Sunday, February 27, 2011

അടിയൊഴുക്കുകള്‍ നിലച്ച കാമ്പസുകളില്‍ വായനക്ക്‌ എവിടെയാണ്‌ ഇടം?``ഞാന്‍ നിനക്കൊരു സ്‌ക്രാപ്പയച്ചിരുന്നു, കണ്ടോ?'' വീടിന്റെ ടെറസില്‍ നിന്ന്‌ ഒരു എല്‍ പി ക്ലാസുകാരന്‍ റോഡിനപ്പുറത്തെ ഓടുവീട്ടിലെ കുട്ടിയോട്‌ വിളിച്ചു ചോദിച്ചു. ``ഞാനിപ്പോള്‍ നോക്കി റിപ്ലെ സെന്റ്‌ ചെയ്യാം.'' അവള്‍ ധൃതിയില്‍ വീട്ടിനകത്തേക്കോടി. റോഡരികില്‍ അല്‍പം സ്‌തംഭിച്ചു നില്‍ക്കാതിരിക്കാനായില്ലെനിക്ക്‌. എന്റേതൊരു കൂറ്റന്‍ നഗരമല്ല. ഗ്രാമത്തില്‍ നിന്ന്‌ പുറപ്പെടുകയും നഗരത്തിലെത്തിച്ചേരാതിരിക്കുകയും ചെയ്‌ത ഒരിടമാണ്‌. എന്നിട്ടും ഒപ്പമിരുന്ന്‌ കളിച്ചും അടിപിടികൂടിയും തെറ്റിയും മിണ്ടിയും കഴിയേണ്ട പ്രായത്തില്‍ പരസ്‌പരം സ്‌ക്രാപ്പയക്കാന്‍ മാത്രം വിദൂരത്തേക്ക്‌ കുട്ടികളെ അകറ്റി നിര്‍ത്താന്‍ പോന്ന `വീതി'യുള്ള റോഡുകള്‍ അവിടെയുണ്ടെന്നോ? കൂട്ടുകൂടലിന്റെ മധുരം നുകരേണ്ട പ്രായത്തില്‍ ആരാണവരെ ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ ലക്കും ലഗാനുമില്ലാതെ ഇളിച്ചുനില്‍ക്കുന്ന കീ ബോര്‍ഡുകള്‍ക്കുള്ളില്‍ കുരുക്കിയിട്ടത്‌? കുട്ടികളുടെ മുഴുവന്‍ പിഴവുകളുടേയും രചയിതാക്കളായ `മുതിര്‍ന്നവര്‍' എന്ന മഹത്തുക്കള്‍ തന്നെയല്ലേ?
സൗഹൃദത്തിന്റെ ഇത്തരം വെബ്‌ ലോകങ്ങള്‍ കുഞ്ഞുങ്ങളുടേതു മാത്രമല്ല. ബഹുഭൂരിപക്ഷം ആളുകളുടേതുമാണിന്ന്‌. പ്രത്യേകിച്ചും വിദ്യാര്‍ഥി യുവതയുടെ. ദിവസത്തിന്റെ 90 ശതമാനവും ചാറ്റ്‌ റൂമിലും മൊബൈലിലുമൊക്കെയായി ചെലവഴിക്കുന്ന അവര്‍ക്ക്‌ ജീവിതമെന്നത്‌ ലോഗ്‌ ഇന്‍ ബട്ടണും ഷട്ട്‌ഡൗണിനും ഇടയിലെ നിമിഷ നേരങ്ങളാണ്‌. സമൂഹത്തിന്റെ പരിച്ഛേദമായതുകൊണ്ടും പുതുമയുടെ സ്വീകര്‍ത്താക്കളായതുകൊണ്ടുമാവാം നമ്മുടെ കാമ്പസുകളിലധികവും ഈ നൈമിഷികതയുടെ പിറകെ പായുന്നവരാണ്‌. ഒരുപക്ഷേ, പൂര്‍ണമായും എന്നുതന്നെ പറയാം.
സര്‍ഗാത്മകത, സംവാദാത്മകത, സമരോത്സുകത, സംവേദനക്ഷമത എന്നീ നാല്‌ `സ'കളും കാമ്പസിന്റെ അടിസ്ഥാന സ്വഭാവങ്ങളാണ്‌. ഒരു പാനീയത്തിന്റെ ഏതൊരു ഭാഗവും ഒരേ രുചി നല്‍കുന്നതുപോലെ ഒരു പ്രദേശത്തെ കാമ്പസിനും അതിന്റെ ഏതൊരു മുക്കിലും മൂലയിലും ഈ നാലു ഗുണങ്ങളും കണ്ടെത്താന്‍ കഴിയേണ്ടതുണ്ട്‌. എന്നാല്‍ മാറിയ ലോകത്തിന്റെ അതിവേഗത്തിനൊപ്പം നീങ്ങാനുള്ള തത്രപ്പാടിലാവാം കാമ്പസിന്റെ അടിയൊഴുക്കുകളൊക്കെയും നിലച്ചുപോയിരിക്കുന്നു. യഥാര്‍ത്ഥ സൗഹൃദത്തിന്റെയൊരു ലളിതമായ `സ'പോലും നഷ്‌ടപ്പെട്ടുപോയിരിക്കുന്നു. ഇവയ്‌ക്കിടയില്‍ പിടിച്ചുനില്‍ക്കുന്ന ഒന്നോ രണ്ടോ പച്ചപ്പുല്ലുകളുണ്ടാവാം... എന്നാല്‍ മാറ്റമുണ്ടാക്കാനുള്ള വേഗവും ത്രാണിയും പകരുന്ന സംഘബലം അവര്‍ക്കുണ്ടാകുന്നില്ല തന്നെ.
ഏതൊരു സമൂഹത്തിന്റെയും അസ്സല്‍ പ്രതിനിധിയാണ്‌ അതിന്റെ കാമ്പസ്‌. സമൂഹത്തിന്റെ സ്വഭാവ സവിശേഷതകളോടുള്ള ഒട്ടിനില്‍പ്പാണതിന്റെ പ്രത്യേകത. മാത്രമല്ല, സമൂഹം മുന്നോട്ടുവെക്കുന്ന ആശയങ്ങളുടെ യൗവനമെന്ന നിലക്ക്‌ തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഏതാശയ സംഹിതകളോടും പ്രവര്‍ത്തന രൂപങ്ങളോടും അതിരറ്റയളവില്‍ കൂറും ആവേശവും പ്രകടിപ്പിക്കുക സ്വാഭാവികം. ഈ സ്വാഭാവികതയുടെ ഗുണഫലമാണ്‌ നാം പേര്‍ത്തും പേര്‍ത്തും ഓര്‍മിച്ചുകൊണ്ടിരിക്കുന്ന എഴുപതുകളിലെ കാമ്പസ്‌. എഴുപതുകളിലെ കാമ്പസിനെ വാനോളമുയര്‍ത്തി അതു വിട്ടേച്ചുപോയ അരുതായ്‌മകളെ വെള്ളപൂശുകയല്ല. എങ്കിലും മൂര്‍ദ്ധന്യാവസ്ഥയിലുള്ള പ്രവര്‍ത്തനോര്‍ജത്തിന്റെയും ആശയ ദൃഢതയുടെയും ചിന്താവേഗങ്ങളുടെയും സൗന്ദര്യവും സൗകുമാര്യതയും അതിനുണ്ടായിരുന്നു. തീര്‍ച്ചയായും അത്‌ അക്കാലത്തെ സമൂഹത്തെ കണ്ണാടിപോലെ പ്രതിഫലിപ്പിക്കുകയാണ്‌ ചെയ്‌തത്‌. ഷൊര്‍ണൂരിലെ സൗമ്യയും മഞ്ചേരിയിലെ കൃഷ്‌ണപ്രിയയുമൊന്നും അന്നല്ല കൊല്ലപ്പെട്ടത്‌, നമ്മുടെ കാലത്താണ്‌. അന്നു കൊല്ലപ്പെട്ടവര്‍ വര്‍ഗീസും രാജനുമൊക്കെയാണ്‌. മനുഷ്യന്റെ ജീവിതപ്രശ്‌നങ്ങളോടുള്ള പ്രതിബദ്ധതയും അവന്റെ ഉയര്‍ത്തെഴുന്നേല്‍പിനായുള്ള സമരോത്സുകതയും ജീവന്റെ മണമുള്ള സര്‍ഗാത്മകതയും തീക്ഷ്‌ണസത്യങ്ങളുടെ ഉത്തരങ്ങളൊരുക്കുന്ന സംവാദാത്മകതയുമൊക്കെ അന്ന്‌ നൈമിഷികതകള്‍ക്കപ്പുറത്ത്‌ മനുഷ്യനെ ജീവിപ്പിച്ചിരുന്നു എന്നുപറയാം.
കേരളത്തിലെ അടിയൊഴുക്കുകള്‍ നിലച്ച കാമ്പസുകളുടെ ചത്ത കോശങ്ങള്‍ പരിശോധിച്ചുനോക്കിയാല്‍ കാണാം, ആഗോളീകരണം എന്ന ആന്റീബയോട്ടിക്കിന്റെ പാര്‍ശ്വഫലങ്ങള്‍. നമ്മുടെ തലതൊട്ടപ്പന്മാര്‍ മൂന്നാംലോക രാജ്യങ്ങളുടെ പലതരം അസ്ഥി തകര്‍ത്തു കുറിച്ചുതന്ന മരുന്നാണത്‌. അതപ്പടിയെടുത്ത്‌ വിഴുങ്ങുമ്പോള്‍ പാര്‍ശ്വഫലങ്ങളുടെ ഭീകരതകളെക്കുറിച്ച്‌ ഭരണതന്ത്രജ്ഞര്‍ ആലോചിച്ചതേയില്ല... എന്നിട്ട്‌, കാമ്പസിന്റെ മൃതാവസ്ഥകള്‍ക്ക്‌ അതിനെത്തന്നെ കുറ്റം പറയുന്നതില്‍ കാര്യമില്ല. വരണ്ടുണങ്ങിയ ഭൂമികയില്‍ ജനിക്കാന്‍ തത്രപ്പെടുന്ന ഏതൊരു നല്ല വിത്തിനും പിടിച്ചുനില്‍ക്കാനാവില്ല തന്നെ.
ആഗോളീകരണം, കാമ്പസിനെ വളക്കൂറുള്ളതാക്കിമാറ്റിയിരുന്ന പലതിന്റെയും അവസാനമായിരുന്നു. ഏറ്റവുമധികം ക്ഷതമേറ്റത്‌ ഏറ്റവും ശക്തമാവേണ്ടിയിരുന്ന തായ്‌വേരിനു തന്നെയായിരുന്നു. കുറച്ച്‌ വര്‍ഷങ്ങള്‍ പിറകോട്ട്‌ നോക്കിയാല്‍ ആശയ സമ്പന്നതയുടെയും പ്രവര്‍ത്തനോന്മുഖതയുടെയും ഊര്‍ജസ്രോതസ്സായി വായനയെ തിരിച്ചറിയാന്‍ സാധിക്കും. നാടിന്റെ മുക്കിലും മൂലയിലും വായനശാലകള്‍, അക്ഷരമറിയാത്തവനുപോലും വായനയുടെ നിറവ്‌ പകരുന്ന ബാര്‍ബരര്‍ ഷോപ്പുകള്‍, ആവേശകരമായ സംവാദാന്തരീക്ഷമുള്ള ചായമക്കാനികള്‍, ചുമരില്‍ കരിക്കട്ട കൊണ്ടായിട്ടുപോലും തീക്ഷ്‌ണമായ സംവേദനക്ഷമത കാക്കുന്ന പച്ചയായ സര്‍ഗാത്മകത. വായനയെന്ന സര്‍വസാധാരണമായൊരു സ്വഭാവം ഇത്തരത്തില്‍ പോയകാലത്തിന്റെ പ്രബുദ്ധതക്ക്‌ തായ്‌വേരായിരുന്നു. ആഗോളീകരണമുല്‍പാദിപ്പിച്ച ബൂലോക വലക്കണ്ണികളുടെയിടയില്‍ കുടുങ്ങി വായന ഞെരുങ്ങുമ്പോള്‍ കാമ്പസിന്റെ തളിരിതളുകളും ഉണങ്ങിക്കരിയുന്നു.
വായന മരിക്കുന്നില്ല എന്നതു തീര്‍ച്ചയാണ്‌. എന്നാല്‍ അതിന്റെ ശൈലിക്കും ലക്ഷ്യത്തിനും സംഭവിച്ച മാറ്റമാണ്‌ ഏറെ പേടിപ്പെടുത്തുന്നത്‌. രണ്ടു പ്രത്യേക ദിശകളിലൂടെയാണ്‌ ഇന്ന്‌ വായന സഞ്ചരിക്കുന്നത്‌. ഒന്ന്‌, കൂടിയ മാര്‍ക്കും ഉയര്‍ന്ന ജോലിസാധ്യതകളും ലക്ഷ്യം വെച്ചുകൊണ്ടുള്ള അക്കാദമിക വായന. തങ്ങളുടെ സിലബസ്‌ മുന്‍നിര്‍ത്തിയുള്ള വായനയും എങ്ങനെ ഓര്‍മശക്‌തി വര്‍ദ്ധിപ്പിക്കാം, ഇന്റര്‍വ്യൂകള്‍ എങ്ങനെ അഭിമുഖീകരിക്കാം തുടങ്ങി `ജീവിത വിജയ'ക്യാപ്‌സൂളുകള്‍ക്കായുള്ള വായനയും ഇതില്‍പെടും.
രണ്ടാമത്തേത്‌ വളരെ ലളിതമായ വായനയാണ്‌. ഫാഷന്‍, ഗോസിപ്പുകള്‍, `ഓര്‍മക്കുറിപ്പുകള്‍', സെലിബ്രിറ്റികളുടെ ജീവിതം, പാചക-അലങ്കാര വിദ്യകള്‍ തുടങ്ങി ബുദ്ധിപരമായ യാതൊരു അനക്കങ്ങളും സംഭവിക്കാത്തവ. ഈ രണ്ടു ദിശകളെയും ഒഴിച്ചുനിര്‍ത്തണമെന്നല്ല, കൂടുതല്‍ ശ്രദ്ധ കാണിക്കേണ്ടുന്ന ജീവിതഗന്ധിയായ, ഗൗരവപൂര്‍വമുള്ള വായന തീരെയില്ലാതാകുന്നു എന്നതിലാണ്‌ പ്രയാസം. വായനയുടെ പരിസരത്ത്‌ വന്ന ഈ മാറ്റം ധ്രുതഗതിയിലാകുന്നത്‌, തങ്ങളുടെ താളുകള്‍ അഴിച്ചുപണിത്‌ നിറ സമൃദ്ധമാക്കാന്‍ പ്രസാധകര്‍ മത്സരിക്കാന്‍ തുടങ്ങിയതോടുകൂടിയാണ്‌. ബുദ്ധി ഉത്തരക്കടലാസിലും ആശയസമ്പന്നത ഡിസൈനര്‍ വസ്‌ത്രങ്ങളുടെ തെരഞ്ഞെടുപ്പിലും മാത്രം ആരംഭിച്ചൊടുങ്ങുമ്പോള്‍... കാമ്പസ്‌ ഉണങ്ങുന്നതിനെന്തിന്‌ മറ്റുകാരണങ്ങള്‍ പരതണം?
വായനയുടെ ആവശ്യകതയെക്കുറിച്ചെന്തു തന്നെ പ്രസംഗിച്ചാലും യുവതക്കു വായിക്കാന്‍ സമയമെവിടെയെന്നതാണ്‌ പ്രശ്‌നം. പല്ലുതേക്കും മുമ്പേ ഫേസ്‌ബുക്കിലും ചാറ്റ്‌റൂമിലുമൊക്കെയായി ജീവിക്കുന്നവരാണവര്‍. മുഖ്യധാരകള്‍ക്കപ്പുറത്തെ ബദലെഴുത്തുകളുടെ വായനക്കും ചര്‍ച്ചകള്‍ക്കും ഇന്റര്‍നെറ്റിന്റെ വിശാലലോകം മറ്റെന്തിനെക്കാളും അവസരമൊരുക്കുന്നുണ്ടെന്നുള്ളത്‌ സത്യമാണ്‌. എന്നാല്‍ അതിന്റെ ഫലപ്രദമായ ഉപയോഗം ചുരുക്കം ചില `തലതിരിഞ്ഞ'വരുടേത്‌ മാത്രമാകുമ്പോള്‍ പ്രതീക്ഷകള്‍ അസ്‌തമിക്കുന്നു. തന്റെ നാടുമുഴുവന്‍ വേദനയുടെ കൊടികുത്തിയാലും പ്ലേബോയിയാണോ ജോക്കിയാണോ മികച്ച അടിവസ്‌ത്രമെന്നോ, സിനിമയിലെ ചൂടന്‍ രംഗങ്ങളുടെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചോ ഗംഭീരസംവാദങ്ങളാവും അരങ്ങുതകര്‍ക്കുക.സര്‍ഗാത്മക കാമ്പസ്‌ എന്ന്‌ എത്ര തന്നെ ഉറക്കെ പറഞ്ഞാലും മൃദുലമായ പൈങ്കിളി ഗാനങ്ങളൊരുക്കുന്നവനും പാടുന്ന `നല്ല പാട്ടുകാര'നും അതിനൊപ്പം ആടുന്നവനുമായിരിക്കുമിന്ന്‌ സര്‍ഗാത്മകതയുടെ ചുക്കാന്‍. നമ്മുടെ മുഖ്യധാരാ കാമ്പസ്‌ സിനിമകള്‍ ഇത്തരം സ്ഥിരരൂപങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ വിജയിക്കുകയും ചെയ്‌തിരിക്കുന്നു. ഇടക്ക്‌ ഒറ്റക്കും തെറ്റക്കും ഇറങ്ങുന്ന ഇന്‍സ്റ്റന്റ്‌ മാഗസിനുകള്‍ തുടര്‍ച്ച നഷ്‌ടപ്പെട്ട്‌ കരിഞ്ഞുപോവുകയേയുള്ളൂ. ഇത്തരം കുഞ്ഞു പ്രസിദ്ധീകരണങ്ങളിലുള്ളതിനേക്കാളേറെ എഴുത്തുകാരെ ഫേസ്‌ബുക്കിലെയും ഒര്‍ക്കൂട്ടിലെയും ഫോട്ടോകള്‍ക്ക്‌ താഴെയുള്ള ചളുപ്പന്‍ കമന്റുകളില്‍ കാണാനാകും.
സമരോത്സുകതയുടെ കാര്യവും വ്യത്യസ്‌തമല്ല. ആശയസമരങ്ങളുടെയും അവകാശ സമരങ്ങളുടെയും തിളച്ചുവേവുന്ന ചരിത്രമുണ്ടായിരുന്നു കാമ്പസുകള്‍ക്ക്‌. അവകാശ സമരങ്ങളിന്ന്‌ എവിടെയെങ്കിലും പോയി രണ്ടേറെറിയുന്നതിലോ പൊതുമുതലുകള്‍ നശിപ്പിക്കുന്നതിലോ സായൂജ്യമടയുന്നു. പ്രത്യേകിച്ചൊരു ആശയവുമില്ലാത്തതുകൊണ്ടിപ്പോള്‍ ആശയസമരങ്ങളുടെ ആവശ്യവുമില്ല. കറുപ്പുകളെ പൊളിച്ചെഴുതുന്ന ഒരു സമരമെങ്കിലും കാമ്പസ്‌ കണ്ടിട്ടെത്ര കാലമായി!! രാഷ്‌ട്രീയ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുപോലും ഇന്റേണല്‍ മാര്‍ക്കും പ്രാക്‌ടിക്കലും കഴിഞ്ഞ്‌ സമയമുണ്ടെങ്കിലേയുള്ളൂ സമരവും സംഘടനാപ്രവര്‍ത്തനവുമൊക്കെ.
അടുത്തിടെ ഇന്ത്യയിലെ വിവിധ കാമ്പസുകളിലെ കുട്ടികളെവച്ച്‌ നടത്തിയ ഒരു പഠനം വായിക്കാനിടയായി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്‌ കണക്ഷന്‍ തുടങ്ങി ഒരു വിധത്തിലുള്ള ഇലക്‌ട്രോണിക്‌ മാധ്യമങ്ങളുമില്ലാതെ കൂട്ടമായി കുറച്ചുസമയമിരുത്തി. അല്‌പസമയം കഴിഞ്ഞപ്പോഴേക്കും പലര്‍ക്കും കടുത്ത മാനസിക പിരിമുറുക്കം അനുഭവപ്പെട്ടു. അവര്‍ ഒരുകൂട്ടം വ്യത്യസ്‌തയിടങ്ങളില്‍ നിന്നുവന്നവരായിട്ടും പരിചയപ്പെടാനും സംവദിക്കാനും ഏറെയുണ്ടായിട്ടും ഇലക്‌ട്രോണിക്‌ മാധ്യമങ്ങളുടെ അഭാവം ഒരുതരം ഡ്രഗ്‌ അഡിക്‌റ്റ്‌സുകളെപ്പോലെ അവരെ മാറ്റിപ്പണിതതായി തോന്നിച്ചു.
അറിവിന്റെ വിസ്‌ഫോടന സാധ്യതകള്‍ എത്ര തന്നെയുണ്ടെങ്കിലും ആഗോളീകരണവും അതിന്റെ ഫലമായി വന്ന നൂതന ആശയ വിനിമയോപാധികളും മനുഷ്യനില്‍ നിന്ന്‌ യഥാര്‍ത്ഥ ജീവിതഗന്ധത്തെയും പ്രവര്‍ത്തനോന്മുഖതയേയും എടുത്തുമാറ്റിയതായി കാണാം. അതുകൊണ്ടുതന്നെ കാമ്പസും മൃതസമാനമായി മാറി... മനുഷ്യന്‌ തന്റെ ചുറ്റുപാടിനോടുള്ള പ്രതിബദ്ധത തിരിച്ചുപിടിക്കണമെങ്കില്‍, യന്ത്രസമാനതയില്‍ നിന്ന്‌ മനുഷ്യഗുണത്തിന്റെ പൂര്‍ണതയിലേക്ക്‌ അവനെ തിരിച്ചുനടത്തണമെങ്കില്‍ ആഗോളീകരണത്തിന്റെ നന്മകള്‍ ഊറ്റിയെടുത്തുകൊണ്ട്‌ നാം കുടുങ്ങിക്കിടക്കുന്ന അതിന്റെ വലക്കണ്ണികള്‍ അറുത്തുമാറ്റാന്‍ നാം ഊക്കും ഊര്‍ജവും കാണിക്കണം. അതിനു ജീവിതഗന്ധിയായ വായനയെ മുന്നില്‍ നിര്‍ത്തി ബോധപൂര്‍വം യുദ്ധം ചെയ്യേണ്ടിവരും. യുവത്തത്തിന്റെ പ്രസരിപ്പുകള്‍ അവശേഷിക്കുന്നതുകൊണ്ട്‌ കാമ്പസുകളില്‍ നിന്നുതന്നെ പഴയതെങ്കിലും നമുക്ക്‌ പുതുതായ ഈ നവോത്ഥാന സംരംഭം രൂപം കൊള്ളണം. നല്ല സര്‍ഗാത്മകതയും സംവാദാത്മകതയും സമരോത്സുകതയും സംവേദനക്ഷമതയും വായനയുടെ ഈ പിടിവള്ളിയില്‍ പിടിച്ചുയര്‍ന്നോളും. ഇതിന്റെ ബലത്തില്‍ തങ്ങളുടെ സവിശേഷതകളെ പ്രസരിപ്പിക്കാനുള്ള കാമ്പസുകളുടെ നൈസര്‍ഗിക ശേഷി സമൂഹത്തിന്റെ ജീര്‍ണതകളെ പൊള്ളിക്കുകയും പൊളിച്ചുമാറ്റുകയും ചെയ്‌തേക്കാം.

No comments: