധമാണ്‌. അന്ധമായ രാഷ്‌ട്രീയ വിധേയത്വത്തിനും ശത്രുതയ്‌ക്കുമുപരി പ്രശ്‌നാധിഷ്‌ഠിത സമീപനം എന്ന ആശയത്തെ എന്തിന്‌ എതിര്‍ക്കണം? ഉദാഹരണമായി, ഏകജാലക സംവിധാനം ഇടതുപക്ഷത്തിന്റെ വളരെ ശാസ്‌ത്രീയമായ കാല്‍വെപ്പാണ്‌. അതിനെ അംഗീകരിക്കുന്നത്‌ കൊണ്ടെങ്ങനെയാണ്‌ ഇടതുപക്ഷ സഹയാത്രികരാവുന്നത്‌? സര്‍ക്കാര്‍ നിയോഗിച്ച പാലോളി കമ്മിറ്റിയില്‍ സഹകരിക്കുന്നത്‌ എങ്ങനെയാണ്‌ ഇടതുപക്ഷ സഹയാത്രികനാകുന്നതിന്‌ കാരണമാവുക? ഹജ്ജ്‌ കമ്മിറ്റിയിലും വഖഫ്‌ബോര്‍ഡിലും പ്രാതിനിധ്യമുള്ളതുകൊണ്ട്‌ ഇടതുപക്ഷ സഹയാത്രികരാകുമോ? നമ്മുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദികള്‍ നഷ്‌ടപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. എം ഇ എസ്സിന്റെ നിലപാട്‌ സമദൂരസിദ്ധാന്തമല്ല. സമ അടുപ്പസിദ്ധാന്തമാണ്‌.

മുസ്‌ലിംകളെ അപരവത്‌കരിക്കാനും അരികുവത്‌കരിക്കാനുമുള്ള ശ്രമങ്ങള്‍ ആഗോളതലത്തില്‍ ശക്തമാണ്‌. തീവ്രവാദത്തിന്റെ പേരിലുള്ള മുസ്‌ലിംവേട്ടയുടെ മര്‍മം എന്താണ്‌?
മുസ്‌ലിംലോകം നാള്‍ക്കുനാള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയെ തടയുക തന്നെയാണ്‌ ഇത്തരം ഗൂഢലക്ഷ്യങ്ങളുടെ പിറകിലുള്ളത്‌. ലൗജിഹാദ്‌ വിവാദവും കോടതി നടത്തിയ പരാമര്‍ശങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഫാസിസ്റ്റ്‌ അജണ്ടകളും വ്യക്തമാണ്‌. ആര്‍ എസ്‌ എസ്സിന്റെ അജണ്ടകള്‍ക്ക്‌ വെള്ളപൂശുന്ന നയം മുസ്‌ലിംവിരുദ്ധതയുടെ ഭാഗം തന്നെയാണ്‌. പ്രവീണ്‍ തൊഗാഡിയക്കും അശോക്‌ സിംഗാളിനും യഥേഷ്‌ടം വിലസാം. അവരാരും ചാരന്മാരല്ല. മുസ്‌ലിം വ്യക്തികളെയും നേതാക്കളെയും തെരഞ്ഞുപിടിച്ച്‌ തീവ്രവാദത്തിന്റെ അപ്പോസ്‌തലന്മാരാക്കാനുള്ള ശ്രമം ഗൂഢമാണ്‌. സംഘടനാവല്‌കരിക്കുകയോ സംഘബോധം അനുഭവിക്കുകയോ ചെയ്‌തിട്ടില്ലാത്ത പാര്‍ശ്വവല്‍കൃത മുസ്‌ലിം സാധാരണ ജനതയെ ഗുജറാത്ത്‌ നരഹത്യയും ബാബ്‌രിപ്പള്ളി പ്രശ്‌നവും വൈകാരികമായി തന്നെയാരിക്കും ബാധിച്ചിട്ടുണ്ടാവുക. എന്‍ ഡി എഫ്‌ പോലുള്ള സംഘടനകള്‍ ഉപയോഗപ്പെടുത്തിയതും ഈ സാധുക്കളെയാണ്‌. മുസ്‌ലിം പുരോഗമന സംഘടനകള്‍ തീവ്രവാദത്തിനെതിരെ പ്രസംഗിച്ച്‌ പ്രസംഗിച്ച്‌ മുസ്‌ലിംകളെ മുഴുവന്‍ തീവ്രവാദികളാക്കി ചിത്രീകരിക്കാനിടവരുത്തരുത്‌.
ജസ്വന്ത്‌സിംഗിന്റെ ജിന്ന പുസ്‌തകം വിവാദമായപ്പോള്‍ എം ഇ എസ്‌ ജിന്ന സെമിനാര്‍ സംഘടിപ്പിച്ചു. മറ്റു മുസ്‌ലിം സംഘടനകളൊന്നും അതിനു ശ്രമിച്ചുകണ്ടില്ല. ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദിത്തം ജിന്നയില്‍ മാത്രം കെട്ടിവെക്കുന്നതില്‍ എം ഇ എസ്‌ യോജിക്കുന്നില്ല. നെഹ്‌റുവിനും ഗാന്ധിജിക്കും പട്ടേലിനുമൊക്കെയുള്ള പങ്ക്‌ തന്നെയാണ്‌ ജിന്നയ്‌ക്കുമുള്ളത്‌.


ശരീഅത്ത്‌ വിവാദകാലത്ത്‌ എം ഇ എസ്‌ `മോഡേണിസ്റ്റു'കളായി ചിത്രീകരിക്കപ്പെട്ടിരുന്നു. മതത്തെകാലത്തിനൊപ്പിച്ച്‌ പരിഷ്‌കരിക്കാന്‍ തുനിയുന്നവര്‍ എന്ന അര്‍ഥത്തില്‍.
തീര്‍ത്തും അനാവശ്യവും തെറ്റിദ്ധാരണാജനകവുമായ ഒരു ആരോപണമായിരുന്നു അത്‌. കോമണ്‍ സിവില്‍കോഡുമായി ബന്ധപ്പെട്ട്‌ എം ഇ എസ്സിന്റെ ജേര്‍ണലില്‍ വന്ന എഡിറ്റോറിയലാണ്‌ വിവാദത്തിന്റെ ഹേതു. എം ഇ എസ്സിന്റെ വളര്‍ച്ചയില്‍ യാഥാസ്ഥിതികര്‍ക്കുള്ള അസൂയയാണ്‌ പ്രശ്‌നത്തിന്റെ അടിസ്ഥാനം. യാഥാസ്ഥിതികര്‍ എം ഇ എസ്സിനെ അടിക്കാനുള്ള ഒരു വടി തപ്പി നടക്കുന്ന കാലമായിരുന്നു അത്‌.
 
പൊതു പ്രശ്‌നങ്ങളില്‍ മുസ്‌ലിം ശബ്‌ദം ഏകീകരിക്കപ്പെട്ടെങ്കില്‍ മാത്രമേ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ സമുദായത്തിന്‌ വിജയിക്കാനാകൂ. എം ഇ എസ്സിന്‌ എന്താണ്‌ നിര്‍ദേശിക്കാനുള്ളത്‌?
മുസ്‌ലിം സംഘടനകളെ ഒന്നിച്ച്‌ നിര്‍ത്തുന്നതില്‍ എം ഇ എസ്‌ പരമാവധി അതിന്റെ റോള്‍ നിര്‍വഹിക്കുന്നുണ്ട്‌. സമഅടുപ്പ സിദ്ധാന്തമാണ്‌ എം ഇ എസ്‌ മുന്നോട്ടുവെക്കുന്നത്‌. വിവാഹ രജിസ്‌ട്രേഷന്‍ മഹല്ല്‌ കമ്മിറ്റികളെ അധികാരപ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ നടന്നപ്പോള്‍ യോജിച്ച ഒരു നീക്കത്തിനു വേണ്ടി മുന്‍കൈ എടുക്കാന്‍ എം ഇ എസ്സിന്‌ സാധിച്ചു. മുസ്‌ലിം ഐക്യത്തിനു വേണ്ടി നിലവില്‍ വന്ന സൗഹൃദവേദി പരാജയമായിരുന്നു. ഇത്തരം വേദികളില്‍ സംഘടനകള്‍ക്കായിരിക്കണം പ്രാതിനിധ്യം. പണക്കാര്‍ നിറഞ്ഞുനില്‌ക്കുന്ന വേദികളല്ല ഉണ്ടാകേണ്ടത്‌. മുസ്‌ലിം സംഘടനകളുടെ ഏറ്റവും വലിയ പ്രയാസവും പണക്കാരാണ്‌. മതസംഘടനകളെ പണക്കാര്‍ ഭരിക്കുന്ന സ്ഥിതി ഗുണകരമല്ല.
മതപരമായ വിഷയങ്ങളില്‍ യോജിപ്പിന്റെ മേഖലകള്‍ തേടാന്‍ മുന്‍കൈ എടുക്കേണ്ടത്‌ മതസംഘടനകള്‍ തന്നെയാകണം. വിദ്യാഭ്യാസ സംവരണ പ്രശ്‌നങ്ങളില്‍ നേതൃത്വം നല്‌കാന്‍ എം ഇ എസ്സിനു കഴിയും. വിശാലമായ മുസ്‌ലിം രാഷ്‌ട്രീയത്തിന്റെ സാധ്യതകളെ കോര്‍ത്തിണക്കാന്‍ മുസ്‌ലിംലീഗിനും കഴിയേണ്ടതുണ്ട്‌.